LoginRegister

കുട്ടികളെ വെറുതെ വിടാം

Feed Back


സൗഹൃദങ്ങള്‍ക്കിടയില്‍ സമയം ചെലവഴിക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. പഠനക്രമത്തിനും പുസ്തകങ്ങള്‍ക്കുമിടയില്‍ നിന്ന് കുട്ടികള്‍ക്ക് മോചനം ലഭിക്കുന്ന സമയമാണ് അവധിക്കാലം. അവര്‍ക്ക് പൂര്‍ണമായും ആനന്ദത്തിന്റെയും അനുഭൂതിയുടെയും നിമിഷങ്ങളായിരിക്കണം അവധിക്കാലം എന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
അവര്‍ അവരുടേതായ ലോകം കെട്ടിപ്പടുക്കുകയും അവധി ആഘോഷമാക്കുകയും ചെയ്യട്ടെ. അതിനുള്ള അവസരമാണ് രക്ഷിതാക്കള്‍ ഒരുക്കിനല്‌കേണ്ടത്.
‘വെക്കേഷനാണ്, കുട്ട്യോളെ എങ്ങനെയാ പൊറുപ്പിക്കുക എന്നറിയില്ല’ എന്ന് വേവലാതിപ്പെടുന്ന രക്ഷിതാക്കളുമുണ്ട്. കുട്ടികളെയും അവര്‍ സൃഷ്ടിക്കുന്ന ബഹളങ്ങളെയും ഭാവിയുടെ താളമായി കണ്ട് ആസ്വദിക്കാനാവണം. അവരെ മനസ്സിലാക്കാനും കേള്‍ക്കാനും കൂടെയിരിക്കാനും അവരോടൊപ്പം കളിക്കാനുമെല്ലാം രക്ഷിതാക്കള്‍ ഈ സമയം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കുട്ടികളെയും കൂട്ടി അവര്‍ക്കിഷ്ടപ്പെട്ട ഇടങ്ങളിലേക്ക് യാത്ര പോവാനും അവരുടെ കൂടെ സമയം ചെലവഴിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
കുട്ടികള്‍ വീട്ടില്‍ വെറുതെയിരിക്കുകയല്ലേ എന്നു കരുതി വീണ്ടും പഠനത്തിരക്കുകളിലേക്ക് അവരെ തള്ളിവിടരുത്. ട്യൂഷനും അവധിക്കാല പഠനക്ലാസുകളുമായി പഠനമുറിയില്‍ അവരെ വീണ്ടും തളച്ചിടരുത്. കുട്ടികളുടെ കഴിവും അഭിരുചിയും താല്‍പര്യവും മനസ്സിലാക്കിയാവണം അവധിക്കാല ക്യാമ്പുകളില്‍ പോലും അവരെ പങ്കെടുപ്പിക്കേണ്ടത്.
അവധിക്കാലം പൂര്‍ണമായും കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെ ലക്ഷ്യമിടുന്ന തരത്തില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അവരിലെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്താം. കളികള്‍ കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാല്‍ കളിയിലെ കാര്യം തിരിച്ചറിഞ്ഞ് കുട്ടികളെ കളിക്കാന്‍ വിടാം. ഒറ്റക്കും കൂട്ടായുമുള്ള കളികളിലൂടെ അവര്‍ ജീവിതത്തെ തന്നെയാണ് പഠിക്കാന്‍ ശ്രമിക്കുന്നത്. തോറ്റും ജയിച്ചും പരസ്പരം സഹായിച്ചും സഹകരിച്ചും അവര്‍ നല്ല മനുഷ്യരാവാന്‍ പഠിക്കുക കൂടിയാണ് കളികളിലൂടെ. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കളി ആവശ്യമാണല്ലോ.
നഷ്ടമായാല്‍ വീണ്ടെടുക്കാന്‍ സാധ്യമാകാത്തതാണ് സമയം. നഷ്ടബാല്യമാണ് മുതിര്‍ന്നവര്‍ അയവിറക്കുന്ന പ്രധാന സങ്കടങ്ങളിലൊന്ന്. നമ്മുടെ കുട്ടികളുടെ കുട്ടിക്കാലം അവര്‍ക്ക് തിരിച്ചുനല്‍കാം. അവരെ എന്തിനാണിത്ര വേഗം മുതിര്‍ന്നവരാക്കുന്നത്.
നിദാ ഫാസ്ലി എഴുതിയ പോലെ: ”നിഷ്‌കളങ്ക ബാല്യങ്ങളുടെ കുഞ്ഞിക്കൈകള്‍ താരചന്ദ്രാദികള്‍ക്കായി കൈനീട്ടട്ടെ…”

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top