ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളാണ് എന്നു പറയുമ്പോള്‍ നിദ അഞ്ജും ചിരിക്കും. ആ ചിരിയിലുണ്ട് തന്റെ ആഗ്രഹസാക്ഷാത്കാരത്തിന്റെ സന്തോഷം. ലോകത്തിനു മുന്നില്‍ ജന്മനാടിന്റെ പതാകയുമേന്തി വിജയം ആഘോഷിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് മാതൃക കൂടിയാണ്. ആഗ്രഹവും കഠിനാധ്വാനവും ഒന്നിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടത്തിന് അതിരുകളില്ലാത്ത സന്തോഷമാണെന്ന സന്ദേശവും.
ലോക ദീര്‍ഘദൂര കുതിരയോട്ടത്തില്‍ മിന്നും പ്രകടനത്തിലൂടെ തന്റെ പേര് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് മലയാളിയായ നിദ അഞ്ജും. ഫ്രാന്‍സിലെ കാസ്റ്റല്സാഗ്രാറ്റില് ജൂനിയര്‍മാര്‍ക്കും യുവ റൈഡര്‍മാര്‍ക്കുമായി നടന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ് റേസ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയാണ് 21കാരിയായ ഈ വിദ്യാര്‍ഥിനി ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത്.
മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി സ്വദേശിനിയായ നിദയുടെ കുട്ടിക്കാലം ദുൈബയിലായിരുന്നു. അവിടെ നിന്നാണ് അശ്വാഭ്യാസ കായികലോകത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഹോഴ്സ് റൈഡിങ് ഇഷ്ടമായിരുന്നു. കുട്ടിക്കാലം മുതല്‍ കുതിരകളുമായി കൂട്ടുകൂടി. യുഎഇയിലെ മരുഭൂമികള്‍ താണ്ടിയുള്ള പരിശീലനത്തിന് ഒടുവില്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അബൂദാബി എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ജേതാവായി സ്വര്‍ണവാള്‍ നേടി. ഇത് വിജയങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതോടെ ലോക കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. അങ്ങനെ ഏറെ കായികക്ഷമതയും മെയ്വഴക്കവും ആവശ്യമായതും ലോകത്തിലെ ഏറ്റവും വലിയ കുതിരസവാരി മത്സരവുമായ എഫ് ഇ ഇ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. മത്സരം റെക്കോര്‍ഡോടെ പൂര്‍ത്തിയാക്കിയതോടെ നിദ എന്ന പ്രവാസി മലയാളി വിദ്യാര്‍ഥിനി ലോകെത്ത മികച്ച റൈഡര്‍മാരില്‍ ഒരാളായി മാറി. ഇനി മുതിര്‍ന്നവരുടെ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നിദ.
തന്റെ വിശ്വസ്ത കൂട്ടുകാരനായ എപ്സിലോണ്‍ സലോ എന്ന കുതിരയുമായാണ് നിദ ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. റൈഡറും സ്റ്റീഡും തമ്മിലുള്ള അചഞ്ചലമായ ധാരണ ആവശ്യമുള്ള കുതിരയോട്ടത്തില്‍ എപ്സിലോണിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ നാലു മത്സരഘട്ടങ്ങള് പൂര്‍ത്തിയാക്കിയാണ് ലോക മത്സരത്തില്‍ ആദ്യമായി ഈ മലയാളിയിലൂടെ ഇന്ത്യന്‍ പതാക പാറിക്കളിച്ചത്. 7.29 മണിക്കൂര്‍ കൊണ്ടാണ് 120 കിലോമീറ്റര്‍ ദൂരം പിന്നിട്ടത്. അത്രയും ദൂരം കുതിരയ്ക്ക് യാതൊരു പരിക്കുമേല്‍ക്കാതെ റൈഡര്‍ മറികടക്കണമെന്ന നിബന്ധനയിലും നിദ വിജയിച്ചു. ഓരോ ഘട്ടം പൂര്‍ത്തിയാകുമ്പോഴും കുതിരയുടെ ആരോഗ്യ-കായികക്ഷമത ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. കുതിരയുടെ ആരോഗ്യത്തിന് പോറലേറ്റാല്‍ റൈഡര്‍ പുറത്താകുമെന്നാണ് നിയമം. റൈഡറുടെ കായികക്ഷമതക്കൊപ്പം കുതിരയുടെ ആരോഗ്യവും പരിരക്ഷിക്കപ്പെടണം എന്നതാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആശയമെന്ന് നിദയുടെ ടീമിലെ വെറ്ററിനറി ഉപദേശകനും മലയാളിയുമായ ഡോ. മുഹമ്മദ് ഷാഫി പറഞ്ഞു.
25 രാജ്യങ്ങളിലെ 70 മത്സരാര്‍ഥികള്‍ക്കൊപ്പമാണ് നിദ കുതിരയുമായി ഫ്രാന്‍സിലെ കളത്തിലിറങ്ങിയത്. തുടക്കത്തില്‍ 25 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 70 മത്സരാര്‍ഥികള്‍ പങ്കെടുത്തു. അതില്‍ 33 കുതിരകള്‍ വഴിയില്‍ പുറത്തായി. പക്ഷേ, അടിയറവ് പറയാത്ത നിശ്ചയദാര്‍ഢ്യവും കുതിരയോടുള്ള വിശ്വാസവും കൊണ്ട് നിദ ഓട്ടത്തിന്റെ നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ടു. ആദ്യ ഘട്ടത്തില്‍ 23ാം സ്ഥാനവും രണ്ടാമത്തേതില്‍ 26ാം സ്ഥാനവും മൂന്നാമതായി 24ാം സ്ഥാനവും അവസാന ഘട്ടത്തില്‍ 21ാം സ്ഥാനവും നേടിയ അവര്‍ ഈ മഹത്തായ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ ആദ്യ താരമായി.
മണിക്കൂറില്‍ 16.7 കി.മീ. വേഗം നിലനിര്‍ത്താന്‍ നിദയ്ക്കായി. എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘകാലമായി വിജയിക്കാറുള്ള യുഎഇ, ബഹ്റൈന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഈ മലയാളി മത്സരിച്ചതെന്നതും ശ്രദ്ധേയമാണ്. ചൈന, ലിബിയ തുടങ്ങിയ രാജ്യങ്ങളും ഇത്തവണ ആദ്യമായി മത്സരിക്കാനെത്തി.
ഒരേ കുതിരയുമൊത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷം 120 കി.മീ. ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാല്‍ മാത്രമേ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടുകയുള്ളൂ. നിദ രണ്ടു കുതിരകളുമായി നാലു വട്ടമാണ് ഈ ദൂരംതാണ്ടി കളത്തിലിറങ്ങാന്‍ ഇരട്ടി യോഗ്യത നേടിയത്. കൂടാതെ, ഒന്നിലേറെ തവണ 160 കി.മീ. കുതിരയോട്ടം പൂര്‍ത്തിയാക്കി ‘ത്രീസ്റ്റാര്‍ റൈഡര്‍’ പദവിയും നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ വനിതയെന്ന പദവിയും നേടി. പ്രശസ്ത കുതിരയോട്ട പരിശീലകന് അലി അല്‍ മുഹൈരിയാണ് നിദയുടെ ഗുരു, താക്കത്ത് സിങ് റാവു പേഴ്സണല്‍ ട്രെയിനറും.
നിദ അഞ്ജും ജനിച്ചത് തിരൂരിലാണെങ്കിലും സ്കൂള്‍ വിദ്യാഭ്യാസം ദുബൈയിലായിരുന്നു. റീജന്‍സി ഗ്രൂപ്പ് മാനേജിങ് ജയറക്ടറും കേരള അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റുമായ ഡോ. അന്‍വര്‍ അമീന്റെ മകളാണ് നിദ. എഴുത്തുകാരനും പണ്ഡിതനുമായ ചെറിയമുണ്ടം അബ്ദുര്‍റസാഖ് മൗലവിയുടെ മകള്‍ മിന്നത്താണ് മാതാവ്. സാമൂഹിക-രാഷ്ട്രീയ-മത-വിദ്യാഭ്യാസ മേഖലകളില്‍ ശോഭിച്ച കല്പകഞ്ചേരി ആനപ്പടിക്കല്‍ പീച്ചി മാസ്റ്ററുടെ കൊച്ചുമകള്‍ കൂടിയാണ്. കുതിരയോട്ടത്തില്‍ എന്നപോലെ പഠനത്തിലും മിടുക്കിയാണ് നിദ. യുകെയിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും ദുബൈ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്ന് ഐബി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. ദുബൈയിലെ നാദല് ഷിബയിലാണ് താമസം. ഡോ. ഫിദ അഞ്ജും ചേലാട്ട് സഹോദരിയാണ്. ഡോ.മുഹമ്മദ് അനസ് പാറയില്‍ സഹോദരീ ഭര്‍ത്താവാണ്.
വ്യത്യസ്ത രാജ്യങ്ങളിലെ മത്സരാര്‍ഥികള്‍ക്കൊപ്പം മാറ്റുരച്ചത് ജീവിതത്തിലെ ഏറ്റവുംവലിയ അനുഭവമാണെന്ന് നിദ അഞ്ജും പറഞ്ഞു. ലോകത്തിലെ പ്രൊഫഷണല്‍ റൈഡര്‍മാര്‍ക്കൊപ്പം മത്സരിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഫ്രാന്‍സില്‍ ഏറെ പ്രക്ഷുബ്ധമായ കാലാവസ്ഥയിലായിരുന്നു പരിശീലനവും മത്സരവും. ഏറെ സാഹസപ്പെടേണ്ടിവന്നു. ശാരീരികമായും വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നുവെന്നും നിദ പറഞ്ഞു. 2024ല്‍ ഫ്രാന്‍സില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള തീവ്രപരിശീലനത്തിലാണ് നിദ. പുതിയൊരു കായിക ഇനത്തിന്റെ സാധ്യതയാണ് നിദയുടെ വിജയത്തിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ ഇക്വസ്ട്രിയന്‍ കായിക ഇനങ്ങളുടെ യശസ്സ് നിദയിലൂടെ ഉയരത്തിലെത്തി.
സാമൂഹിക സേവനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കാളിയാണ് ഈ വിദ്യാര്‍ഥിനി. ദുരിതങ്ങളില്‍ പെട്ടവര്‍ക്ക് ആശ്വാസമാവാന്‍ മുന്നിലുണ്ട്. വിവിധ മത്സരങ്ങളില്‍ കിട്ടിയ സമ്മാനത്തുക മലപ്പുറത്തെ ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കാന്‍ നല്കി നിദ മാതൃകയായിരുന്നു.