LoginRegister

കിലാപത്ത്

ഹംസ ആലുങ്ങൽ

Feed Back


”ഉടനെ മടങ്ങിവരാ… ജ്ജ് പടച്ചോനോട് ദുആര്‍ക്ക്…” പൊലച്ചക്ക് എറങ്ങുമ്പോ മറിയൂനോട് അത്രേ ഓന്‍ പറഞ്ഞുള്ളൂ. താനൂര്ന്ന് തിരൂരങ്ങാടീക്കാണ് പോണത്. കിലാപത്തിന്റെ ആളെക്കൂട്ടാനാ പൊറപ്പാട്. അവടെന്തോ മുസീബത്തുണ്ടായിക്ക്ണോലോ. ഇഞ്ഞി എപ്പൊ വെരും, എങ്ങനെ വെരും, മറിയൂന് ഒരു പിടീണ്ടായിര്ന്നില്ല. എന്നും അങ്ങനാണല്ലോ. ബേണ്ടാന്ന് പറഞ്ഞാലൊന്നും കേക്കൂലാ. ഓന്‍ പറയ്ണതൊക്കെ വല്യവല്യ കാര്യങ്ങളാ. അതൊന്നും മറിയൂന് തിരിയൂലാ. കൊറേക്കാലം പട്ടാളത്തിലും കഴിഞ്ഞീനതല്ലേ. എന്തൊക്കായാലും ഓന്‍ സ്നേഹള്ളോനാട്ടോ. ഓളോടും കുട്ട്യാളോടും മാത്തരല്ല, എല്ലാ മന്‍സമ്മാരോടും. അയിലാറെ രാജ്യത്തോടും ഓന് പെരുത്തിസ്റ്റായിര്ന്ന്. തലേന്ന് പാതിരാക്കാണ് ഓന്‍ ബന്നത്. കിലാപത്തിന്റെ കാര്യങ്ങള്‍ക്കെന്നായായീനൂ ഓടിപ്പാഞ്ഞീനത്. കിലാപത്ത് തുടങ്ങീപ്പം മൊതല് കുടീലെ കാര്യങ്ങക്കൊന്നും ഓനെ കിട്ടൂലാ. അയിലാറെ ഓന്റെ മനസ്സ് അതിലായി. കച്ചോടം നോക്കാന്‍ പോലും നേരല്ല്യാണ്ടായി. എല്ലം കുഞ്ഞാപ്പാനെ ഏൽപിച്ചു. ഓനെയ്‌നല്ലോ ഓന്റെ ചെങ്ങായീം കൂട്ടുകച്ചോടക്കാരനും. താനൂരിലെ കിലാപത്ത് എല്ലം ഓനായിരുന്നല്ലോ…” ഉമ്മാമ ഒന്നു പറഞ്ഞു നിര്‍ത്തി.
ഞങ്ങള്‍ കുട്ടികളോട് ഉമ്മാമ്മ ഇടക്കിടെ പറയാറുണ്ട് കിലാപത്തു കഥകള്‍. ഇന്നത്തെ നായകന്‍ കുഞ്ഞിക്കാദറായി. അതിനൊരു കാരണം കൂടിയുണ്ട്. താനൂരിലാണ് ഉമ്മാമ്മയുടെ ഉമ്മവീട്. അവിടെ നിന്ന് നിലമ്പൂരിലേക്കാണ് അവരെ കല്യാണം കഴിച്ചുകൊണ്ടുവന്നത്.
കിലാപത്തില്‍ ഉമ്മാമ്മയുടെ ഉമ്മ തന്നെ ചെറിയ കുട്ടിയാണ്. അവര്‍ക്ക് വലിയ കാര്യമായിരുന്നു കുഞ്ഞിക്കാദര്‍ക്കയെ. അവരോട് ഉമ്മ പറഞ്ഞുകൊടുത്ത കഥകളാ ണിത്. അത് ഇപ്പോഴും പുതിയ കുട്ടികളെ കിട്ടിയാല്‍ ഉമ്മാമ്മ പറയും. ശരീരത്തിനു വയസ്സായെങ്കിലും ഓര്‍മകള്‍ക്ക് അതിന്റെ ലാഞ്ഛന പോലുമില്ല. കുട്ടികള്‍ക്കും കഥ കേള്‍ക്കാന്‍ ഹരം കൂടിയപ്പോള്‍ അവര്‍ വാചാലയായി.
”ന്നിട്ടോ ഉമ്മാമ്മാ?” കുട്ടികള്‍ ചോദിച്ചു.
ഉമ്മാമ കഥ തുടർന്നു:
“അന്ന് പൊലെര്‍ച്ചെക്കാണ് ഓന്‍ പൊരീന്നറങ്ങ്യേത്. ബല്ലാത്ത എടങ്ങേറ്ണ്ടായിര്ന്ന് ഓന്റെ മൊഖത്ത്. പുയ്യാപ്ലനെ യാത്രയാക്കുമ്പോ മറിയൂന്റെ നെഞ്ഞിലും തീയായിരുന്നു. ഓളെ മൊഖോം വല്ലാണ്ടായി. എന്നാലും ഓളൊന്നും പറഞ്ഞില്ല. പറഞ്ഞിട്ടെന്താവാനാണ്. ഓനുണ്ടോ പിന്തിരിയിണ്. എല്ലാരും എല്ലാത്തിനും മണ്ടിപ്പാഞ്ഞുവരണതും ഓന്റെടുത്തേക്കല്ലേ. ‘ഓനെപ്പോലെ ഒരാളെ കിട്ട്യേത് അന്റെ ഭാഗ്യാണ്…’ ചെലരൊക്കെ അസൂയയോടെ പറയും. അതൊക്കെ കേക്കണത് ഓള്‍ക്കും പെരുത്തിസ്റ്റാ. പക്ഷേങ്കി, ബ്രിട്ടീഷാരെ കണ്ണിലെ കരടായീര്ന്നല്ലോ ഓന്‍. അതെങ്ങനാ… കച്ചോടത്തിന്ന് ബന്ന ഹമുക്കേള് ഇങ്ങനെ തലീക്കേറുംന്ന് ആരെങ്കിലും നിരീച്ചീനോ…
ഓന്‍ ഉമ്മറപ്പടിയിറങ്ങുമ്പോ തൊഴുത്തിന്ന് ഇമ്പിച്ചിപ്പയ്യിന്റെ വിളി. ഓളെന്നും അങ്ങനാണ്. ഓന്‍ പോകുമ്പളും വരുമ്പളും ഓളെ അടുത്ത് ചെല്ലണം. മേത്തും മോത്തും ഒന്നു തൊട്ടുഴിയണം. ഓനാണെങ്കി കിലാപത്തിന്റെ കഥേളൊക്കെ ഇമ്പിച്ചിനോടും പറയും. അതൊക്കെ കേട്ട് കുട്ട്യാള് ഉപ്പാനെ കളിയാക്കി ചിരിക്കും. പക്ഷേങ്കി, ഇമ്പിച്ചിക്കതെല്ലാം മനസ്സിലാവും. ഓള് തലയാട്ടി സമ്മതം കൊടുക്കും. അപ്പളേ ഓന്‍ പോകൂ. പയ്യിനോട് മാത്രല്ലാട്ടോ, പൊരീലെ മൃഗങ്ങളോടും ഓന് വല്ലാത്ത കിർവായിരുന്ന്. ഇത്രീം സ്നേഹള്ള മുണ്ടാപ്രാണ്യാളോ? അതെ, ഓലങ്ങനാണ്. കൊടുത്താല്‍ അതിനെക്കാട്ടിലും തിരിച്ചുതരും. എല്ലാര്‍ക്കും ഓനോരോരോ പേരിട്ടുക്കും. കിങ്ങിണിപ്പൂച്ച, കുഞ്ഞിമ്മുക്കോഴി… അങ്ങനങ്ങനെ… ആ പേരാണോരെ വിളിക്ക്യാ. ഓല്‍ക്കത് വേഗം മന്‍സിലാവും.
ഒരീസം കിലാപത്ത് കാര്യങ്ങള് അന്വേസിക്ക്യാന്‍ വന്ന ഏഡിന്‍സിന്റെ കാക്കിക്കുപ്പായം കണ്ടപ്പോ ഇമ്പിച്ചിക്ക് ഹാലെളകി. ആ കുരുപ്പിനെ കുത്തിമലര്‍ത്തി ഓള്. കാക്കിയിട്ടോലൊക്കെ ശൈത്താന്‍മാരാന്നും നാടിന്റെ മുസീബത്താന്നും ഓന്‍ പഠിപ്പിച്ചത് ഇമ്പിച്ചിക്ക് നല്ലോണം തിരിഞ്ഞിക്ക്ണ്.
അന്നും പൊലര്‍ച്ചേ ഓന്‍ ഇമ്പിച്ചീന്റെ അട്ത്ത്ക്ക് ചെന്നു.
”ഇമ്പിച്ചീ… ഇത്തിരി പ്രശ്നാണെടീ കാര്യങ്ങള്… ഒന്ന് തിരൂരങ്ങാടി വരെ പോണം. അവടെ പട്ടാളറങ്ങീന്നൊക്കെയാ കേക്ക്ണത്. പടച്ചോനോട് പറയണേ ആ ജാഹിലീങ്ങളെ ഇവടന്ന് പായിക്കാന്‍. ബാക്കി കാര്യങ്ങള് പോയിവന്നിട്ട് പറയാം ട്ടോ.”
അന്ന് എന്തെന്നില്ലാതെ ഇമ്പിച്ചിനെ ഓന്‍ ഏറെ നേരം തൊട്ടുഴിഞ്ഞു. കാടിവെള്ളവും പുല്ലും മുമ്പിലേക്കിട്ടുകൊടുത്താണ് എറങ്ങ്യേത്. പക്ഷേങ്കി, ആ എറങ്ങല് ബല്ലാത്ത എറങ്ങലായിപ്പോയില്ലേ… പിന്നെ എന്തൊക്കാണ്ടായത് ! ആരൊക്ക്യാ മയ്യത്തായത് !”
ഉമ്മാമ്മ പോയകാലത്തേക്കു നോക്കി നീണ്ട നെടുവീര്‍പ്പിട്ടു. കുട്ടികള്‍ കഥ കേള്‍ക്കാന്‍ ഒന്നുകൂടി കാതുകൂര്‍പ്പിച്ചു. ഉമ്മാമ്മ കൂടുതല്‍ ആവേശത്തോടെ തുടര്‍ന്നു:
”മമ്പെറത്തെ പള്ളീക്ക് പീരങ്കി തുപ്പിയാ പിന്നെ ഓന്‍ വെറുതേരിക്ക്വാ? ആങ്കുട്ട്യല്ലേ… മാപ്പിളാര്വാ… മറിയു എപ്പളും ഓര്‍മപ്പെടുത്തീര്ന്നു: ‘ഇങ്ങളിങ്ങനെ പോയാല്… ഇന്റീം കുട്ട്യാളീം കാര്യം. രണ്ട് പെങ്ക്യുട്ട്യാളാ വളര്‍ന്നുവരണത്. ആ ബിചാരം മാണം എപ്പളും.’
‘എടീ… ഈ രാജ്യത്തിനു വേണ്ടി ന്റെ ചോര കൊടുക്കണേല്‍ അതിലും ഇനിക്ക് സന്തോഷേള്ളൂ. ഇന്റെ ഭാര്യയായി ജീവിക്ക്ണതും മരിക്ക്ണെതും അനക്കും അഭിമാനായിട്ടായിരിക്കും.’
അങ്ങനെ പറയണ മന്‍സനോട് ഓളെന്തു പറയാനാണ്? ആ ദേശാഭിമാനീടെ രാജ്യസ്നേഹത്തിനു മുമ്പില് എന്താണ് ഓള്‍ക്ക് പറയാനാവ്വാ? മറിയു അപ്പോ നിറവയറില്‍ തലോടും. ഓള്‍ക്കന്ന് എട്ടാം മാസാണ്. ഏറിയാ ഒരു മാസം കൂടി. അപ്പളേക്ക് ഒരു വിരുന്നാരന്‍ കൂടി ബെരും. മൂപ്പരെ കിനാവ് പോലെത്തന്നെ ആണ്‍കുട്ട്യാവണേ എന്നാണോളെയും പൂതി.
ഓന്‍ മടങ്ങിവരുംന്ന് തന്നെ ഓളും കുട്ട്യാളും വിചാരിച്ച് കാത്തിര്ന്നു. വൈക്യാലും വരാതിരിക്കൂലല്ലോ… ഇമ്പിച്ചിപ്പയ്യും കണ്ണും നട്ടിരുന്നു.
ഓനെപോലെ ഉശിരും രാജ്യസ്നേഹോംള്ള ഒരാണ്‍കുട്ടീനെ താനൂരിലെ ഉമ്മാരാരും പെറ്റിട്ടിണ്ടായ്‌നില്ല.
ടൗണില് അരിക്കച്ചോടായിരുന്നു ഓന്. കോഴിക്കോട് കടപ്പുറത്തുണ്ടായ കിലാപത്ത് സമ്മേളനത്തില് ഓനും പങ്കെട്ത്തു. ഗാന്ധീം ഷൗക്കത്തലീം ബന്ന വല്യ പരിപാട്യായിര്ന്ന്… അയിലേക്ക് താനൂരാരീം ഓന്‍ പങ്കെടുപ്പിച്ച്. ഗാന്ധിനീം ഷൗക്കത്തലിനിം ഓന്‍ക്ക് നേരിട്ടറിയെയ്‌നു. ഇബട്ത്തെ സ്ഥിതീനെപ്പറ്റി ഓന് ഓലോട് പറഞ്ഞീനു… അങ്ങനാ കൂടെണ്ടെയ്‌ന ഒരാളെ ഗാന്ധിയെന്നെ താനൂരിക്കയച്ചത്. സമ്മേളനത്തിന് ആളെക്കൂട്ടാന്‍ കാദറുട്ടീം പരീക്കുട്ടി മൊയ്‌ല്യാരും ഓടിപ്പാഞ്ഞ്.
ആ സമ്മേളനത്തിലാ താനൂരില് കിലാപത്തുണ്ടായത്. ചെറുകോയ തങ്ങള് പ്രസിഡന്റ്. പരീക്കുട്ടി മൊയ്‌ലേര് സെക്രട്ടറി. കാദറുട്ടീം ഹസ്സന്‍ ബാവയുമായിരുന്നു ജോയിന്റ് സെക്രട്ടറിമാര്.
ഓന്‍ ആളൊരു സുജായിയാര്ന്നു. പോലീസിനേ പട്ടാളത്തിനേ പേടിച്ചില്ല. ന്താ കാര്യം? ഓന്‍ തന്നെ പട്ടാളല്ലെയ്‌നോ… ആരെ മുമ്പിലും നെഞ്ചും വിരിച്ച് നടന്ന്. മുട്ട് വെറക്കാതെ കാര്യം പറഞ്ഞ്. താനൂര് കടപ്പുറത്തെ പൊറംപോക്കില് നാട്ടാര് തെങ്ങിന്‍തജ്ജ് വെച്ചു. അയിനെ ബ്രിട്ടീഷാര് ചോദ്യം ചെയ്തു. ഒക്കീനും പറിച്ചെറ്യാന്‍ കല്‍പന കൊടുത്തു. അതിനെ കാദറുട്ടി എങ്ങനാ നേരിട്ടതെന്നറിയോ?
ആമു സായിബ്ണ്ടല്ലോ, കുരുത്തം കെട്ടോനായിരുന്നു. മൂപ്പര് ഏഡിന്‍സാളെ വല്യ ആളെയ്‌നു. ഓന്‍ തന്നെ താനൂര്ക്ക് ബന്ന് ഭൂമി പരിശോയ്ച്ച്. ബ്രിട്ടീഷാരെ ഭൂമീലാ തജ്ജ് വെച്ചതെന്ന്. ഒഴിവാക്കിയില്ലെങ്കി ഫിത്ത്നണ്ടാകുംന്ന്…
പക്ഷേങ്കി ആരും തജ്ജ് മാറ്റീല്ല. അതായിരുന്നു കാദറുട്ടിന്റേം കിലാപത്തിന്റേം പൗറ്. ഒടൂല് ഓലത് ഇട്ടെറിഞ്ഞുപോയി. അപ്പൊ സായിപ്പിനെ കാദറുട്ടി ബിളിപ്പിച്ച്. ബയ്യും ഓന്‍ തന്നെ പറഞ്ഞ്. എന്താ ബയ്യി… സ്ഥലത്തിന് നികുതി തരും. പക്ഷേങ്കി ഭൂമി ഈ പാവങ്ങക്ക് കൊടുക്കണം. അങ്ങനെ പഞ്ചായത്താക്കിയാ ആ ബിശയം സലാമത്താക്ക്യേത്. ഓനാരാ മോന്‍!
1921 ല് മമ്പറം പള്ളീല് ബ്രിട്ടീഷാര് നടത്തിയ തിരച്ചിലായിരുന്നു വല്യൊരു മുസീബത്തായി മാറ്യേത്. അന്ന് തിരൂരങ്ങാടീന്ന് പട്ടാളം പുടിച്ചോണ്ട് പോയതാ കാദറുട്ടീനെ. കണ്ണൂര് ജയിലിക്കാ കൊണ്ടോയത്. ഓന്‍ ജയിലിലായതോടെ പൊരീം പറമ്പും ആളില്ലാണ്ടായി. കുട്ട്യാളും മക്കളും മറിയൂന്റോട്ക്ക് പോയി. ഇമ്പിച്ചിപയ്യ് ഒറ്റയ്ക്കായി. കാദറുട്ടിനെ കാണാതെ ദെവസങ്ങളോളം ഇമ്പിച്ചി ഒന്നും തിന്നില്ല. വെള്ളോം കുടിച്ചില്ല. നിലോളിച്ച് നെലോളിച്ച് താനൂരുക്കൂടെ നടക്ക്വായിരുന്നു. പിന്നീട് ഓക്കെന്തുപറ്റി… ഓനെന്തുപറ്റി…?
എല്ലാരീം പിടിച്ച് ബിചാരണ ചെയ്ത്. ഓൽക്ക് പറയാനുള്ളതൊന്നും പട്ടാളം കേട്ടില്ല. കാദറുട്ടി ഓലെയും കേട്ടില്ല. യന്ത്രത്തോക്കാളീം ഓന്‍ പേടിച്ചില്ല. അങ്ങനെയാ തൂക്കുകയറിനു മുമ്പ്ക്ക് കാദറുട്ടി നെഞ്ചും വിരിച്ചു ചെന്നത്.
എന്നാല് ധീരനായ ആ പുലിക്കുട്ടീനെ… ചരിത്രത്തിലങ്ങനെ കാണൂല്ലാ, കേള്‍ക്കൂല്ലാ. അയ്‌നിപ്പോ ഏതെങ്കിലും സുജായിന്റെ സമ്മതപത്രം മാണോ? പട്ടാളക്കോടതി തൂക്കാന്‍ വിധിക്കിണീന്റെ മുമ്പ് കാദറുട്ടി കൊടുത്ത ഒരു മൊഴിണ്ടല്ലോ. അത് വായിച്ചാപോരെ കൂട്ടരേ…?
‘ഞാന്‍ താനൂരിന്ന് പുറപ്പെടുമ്പോ ഇന്റെ ഭാര്യ ഗര്‍ഭവതിയാണ്. അടുത്ത മാസം ഓള് പെറും. പെറ്ണത് ആണ്‍കുട്ടിയാണെങ്കി ഓനെക്കൊണ്ടും ഞാന്‍ ഇങ്ങളെ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യിപ്പിക്കും’ എന്നെയ്‌ന് മക്കളേ ആ വാക്ക്. പക്ഷേങ്കി… ആ കുട്ടീനെ പടച്ചോന്‍ ഞമ്മക്ക് തന്നില്ലാട്ടോ…” എന്നും പറഞ്ഞ് ഉമ്മാമ കരഞ്ഞു.
അതു വല്ലാത്തൊരു കരച്ചിലായിരുന്നു. കേട്ടുനിന്ന കുട്ടികളുടെ കണ്ണു നിറഞ്ഞു. കരളു ചുവന്നു.
ഇത്ര കൂടി ഉമ്മാമ്മ പറഞ്ഞു:
”മക്കളേ… ആ മന്സനുണ്ടല്ലോ. ഞമ്മക്കു വേണ്ടിയും ഈ നാടിനു വേണ്ടിയും ചെയ്തീന്റെ നൂറിലൊന്നുപോലും ഞമ്മളൊ ന്നും ആര്‍ക്കു വേണ്ടിയും ചെയ്തിട്ടില്ലാ. ഇഞ്ഞ് ചെയ്യൂല്ലാ.” ഉമ്മാമ്മ പറഞ്ഞുകൊണ്ടേയിരുന്നു.
അപ്പോഴും ഒരു പോരാട്ടത്തിന്റെ പന്തംകൊളുത്തിപ്പട കുട്ടികളുടെ കണ്‍മുന്നിലൂടെ തക്ബീര്‍ മുഴക്കി കടന്നുപോകുന്നുണ്ടായിരുന്നു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top