LoginRegister

കുട്ടികളെ കുടുക്കുന്ന ലഹരി മാഫിയ

നദീര്‍ കടവത്തൂര്‍

Feed Back


കണ്ണൂര്‍ നഗരത്തിലെ ഒരു സ്‌കൂളില്‍ നടന്നതാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി സഹപാഠിയായ പെണ്‍കുട്ടിയോട് അടുപ്പം കാണിച്ചു. ആണ്‍കുട്ടിയുടെ സ്‌നേഹപ്രകടനത്തില്‍ വീണുപോയ പെണ്‍കുട്ടി സത്യസന്ധമായ പ്രേമമാണെന്നു കരുതി പരസ്പരം ചാറ്റിങ് തുടങ്ങി. സ്വാഭാവികമായും പെണ്‍കുട്ടി തന്റെ വിഷമങ്ങളും സങ്കടങ്ങളും സുഹൃത്തിനോട് പങ്കുവെക്കാന്‍ ആരംഭിച്ചു. ആശ്വാസവാക്കുകള്‍ക്കൊപ്പം വിഷമങ്ങള്‍ക്ക് പരിഹാരമായി ആണ്‍കുട്ടി അവള്‍ക്ക് സമ്മാനവും നല്‍കി. ലഹരിമരുന്നാണെന്ന തിരിച്ചറിവുണ്ടായിട്ടും ഒരു തവണ എന്താണെന്നറിയാന്‍ മാത്രമാണ് അവള്‍ അത് ഉപയോഗിച്ചുനോക്കിയത്. എന്നാല്‍ ക്രമേണ അവള്‍ അതിന് അടിമപ്പെട്ടു. ലഹരി ലഭിക്കാന്‍ വേണ്ടി ആണ്‍സുഹൃത്ത് പറയുന്നതൊക്കെ അനുസരിക്കാന്‍ നിര്‍ബന്ധിതയായി. അവസരം മുതലെടുത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ ശാരീരികമായി മുതലെടുക്കുകയും ചെയ്തു. ലഹരി ഉപയോഗം വര്‍ധിച്ച് വിഷാദാവസ്ഥയിലേക്കെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. പെണ്‍കുട്ടിയെ ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയി ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി ഉപയോഗത്തിന്റെ കാണാപ്പുറങ്ങള്‍ പുറത്തുവന്നത്. തന്റെ ക്ലാസിലെ 11 പെണ്‍കുട്ടികളെ ഇതുപോലെ ലഹരി നല്‍കി ആ ആണ്‍കുട്ടി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത കേരളത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായി.
….
കൊച്ചിയിലെ ഒരു വ്‌ളോഗറുടെ ഇന്‍സ്റ്റഗ്രാം ലൈവിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടെ പ്ലസ്ടു പൂര്‍ത്തിയായ പെണ്‍കുട്ടി വ്‌ളോഗറോട് താന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു. താന്‍ ഇരുപത്തി നാലു മണിക്കൂറും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും അത് വെറും പച്ചക്കറിയാണെന്നും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞ് പെണ്‍കുട്ടിക്ക് പ്രോത്സാഹനവുമായി വ്‌ളോഗറുടെ മറുപടി. പൈസയുണ്ടായിട്ടും നാട്ടില്‍ കഞ്ചാവ് കിട്ടുന്നില്ലെന്ന് പെണ്‍കുട്ടി പരാതി പറഞ്ഞപ്പോള്‍, എവിടെയൊക്കെ പോയാല്‍ ലഹരി കിട്ടുമെന്നും വ്‌ളോഗര്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ലൈവ് വീഡിയോ ആരോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വ്‌ളോഗറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
….
കാക്കനാട് ഒരു ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുതപ്പില്‍ കെട്ടി ഡക്റ്റില്‍ ഇട്ട സംഭവത്തില്‍ പ്രതി അര്‍ഷാദിനെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍, ലഹരിമരുന്നു വില്‍പനയ്ക്കായി നല്‍കിയ പണം തിരിച്ചുകിട്ടാത്തതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. കൊല നടന്ന ദിവസം ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട യുവാവും പ്രതിയും ഒന്നിച്ചിരുന്ന് ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നുണ്ട്.
കഴിഞ്ഞ മാസം മാത്രം കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന, പത്രമാധ്യമങ്ങളില്‍ വന്ന മൂന്നു സംഭവങ്ങളാണ് മുകളിലുള്ളത്. ഇതിനു പുറമേ കിലോക്കണക്കിന് കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്ത വാര്‍ത്തകള്‍ ദിവസേന പത്രമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. കേരളം വലിയ തോതില്‍ ലഹരി-മയക്കുമരുന്ന് മാഫിയകളുടെ വില്‍പനാ കേന്ദ്രമായി മാറുന്നുവെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് ഒരുപാടായി. എന്നാല്‍ ഈയിടെയായി പുറത്തുവരുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും അതിനെത്തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ്. ഇത്തരം ആശങ്കകളെ ബലപ്പെടുത്തുന്നതാണ് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ ഈയിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖം. കേരളത്തില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങളുടെ അളവ് അതിഭീകരമാണെന്നും പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരാണെന്നുമാണ് മന്ത്രി പുറത്തുവിട്ട കണക്കുകള്‍. കൂടാതെ മുമ്പ് കേട്ടു പരിചയമില്ലാത്ത എം ഡി എം എ പോലുള്ള മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്ന വലിയ മാഫിയകള്‍ തന്നെ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും അവരെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുകയുമാണ്.
മേല്‍ സൂചിപ്പിച്ച വിധം ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് കൗമാരക്കാരും യുവാക്കളും ഇതിലേക്ക് വലിയ തോതില്‍ ആകര്‍ഷിക്കപ്പെടുന്നതിനാല്‍ രക്ഷിതാക്കള്‍ കൃത്യമായി ഇതിനെക്കുറിച്ച് മനസ്സിലാക്കുകയും മക്കള്‍ ഇത്തരം അപകടങ്ങളില്‍ വീഴാതിരിക്കാന്‍ ജാഗരൂഗരാവുകയും ചെയ്യേണ്ടതുണ്ട്.

കോവിഡാനന്തര പ്രശ്‌നങ്ങള്‍
രണ്ടു വര്‍ഷത്തിലധികം നീണ്ട കോവിഡ് കാലഘട്ടവും ലോക്ഡൗണുമെല്ലാം വിദ്യാര്‍ഥികളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയുടെ അതിപ്രസരം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്ലാത്ത വിധം അവസരങ്ങള്‍ തുറന്നുകൊടുത്തു. വിവിധ ലഹരികളുടെ ഉപയോഗം മനസ്സിലാക്കാനും അത് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് ഉപയോഗിക്കാനും പ്രേരണ നല്‍കുന്ന ചാനലുകളും കൂട്ടായ്മകളും നിരവധിയാണ്.
യൂട്യൂബ് നോക്കി വിദ്യാര്‍ഥി വൈനുണ്ടാക്കുകയും അത് സ്‌കൂളില്‍ കൊണ്ടുവന്ന് സഹപാഠിക്ക് നല്‍കുകയും സഹപാഠി ആശുപത്രിയിലാവുകയും ചെയ്ത സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെ ചില പേജുകളിലൂടെ ലഹരി ഉത്പന്നങ്ങളുടെ വില്‍പന നടക്കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്ത് വീട്ടിലേക്ക് എത്തിച്ചാല്‍ പോലും ആര്‍ക്കും മനസ്സിലാവാത്ത രീതിയിലുള്ള പായ്ക്കിങ് സംവിധാനമൊക്കെയാണ് ഇവര്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് വാഗ്ദാനം ചെയ്യുന്നത്.
കോവിഡ് വരുത്തിവെച്ച മറ്റൊരു പ്രധാന പ്രശ്‌നം സുഹൃത്തുക്കളുടേതാണ്. കോവിഡിനുനു മുമ്പൊക്കെ വിദ്യാര്‍ഥികളുടെ ഭൂരിപക്ഷം സുഹൃത്തുക്കളും ക്ലാസില്‍ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളും സമപ്രായക്കാരുമായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ വഴി മുതിര്‍ന്നവരുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രായം ചെന്നവരുമായുള്ള സൗഹൃദങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയും വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നുമുണ്ട്. പ്രായത്തില്‍ കവിഞ്ഞ അറിവും അനുഭവവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനും അവരെ വഴിതെറ്റിക്കാനും ഇത് കാരണമാവും.
സുഹൃത്താവണം രക്ഷിതാവ്
ആദ്യഭാഗത്ത് സൂചിപ്പിച്ച കണ്ണൂരില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ചൂഷണത്തിന് വിധേയയായ പെണ്‍കുട്ടിയുടെ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടിയുമായി എങ്ങനെയാണ് അടുപ്പമുണ്ടായത് എന്ന് അതില്‍ പെണ്‍കുട്ടി വിവരിക്കുന്നത് ഇങ്ങനെയാണ്: ”അവന്‍ ആദ്യമൊക്കെ ഭയങ്കര കെയര്‍ ആയിരുന്നു. എല്ലാ വിഷമങ്ങളും അവനോട് പറയും. അപ്പോളൊക്കെ അവന്‍ ആശ്വസിപ്പിക്കും.”
കൗമാരപ്രായത്തിലെത്തുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ധാരാളം പ്രശ്‌നങ്ങളിലൂടെയാണ് അവര്‍ കടന്നുപോവുന്നത്. ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രായപൂര്‍ത്തിയാവല്‍, സാമൂഹികമായ മറ്റു ബുദ്ധിമുട്ടുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നുണ്ട്.
ഈ സമയത്ത് ആ പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനും അവര്‍ തന്നെ പരിഹാരം അന്വേഷിക്കും. സ്‌നേഹത്തോടെ ഇടപെടാനും പ്രശ്‌നങ്ങള്‍ പറയാനും ഒരു സുഹൃത്തോ കാമുകിയോ കാമുകനോ കൗമാരപ്രായക്കാര്‍ തേടും.

അവിടെ കൃത്യമായി ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്. അത് ഏതെങ്കിലും ഒരു നിമിഷം കൊണ്ട് സാധിക്കുന്ന ഒന്നല്ല. ചെറുപ്പം മുതല്‍ മക്കളുമായി സുഹൃദ്ബന്ധം സ്ഥാപിക്കാനും അവരുടെ ഉറ്റസുഹൃത്തായി മാറാനും രക്ഷിതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മക്കളുടെ അഭയസ്ഥാനം രക്ഷിതാക്കളാവുമെന്നതില്‍ സംശയമില്ല.
ലഹരി നശിപ്പിക്കുന്ന ജീവിതം
ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് സംഭവിക്കാവുന്നത് കേവലം ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല. കൗമാരപ്രായത്തിലൊക്കെ ലഹരിക്ക് അടിമപ്പെടുന്ന വിദ്യാര്‍ഥി മാനസികമായി തകരും. കുറ്റബോധം, വ്യക്തിത്വ വൈകല്യം, വിഷാദം, വിഷമം താങ്ങാന്‍ പറ്റാത്ത അവസ്ഥ, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, ഏകാന്തത, ഓര്‍മക്കുറവ് തുടങ്ങി എല്ലാ അര്‍ഥത്തിലും ഒരു വ്യക്തി നശിക്കും.
മക്കളില്‍ അകാരണമായ ക്ഷീണം, മടി, ഉറക്കക്കുറവ്, പഠനത്തില്‍ പിന്നാക്കം പോവല്‍, വീട്ടുകാരോട് അടുപ്പം കുകുറയല്‍, അമിത ദേഷ്യം, അസ്വാഭാവികമായ പെരുമാറ്റം തുടങ്ങിയ സ്വഭാവവ്യത്യാസങ്ങള്‍ കാണുമ്പോള്‍ കൃത്യമായി ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. മുകളില്‍ സൂചിപ്പിച്ച മാനസികമായ വ്യതിയാനങ്ങളുടെ പ്രതിഫലനമാണ് ഇത്തരം സ്വഭാവവൈകല്യങ്ങള്‍ പ്രകടിപ്പിക്കുക എന്നത്. കുകുട്ടി ഏതെങ്കിലും രൂപത്തിലുള്ള ലഹരിക്കോ മറ്റ് മരുന്നുകള്‍ക്കോ അടിമപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും സമയബന്ധിതമായ പരിഹാരങ്ങള്‍ തേടുകയും വേണം.
പരിഹാരം വൈകരുത്
മിക്ക രക്ഷിതാക്കളിലും കാണുന്ന മക്കളെ സംബന്ധിച്ച അമിതമായ ആത്മവിശ്വാസം അപകടകരമാണ്. ‘എന്റെ മകന്‍ അങ്ങനെ ചെയ്യില്ല’, ‘അവന് അത്തരം സ്വഭാവമൊന്നുമില്ല’ എന്നിങ്ങനെയുള്ള മറുപടികള്‍ രക്ഷിതാക്കളുടെ സ്ഥിരം പല്ലവിയാണ്. മക്കളെ നിരന്തരം വീക്ഷിക്കുകയും അവരുടെ ഓരോ മാറ്റങ്ങളും ശ്രദ്ധിക്കുകയും വേണം.
ലഹരി ഉപയോഗിക്കുന്ന മക്കള്‍ അത് സമ്മതിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ തന്നെ സംശയം തോന്നിയാല്‍ സ്‌കൂളിലുള്ള അധ്യാപകന്‍, സ്‌കൂള്‍ കൗണ്‍സലര്‍ തുടങ്ങിയവരുടെ സഹായം ആവശ്യപ്പെടാം.
ഏതെങ്കിലും രൂപത്തിലുള്ള ലഹരി ഉപയോഗമോ മറ്റോ ശ്രദ്ധയില്‍ പെട്ടാല്‍, എടുത്തുചാടി എന്തെങ്കിലും ചെയ്താല്‍ അവസാനിപ്പിക്കാന്‍ പറ്റുന്നതല്ല ലഹരിയുടെ ആസക്തി. അതിന് കൃത്യവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ തന്നെ തേടണം. നിലവില്‍ എല്ലാ ജില്ലകളിലും ഡീ അഡിക്ഷന്‍ സെന്ററുകളും സംവിധാനങ്ങളും ലഭ്യമാണ്. അത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. .

രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍
അമിതമായ ഫോണ്‍ ഉപയോഗം, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവ നിയന്ത്രിക്കുക.
മക്കളുടെ സുഹൃത്തുക്കള്‍ ആരൊക്കെയെന്ന് അറിഞ്ഞിരിക്കുക.
സ്‌കൂള്‍ വിട്ട് മക്കള്‍ കൃത്യസമയത്ത് വീട്ടിലെത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
സമയം വൈകിയാല്‍ കാരണം അന്വേഷിക്കുക.
മക്കളുടെ അധ്യാപകരുമായി നിരന്തര ബന്ധം പുലര്‍ത്തുകയും അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക.
മക്കളുടെ സ്വഭാവത്തില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍ നിസ്സാരമായി ഒഴിവാക്കരുത്.
അസ്വാഭാവികമായ മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരോട് കാരണങ്ങള്‍ തിരക്കുകയും വീക്ഷിക്കുകയും ചെയ്യുക.
മക്കളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറുക.
മക്കള്‍ക്ക് എന്തു കാര്യങ്ങള്‍ പറയാനും ചോദിക്കാനുമുള്ള അവസരം മക്കളുമായുള്ള ബന്ധത്തില്‍ ഉണ്ടാവണം.
ആവശ്യത്തില്‍ കൂടുതലായി പണം മക്കള്‍ക്ക് നല്‍കരുത്.
നിങ്ങള്‍ നല്‍കാത്ത പണമോ മൊബൈലോ മറ്റു ഉപകരണങ്ങളോ മക്കളുടെ അടുത്ത് കണ്ടാല്‍ ഉറവിടം അന്വേഷിക്കുക.
മക്കളുടെ പഠനസ്ഥലം രക്ഷിതാക്കള്‍ക്ക് വീക്ഷിക്കാവുന്ന രൂപത്തിലാക്കാന്‍ ശ്രമിക്കുക.
അധിക സമയം റൂമില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാല്‍ കാര്യം അന്വേഷിക്കുക.
ലഹരി പോലുള്ള സാമൂഹിക വിപത്തുകളെപ്പറ്റി മക്കളെ ബോധ്യപ്പെടുത്തുക.

മക്കളെ ‘നോ’ പറയാന്‍ പഠിപ്പിക്കണം
ടോള്‍സി ടോം

(സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍,
ജി.എച്ച്.എസ്.എസ് ബങ്കര മഞ്ചേശ്വര്‍)

ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ അതില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ധാരാളം സംവിധാനങ്ങളും സൗകര്യങ്ങളും നിലവിലുണ്ട്. പക്ഷേ, ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. അതോടൊപ്പം തന്നെ പലയിടങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കാത്തതിന്റെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്താത്തതിന്റെയും പ്രശ്നങ്ങളുമുണ്ട്.
സ്‌കൂളുകളിലെ ഇത്തരം പ്രശ്നങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കുക, സമയാസമയം അവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കി ലഹരിയില്‍ നിന്ന് മുക്തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സൈക്കോ സോഷ്യല്‍ കൗണ്‍സലിങ് സെല്ലുകള്‍ ചില സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ഇത്തരം സംവിധാനങ്ങള്‍ ഇല്ല എന്നത് വലിയൊരു വെല്ലുവിളിയാണ്. നിലവിലെ സാഹചര്യങ്ങളുടെ ആവശ്യം പരിഗണിച്ച് മുഴുവന്‍ സ്‌കൂളുകളിലും സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് സെല്ലുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം.
എക്സൈസ് ഡിപാര്‍ട്ട്‌മെന്റുമായി സഹകരിച്ച് ‘വിമുക്തി’ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയാനും സ്രോതസ്സ് കണ്ടെത്തി, കൂടുതല്‍ വിദ്യാര്‍ഥികള്‍ അതില്‍ അകപ്പെടാതിരിക്കാനുമുള്ള ശ്രമങ്ങളും നടന്നുവരുന്നു.
സ്‌കൂളുകളില്‍ റിപോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ലഹരി ഉപയോഗത്തിന്റെ പ്രാരംഭഘട്ടത്തിലുള്ളവരെ മാത്രമേ കൗണ്‍സലിങോ മറ്റു മാര്‍ഗങ്ങളോ സ്വീകരിച്ച് തിരിച്ചുകൊണ്ടുവരാന്‍ പറ്റാറുള്ളൂ. ലഹരിക്ക് അടിമപ്പെട്ട വിദ്യാര്‍ഥികളെ സൈക്യാട്രിസ്റ്റ്, ഡീഅഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ സംവിധാനങ്ങളിലേക്ക് റഫര്‍ ചെയ്യുകയല്ലാതെ മറ്റൊരു പോംവഴിയില്ല.
അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമപ്പെടാതെ ശ്രദ്ധിക്കുക എന്നതാണ് പരമപ്രധാനം. അനാവശ്യങ്ങളോടും അനാവശ്യ കൂട്ടുകെട്ടുകളോടുമെല്ലാം ‘നോ’ പറയാനുള്ള മനോധൈര്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top