ഞാന്‍ വിവാഹിതനായിട്ട് മൂന്നു മാസമായി. ഞങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ നിസ്സാരമായ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ഞങ്ങളെ ദേഷ്യത്തിലേക്ക് നയിക്കുകയും രണ്ടു പേരും ദേഷ്യത്തിന്റെ പുറത്ത് പലതും പറയുകയും ചെയ്യുന്നു. ദേഷ്യത്തിനിടക്ക്, ഞാന്‍ ഭാര്യയെ വിവാഹമോചനം ചെയ്യുന്നുവെന്ന് പല തവണ പറഞ്ഞു. ഈയിടെ ഞാന്‍ മനസ്സിലാക്കിയത്, മൂന്നു തവണ അങ്ങനെ പറഞ്ഞാല്‍ ഇത് യഥാര്‍ഥ ത്വലാഖ് ആവുമെന്നാണ്. ഇപ്പോള്‍ ആളുകള്‍ പറയുന്നത്, ഞാന്‍ സ്‌നേഹിക്കുന്ന എന്റെ ഭാര്യയെ ഞാന്‍ ഉപേക്ഷിക്കണമെന്നും അവള്‍ മറ്റൊരാളെ വിവാഹം കഴിച്ച് അയാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും അതിനു ശേഷം വിവാഹമോചനം നേടുകയോ അവളുടെ ഭര്‍ത്താവ് മരിക്കുകയോ ചെയ്താലേ എനിക്ക് അവളെ സ്വീകരിക്കാന്‍ കഴിയൂ എന്നുമാണ്. അതെനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. അത് ഇസ്‌ലാമികമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ശരിയായ തീരുമാനമെടുക്കാന്‍ എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
ദേഷ്യം ഒരു വ്യക്തിയെ താന്‍ എന്താണ് പറയുന്നതെന്ന് അറിയാത്ത ഒരു തലത്തിലെത്തിക്കും. കടുത്ത ദേഷ്യമാണ് താങ്കളെ വിവാഹമോചനം ചെയ്തുവെന്നു പറയാന്‍ പ്രേരിപ്പിച്ചത്. ദേഷ്യം ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ താങ്കള്‍ അങ്ങനെ പറയാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ഇത് വിവാഹമോചനമായി പരിഗണിക്കില്ല.
കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ മുത്തലാഖ് വിവാഹമോചനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായക്കാരാണ്. ഏറ്റവും ശരിയായ അഭിപ്രായം, ‘നിങ്ങള്‍ മൂന്നു തവണ മൊഴിചൊല്ലി എന്ന് ഒറ്റവാക്കില്‍ പറഞ്ഞാലും അല്ലെങ്കില്‍ ഇതുപോലുള്ള പ്രത്യേക വാക്യങ്ങളില്‍, നിന്നെ മൊഴി ചൊല്ലി, നിന്നെ മൊഴി ചൊല്ലി, നിന്നെ മൊഴി ചൊല്ലി എന്ന് മൂന്നു തവണ പറഞ്ഞാലും അത് ഒരു വിവാഹമോചനമായി കണക്കാക്കും എന്നതാണ്. അതേ രീതിയില്‍ അയാള്‍ വിവാഹമോചനം നല്‍കിയാല്‍, ഇദ്ദ ആചരിക്കുമ്പോള്‍ അവളെ തിരിച്ചെടുക്കുകയാണെങ്കില്‍ ആ വിവാഹമോചനം ആദ്യ വിവാഹമോചനത്തിന്റെ ഭാഗമാണ്. തിരിച്ചെടുത്തതിനു ശേഷമോ വിവാഹക്കരാറിനു ശേഷമോ മാത്രമേ മറ്റൊരു വിവാഹമോചനം സാധ്യമാകൂ.
വിവാഹമോചനത്തിനു സാക്ഷികള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമോ നിര്‍ബന്ധമോ അല്ല. ഒരു പുരുഷന്‍ വിവാഹമോചനത്തിന്റെ വാക്ക് ഉച്ചരിച്ചാല്‍, അത് ഭാര്യയുടെ അഭാവത്തിലായാലും മറ്റാരെങ്കിലും ഉണ്ടായിരുന്നില്ലെങ്കിലും വിവാഹമോചനം നടന്നിട്ടുണ്ട്. വിവാഹമോചനം എന്ന ഉദ്ദേശ്യത്തോടെ അയാള്‍ ഒരു സന്ദേശത്തിലോ ഒരു കടലാസിലോ വിവാഹമോചനം എന്ന വാക്ക് എഴുതിയാല്‍ അത് ബാധകമാണ്. വിവാഹമോചനത്തിന് സാക്ഷികള്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമല്ലെന്നതില്‍ പണ്ഡിതരുടെ ഇജ്മാഅ് ഉണ്ട്.
ഭാര്യയെ തിരിച്ചെടുക്കുന്നതിന് സാക്ഷികളുണ്ടാകണമെന്ന പ്രശ്നത്തെക്കുറിച്ച് ഇമാം ശൗകാനി(റ) പറഞ്ഞു: വിവാഹമോചനത്തിന് സാക്ഷികള്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമല്ലെന്ന് പണ്ഡിതന്മാരുടെ അഭിപ്രായ ഐക്യമുണ്ട്. അല്‍ബയാനില്‍ അല്‍മുവാസിയി വിവരിച്ചതുപോലെ. ഭാര്യയെ തിരിച്ചെടുക്കുന്നത് സമാനമായ സ്വഭാവമുള്ള കാര്യമാണ്. അതിനാല്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ സാക്ഷികള്‍ അനിവാര്യമല്ലാത്തതിനാല്‍, തിരിച്ചെടുക്കുന്നതിനും സാക്ഷികള്‍ അനിവാര്യമല്ല. നൈലുല്‍ ഔതാറില്‍ ഇങ്ങനെയാണ് പറയുന്നത്: ”പിന്നെ അവര്‍ അവരുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒന്നുകില്‍ അവരെ നല്ല രീതിയില്‍ തിരിച്ചെടുക്കുക, അല്ലെങ്കില്‍ നല്ല രീതിയില്‍ അവരുമായി പിരിയുക. നിങ്ങളില്‍ നിന്ന് (മുസ്‌ലിംകള്‍) നീതിമാന്മാരായ രണ്ടു വ്യക്തികളെ സാക്ഷിയാക്കുക” (അത്ത്വലാഖ് 65:2) എന്ന വാക്യത്തിന്റെ വ്യാഖ്യാനമായി കര്‍മശാസ്ത്ര പണ്ഡിതരുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം ഈ കല്‍പന ശുപാര്‍ശ സ്വഭാവത്തിലുള്ളതും മുന്‍ഗണന നല്‍കേണ്ടതുമായ ഒന്നാണ്.
അബുദാവൂദ് വിവരിക്കുന്നു: തന്റെ ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം (ഇദ്ദ കാലാവധിക്കു മുമ്പ്) അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒരാളെക്കുറിച്ച് ഇംറാന്‍ ബിന്‍ ഹുസൈനോട് ചോദിച്ചു. എന്നാല്‍ അവന്‍ വിവാഹമോചനത്തിനോ അവളെ തിരിച്ചെടുക്കുന്നതിനോ സാക്ഷികളെ വിളിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ വിവാഹമോചനവും നിങ്ങള്‍ അവളെ തിരിച്ചെടുത്തതും സുന്നത്ത് അനുസരിച്ചല്ല; വിവാഹമോചനത്തിനും അവളെ തിരികെ കൊണ്ടുപോകുന്നതിനും സാക്ഷികളെ കൊണ്ടുവരിക. ഇനി (ഈ തെറ്റ്) ചെയ്യരുത്.
ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍അബ്ബാദ് (റ) പറഞ്ഞു: സാക്ഷ്യപ്പെടുത്തല്‍ പിന്നീടാകാമെന്നും വിവാഹമോചന സമയത്തോ ഭാര്യയെ തിരികെ കൊണ്ടുപോകുന്ന സമയത്തോ ആയിരിക്കണമെന്നില്ലെന്നും ഇത് സൂചിപ്പിക്കുന്നു. ഒരു പുരുഷന്‍ തന്റെ വിവാഹമോചിതയായ ഭാര്യയുമായി അവളുടെ ഇദ്ദ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, അത് അവളെ തിരികെ കൊണ്ടുപോകുന്നതിന് തുല്യമാണ്. അല്ലെങ്കില്‍ അത് വാക്കാല്‍ ചെയ്യുകയുമാവാം. പിന്നീട് അത് സാക്ഷ്യപ്പെടുത്തേണ്ടത് ആവശ്യമാണ്.
ചുരുക്കത്തില്‍, അങ്ങേയറ്റത്തെ കോപത്തിന്റെ അവസ്ഥയില്‍ നിങ്ങളുടെ വിവാഹമോചനം അത്തരത്തിലുള്ളതായി കണക്കാക്കില്ല. ഒറ്റയിരിപ്പില്‍ മൂന്നു തവണയുള്ള വിവാഹമോചനം ഒരു വിവാഹമോചനമായി മാത്രമേ കണക്കാക്കുകയുള്ളൂ. വിവാഹമോചനത്തിന് സാക്ഷ്യം വഹിക്കേണ്ടത് അത്യാവശ്യമല്ല. ഭാര്യയെ തിരികെ കൊണ്ടുപോകുന്നതിനും ഇത് ബാധകമാണ്. തുടര്‍ന്നുള്ള നിങ്ങളുടെ ജീവിതത്തില്‍ ജാഗ്രത പാലിക്കാനും വിവാഹമോചനം (ത്വലാഖ്) എന്ന വാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിങ്ങളെ ഉപദേശിക്കുന്നു. .