LoginRegister

കൊല ചെയ്യപ്പെട്ട എഡിസണും ന്യൂട്ടണും

ചിത്രീകരണം: റൈഹാന വടക്കാഞ്ചേരി

Feed Back

നാലു ചുവരുകള്‍ക്കുള്ളില്‍ കൃഷ്ണ ശരിക്കും ഒറ്റപ്പെട്ടുപോയിരുന്നു. നിഭ മോള്‍ ഏതു നേരവും ഫോണില്‍ തന്നെയാണ്. കണ്ണ് കേടാവും, വ്യക്തിത്വം വികസിക്കാതെ മുരടിച്ചുപോകും എന്നൊക്കെ പറഞ്ഞ് എത്ര ശ്രദ്ധയോടെ ഫോണും കമ്പ്യൂട്ടറും ഗെയിമുമൊക്ക കണ്‍ട്രോള്‍ ചെയ്ത് താന്‍ വളര്‍ത്തിയ മക്കളാണ്. ഇപ്പോഴിതാ ഫോണില്‍ തന്നെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ ക്ലാസിന്റെ പേരും പറഞ്ഞു തുടങ്ങിയതാണ്. അല്ലെങ്കില്‍ തന്നെ ഈ അക്ഷരം പഠിച്ചു വരുന്ന കുഞ്ഞുമക്കള്‍ ഓണ്‍ലൈനില്‍ എങ്ങനെ പഠിക്കാനാണ്? പഠിക്കണമെങ്കില്‍ താന്‍ തന്നെ അടുത്തിരുന്നു പഠിപ്പിക്കണം. താനാവട്ടെ, അതിനു പറ്റിയ മാനസികാവസ്ഥയിലുമല്ല. നിഭ മോള്‍ മാത്രമാണോ ഇങ്ങനെ? ആവാന്‍ വഴിയില്ല. കഴിഞ്ഞ ദിവസം ഓഫീസ് ഗ്രൂപ്പില്‍ ആരോ പരാതി പറയുന്നത് കേട്ടിരുന്നു. കൊച്ചുങ്ങള്‍ ഉറങ്ങാന്‍ പാതിരാ പന്ത്രണ്ടല്ല, അതും കഴിഞ്ഞ് ഒന്നും രണ്ടുമൊക്കെയാവുന്നു എന്ന്. ഉണരാനും പന്ത്രണ്ടും ഒന്നുമൊക്കെത്തന്നെ സമയം. അതാകട്ടെ ഉച്ചയ്ക്കാണെന്നു മാത്രം. വീട്ടിലുള്ളവരോടുപോലും സംസാരിക്കാന്‍ കുട്ടികള്‍ മറന്നുതുടങ്ങിയെന്ന്.
കൃഷ്ണ ഫോണെടുത്തു സമയം നോക്കി. 11:40 ആയിരിക്കുന്നു. ആശുപത്രിയില്‍ ഡോക്ടര്‍ റൗണ്ട്‌സിന് എത്തുന്ന സമയം. എന്തെങ്കിലും വിവരം പ്രത്യേകമുണ്ടെങ്കില്‍ ഇങ്ങോട്ട് അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. എപ്പോഴും ഇങ്ങനെ അങ്ങോട്ട് വിളിച്ചു ശല്യം ചെയ്യേണ്ടതില്ലെന്ന്. അല്ലെങ്കില്‍ തന്നെ ഇനി കേള്‍ക്കാന്‍ വിശേഷിച്ച് നല്ലതൊന്നും വരാനില്ലത്രേ.
അവള്‍ വെറുതെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെ വിരലോടിച്ചു. മിക്കവാറും സ്റ്റാറ്റസുകള്‍ പൂക്കളും ചെടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊറോണ കൊണ്ട് വളര്‍ന്ന ഒരേയൊരു ബിസിനസ് ചെടികളുടേതാണ്. ഓരോ വീടും ഓരോ നഴ്‌സറിയായി പരിണമിച്ചതുപോലെ… ഇടമില്ലാത്ത അത്രയും ചെടികള്‍ തിങ്ങിനിറഞ്ഞ്… എന്താണ് ഇവരുടെയൊക്കെ വിചാരം? ഇനി ഒരിക്കലും കൊറോണ മാറി യഥാര്‍ഥ ജീവിതത്തിലേക്കും ജോലികളിലേക്കും തിരികെ പോകേണ്ടിവരില്ലെന്നാണോ? അല്ലെങ്കില്‍ എന്തിനാണ് ഇത്രയേറെ ചെടികള്‍? അവ പരിപാലിക്കാന്‍ ഒരു ദിവസം മുഴുവനും എടുത്താല്‍ തന്നെ തികയില്ല. പിന്നെങ്ങനെ ജോലിയും അതിനൊപ്പം കൊണ്ടുപോവും. എത്രയെത്ര പുതിയ നഴ്‌സറികളാണ് തുടങ്ങിയിട്ടുള്ളത്. ഓരോ കിലോമീറ്ററിലും തന്നെ ഒന്നിലധികം ചെടിക്കടകളാണ്. ഏതാണ്ട് എല്ലാ വീടുകളും നിറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇനി അവര്‍ക്കൊക്കെ എവിടെ നിന്ന് കച്ചവടം കിട്ടാനാണ്?
ഇപ്പോള്‍ പുറത്തിറങ്ങുക, പണിയെടുക്കുക തുടങ്ങിയവയൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും മീഡിയാ ജീവനക്കാരുടെയും സന്നദ്ധ സേവകരുടെയും മാത്രം കടമയാണല്ലോ. ജീവന്‍ പണയം വെച്ച് പണിയെടുക്കുന്ന അവര്‍ കേള്‍ക്കുന്നതോ, വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നു എന്ന പരാതിയും. അകത്തിരിക്കുക എന്നത് അത്ര നല്ല ഏര്‍പ്പാടൊന്നുമല്ല. മടുത്തു മടുത്ത് ജീവിതം തന്നെ മറന്നെന്നു പറയാവുന്ന അവസ്ഥയിലാണ് പലരും. പണിയും കൂലിയും ഇല്ലാതെ പട്ടിണിയുടെ വക്കിലാണ് പല കുടുംബങ്ങളും. ഇന്നത്തെ സാഹചര്യത്തില്‍ കിറ്റുകള്‍ വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ വെറും കിറ്റുകള്‍ കൊണ്ട് തീരുന്നതല്ലല്ലോ ജീവിതച്ചെലവുകള്‍. ഒരു പനി വന്നാല്‍ പാരസെറ്റമോള്‍ വാങ്ങാന്‍ പോലും സാധാരണക്കാര്‍ നട്ടംതിരിയുകയാണ്. എങ്കിലും അകത്തിരിക്കേണ്ട സമയത്ത് അവര്‍ക്ക് ചെയ്യാനുള്ള ഏറ്റവും മികച്ച കാര്യം അകത്തിരിക്കല്‍ തന്നെയാണ്. അതൊന്നും മനസ്സിലാവാഞ്ഞിട്ടല്ല; പക്ഷേ, ഈ ശത്രുക്കളോടെന്ന ഭാവം കാണുമ്പോഴാണ്. വീട്ടിലിരുന്നിട്ടും കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനു പിന്നിലുള്ള പല മനുഷ്യരുടെയും അധ്വാനങ്ങളെ അംഗീകരിച്ചില്ലേലും സാരമില്ല, വെറുപ്പും വിദ്വേഷവും പുരട്ടി അപമാനിക്കാതിരുന്നാല്‍ മാത്രം മതിയായിരുന്നു. ഇതൊന്നും ഇല്ലെങ്കില്‍ കാണാമായിരുന്നു. ചിലര്‍ക്ക് അങ്ങനെയാണ് ചിലത് കിട്ടിയാലേ പഠിക്കൂ. അതെ, കിട്ടേണ്ടത് കിട്ടിയാല്‍ ചിലര്‍ പഠിക്കേണ്ടത് പഠിക്കും എന്നത് പുതിയ കാര്യമൊന്നുമല്ല, പണ്ടേയുള്ള നാട്ടുനടപ്പാണ്.

പഠിക്കേണ്ടത് മുഴുവന്‍ പഠിക്കില്ല; പക്ഷേ ഒരു പേടി കാണും. ചുരുങ്ങിയപക്ഷം അടുത്ത ഒരു അങ്കത്തിനിറങ്ങുമ്പോള്‍ വീണ്ടും കിട്ടാതിരിക്കാനുള്ള മുന്‍കരുതലെങ്കിലും കാണും. എന്തായാലും രണ്ടു വിരലുകള്‍, വെറും രണ്ടേ രണ്ടു വിരലുകള്‍ വെട്ടേറ്റ് തൂങ്ങിയതോടെ സ്വന്തം മകളോടു മാത്രമല്ല, ഏതൊരു പെണ്ണിനോടും ഇച്ചിരി കരുതലോടെ പെരുമാറണമെന്നു കൃഷ്ണയുടെ അച്ഛന്‍ പഠിച്ചു. അതൊരു വലിയ പഠിപ്പ് തന്നെയാണ്. നല്ലൊരു അടിപൊളി കത്തി വാങ്ങി എപ്പോഴും അരയില്‍ കൊണ്ടുനടക്കാന്‍ കൃഷ്ണയും പഠിച്ചു. ആ പഠിപ്പും അമ്മയുടെ ഫോട്ടോയുടെ കോപ്പിയെടുപ്പുമാണ് സത്യത്തില്‍ കൃഷ്ണയുടെ ജീവിതം വിഷ്ണുവിനൊപ്പമാക്കി മാറ്റിയത്.
ഫോട്ടോയുടെ കോപ്പി വരപ്പിക്കാനും കത്തി വാങ്ങാനുമായി കൃഷ്ണയ്ക്ക് കാശു വേണമായിരുന്നു. എന്നാല്‍ കാതില്‍ ഒരു മിനുങ്ങ് കമ്മലല്ലാതെ സ്വന്തമായി ഒരു രൂപ പോലുമില്ലാത്ത കൃഷ്ണയ്ക്ക് അതിനുള്ള പണം ഒരു എത്താക്കൊമ്പത്തെ മാമ്പഴം തന്നെയായിരുന്നു. എന്തു ചെയ്യുമെന്നു തിരിച്ചും മറിച്ചും ചിന്തിച്ചപ്പോഴാണ് മനസ്സിലേക്ക് ‘രക്ഷാധികാരി വിഷ്ണു’വിന്റെ രൂപം കടന്നുവന്നത്. ജോലിയുള്ള വിദ്യാര്‍ഥിയാണ്. പണം കാണും, തീര്‍ച്ച. അങ്ങനെ അവള്‍ രാവിലെ തന്നെ ചന്ദ്രന്റെ വീട്ടില്‍ ചെന്ന് ഫോട്ടോയും വാങ്ങി നേരെ വിഷ്ണുവിന്റെ ക്ലാസിലേക്ക് ചെന്നു.
”എനിക്കിച്ചിരി പണം വേണം, തരാമോ?” ആവശ്യം തന്റേതാണല്ലോ, മടിച്ചാല്‍ നടക്കില്ലല്ലോ എന്നൊക്കെ ഓര്‍ത്ത് ഉണ്ടാക്കിയെടുത്ത ധൈര്യത്താല്‍ അവള്‍ ചോദിച്ചു.
”എത്ര രൂപ വേണം? കുട്ടി പറഞ്ഞോളൂ.” വിഷ്ണു പുഞ്ചിരിയോടെ, സമാധാനത്തിന്റെ ശബ്ദത്തില്‍ ചോദിച്ചു.
”അതിപ്പോ… ഈ ഫോട്ടോയിലെ, ഈ നില്‍ക്കുന്ന ആള്‍ടെ പടം മാത്രമായൊന്ന് വലുതാക്കി എടുക്കണം. പിന്നെ ഈ അരയിലൊക്കെ എപ്പോഴും ഒളിപ്പിച്ചുകൊണ്ടുനടക്കാന്‍ പറ്റണ, ഞെക്കിയാല്‍ നീണ്ട കത്തിയാവണ, ഈ സിനിമേലൊക്കെ കാണണ കത്തിയില്ലേ? പാടേ ചെറുതല്ല. ഒറ്റക്കുത്തിന് ഒരാളെ കൊല്ലാനൊക്കെ പറ്റണത്, അങ്ങനൊന്ന് വാങ്ങണം. അതിനൊക്കെക്കൂടി എത്ര രൂപയാവും എന്നൊന്നും എനിക്കറിയില്ല…”
ഇതെന്താപ്പോ സംഗതി എന്നറിയാതെ അന്തംവിട്ടുപോയ വിഷ്ണുവിന്റെ കൗതുകമാണ് പിന്നീടുള്ള സകലമാന അവസ്ഥകള്‍ക്കും കാരണമായത് എന്നു പറയാതെ വയ്യ!
ആളെ കൊല്ലുന്ന കത്തി എന്തിനാണ്, ആ ഫോട്ടോ ആരുടേതാണ് തുടങ്ങിയ നൂറു സംശയങ്ങള്‍ വിഷ്ണുവില്‍ ഉയര്‍ന്നു. അവയെല്ലാം അവന്‍ പതിയെ പതിയെ ചോദിച്ചറിഞ്ഞു. എല്ലാം പറയാന്‍ അങ്ങനെ കൃഷ്ണയ്‌ക്കൊരു കൂട്ടുണ്ടായി. ആ കൂട്ടുകാരന്‍ തന്നെ ആ ഫോട്ടോ അന്നേക്കന്ന്, ക്ലാസ് തീരുംമുമ്പേ നാട്ടിലെ ഏറ്റവും നല്ല ചിത്രകാരനെ കൊണ്ട് ചിത്രമാക്കി വരപ്പിച്ച് ഫ്രെയിം ചെയ്ത് കൊണ്ടുവന്ന് കൃഷ്ണയ്ക്ക് സമ്മാനിച്ചു. ഒപ്പം പിടിയില്‍ ചിത്രപ്പണികളുള്ള ഒരു യമണ്ടന്‍ കത്തിയും.
അപ്പോഴാണ് അടുത്ത പ്രശ്‌നം! ഇത്രയും വലിയ പടം വീട്ടില്‍ കൊണ്ടുപോയാല്‍, അതില്‍ അമ്മയാണെന്നു വീട്ടില്‍ ആരെങ്കിലും അറിഞ്ഞാല്‍, ഉണ്ടാവാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ കൃഷ്ണ മുന്‍കൂട്ടി കണ്ടു. അവളുടെ അവസ്ഥ അറിഞ്ഞതോടെ അതിനും വിഷ്ണുവിന്റെ കൈയില്‍ പരിഹാരമുണ്ടായി. അന്നേ ദിവസം ഫോട്ടോ വിഷ്ണു കൊണ്ടുപോയി. പിറ്റേന്ന് കൃഷ്ണയുടെ അച്ഛന് ഏറെ ഇഷ്ടപ്പെട്ട ദേവിയുടെ ഫ്രെയിം ചെയ്ത വലിയ ഒരു ഫോട്ടോയുമായാണ് വിഷ്ണു വന്നത്. ഒരു പ്രത്യേക രീതിയില്‍ വലിച്ചാല്‍ ദേവീരൂപമുള്ള ഫോട്ടോ പുറത്തെടുക്കാനാകും. അപ്പോള്‍ അതിനുള്ളില്‍ അമ്മയുടെ പടം കാണാം. തിരികെ പെട്ടെന്നുതന്നെ ദേവിയുടെ ഫോട്ടോ വെക്കാനും സാധിക്കും. ഫോട്ടോ ഫ്രെയിം വര്‍ക്കു ചെയ്യുന്ന സുഹൃത്തിനൊപ്പം പുലരുവോളം ഇരുന്നാണ് ഇങ്ങനെ ഒരു ഐഡിയ സാധ്യമാക്കിയത് എന്ന വിഷ്ണുവിന്റെ വാക്കില്‍ കൃഷ്ണ വിഷ്ണുവിനു മുന്നില്‍ ആരാധനയോടെ നിന്നു. ആ ആരാധന ക്രമേണ വളര്‍ന്നുവന്നു; അത് മൂത്ത് പ്രണയമായി, പിന്നെ വിവാഹവും.

വിവാഹനാള്‍ കഴുത്തില്‍ താലി ചാര്‍ത്തുംവരേക്കും അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു വിഷ്ണു. പ്രിയപ്പെട്ടവന്‍. ഒരു വാക്കോ നോക്കോ അവള്‍ക്കെതിരെ നീട്ടാത്തവന്‍. അവളുടെ എല്ലാ അവസ്ഥകളും അനുഭവങ്ങളും അറിഞ്ഞവന്‍. നാലു വര്‍ഷം പ്രണയിച്ചിട്ടും വിവാഹത്തിനു മുമ്പ് അവളുടെ കൈയില്‍ പോലും തൊടാത്തവന്‍. വിവാഹത്തലേന്നും ‘നിങ്ങളെന്റെ ജീവനാണ്, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല, പക്ഷേ നിങ്ങള്‍ എന്റെ ദേഹത്ത് തൊടുമോ എന്നു പേടിച്ച് എനിക്ക് ശ്വാസം മുട്ടുന്നു’ എന്നു പറഞ്ഞ് കരഞ്ഞ കൃഷ്ണയെ ‘പേടിക്കണ്ട, ഞാന്‍ തൊടില്ല’ എന്നു പറഞ്ഞ് സമാധാനിപ്പിച്ചവന്‍. വിവാഹശേഷം ആ തൊട്ടുകൂടായ്മയാലാവണം മൗനിയായിത്തീര്‍ന്നവന്‍.
ആ വിഷ്ണുവാണ് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കകം രവിയേട്ടന്റെ വാക്കു കേട്ട് അവളുടെ മുഖത്തടിച്ചത്. അന്നുവരേക്കും അയാളുടെ സ്പര്‍ശനത്തിന് അതീതയായിരുന്ന അവളെക്കുറിച്ചാണ് ‘തന്നെ വശീകരിക്കാന്‍ ശ്രമിച്ചു’ എന്ന് രവിയേട്ടന്‍ പരാതി പറഞ്ഞത്. എന്നിട്ടും ‘അവള്‍ അത് ചെയ്യില്ലെ’ന്ന് വിഷ്ണു പറയാതിരുന്നത് എന്തുകൊണ്ടാവും? തന്നെ കയറിപ്പിടിച്ച സ്വന്തം അച്ഛന്റെ വിരല്‍ വെട്ടിയവള്‍ അതേ തെറ്റ് ആവര്‍ത്തിച്ച രവിയേട്ടന്റെ മൂക്കിന്റെ പാലം അടിച്ചുപൊട്ടിച്ചതില്‍ വിഷ്ണുവിന് പരാതി തോന്നിയത് എന്തിനായിരിക്കാം? ഇത്രയും വര്‍ഷങ്ങള്‍ ചിന്തിച്ചിട്ടും കൃഷ്ണയ്ക്ക് മനസ്സിലാകാത്ത കാര്യമായിരുന്നു അത്.
പക്ഷേ, അവള്‍ക്ക് അതേസമയം മറ്റു ചിലത് മനസ്സിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ രവിയേട്ടന്‍ കയറിപ്പിടിച്ചതിന്റെ പിറ്റേന്ന്. അന്നാണ് വിഷ്ണു അവളെ കൈകള്‍ രണ്ടും പിന്നിലേക്ക് കട്ടിലിന്റെ തലഭാഗത്തെ അഴികളിലേക്ക് ചേര്‍ത്ത് കെട്ടിയിട്ട ശേഷം രണ്ടു കവിളത്തും ആഞ്ഞടിച്ചത്. ഒരു ദിവസം കൊണ്ട് മനുഷ്യരിങ്ങനെ മാറുമോ? അതോ ഒരു താലിക്ക് മനുഷ്യനെ ഇങ്ങനെയൊക്കെ മാറ്റാന്‍ കഴിയുമോ? അറിയില്ല. ആദ്യമാദ്യം അവള്‍ കടുത്ത എതിര്‍പ്പു കാണിച്ചു. തന്റെ ദേഹത്ത് തൊടുംനേരം ചവിട്ടാനും കടിക്കാനും ശ്രമിച്ചു. ആര്‍ത്തു കരയാന്‍ ശ്രമിച്ചു. പിന്നെപ്പിന്നെ എല്ലാം കെട്ടടങ്ങി. വിഷ്ണുവിനെ കാണും നേരം അവളൊരു ശവമായി. ശവപ്പെട്ടിയില്‍ ഒതുങ്ങിക്കിടക്കുന്ന അനുസരണയുള്ള ശവം. എത്ര അവിശ്വസനീയമായ ജീവിതം.
എന്നാല്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ അവള്‍ക്ക് ഭ്രാന്തായിരുന്നു. വിഷ്ണുവേട്ടന്‍ അടക്കമുള്ളവര്‍ അവള്‍ക്കും അവര്‍ക്കും ഒപ്പം ആ വീട്ടിലെത്തന്നെ മൂന്നാമതൊരംഗം കൂടിയുള്ള നേരത്തൊക്കെയും അവളോട് ഒരു ഭ്രാന്തിയോടെന്നപോലെ പെരുമാറി. എന്നാല്‍ തനിച്ചാകവെ ഓരോരുത്തരും അവരാലാകും വിധം അവളെ ഉപദ്രവിച്ചു. കുഞ്ഞു ജനിച്ചതോടെ കുഞ്ഞിനു മുന്നില്‍ വെച്ച് ഭ്രാന്തിയായി മുദ്രവെക്കപ്പെട്ടും അല്ലാത്തപ്പോള്‍ മുഴുവന്‍ അടിയും അക്രമവും സഹിച്ചും മടുത്തതോടെ അവള്‍ കുഞ്ഞിനെ കൈയില്‍ നിന്നു താഴെ വെക്കാതായി. ഭ്രാന്തെന്ന പട്ടം ഒരിക്കല്‍ കൂടി അവളില്‍ മുറുക്കിയെടുക്കാന്‍ ആ അവസരം വിഷ്ണുവും വീട്ടുകാരും നന്നായി വിനിയോഗിച്ചു.
എന്തൊരു ഗതികേടാണ് പലപ്പോഴും പല സ്ത്രീകളും നേരിടുന്നത്! വിവാഹജീവിതം തനിക്ക് ഒരു ഭീകരാനുഭവമായിരുന്നു. അങ്ങനെയുള്ള ജീവിതത്തില്‍ എത്തപ്പെട്ട് തന്നെത്തന്നെ വെറുത്തുപോകുന്ന എത്രയെത്ര പെണ്‍കുട്ടികള്‍. ഏറ്റവും രസകരം ഈ പെണ്‍കുട്ടികളുടെ വീട്ടുകാരുടെ കാര്യമാണ്. ”മോളേ, ഇതൊക്കെ എല്ലായിടത്തും പതിവാണ്. കുഖെയൊക്കെ കണ്ടില്ല കേട്ടില്ല എന്നുവെക്കണം” എന്ന ഉപദേശമാണ് അതില്‍ ഏറ്റവും പ്രധാനം. അതു കേള്‍ക്കും നേരമാണ് സകല ബന്ധുക്കളെയും കൂട്ടിയിട്ട് കത്തിക്കാന്‍ തോന്നുക. അവരെ പാഠം പഠിപ്പിക്കാന്‍ വേണ്ടി ചത്തുകളയാനും. അന്നേരം മക്കളെയും കൊന്ന് ആത്മഹത്യ ചെയ്ത അമ്മമാരെ കുറിച്ചുള്ള വാര്‍ത്തകളൊക്കെ പ്രതീക്ഷയോടെയാണ് കാണുക.
സത്യത്തില്‍ അതാണോ വേണ്ടത്? ഒരിക്കലുമല്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഒരു ഷെല്‍ട്ടര്‍, ഒരു അഭയകേന്ദ്രം, ഒരു പെണ്‍സദനം- അതൊന്നു തുടങ്ങിയിരുന്നേല്‍ എത്ര പെണ്‍കുട്ടികളുടെ ജീവിതം മാറിമറിഞ്ഞേനേ… ഈ ആട്ടും തുപ്പും സഹിച്ച് ജീവിക്കല്‍ മാത്രമാണ് പെണ്ണിന്റെ ജന്മലക്ഷ്യം എന്ന വാദമേ പൊളിച്ചുകളയാന്‍ അതുകൊണ്ട് കഴിഞ്ഞേനെ. അതോടെ പല കുട്ടികളും മുളയിലേ ഉണങ്ങാതെ വളര്‍ന്നുവന്നേനെ!
ആര്‍ക്കറിയാം അങ്ങനെ കൊല്ലപ്പെട്ട മക്കളില്‍ ഭാവിയിലെ ഏതെങ്കിലുമൊരു നെഹ്‌റുവോ ഗാന്ധിയോ അബ്ദുല്‍കലാമോ റൊണോള്‍ഡോയോ സചിനോ മണ്ടേലയോ ഒക്കെ ഉണ്ടായിരുന്നോ എന്ന്. ഉണ്ടായിട്ടുണ്ടാവണം. എഡിസണും ന്യൂട്ടണുമൊക്കെ പോലെ പുതിയ പുതിയ കണ്ടുപിടിത്തങ്ങളാല്‍ ലോകം മാറ്റിമറിക്കേണ്ട ആരെങ്കിലുമൊക്കെ അങ്ങനെ അകാലത്തില്‍ മരിച്ചുപോയതിനാലാവണം ഈ ലോകത്ത് ഇത്രയും സങ്കടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ഒരുപക്ഷേ, സങ്കടമില്ലാതാക്കാനുള്ള വിദ്യ കണ്ടുപിടിക്കേണ്ടവരാകാം ആ മരിച്ചുപോയ കുട്ടികള്‍. അതെ, അതുതന്നെയാവണം യാഥാര്‍ഥ്യവും.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top