LoginRegister

കൂട്ടിനൊരാളെ കിനാവു കാണുമ്പോള്‍

ഹാറൂന്‍ കക്കാട്‌

Feed Back


അസ്വസ്ഥമായ മനസ്സുമായി ഒരാള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തി.
”എന്തു ചെയ്തിട്ടും എനിക്ക് തൃപ്തി വരുന്നില്ല. സമാധാനം എങ്ങനെ വീണ്ടെടുക്കാം?”
മനഃശാസ്ത്രജ്ഞന്‍ മറുപടി നല്‍കി: ”താങ്കള്‍ സ്വന്തം വീടിനു പുറത്തേക്കിറങ്ങുക. വഴിയിലും ചുറ്റുപാടിലും പല കാരണങ്ങളാല്‍ പ്രയാസപ്പെടുന്നവരെ കാണാം. ഒരു കൈത്താങ്ങ് ആവശ്യമുള്ളവരെ കഴിയുംവിധം സഹായിക്കുക. അപ്പോള്‍ താങ്കള്‍ക്കു സന്തോഷവും സമാധാനവും ലഭിക്കും. താങ്കളെക്കുറിച്ചു മാത്രം ചിന്തിക്കുന്നതുകൊണ്ടാണ് മനസ്സ് തളരുന്നത്.”
മനുഷ്യര്‍ തന്നിലേക്കു സ്വയം ചുരുങ്ങുന്നതാണ് ആത്മസംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണം. അവനവനിലേക്കുള്ള യാത്ര പോലെത്തന്നെ പ്രധാനമാണ് അപരനിലേക്കുള്ള യാത്രയും.
ബസില്‍ അവശനായ ഒരാള്‍ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ‘സ്വര്‍ഗത്തില്‍ ഉറപ്പിക്കുന്നു സ്വന്തമിരിപ്പിടം’ എന്നത് പ്രശസ്തമായ ഒരു കവിവാക്യമാണ്. നന്മ ചെയ്യുമ്പോള്‍ ദൈവത്തിന്റെ സ്പര്‍ശമേല്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഭിന്നശേഷി സമൂഹത്തിന് മാതൃകാധന്യമായ നിരവധി കര്‍മപദ്ധതികളുമായി മുന്നേറുകയാണ് ‘എബിലിറ്റി’ ടീം. 2006-ല്‍ പ്രയാണമാരംഭിച്ച ഈ സന്നദ്ധസേവന കൂട്ടായ്മയുടെ ശ്രദ്ധേയമായ ജനകീയ പരിപാടിയാണ് ‘പൊരുത്തം.’ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ വിവാഹജീവിതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതാണ് ഈ സംരംഭം. പ്രതികൂലമായ കടമ്പകളെല്ലാം സന്തോഷപൂര്‍വം എതിരേറ്റ് ഇത്തരമൊരു മാതൃകാപരമായ ഉദ്യമത്തിലേക്ക് പറന്നുയരാന്‍ ‘എബിലിറ്റി’ക്ക് പ്രചോദനമായത് ഭിന്നശേഷിക്കാരുടെ അതിജീവന പോരാട്ടങ്ങള്‍ നേര്‍ക്കുനേര്‍ ദര്‍ശിച്ചതുകൊണ്ടാണ്. ‘പൊരുത്തം’ സംഗമങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ഈ സംഘം നമ്മുടെ സമൂഹത്തിനു സമ്മാനിക്കുന്നത് അമൂല്യമായ സേവനങ്ങളാണ്.
ജീവിതത്തില്‍ നാം ഒരിക്കലെങ്കിലും പോവുകയും കാണുകയും ചെയ്യേണ്ട ഇടങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങള്‍.
ഗ്രാമത്തിന്റെ വിശുദ്ധിയും സൗന്ദര്യവുമുള്ള വലിയപറമ്പിലെ ഹൃദ്യമായ കുന്നിന്‍മുകളിലെ കാമ്പസിലെത്തുമ്പോള്‍ കഠിനമായ ചൂടുകാലത്തും നമ്മെ തഴുകിയെത്തുന്ന ഇളംതെന്നലിനു പങ്കുവെക്കാനുള്ളത് ത്യാഗത്തിന്റെ കുന്നോളം കഥകളാണ്.
2022 മാര്‍ച്ച് 27-ന് ‘പൊരുത്തം’ സംസ്ഥാനതല ഭിന്നശേഷി വിവാഹ കൂടിക്കാഴ്ച സംഗമത്തിന് ഈ കാമ്പസ് വേദിയായപ്പോള്‍ പ്രതീക്ഷയുടെ നിറമനസ്സുമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഈ കുന്നിന്‍മുകളിലെത്തിയത് ജാതി-മതഭേദമെന്യേ ആയിരത്തഞ്ഞൂറോളം യുവതീയുവാക്കളാണ്. വേ റ്റു നിക്കാഹ് ഡോട്ട്‌കോമുമായി ചേര്‍ന്നാണ് എബിലിറ്റി ശ്രദ്ധേയമായ ഈ സംഗമം നടത്തിയത്. എബിലിറ്റി കാമ്പസില്‍ നടന്നുവരുന്ന, ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ വിദ്യാഭ്യാസ-തൊഴില്‍ നൈപുണി വികസന പദ്ധതികളുടെ ഭാഗമായാണ് ഈ പരിപാടിയും സംഘടിപ്പിച്ചത്.
വിവിധ തരത്തിലുള്ള ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വിവാഹാലോചനാ സംഗമത്തില്‍ പരിചയപ്പെടാന്‍ അവസരം സൃഷ്ടിക്കുക വഴി നിരവധി പേര്‍ക്കാണ് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നത്. ഭിന്നശേഷിക്കാരെ സഹായിക്കാനായി പരിശീലനം നേടിയ യൂണിറ്റി സോഷ്യല്‍ സര്‍വീസ് മുവ്‌മെന്റിന്റെ നാനൂറോളം നിസ്വാര്‍ഥരായ വോളന്റിയര്‍മാരാണ് സംഗമത്തിന് എത്തിയ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി എല്ലാ സംവിധാനങ്ങളും കുറ്റമറ്റ രീതിയില്‍ യാഥാര്‍ഥ്യമാക്കിയത്. ത്യാഗമനഃസ്ഥിതിയുടെയും ക്ഷമയുടെയും അപാരമായ കരുത്തില്‍ യൂനിറ്റിയുടെ ഊര്‍ജസ്വലരായ കര്‍മഭടന്മാര്‍ എന്തു മനോഹാരിതയോടെയാണ് വേദിയിലും സദസ്സിലും മറ്റും സേവനമനുഷ്ഠിച്ചത്! അതീവ ഹൃദ്യം. ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു ഉദാത്തമായ കര്‍മവസന്തങ്ങള്‍ തീര്‍ത്തു ഈ വോളന്റിയര്‍ സേനാംഗങ്ങള്‍!

പൊരുത്തം സംഗമത്തിനെത്തിയ ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം മുഖങ്ങളില്‍ നിറയെ പ്രത്യാശയുടെ കിരണങ്ങള്‍ കാണാമായിരുന്നു. പുതുവസ്ത്രങ്ങളണിഞ്ഞ് എബിലിറ്റി നല്‍കിയ പ്രത്യേക ബാഡ്ജുമായി അവരോരോരുത്തരും ഊഴമനുസരിച്ച് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കൃത്യമായ സമയം പാലിച്ച് സന്നിഹിതരായി. ചിലര്‍ വീല്‍ചെയറുകളില്‍ വന്നപ്പോള്‍ മറ്റു ചിലര്‍ വോളന്റിയര്‍മാരുടെ കരങ്ങളിലേറി വേദികളിലെത്തി. ഓരോ യുവതീയുവാക്കളെയും വേദിയില്‍ അണിനിരത്തി സംഘാടകര്‍ പരിചയപ്പെടുത്തി. പരസ്പരം ഇഷ്ടപ്പെട്ട് സംതൃപ്തരാവുന്നവര്‍ക്കായി പ്രത്യേക കൗണ്‍സലിങ് നല്‍കി. നിരവധി ജോടികള്‍ക്ക് പരസ്പരം താങ്ങും തണലുമായി ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഇത് അവസരങ്ങള്‍ നല്‍കി. മറ്റു ചിലര്‍ വിശദമായി പരിചയപ്പെട്ട് മേല്‍വിലാസങ്ങള്‍ പരസ്പരം കൈമാറി. ബന്ധുക്കള്‍ നടത്തുന്ന തുടരന്വേഷണങ്ങളിലൂടെ ഒരുപാട് വ്യക്തികള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതായാണ് മുമ്പ് നടന്ന രണ്ടു പൊരുത്തം സംഗമങ്ങളില്‍ നിന്നുമുള്ള അനുഭവങ്ങള്‍. ഈ മൂന്നാമത് സംഗമവും ഈ മേഖലയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുമെന്നത് തീര്‍ച്ചയാണ്.
ഓരോ ദിവസവും ഓരോ ചെറിയ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നതാണ് ഭിന്നശേഷിക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രയാസം. നമുക്കു ചുറ്റും എത്രയെത്ര മനുഷ്യരാണ് ഇങ്ങനെ ശാരീരികവും മാനസികവുമായ വ്യത്യസ്ത രീതിയിലുള്ള വേദനകള്‍ അനുഭവിക്കുന്നത്! ശാരീരികമോ മാനസികമോ ബുദ്ധിപരമോ ആയ ഘടനയിലോ പ്രവര്‍ത്തനങ്ങളിലോ വളര്‍ച്ചയിലോ ഉള്ള വ്യത്യാസങ്ങള്‍ കാരണം സാമൂഹിക പങ്കാളിത്തത്തില്‍ വരുന്ന സ്വാഭാവിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളാണ് ഭിന്നശേഷിക്കാര്‍.
ഹെലന്‍ കെല്ലര്‍ എന്ന പേര് കേള്‍ക്കാത്തവരായി നമുക്കിടയില്‍ ആരുമുണ്ടാവില്ല. അന്ധയും മൂകയും ബധിരയുമായ ഹെലന്‍ കെല്ലര്‍ സ്വപ്രയത്‌നവും കഠിനാധ്വാനവും കൊണ്ട് പരിമിതികള്‍ക്കിടയില്‍ നിന്നു സാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനരംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കി പ്രശസ്തയായി.
ഹെലന്‍ കെല്ലറുടെ പ്രസിദ്ധമായ വാക്കുകളുണ്ട്: ”അന്ധത എന്നെ ഈ ഭൂമിയിലെ വസ്തുക്കളില്‍ നിന്ന് അകറ്റി. എന്നാല്‍ ബധിരത എന്നെ വ്യക്തികളില്‍ നിന്നും ഈ ലോകത്തില്‍ നിന്നുതന്നെയും അകറ്റി.” അതിജീവനത്തിന്റെ പുതിയ പാതകള്‍ താണ്ടി ധീരമായി മുന്നേറിയ ഹെലന്‍ കെല്ലര്‍ എന്ന വനിത ഭിന്നശേഷിക്കാര്‍ക്ക് എന്നും പ്രചോദകയാണ്.
യുനൈറ്റഡ് നാഷന്‍സ് 1992 മുതല്‍ ഡിസംബര്‍ 3 ഭിന്നശേഷിയുള്ളവരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നുണ്ട്. ഭൗതികവും സാങ്കേതികവും സമീപനപരവുമായ തടസ്സങ്ങള്‍ നീക്കി ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനും അവരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ആഗോളതലത്തില്‍ സ്വീകരിച്ചുവരുന്ന നൂതന സാങ്കേതികവിദ്യകളും സംവിധാനങ്ങളും പരിചയപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു. എബിലിറ്റിയെ പോലുള്ള സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ നിര്‍വഹിക്കുന്നത് വലിയ ദൗത്യങ്ങളും മഹത്തായ സേവനങ്ങളുമാണ്.
ഒരു സമൂഹം സാംസ്‌കാരിക പുരോഗതി നേടുന്നത് അതിലെ ദുര്‍ബല ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുമ്പോഴും ശാക്തീകരിക്കുമ്പോഴുമാണല്ലോ. ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ പലപ്പോഴും സമൂഹത്തില്‍ അവഗണനയുടെ പടുകുഴിയിലാണ്. ഭിന്നശേഷിയുള്ള ഒരു കുട്ടി പിറന്നുവീഴുന്നതോടെ ജീവിതകാലം മുഴുവന്‍ ആധിയിലും വ്യാധിയിലുമാകുന്നു അവരുടെ രക്ഷിതാക്കള്‍. ഇത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് കണ്ണീര്‍ വറ്റിയ നാളുകള്‍ ഉണ്ടാവാനിടയില്ല. അവര്‍ മരിക്കുംമുമ്പേ തങ്ങളുടെ മക്കള്‍ മരിക്കണമെന്നാണ് അവരില്‍ മിക്കവരുടെയും പ്രാര്‍ഥന. തങ്ങളുടെ കാലശേഷം ആരുണ്ടിവര്‍ക്ക് എന്ന ചോദ്യമാണ് അവര്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരില്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗം ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവരാണ്. ഓട്ടിസം ബാധിതര്‍ ഉള്‍പ്പെടെ വ്യത്യസ്ത തലങ്ങളില്‍ അതിജീവിക്കാന്‍ ശ്രമിക്കുന്നവരാണ് ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവര്‍. ഇതിനെല്ലാമുള്ള പ്രായോഗിക പരിഹാരങ്ങളാണ് എബിലിറ്റി എന്ന വടവൃക്ഷത്തിന്റെ മനം കുളിര്‍പ്പിക്കുന്ന തണലില്‍ നിരവധി കുടുംബങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്. പുളിക്കല്‍ വലിയപറമ്പിലെ മനോഹരമായ ഈ കുന്നിന്‍പ്രദേശം ഇന്ന് കേരളീയ സമൂഹത്തിന് നല്‍കുന്ന ദിശാബോധവും സന്ദേശവും വിലമതിക്കാനാവാത്തതാണ്.
എബിലിറ്റി വലിയൊരു പ്രതീക്ഷയും ആശ്വാസവുമായി വളര്‍ച്ചയുടെ പാതയിലാണിന്ന്. 2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ മഹത്തായ സ്ഥാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് ‘പൊരുത്തം’ സംഗമം നമ്മുടെ ഭിന്നശേഷി സമൂഹത്തിന് എല്ലാ അര്‍ഥത്തിലും ശുഭപ്രതീക്ഷയുടെയും മാനസികോല്ലാസത്തിന്റെയും കുളിര്‍മഴയായി മാറി. സംസ്ഥാന പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ അഹമ്മദ്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഭിന്നശേഷിക്കാര്‍ നിര്‍മിച്ച മനോഹരമായ വിവിധ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. എബിലിറ്റിയുടെ ജൈത്രയാത്രയില്‍ കണ്ണികളായി ചേരാന്‍ സുമനസ്സുകള്‍ എമ്പാടും വന്നെത്തുമെന്ന് തെളിയിച്ചുകൊണ്ടാണ് പൊരുത്തം സംഗമം സമാപിച്ചത്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top