LoginRegister

കാമ്പസിലെ ഉന്മാദങ്ങളും ലിബറൽ ചതിക്കുഴികളും

അഡ്വ. ത്വഹാനി

Feed Back


സകല നടപ്പുരീതികളെയും വെല്ലുവിളിക്കുന്ന കാലമാണ് യൗവനം. കൗമാരത്തിന്റെ അവസാനവും യൗവനത്തിന്റെ തുടക്കവും കാമ്പസ് കാലമാണ്. ഈ കാമ്പസ് കാലത്ത് വിദ്യാർഥികളെ പിടികൂടാനായി കാത്തിരിക്കുന്ന പലതരക്കാരുണ്ട്. രാഷ്ട്രീയം മുതല്‍ വിപണിയും സിനിമയും വരെ അക്കൂട്ടത്തിലുണ്ട്.
രണ്ടായിരത്തിന്റെ തുടക്കം വരെ കാമ്പസിലെ രാഷ്ട്രീയം വിപണിയോടും സാമ്രാജ്യത്വത്തോടും പോരിലായിരുന്നു.
പ്ലാച്ചിമട സമരകാലത്ത് കോള ബഹിഷ്‌കരണവും ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ വിരുദ്ധ പ്രകടനങ്ങളും കാമ്പസിന്റെ ദൈനംദിന പരിപാടികളായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയെന്താണ്?
റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശവും കാമ്പസിന്റെ വൈകാരിക പ്രശ്നമായി ഇപ്പോഴും കേരളത്തില്‍ മാറിയിട്ടില്ല.
സിനിമയും സാമൂഹികമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേഷനും സമ്പൂർണമായി വിപണി ഉദ്ഗ്രഥിതമായതോടെ അതിന്റെ പ്രത്യാഘാതം വലുതാണ്. കാമ്പസിന്റെ സാംസ്കാരിക പരിസരത്താണ് ഇത് കാര്യമായ പ്രതിഫലനമുണ്ടാക്കിയത്. ഇടതു വിദ്യാർഥി സംഘടനക്ക് വ്യക്തമായ അധീശത്വമുള്ള കേരളത്തിലെ കാമ്പസുകളില്‍ മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. വിപണിയുടെ സ്‌പോണ്‍സർഷിപ്പുള്ള ലിബറലിസം അവരുടെ കാര്യപരിപാടിയായി മാറി എന്നതാണത്. അങ്ങനെ നോക്കുമ്പോള്‍ കാമ്പസ് സമ്പൂർണമായി ഒരു ലിബറല്‍ എന്റർടെയിന്‍മെന്റ് പരിപാടിയായി പരിവർത്തിക്കപ്പെടുകയാണ്.

കാമ്പസും ജീവിതവും
കാമ്പസും രാഷ്ട്രീയവുമെന്ന തലക്കെട്ട് കോളജ് മാഗസിനുകളിലെ സ്ഥിരം പ്രയോഗമാണ്. മൗലികമായ രാഷ്ട്രീയം ചോർന്നുപോയതോടെ കാമ്പസുകളിലെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സംഘാടനത്തിന് ചിലരെങ്കിലും അപകടകരമായ മാർഗം പ്രയോഗിക്കുകയാണ്. അതിലൊന്ന് കടുത്ത അരാജകത്വം പ്രോത്സാഹിപ്പിച്ച് വിദ്യാർഥികളുടെ പിന്തുണ നേടുകയാണ്. കാമ്പസുകള്‍ എക്കാലത്തും പലതരം ട്രെന്‍ഡുകളെ എളുപ്പം പുണരുന്ന മനോനില സൂക്ഷിക്കാറുണ്ട്, മഹാരാജാസ് പോലുള്ള കാമ്പസുകള്‍ പ്രത്യേകിച്ചും.
കാമ്പസ് കാല്‍പനികതയോട് എളുപ്പം സംവദിക്കുന്ന മാധ്യമം സിനിമയാണ്. വായന കുറഞ്ഞതോടെ ചുള്ളിക്കാടും കവിതയുമൊന്നും പഴയ പ്രഭാവത്തില്‍ ഇന്ന് കാമ്പസിലില്ല. ലിബറല്‍ മൂല്യങ്ങളായ ലഹരിയും ഉദാര ലൈംഗികതയും സിനിമയിലൂടെ കാമ്പസില്‍ അരിച്ചിറങ്ങിക്കഴിഞ്ഞു.
സിനിമ പോലെ ജീവിക്കാനാണ് കാമ്പസ് ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങളാണ് കാമ്പസിന്റെ ആവിഷ്കാരങ്ങളില്‍ നിഴലിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും നിറഞ്ഞുകളിക്കുന്ന റീല്‍സുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. സിനിമയുടെ ചിത്രീകരണം പോലെ തന്നെ പ്രധാനമാണ് ഇക്കാലത്ത് അതിന്റെ പ്രമോഷന്‍. റിലീസിനു തൊട്ടുമുന്‍പ് നായകനും നായികയും സംവിധായകനുമെല്ലാം കാമ്പസുകള്‍ തോറും കയറിയിറങ്ങുകയാണ്. പുതുകാല സംഗീതകാരന്‍മാരും അകമ്പടിയായുണ്ട്. ഈ കൂട്ടായ്മകളുടെയെല്ലാം അടിസ്ഥാന ചേതോവികാരം ലിബറല്‍ ആശയങ്ങളാണെന്ന് നിസ്സംശയം പറയാം.
സ്വയം മറന്ന് നൃത്തം ചെയ്ത് ഉന്‍മാദം പൂകുകയും ലഹരി നുരഞ്ഞ് ബോധം മറഞ്ഞ് മേഘകണം പോലെ ഒഴുകുകയും ചെയ്യുന്നതാണ് കാമ്പസ് യുവത്വം സ്വപ്നം കാണുന്നത്. വിപണിയുടെ സമ്പൂർണ പിന്തുണ ഇതിനുണ്ട്. സിനിമയെന്ന ആകർഷണം കാമ്പസിന് കയ്യെത്തും ദൂരത്ത് വരുകയും സിനിമാ അനുഭവം പോലെ ഒരു താരപരിവേഷം റീല്‍സുകളിലൂടെ പല വിദ്യാർഥികളും ആർജിച്ചെടുക്കുകയും ചെയ്തതോടെ കാമ്പസ് മറ്റൊരു ഉന്‍മാദത്തിലേക്ക് പ്രവേശിച്ചു. പലതരം ഉന്‍മാദങ്ങളിലൂടെ കാമ്പസിലെ വലിയൊരു പറ്റം സഞ്ചരിക്കുമ്പോഴാണ് കാമ്പസിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കേണ്ടിവരുന്നത്.

കാമ്പസും രാഷ്ട്രീയവും
ഒന്നിലധികം വിദ്യാർഥി സംഘടനകള്‍ പ്രവർത്തിക്കുന്ന കാമ്പസുകളെല്ലാം എപ്പോഴും സംവാദ സംസ്കാരം സൂക്ഷിച്ചിരുന്നു. ഇടതു വിദ്യാർഥി സംഘടനയുടെ ഹിംസ ശക്തമായി നിലനില്‍ക്കുന്ന എറണാകുളം മഹാരാജാസില്‍ പോലും നാല് വിദ്യാർഥി സംഘടനകള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോള്‍ കാമ്പസുകളുടെ സംവാദാത്മകത എന്നത് വല്ലാതെ കുറഞ്ഞുപോവുകയും ഉന്‍മാദവും ലഹരിയും ഒളിച്ചുവെച്ച പാട്ടും നൃത്തവും ആധിപത്യം നേടുകയും ചെയ്തിരിക്കുന്നു.
സമൂഹത്തോടും അവിടെ നടക്കുന്ന സംഭവങ്ങളോടും സക്രിയമായി പ്രതികരിക്കുക എന്നത് കാംപസിന്റെ വിഷയമല്ലാതായി മാറിയിരിക്കുന്നു. കാമ്പസിന്റെ മൂല്യമെന്നത് ആഘോഷത്തില്‍ അധിഷ്ഠിതമായി മാറുകയാണ്. അതിനെ മുതലെടുക്കുന്ന രാഷ്ട്രീയ സമീപനം ഇടതുപക്ഷ സംഘടനകൾ അടക്കമുള്ള പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു.
ലിബറല്‍ മൂല്യങ്ങളുടെ നടത്തിപ്പുകാരും വിപണിയുടെ കൂട്ടിക്കൊടുപ്പുകാരുമായി ‘പുരോഗമന’ വിദ്യാർഥി പ്രസ്ഥാനം മാറുന്നതാണ് കാണുന്നത്.
വൃത്തിയുള്ള ടോയ്‍ലറ്റ് എന്നത് ഒരു സ്വാഭാവിക ആവശ്യമാണ്. എന്നാല്‍ ആണും പെണ്ണും ഒരേ ടോയ്‍ലറ്റില്‍ തന്നെ പോകണമെന്നത് മഹാരാജാസിലെ ഇടതു വിദ്യാർഥി സംഘടനയുടെ മുദ്രാവാക്യമാണ്.
ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരില്‍ ആണിനും പെണ്ണിനുമിടയിലെ പ്രകൃതിദത്ത വര മായ്ച്ചുകളയുകയാണവർ.
നാണമെന്നത് ഊരിയെറിയേണ്ട ഒന്നായി കാമ്പസുകളില്‍ അവർ പ്രബോധനം നടത്തുകയാണ്.
ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലടക്കം ടാറ്റൂ ചെയ്യുന്നതും ലിബറല്‍ ലൈംഗികതയുമൊക്കെ സമ്പൂർണമായി സ്പോണ്‍സർ ചെയ്യപ്പെടുകയാണ്. അതെല്ലാം വ്യക്തിസ്വാതന്ത്ര്യമായും അതിനെതിരെയുള്ള വിമർശനങ്ങള്‍ ജനാധിപത്യവിരുദ്ധതയായും വ്യാഖ്യാനിക്കപ്പെടുകയാണ്.
ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് ഒരു സംവാദത്തിന് ഇത്തരക്കാർ തയ്യാറല്ല. എന്നാല്‍ സാമൂഹിക പരിസരത്തെ കീഴ്മേല്‍ മറിക്കുന്ന ജെൻഡർ കണ്‍ഫ്യൂഷൻ ഉണ്ടാക്കുന്ന പരിപാടികള്‍ക്ക് അവർ കുടപിടിക്കുകയും ചെയ്യുന്നു. നമ്മുടെ സാമൂഹിക ഘടന പൊളിക്കുക എന്ന ലക്ഷ്യം സംസ്ഥാന സർക്കാറിനുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികള്‍ക്കെല്ലാം വിദ്യാഭ്യാസ വകുപ്പ് കണ്ണുംപൂട്ടി പിന്തുണ കൊടുക്കുകയാണ്.
കാമ്പസിനെ കയറുപൊട്ടിച്ച് വിടുക എന്ന തന്ത്രം വിദ്യാർഥികള്‍ക്കിടയില്‍ സ്വാധീനമുള്ള സംഘടനയും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് പയറ്റുകയാണ്.
അപകടകരമാംവിധം ആശയക്കുഴപ്പത്തിലും അരാജകത്വത്തിലും വാഴുന്ന ഒരു തലമുറയെ സൃഷ്ടിക്കലാകും ഇതിന്റെ ഫലം.

വിദ്യാർഥി
സംഘടനകള്‍ക്ക്
എന്ത് ചെയ്യാനാകും?

കാമ്പസില്‍ ഇടതു സംഘടനയുടെ സാംസ്കാരിക അധീശത്വം വളരെ പ്രകടമാണ്. ആ അധീശത്വം മറ്റു പല സംഘടനകളും അത്തരം അജണ്ടകളെ ഏറ്റെടുക്കാന്‍ വഴിവെക്കുന്നുണ്ട്. വലിയ ബൗദ്ധിക സന്നാഹത്തോടെ തന്നെ കാമ്പസില്‍ ഇടപെടാതെ ഈ വെല്ലുവിളിയെ ചെറുക്കാനാകില്ല. അവിടെയാണ് ധാർമിക വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്കും അതിനോട് ചേർന്നുനില്‍ക്കുന്നവർക്കും പലതും ചെയ്യാനുള്ളത്.
സംവാദത്തിന് വരുന്നവർക്ക് നേർവഴി കാണിക്കാന്‍ ധാർമിക വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കും. മറിച്ച് കാമ്പസിന്റെ ഒഴുക്കില്‍ പെട്ടവരെ നേർവഴിക്ക് നയിക്കാന്‍ കാമ്പസില്‍ പ്രവർത്തിക്കുന്നവർ തന്നെ മുതിരണം. ഇക്കാര്യത്തില്‍ ധാർമിക ജീവിതം നയിക്കുന്ന അധ്യാപകർക്കും രക്ഷിതാക്കള്‍ക്കുമെല്ലാം പങ്ക് നിർവഹിക്കാനുണ്ട്. അതിനായി വിപുലമായ ആലോചനകളും കൂടിയാലോചനകളും സംവാദങ്ങളുമെല്ലാം സമുദായത്തിന് അകത്തും പുറത്തും നടക്കേണ്ടതുണ്ട്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top