LoginRegister

കുടുംബ ബജറ്റ് ക്ലിപ്ത വരുമാനക്കാരില്‍

സി മമ്മു കോട്ടക്കല്‍

Feed Back


ഇസ്ലാം പണം സമ്പാദിക്കുന്നതില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. സമ്പാദിക്കുമ്പോഴും മിച്ച സമ്പത്തിനോടുമുള്ള ബാധ്യത നിര്‍വഹിക്കണം എന്നു മാത്രമേയുള്ളൂ. എന്നാല്‍ എല്ലാവര്‍ക്കും ഒരേ തോതിലാണോ അല്ലാഹു സമ്പത്ത് നല്‍കിയത്? എല്ലാവര്‍ക്കും നിര്‍ലോഭം സമ്പത്ത് നല്‍കിയാലുള്ള അവസ്ഥ വിശുദ്ധ ഖുര്‍ആന്‍ സുറ ശൂറിലൂടെ പറയുന്നുണ്ട്.
”അല്ലാഹു അവന്റെ അടിയാന്മാര്‍ക്ക് ഉപജീവനം (ആഹാരം) വിശാലമാക്കി കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം നടത്തുമായിരുന്നു. പക്ഷെ, അവന്‍ താനുദ്ദേശിക്കുന്ന ഒരു തോത് (വ്യവസ്ഥ) അതനുസരിച്ച് ഇറക്കികൊടുക്കുന്നതാണ്. നിശ്ചയമായും അവന്‍ തന്റെ അടിയാന്മാരെപ്പറ്റി സൂഷ്മജ്ഞാനിയും കണ്ടറിയുന്നവനുമാകുന്നു.”
ഭൂമിയില്‍ എല്ലാവരും ഒരേ സാമ്പത്തിക നിലയുള്ളവരായാല്‍ ജീവിതം ദുസ്സഹമായിരിക്കും. എല്ലാവരും ദരിദ്രരായാലും സ്ഥിതി ഇതു തന്നെ. അതുകൊണ്ടു തന്നെയാണ് അല്ലാഹു ഉപജീവനമാര്‍ഗത്തില്‍ ചിലരെ ഉയര്‍ത്തിയും മറ്റു ചിലരെ താഴ്ത്തിയും വെച്ചിരിക്കുന്നത്. ഇങ്ങനെ അല്ലാഹു നമ്മെ പരീക്ഷിക്കുകയാണ് എന്നു മനസ്സിലാക്കി ജീവിതത്തെ ക്രമീകരിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി, ഇഹപര വിജയിയും.
പരിമിതമായ വരുമാനമുള്ളവര്‍ അവരുടെ വരുമാനം വിനിയോഗിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ പണം ചെലവു ചെയ്യുമ്പോഴും ജീവിത വിഭവങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുമ്പോഴും തന്നെക്കാള്‍ കൂടുതല്‍ സമ്പത്തുള്ള വിഭാഗത്തെ അനുകരിക്കാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ ഉള്ള ജീവിതസുഖവും മനസ്സമാധാനാവും നഷ്ടപ്പെടും. അതുകൊണ്ടു തന്നെ ഇത്തരക്കാരായ ഗൃഹനാഥന്‍മാര്‍ വരവിനനുസരിച്ചു ചെലവു ചെയ്യാനും ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നിയന്ത്രിക്കാനും പഠിക്കണം. ഇതു സാധ്യമാവണമെങ്കില്‍ തന്റെ ജീവിതപങ്കാളിയുടെ പൂര്‍ണപങ്കാളിത്വവും സഹകരണവും ആവശ്യമാണ്. അല്ലാഹു പറയുന്നു: ”ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങള്‍ക്ക് ഒരു തരം ശത്രുക്കളുണ്ട്. ആയതിനാല്‍ നിങ്ങള്‍ അവരെ കാത്തു(സൂക്ഷിച്ചു)കൊള്ളുവിന്‍” (സൂറ: അത്തഗാബുന്‍ 14). ഖുര്‍ആന്‍ നല്‍കുന്ന ഈ താക്കീതും മുന്നറിയിപ്പും ഉള്‍ക്കൊണ്ടു ഇണയെയും മക്കളെയും നിയന്ത്രിക്കാനും നയിക്കാനും ഒരാള്‍ക്കായാല്‍ അയാള്‍ വിജയിച്ചു. ഇതിന് എത്ര പേര്‍ക്കാവുന്നുണ്ട്? റസൂല്‍ ഒരാളുടെ മൂന്ന് സൗഭാഗ്യങ്ങളുടെ കൂട്ടത്തിലും ആദ്യമായി എണ്ണിയതു ഇണയെയാണ് എന്നത് നാം ഓര്‍ക്കണം.
ക്ലിപ്ത വരുമാനക്കാര്‍ വരുമാനത്തില്‍ നിന്നു തന്റെയും കുടുംബത്തിന്റെയും ചെലവ് നിര്‍വഹിക്കുമ്പോള്‍ വളരെ ശ്രദ്ധ അനിവാര്യമാണ്. ഒപ്പം ഉറച്ച തീരുമാനമെടുക്കാനും എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടവും വേണം. താഴെ പറയുന്ന കാര്യങ്ങളില്‍ ബോധവാനായിരിക്കണം.
തന്റെ വരുമാനമാര്‍ഗം ക്ലിപ്തമാണ് (ദിനം പ്രതിയോ, ആഴ്ചയിലൊരിക്കലോ, മാസശമ്പളമായോ) മാത്രമല്ല, കൃത്യവുമായിരിക്കും. എന്നാല്‍ ചെലവ് പലപ്പോഴും ക്ലിപ്തമായിരിക്കുകയില്ല. അപ്രതീക്ഷിത ചെലവ് പലപ്പോഴും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുകയും വേണം.
വരവനുസരിച്ച് ചെലവഴിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ഭവിഷ്യത്ത് മുന്‍കൂട്ടി മനസ്സിലാക്കണം. സ്വസ്ഥതയും സമാധാനവും തകര്‍ക്കുക മാത്രമല്ല, കടക്കെണിയിലേക്ക് ചെന്നെത്തിക്കും.
നമ്മുടെ ചെലവുകളെ അത്യാവശ്യം, ആവശ്യം എന്നിങ്ങനെ തരം തിരിക്കുക. ആര്‍ഭാടം ചിന്തിക്കാതിരിക്കുക.
എപ്പോഴാണ് ഓരോരുത്തര്‍ക്കും വരുമാനം ലഭിക്കുന്നത് അപ്പോള്‍ തന്നെ ആവശ്യമായ ചെലവുകള്‍ക്ക് തുക മാറ്റിവെക്കുക.
ഓരോ ഇനം ചെലവുകളും കട്ടിയുള്ള കവറുകളോ ചെറിയ പെട്ടികളോ ഉണ്ടാക്കി സൂക്ഷിക്കുക. ഒരോന്നിനും ഉള്ള തുക ഏതിനുള്ളതാണ് എന്ന് പുറത്ത് എഴുതുക.

ആസൂത്രണം
ഒരു സാധാരണ കുടുംബത്തിന്റെ ചെലവുകളെ മൂന്ന് മഗ്രൂപ്പുകളായി മാറ്റാം.
ഗ്രൂപ്പ് ഒന്ന്
പാല്‍, പത്രവരി, ഗ്യാസ്, കേബിള്‍ വരി, കുറി, ഫക്കീര്‍ ഫണ്ട്.
ഗ്രൂപ്പ് രണ്ട്
പലചരക്ക്, പച്ചക്കറി, മത്സ്യം, മാംസം, മക്കളുടെ പഠന ചെലവ്, ചികിത്സ, മരുന്ന്, യാത്രാ ചെലവ്/ പെട്രോള്‍, കടം തിരിച്ചടവ്, റിപ്പയര്‍, വിവാഹ സഹായം പോലുള്ള സാമൂഹിക ബാധ്യതകള്‍.
ഗ്രൂപ്പ് മൂന്ന്
സകാത്ത്, ഉദുഹിയത്ത്, ശബാബ്/ പുടവ വരിസംഖ്യ, വസ്ത്രം, കുടുംബത്തോടെയുള്ള ഉല്ലാസ യാത്ര, സനാബില്‍/ മവാരിദ് ഫണ്ടുകള്‍, സംഭാവന തുടങ്ങിയവ.
ഗ്രൂപ്പ് ഒന്നിലെ കവറുകള്‍ സൂക്ഷിക്കേണ്ടത് വീട്ടിലെ മറ്റു അംഗങ്ങള്‍ക്ക് കൂടി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തിലുള്ള സ്ഥലത്തായിരിക്കണം. കാരണം ഇത്തരത്തിലുള്ള ആളുകള്‍ പണം ചോദിച്ച് ഗൃഹനാഥന്‍ സ്ഥലത്തില്ലെങ്കില്‍ മടങ്ങിപ്പോവേണ്ട സാഹചര്യം ഒഴിവായി കിട്ടും. മാത്രമല്ല മക്കള്‍ക്ക് ഒരു പരിശീലനം ലഭിക്കാനും കാര്യബോധമുണ്ടാകാനും ഉപകരിക്കും. ചെലവഴിക്കുന്നതില്‍ അവരെക്കൂടി പങ്കാളിയാക്കുകയാണല്ലോ ഇതുമൂലം ചെയ്യുന്നത്.
ഗ്രൂപ്പ് രണ്ടിലെ കവറുകള്‍ കുടുംബ നാഥന് തന്നെ കൈകാര്യം ചെയ്യാം. അതിനാല്‍ അദ്ദേഹത്തിന്റെ കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കാം. ഓരോ കുടുംബത്തിന്റെയും പ്രത്യേകതകള്‍ക്കും സാഹചര്യങ്ങള്‍ക്കും അതനുസരിച്ച് ഏതെല്ലാം ഇനങ്ങള്‍ പൊതുവേ എല്ലാവരും ഉപയോഗിക്കുന്നതായിരിക്കണം, ഏതെല്ലാം ഗൃഹനാഥന്‍ മാത്രം കൈകാര്യം ചെയ്യുന്നതായിരിക്കണം എന്നു തീരുമാനിക്കാം.
ഗ്രൂപ്പ് മൂന്നിലെ ഇനങ്ങള്‍ ദൈനം ദിന ചെലവുകളോ ആവശ്യങ്ങളോ അല്ല. വര്‍ഷത്തില്‍ ഒരു നിശ്ചിത കാലയളവില്‍ മാത്രം ആവശ്യമായി വരുന്നതാണ്. സാമാന്യം വലിയ തുകകളും ആയിരിക്കും. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടി ക്ലിപ്ത വരുമാനക്കാര്‍ അപ്പപ്പോള്‍ ചെറിയൊരു തുക വകയിരുത്താതെ വന്നാല്‍ അവസാനം വലിയ പ്രയാസം അനുഭവിക്കേണ്ടി വരും. ചിലപ്പോള്‍ പല സംരംഭങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറേണ്ടിയും വരും.
മാസ വരുമാനക്കാര്‍ എല്ലാവരും ഇന്ന് സകാത്തിന്റെ നിസ്വാബ് എത്തുന്നവരാണ് എന്നു പറയാം. ഓരോ മാസവും ഒരു നിശ്ചിത തുക ഈ ഇനത്തിലേക്ക് മാറ്റാതിരുന്നാല്‍ വര്‍ഷാവസാനം വലിയ ഞെരുക്കം അനുഭവിക്കേണ്ടി വരും. ഉദുഹിയത്തിന്റെ വിഷയവും അങ്ങനെ തന്നെ. കുടുംബത്തിലെ ഡ്രസ്സെടുക്കലും പല ഗൃഹനാഥന്മാര്‍ക്കും വല്ലാത്ത ഒരു കടബാധ്യതയാണ്. കുടുംബമൊന്നിച്ചുള്ള ഒരു ഉല്ലാസ യാത്ര പല കുടുംബങ്ങള്‍ക്കും പലപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കലാണ് പതിവ്. എന്നാല്‍ ഇതെല്ലാം പ്രയാസരഹിതമായി നടപ്പില്‍ വരുത്താന്‍ ഇത്തരം ക്രമീകരണങ്ങളിലൂടെ സാധിക്കും. ഓരോന്നിനും അവന്റെ വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക മാറ്റിവെക്കുക. ഇതിന്റെ തോത് കൂട്ടുകയോ കുറക്കുകയോ ചെയ്യാം. കാരണം എല്ലാ മാസവും ഒരുപോലെയായിരിക്കുകയില്ല നമ്മുടെ ചെലവുകള്‍. ഓരോന്നിനും നിശ്ചിത ടാര്‍ജെറ്റ് പൂര്‍ത്തിയാക്കിയാല്‍ അതിലേക്കുള്ള വിഹിതം പിടിക്കല്‍ നിര്‍ത്തുകയും ചെയ്യാം.
തുടക്കത്തില്‍ കുറേ പ്രയാസങ്ങളും പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന തോന്നലുണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാല്‍ ജീവിത പങ്കാളികളുടെ സഹകരണത്തോടെ ഇത്തരം ക്രമീകരണങ്ങള്‍, അല്ലെങ്കില്‍ സമാനമായ പ്ലാനിങ് നടത്താന്‍ തയ്യാറായാല്‍ സമാധാനത്തോടെയുള്ള കുടുംബ ജീവിതം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും തീര്‍ച്ച. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top