LoginRegister

കൊഴിഞ്ഞുവീഴേണ്ട പല്ലുകള്‍

ബഹിയ /ചിത്രീകരണം: റൈഹാന വടക്കാഞ്ചേരി

Feed Back


സത്യത്തില്‍ ഈ പ്രണയമെന്നതൊരു പഴകി ദ്രവിച്ച മിത്ത് മാത്രമാണ്. ഇല്ലെന്ന് ഉറപ്പിക്കുമ്പോഴൊക്കെയും ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഒന്ന്. എന്നാല്‍ ഉണ്ടെന്ന് വിശ്വസിച്ചുപോയാലോ എത്ര പരിഹാരങ്ങള്‍ ചെയ്താലും തീരാത്തവിധം കുഴിയില്‍ ചാടിക്കും അത്. ശരിക്കും ഈ പ്രണയവും യക്ഷിക്കഥകളും ഒരുപോലെയാണ്. ഒരൊറ്റ യക്ഷിയിലും ഭൂതത്തിലും പ്രേതത്തിലും വിശ്വാസമില്ലാഞ്ഞിട്ടും പാതിരാത്രിയില്‍ തനിച്ച് മുറ്റത്തിറങ്ങുമ്പോള്‍ ചലിക്കുന്ന നിഴലുകളും ദൂരെ പാടശേഖരങ്ങള്‍ക്ക് നടുവില്‍ കാണുന്ന ചൂട്ടുപോലുള്ള ഇത്തിരിവെട്ടവും ഒന്നു പേടിപ്പിച്ചുകളയും. അതുപോലെയാണ് പ്രണയവും.
ഈ പ്രണയവും സ്‌നേഹവുമൊക്കെ, ദേഷ്യവും സങ്കടവും പോലെ വെറുമൊരു താത്കാലിക വികാരമാണെന്നും ഒന്നോ രണ്ടോ ആഴ്ചകളോ മാസങ്ങളോ നീണ്ട പ്രണയകാല സന്തോഷങ്ങള്‍ക്കു പകരം വര്‍ഷങ്ങളോളം സങ്കടവും കണ്ണീരും വേദനയുമായി തകര്‍ന്നു കഴിയേണ്ടിവരുന്നുവെന്നതും എത്ര അനുഭവിച്ചറിഞ്ഞാലും പഠിക്കാത്ത ജന്മമാണ് താനടക്കമുള്ള മനുഷ്യരുടേത്. ദൂരെ കാണുന്ന വെട്ടം ആരോ സിഗരറ്റ് വലിക്കുന്നതോ മിന്നാമിന്നിയോ ആവാം എന്നു കരുതാന്‍ ശ്രമിച്ചിട്ടും വീണ്ടും തോറ്റ് പ്രേതമാവുമോ എന്നു ചിന്തിക്കും പോലെ, പ്രണയമെന്ന കാട്ടിക്കൂട്ടലുകളെ നോക്കി ഇത് നാട്യമാണ് എന്നൊക്കെ പറഞ്ഞാലും ഒടുവില്‍ ഇതാവും യഥാര്‍ഥ പ്രണയം എന്നങ്ങ് ചിന്തിച്ച് അതില്‍ വീണ്ടും വീണ്ടും വീണുപോകുന്ന മനസ്സ്.
എന്നിട്ടോ വീണ്ടും വീണ്ടും ഉപേക്ഷിക്കപ്പെട്ട് കരഞ്ഞുവിളിച്ചു തളരും. ചിലരൊക്കെ തളര്‍ന്നില്ലെന്ന് കാണിക്കാന്‍ യഥാര്‍ഥ മാനസികാവസ്ഥക്കു മുന്നില്‍ വലിയ മറ കെട്ടിയുയര്‍ത്തും. എന്നിട്ടോ, പുറമേക്കുള്ള ഭാഗത്ത് പൂക്കള്‍ വിതറി ‘ഇതാ മനോഹരമായ എന്റെ ജീവിതം! ആരൊക്കെ വന്നാലും പോയാലും ഞാന്‍ ഹാപ്പിയാണ്’ എന്നങ്ങ് അഭിനയിക്കും. അല്ലെങ്കില്‍ തന്നെ അത്തരക്കാരെ കുറ്റം പറയാന്‍ കഴിയില്ല. യഥാ രാജാ തഥാ പ്രജാ എന്നാണല്ലോ. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് നാടു കാണാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പോകും വഴിയരികുകളിലെ മുഴുവന്‍ ചേരികളെയും യാഥാര്‍ഥ്യങ്ങളെയും വന്മതില്‍ കെട്ടി രാജ്യം വരെ മറച്ചു വെച്ചു. പിന്നെയാണോ പ്രജകളുടെ സ്വന്തം വേദനകളെ മറച്ചുവെക്കല്‍!

ഇങ്ങനെ ഓരോരുത്തര്‍ നമ്മെയും നാടിനെയും കാണാന്‍ വരുന്നത് എത്ര മെനക്കേടു പിടിച്ച പണിയാണ്. നമ്മെ കാണാനാണെങ്കില്‍ നാം കുളിച്ചൊരുങ്ങണം, വീട് ഒതുക്കണം, ഭക്ഷണം ഒരുക്കണം. നാട് കാണാനാണെങ്കില്‍ ചേരികള്‍ ഒഴിപ്പിക്കണം, പാവപ്പെട്ടവരുടെ കുടിലുകള്‍ പൊളിച്ചുമാറ്റണം, വഴികള്‍ക്കു ചുറ്റും മതില്‍ കെട്ടണം, വഴി നീളെ റോസാപ്പൂക്കള്‍ വിതറണം- അങ്ങനെ എന്തൊക്കെ പണികള്‍! ഇതിനൊക്കെ എത്രയെങ്ങാനും കോടികള്‍ വേണം. അതാകട്ടെ പാവപ്പെട്ടവനെ ഞെക്കിപ്പിഴിഞ്ഞ് തന്നെ ഊറ്റണം. പെട്രോളും ഡീസലും അടുക്കളയും ഗ്യാസടുപ്പും ഉള്ളിടത്തോളം അതങ്ങ് നടന്നോളും. ഇനി ഊറ്റിയെടുക്കുമ്പോള്‍ കിട്ടുന്നതിന്റെ അളവെങ്ങാനും കുറഞ്ഞാല്‍ മതില്‍ മാറ്റി വേലി കെട്ടും. വെറും വേലിയല്ല; നല്ല അടിപൊളി ഹൈടെക് വേലി. നാളെ മറ്റന്നാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി എങ്ങാനും വന്നാല്‍ കാണാം അത്. വെള്ളക്കാരല്ലേ, വെള്ള വേലി തന്നെ ഒരുക്കും നമ്മള്‍. നല്ല ഇരുമ്പിന്റെ തൂണുകളെ താല്‍ക്കാലികമായി പൊതിഞ്ഞ് പോലീസിന്റെയും പട്ടാളത്തിന്റെയും കാവലില്‍ കഴിയാന്‍ ഭാഗ്യം ലഭിച്ച ആ വെള്ളത്തുണി, ആവശ്യം കഴിഞ്ഞാല്‍ വേണമെങ്കില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് യൂണിഫോമായി വിതരണം ചെയ്യുകയുമാവാമല്ലോ…
ഇതൊക്കെയിപ്പോള്‍ എന്തിനാണ് ചിന്തിക്കുകയും കുറിച്ചിടുകയും ചെയ്യുന്നതെന്ന് ഓര്‍ത്തുപോയി കൃഷ്ണ. ഒരുപക്ഷേ, എഴുതാന്‍ വന്നത് വിഷ്ണുവേട്ടനുമായുള്ള ബന്ധത്തെക്കുറിച്ചായതിനാലാവാം. പരസ്പരം സ്നേഹിച്ച ആദ്യത്തെ ബന്ധം അതായിരുന്നു എന്നത് നേര്. ‘പരസ്പരം സ്‌നേഹിച്ച’ എന്ന വാക്കുകളെ നോക്കി കൃഷ്ണ അല്‍പനേരം ഇരുന്നു. ആ വാക്ക് വെട്ടണോ വേണ്ടയോ എന്നതായിരുന്നു അവളുടെ പ്രധാന പ്രശ്‌നം. പിന്നെ തല്‍ക്കാലം അതു വെട്ടേണ്ടതില്ല എന്നവള്‍ തീരുമാനിച്ചു. നാട്യമോ അഭിനയമോ എന്നൊന്നും അറിയില്ലെങ്കിലും അത്രയും കാലമെങ്കിലും അഥവാ വിവാഹത്തിനു മുമ്പുള്ള വര്‍ഷങ്ങളോളം നീണ്ട കാലത്തെ പ്രണയത്തെ കള്ളമായി കാണാന്‍ മനസ്സുകൊണ്ടവള്‍ തയ്യാറായിരുന്നില്ല എന്നതായിരുന്നു സത്യം.
അവള്‍ ഓര്‍ക്കുകയായിരുന്നു ആ കോളജ് കാലത്തെ. തന്റെ തലയില്‍ തലോടിയ കുഞ്ഞാപ്പുച്ചേട്ടന്റെ കൈ തട്ടിമാറ്റിയേടത്തുനിന്ന് തുടങ്ങിയ ‘എന്നെ ആരും തൊടണ്ട’ എന്ന ശീലം സ്‌കൂളിലും കോളജിലും ഉണ്ടാക്കിയ പുകിലുകളൊന്നും ചില്ലറയായിരുന്നില്ല. പ്രീഡിഗ്രി കാലത്താണ് അതില്‍ രൂക്ഷമായൊരു സംഭവം നടന്നത്. ഇംഗ്ലീഷ് ക്ലാസെടുക്കുന്ന വയസ്സനായ ഒരു മാഷ്. മെലിഞ്ഞുണങ്ങിയ ശരീരവും പുല്‍ച്ചാടിയെ പോലുള്ള നടത്തവും എന്നാല്‍ കാജാബീഡിയുടെ മണവുമുള്ള അങ്ങേര്‍ എന്തുകൊണ്ടോ ഡിവിഷന്‍ മാറ്റം കിട്ടി കൃഷ്ണയുടെ ക്ലാസില്‍ പഠിപ്പിക്കാനെത്തി. കുട്ടികള്‍ ചാര്‍ത്തിക്കൊടുത്ത കോഴിയെന്ന രഹസ്യപ്പേര് അയാള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അറിയാമായിരുന്നുവെങ്കിലും അതിന്റെ അര്‍ഥം കൃഷ്ണക്ക് ഒട്ടും തന്നെ അറിയുമായിരുന്നില്ല.
ആദ്യ ടെസ്റ്റ് പേപ്പര്‍ കഴിഞ്ഞതിന്റെ പിറ്റേന്ന് ആന്‍സര്‍ ഷീറ്റുകളുമായി ക്ലാസില്‍ വന്ന കോഴി മാഷ് കൃഷ്ണയോട് പറഞ്ഞു. ”കുട്ടീടെ പേപ്പര്‍ ഞാന്‍ എന്റെ മോനെക്കൊണ്ടാണ് നോക്കിച്ചത്. അവനൊരു സുന്ദരനാ! നിന്റെ പേപ്പര്‍ അവന് നന്നായി ഇഷ്ടപ്പെട്ടൂട്ടോ…” അതു പറയുമ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞ വഷളന്‍ ചിരി കണ്ട് കൃഷ്ണ പല്ലുകടിച്ചു.
നാട്ടിലെ പേരു കേട്ട പാരലല്‍ കോളജ് ആയതിനാലും കുട്ടികള്‍ നിറഞ്ഞു കവിഞ്ഞ സ്ഥലമായതിനാലും രണ്ടു നേരമായി ഷിഫ്റ്റ് വെച്ച് നടത്തുന്ന ആ സ്ഥാപനം പഠനത്തിലും വിവാഹങ്ങള്‍ക്കും ഏറെ മുന്നിലായിരുന്നു. അതിനാല്‍ തന്നെ മാഷ് കൃഷ്ണയെ മരുമകളാക്കാന്‍ ശ്രമിക്കുകയാണെന്ന് കൂട്ടുകാരികള്‍ അവളെ കളിയാക്കി. എന്നാല്‍ സംഗതി അങ്ങനെയല്ലെന്നും മോനെ കാണിച്ച് കൃഷ്ണയെ വളക്കാനുള്ള ശ്രമമാണെന്നും അപ്പോഴാണ് പഠനം പ്രധാനമേയല്ലാത്ത പിന്‍ബെഞ്ചുകാരികളില്‍ ചിലര്‍ പരസ്യമാക്കിയത്. ഒപ്പം ബെഞ്ചുകളുടെ സൈഡിലിരിക്കുന്ന കുട്ടികളില്‍ ചിലരെ മാഷ് ‘കൈവെച്ച’ കഥ കൂടിയായപ്പോള്‍ കൃഷ്ണയുടെ രക്തം തിളച്ചു. ”ആ കോഴിത്തന്ത ഇങ്ങ് വരട്ടെ, കാണിച്ചുകൊടുക്കാം.” കൃഷ്ണ പ്രഖ്യാപിച്ചു.
അന്നു കൃഷ്ണയുടെ ഊഴം മുന്‍ബെഞ്ചിലായിരുന്നു. മുന്‍ബെഞ്ചിനു നടുവിലിരുന്ന അവള്‍ക്കു മുന്നില്‍ അയാള്‍ ടെക്സ്റ്റ് പുസ്തകം തുറന്നുവെച്ച് കുനിഞ്ഞുനിന്ന് വായിക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് അറിയാത്തപോലെ അയാളുടെ കൈ അവളുടെ കൈയില്‍ അമര്‍ന്നത്. ഒരൊറ്റ നിമിഷം. മാഷുടെ തരിപ്പും അമ്പരപ്പും തെല്ലൊന്നു വിട്ടകന്നതോടെയാണ് അയാള്‍ക്ക് കാര്യം പിടികിട്ടിയത്. വായില്‍ നിറയെ രക്തം, ഏതോ പല്ല് ഇളകുകയോ പറിയുകയോ ചെയ്തിട്ടുണ്ട്.
”എന്നാലും അച്ഛന്റെ പ്രായമുള്ള ഒരാളല്ലേ? അതും അധ്യാപകന്‍! ഇങ്ങനെയൊക്കെ തല്ലാമോ? വളര്‍ത്തു ദോഷമാണ്.” സ്റ്റാഫ്‌റൂമില്‍ അവള്‍ വിചാരണ ചെയ്യപ്പെട്ടു. ”കുട്ടി അച്ഛനെയും കൊണ്ട് ഇനി ക്ലാസില്‍ വന്നാല്‍ മതി”- പ്രിന്‍സിപ്പലിന്റെ ഗര്‍ജനം. കൃഷ്ണ ചിന്തിച്ചു. സംഗതി നല്ലതാണ്. ഇത് കണ്ടിട്ടെങ്കിലും അച്ഛന് ഒരു പേടി വന്നാല്‍ നല്ലതല്ലേ? പക്ഷേ ആരു പറയും അച്ഛനോട്?
അച്ഛനോട് അവള്‍ മിണ്ടാറില്ല. കാണാനുള്ള അവസരം ഉണ്ടാക്കാതെ ഒഴിഞ്ഞുമാറി നടക്കാറാണ് പതിവ്. ആ മനുഷ്യനെ പേടിച്ച് രാപകല്‍ ഷാള്‍ മൂടിപ്പുതച്ച് നടക്കുന്ന താന്‍ എന്തു ചെയ്യും? എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.

ഒടുവില്‍ വരുന്നത് വരട്ടെ എന്ന ഭാവത്തില്‍ അവള്‍ വീണ്ടും പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് കയറിച്ചെന്നു. പ്രിന്‍സിപ്പലിന്റെ എതിരെയുള്ള കസേരയില്‍ ആരെങ്കിലും ഉണ്ടോ എന്നൊന്നും നോക്കാതെ അവള്‍ പറഞ്ഞു: ”സര്‍, അച്ഛന്‍ ഇവിടെ വരണം, അതുതന്നെയാണ് എനിക്കും ഇഷ്ടം. ഞാന്‍ തല്ലി ഒരു മാഷിന്റെ പല്ലുകൊഴിച്ചു എന്നറിഞ്ഞാല്‍ അയാള്‍ക്കും ഒരു പേടി വരും. ആ പേടി എന്റെ പേടിയെ ഒന്നു കുറക്കും. പക്ഷേ സര്‍, ഞാന്‍ അയാളോട് മിണ്ടാറില്ല. ഈ മാഷേക്കാള്‍ വലിയ വഷളനാ അയാള്‍. സാറൊന്ന് ഫോണ്‍ ചെയ്ത് അയാളോട് ഇങ്ങോട്ട് വരാന്‍ പറയണം. ഇതാണ് വീട്ടിലെ ഫോണ്‍ നമ്പര്‍.”
അവള്‍ ഒരു കുഞ്ഞു കടലാസ് കഷണം പ്രിന്‍സിപ്പലിനു നേരെ നീട്ടി.
അന്ന് ആ സമയത്ത് പ്രിന്‍സിപ്പലിന്റെ മുന്നില്‍ ഇരുന്നിരുന്ന പുതിയ അഡ്മിഷന്‍, അതായിരുന്നു വിഷ്ണുവേട്ടന്‍. പ്രീഡിഗ്രി കഴിഞ്ഞ് കെ എസ് ആര്‍ ടി സിയില്‍ കണ്ടക്ടറായി. കുറേക്കാലത്തെ സര്‍വീസിനു ശേഷം വീണ്ടും ഡിഗ്രിക്ക് ഇകണോമിക്‌സ് പഠിക്കാന്‍ വന്നുചേര്‍ന്ന മിടുക്കനായ കുട്ടി. അന്ന് ഇറങ്ങിപ്പോയ കൃഷ്ണക്കുവേണ്ടി അയാള്‍ പ്രിന്‍സിപ്പലിനോട് സംസാരിച്ചു. അങ്ങനെ ഇനി ഇവളെന്തു പ്രശ്‌നമുണ്ടാക്കിയാലും ഞാന്‍ ഏറ്റെടുക്കാമെന്ന് അയാള്‍ ത്യാഗിയായി.
ആ ത്യാഗം പ്രിന്‍സിപ്പല്‍ തന്നെയാണ് അവളെ അറിയിച്ചതും. അതോടെ ഇയാളിത് എന്തു ഭാവിച്ചാണ് രക്ഷകനാകുന്നതെന്നും ഈ പറഞ്ഞ കക്ഷി ആരാണെന്ന് അറിയണമെന്നും തോന്നി കൃഷ്ണക്ക്. അവള്‍ അങ്ങനെ വിഷ്ണുവിനെ തേടിച്ചെന്നു.
”നിങ്ങളാണല്ലേ വിഷ്ണു?” പ്രിന്‍സിപ്പല്‍ പറഞ്ഞു: ”എന്റെ കുറ്റങ്ങളെ താങ്കള്‍ ഏറ്റെടുത്ത കാര്യം. പക്ഷേ, നിങ്ങള്‍ക്ക് തെറ്റി എന്നു തോന്നുന്നു. നിങ്ങള്‍ എന്റെ കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. ആ മാഷാണ് തെറ്റ് ചെയ്തത്. അയാള്‍ എന്റെ ദേഹത്ത് തൊട്ടു. എനിക്ക് എന്നെ ആരും തൊടുന്നത് ഇഷ്ടമില്ലാത്തതിനാല്‍ ഞാന്‍ അയാളെ അടിച്ചു. അത് തെറ്റായി എനിക്ക് തോന്നാത്തിടത്തോളം ആ തെറ്റ് ആരും ഏറ്റെടുക്കേണ്ടതില്ല. മാത്രമല്ല, ഇനിയും എന്നെ ആരു തൊട്ടാലും ഞാന്‍ അസ്സലായി രണ്ടെണ്ണം കൊടുക്കും. അതിപ്പോ അയാളല്ല, എന്റെ അച്ഛന്‍ ആയാലും പ്രിന്‍സിപ്പലായാലും ഏത് കൊമ്പത്തെ പ്രധാനമന്ത്രി ആയാലും. അതോണ്ട് ആ രക്ഷകന്‍പട്ടം അങ്ങ് അഴിച്ചുവെച്ചേര്.”
എത്ര കൂളായാണ് അന്ന് താനതു പറഞ്ഞത്. ആദ്യത്തെ കൂടിക്കാഴ്ച! ആദ്യത്തെ സംഭാഷണം. എന്നിട്ടും അതേ വിഷ്ണുവേട്ടന്‍ ഒരു താലിയുടെ പേരും പറഞ്ഞ് എങ്ങനെയൊക്കെ തന്നെ തൊട്ടു? അയാള്‍ മാത്രമോ? അയാളുടെ ഏട്ടനെന്ന പേരില്‍ ആ വീട്ടില്‍ കഴിയുന്ന രവിയേട്ടന്‍… അയാളും. ഒരിക്കല്‍ ഇടിച്ച് അയാളുടെ മൂക്കിന്റെ പാലം പൊട്ടിച്ചു എന്നതൊഴിച്ചാല്‍ മറ്റൊരു പകവീട്ടലും അയാളോട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
അയാള്‍ ഒരുപക്ഷേ, മറ്റു കുട്ടികളോട് കാണിക്കുന്നതെല്ലാം തന്റെ മോനോടും ചെയ്യുന്നുണ്ടാവുമോ? ഓര്‍ത്തപ്പോള്‍ അവളുടെ രക്തം തിളച്ചു. മോനെ രക്ഷപ്പെടുത്തിയേ പറ്റൂ, എങ്ങനെയെങ്കിലും. അവളിലേക്ക് അപ്പോള്‍ പഴയ വീറും വാശിയും തിരിച്ചുവരുകയായിരുന്നു. സ്വന്തം അച്ഛനു നേരെ കത്തിയെടുത്ത അവളുടെ അതേ ധൈര്യം!
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top