LoginRegister

കുതിരയുടെ കുതിപ്പ്‌

സി കെ റജീഷ്‌

Feed Back


കുതിരകളുടെ പരിശീലനം കാണാന്‍ എത്തിയതായിരുന്നു ആ യുവാവ്. കൗതുകത്തോടെ എല്ലാം കണ്ട് ആ യുവാവ് പരിശീലകനോട് പല സംശയങ്ങളും ചോദിച്ചു: ”വേഗം കുറഞ്ഞ കുതിരയാണോ വേഗം കൂടിയ കുതിരയാണോ നല്ലത്?”
പരിശീലകന്‍ പറഞ്ഞു: ”വേഗം കൂടിയ കുതിര.”
”കാരണമെന്താണ്?”
”പത്തിരട്ടി കൂടുതല്‍ വേഗം ഉല്‍പാദിപ്പിക്കാനുള്ള ശക്തി വേഗത്തില്‍ ഓടുന്ന കുതിര നേടിയെടുക്കുന്നുണ്ട്.”
”കുതിര തെറ്റായ ദിശയിലാണ് ഓടുന്നതെങ്കിലോ?”
”വേഗം കുറഞ്ഞ കുതിരയേക്കാള്‍ 10 ഇരട്ടി വേഗത്തില്‍ അതിന്റെ ശ്രമങ്ങള്‍ പാഴാകും.”
”മറ്റു കുതിരകളും അവയെ പിന്തുടര്‍ന്നാല്‍ എന്തു സംഭവിക്കും?”
”അവരും തെറ്റായ വഴിയില്‍ എത്തും.”
”പിന്നെ എന്തുകൊണ്ടാണ് മറ്റെല്ലാ കുതിരകളും വേഗത്തില്‍ ഓടുന്ന കുതിരയെ പിന്തുടരുന്നത്?”
”വേഗത്തില്‍ ലക്ഷ്യത്തിലെത്താനുള്ള അതിന്റെ കഴിവ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു.”
”ഓരോ കുതിരയും ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?”
”സ്വന്തമായ വേഗവും ദൂരവും കണ്ടെത്തുക.”
ഓരോന്നിനും അതതിന്റെ വേഗമുണ്ട്. ഒച്ചിന്റെ വേഗമല്ല ഒട്ടകത്തിന്. പുലിയുടെ വേഗമല്ല പരുന്തിന്. ഒരേ ദിശയിലൂടെ സഞ്ചരിക്കുന്നവര്‍ തന്നെ ഒരേ വേഗത്തിലല്ല നീങ്ങുന്നത്. ഒാരോരുത്തര്‍ക്കും അവരവരുടേതായ സ്വത്വമുള്ളതുപോലെ ഒാരോരുത്തര്‍ക്കും പാകപ്പെട്ട വേഗവുമുണ്ട്. ജീവിതലക്ഷ്യത്തിനും സ്വന്തം ശേഷിക്കും അനുസരിച്ചുള്ള വേഗം ഓരോരുത്തരും നിശ്ചയിക്കുകയാണ് വേണ്ടത്. ലക്ഷ്യം പിഴച്ച് കുതിപ്പ് തുടര്‍ന്നിട്ട് കാര്യമില്ല. കുതിപ്പില്‍ ആവേശഭരിതരായി നമ്മെ അനുഗമിക്കുന്നവരും വഴിപിഴവിലാകാന്‍ അത് മതി. കിതച്ചോടുന്ന കുതിരയുടെ കുതിപ്പ് കാണികളുടെ കണ്ണഞ്ചിപ്പിക്കുന്നപോലെ, ജീവിതവഴിയിലെ ഗതിവേഗം ആരെയും ത്രസിപ്പിക്കും. വേഗം കൂട്ടുന്നതിനു മുമ്പ് ലക്ഷ്യമറിഞ്ഞ് സഞ്ചാരദിശ നിര്‍ണയിക്കുകയാണ് വേണ്ടത്. എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാതെ നാമെന്തിനാണ് സഞ്ചരിക്കുന്നത്? മത്സരയോട്ടം നടത്തുന്ന ബസുകള്‍ ആളെ കയറ്റാതെ ആദ്യമെത്തിയിട്ട് എന്തു കാര്യമാണുള്ളത്?
അമിത വേഗം നയിക്കുന്നത് അപകടവഴിയിലേക്കാണ്. മന്ദഗതിയാകട്ടെ ആലസ്യത്തില്‍ നമ്മെ പിടിച്ചിരുത്തുന്ന വില്ലനാണ്. ധൃതി പിശാചില്‍ നിന്നാണെന്ന് പ്രവാചകന്റെ മൊഴിയുണ്ട്. വിവേകവും കരുതലും നഷ്ടപ്പെടാന്‍ ധൃതി ഹേതുവാകുന്നു എന്നതാണ് അതിനര്‍ഥം. എന്നാല്‍ സത്കാര്യങ്ങളില്‍ ധൃതി ആവശ്യവുമാണ്. അവധാനതയില്‍ നന്മയുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. തെറ്റ് തിരുത്താനുള്ള വിവേകവും കരുതലും അവധാനതയുള്ളവര്‍ക്ക് കരുത്തായിത്തീരുമെന്നതാണ് അതിന്റെ പൊരുള്‍. സത്കാര്യങ്ങളില്‍ മത്സരിച്ച് മുന്നേറുകയാണ് വേണ്ടത്. അതോടൊപ്പം അവധാനതയും ആലോചനയും അനിവാര്യമാകുന്ന ഘട്ടങ്ങളില്‍ കരുതലോടെ കാര്യങ്ങള്‍ നീക്കാനുള്ള കരുത്തുണ്ടാവണം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top