LoginRegister

കശ്മീര്‍ ജീവിതത്തിന്റെ കാമറ കാഴ്ചകള്‍

ബഷീര്‍ കൊടിയത്തൂര്‍

Feed Back


കവിത ഇഷ്ടപ്പെടുന്ന ആളാണ് സന. അതിനാല്‍ തന്നെ മറ്റുള്ളവരുടെ വേദനകളെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുന്ന മനസ്സുമുണ്ട്. കശ്മീരിലെ അരക്ഷിതമായ ജീവിതത്തിനു സാക്ഷിയായി ജീവിക്കുമ്പോള്‍ അത് ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് തന്റെ കാമറയിലൂടെ സന ഇര്‍ഷാദ് മട്ടു എന്ന വനിതാ ഫോട്ടോഗ്രാഫര്‍ ശ്രമിക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ വഴികളില്‍ തന്റെ പാഷനുമായി നടന്നപ്പോള്‍ അതിന് അംഗീകാരവുമായാണ് ആഗോള പുരസ്‌കാരം എത്തിയത്.
സന ഇര്‍ഷാദ് മട്ടുവിന് ഇത്തവണ ഫോട്ടോഗ്രഫി പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രങ്ങള്‍ കശ്മീര്‍ ജീവിതത്തിന്റെ പച്ചയായ കാഴ്ചകളാണ് തുറന്നുവെക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ഓസ്‌കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുലിറ്റ്‌സര്‍ പ്രൈസ് നേടുന്ന ആദ്യ കശ്മീരി വനിതയാണ് സന. പുരുഷന്‍മാരുടെ മേഖലയായി മാറ്റിനിര്‍ത്തപ്പെട്ട ന്യൂസ്, ഫീച്ചര്‍ ഫോട്ടോഗ്രഫിയിലേക്ക് കാലെടുത്തുവച്ച ഒരു മുസ്‌ലിം വനിതയുടെ വിജയകഥയാണ് ലോകോത്തര പുരസ്‌കാരനിറവില്‍ ലോകത്തിനു മുന്നില്‍ മാതൃകയായി നില്‍ക്കുന്നത്. ഇഷ്ടപ്പെട്ട മേഖലയില്‍ കഠിനാധ്വാനത്തിലൂടെ നേട്ടം കൊയ്ത സന മറ്റുള്ളവര്‍ക്ക് മാതൃക തീര്‍ക്കുന്നതും ഈ പുരസ്‌കാരത്തിലൂടെയാണ്.

ശ്രീനഗറിലെ ഗന്തര്‍ബാല്‍ സ്വദേശിനിയായ സന കശ്മീരിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രഫറും ഡോക്യുമെന്ററി നിര്‍മാതാവുമാണ്. കശ്മീരിന്റെ അരക്ഷിതാവസ്ഥ വാക്കുകള്‍ക്കപ്പുറം ചടുലമാക്കുന്നതാണ് സനയുടെ ഫോട്ടോകള്‍. അതുകൊണ്ടുതന്നെ അല്‍ജസീറ, കാരവന്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സിനു വേണ്ടി ഫോട്ടോകള്‍ എടുത്ത നാല്‍വര്‍ സംഘത്തിനാണ് ഇത്തവണ പുലിറ്റ്‌സര്‍ പുരസ്‌കാരം നല്‍കിയത്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാല ജോസഫ് പുലിറ്റ്‌സറുടെ പേരില്‍ നല്‍കുന്ന ഈ പുരസ്‌കാരം മാധ്യമമേഖലയിലെ ഓസ്‌കര്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഫോട്ടോകളാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹമായത്. ഡാനിഷ് സിദ്ദീഖി, അദ്‌നാന്‍ ആബിദി, അമിത് ദവെ എന്നിവര്‍ക്കൊപ്പമാണ് സനക്കും പുരസ്‌കാരം ലഭിച്ചത്.
28-കാരിയായ സന തന്റെ നാടിനെക്കുറിച്ചും അവിടത്തെ സാമൂഹിക ജീവിതത്തെക്കുറിച്ചും വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ആളാണ്. അതിനാല്‍ തന്നെ ഒരു ഭാഗത്ത് കേന്ദ്ര സേനയും മറുഭാഗത്ത് ഭീകരവാദികളും നടത്തുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെ സൈ്വരജീവിതം നഷ്ടമായ ഒരു തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ നോക്കിക്കാണുന്നവളാണ്. അതിനാല്‍ പലപ്പോഴും അഹിതമായ കാഴ്ചകള്‍ക്ക് സാക്ഷിയാവേണ്ടി വന്നിട്ടുണ്ടെന്ന് സന പറയുന്നു. സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ട സംഗതികള്‍ ഭയം കൂടാതെ പുറത്തെത്തിച്ചു എന്നതാണ് സനയുടെ പ്രത്യേകത. തന്റെ ജീവിതവും കാഴ്ചപ്പാടുമാണ് തന്റെ ഫോട്ടോകള്‍ എന്നാണ് സന പറയുന്നത്. കശ്മീരികളുടെ ജീവിതത്തെക്കുറിച്ചും അതിനു കാരണമായ രാഷ്ട്രീയ താല്‍പര്യങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ള സന കശ്മീരികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ലോകത്തോട് സംവദിക്കുന്നത്. വാക്കുകള്‍ തോറ്റുപോകുന്നിടത്ത് ആയിരം അര്‍ഥതലങ്ങളുമായാണ് സന ഓരോ ഫോട്ടോയും അവതരിപ്പിക്കുന്നത്.
കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് കണ്‍വര്‍ജന്‍സ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സന തന്റെ നാടിന്റെ മോചനത്തിനും സമാധാനജീവിതത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അതിന് തനിക്ക് ഇഷ്ടപ്പെട്ട മാധ്യമമായ ഫോട്ടോഗ്രഫി തെരഞ്ഞെടുക്കുക കൂടി ചെയ്തതോടെ അത് അംഗീകാരത്തിന് വഴിതുറന്നു. കശ്മീരിലെ അരക്ഷിതാവസ്ഥക്ക് ദിനേന സാക്ഷിയാവുന്ന കശ്മീരികളിലൊരാളായിരുന്നു സനയും. തന്റെ സ്‌കൂള്‍ കാലത്ത് ബന്ധുവായ 13-കാരന്‍ ഗ്രനേഡ് ആക്രമണത്തില്‍ മരിച്ചത് നേരില്‍ കാണേണ്ടിവന്ന സന പിന്നീടങ്ങോട്ട്, പുറത്തുനിന്നുള്ളവര്‍ തങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥക്കെതിരെ പൊരുതാന്‍ ആരംഭിച്ചു. അങ്ങനെയാണ് കാമറയും തൂക്കി സന തെരുവിലിറങ്ങിയത്.
സനയുടെ ചിത്രങ്ങള്‍ക്കും ഏറെ പ്രത്യേകതകളുണ്ട്. അവ സ്ഥല-കാല അവസ്ഥകളില്‍ ഒതുങ്ങാത്ത, കയ്‌പേറിയ കശ്മീരി ജീവിതത്തെയാണ് തുറന്നുകാട്ടുന്നത്. റോഡില്‍ സ്ഥാപിച്ച ചുരുള്‍ക്കമ്പിയില്‍ കുടുങ്ങിയ ബാലികയുടെയും കമ്പിയില്‍ നിന്ന് വേര്‍പെടുത്തുന്ന വൃദ്ധയുടെയും ചിത്രം കശ്മീരി ജനതയുടെ നേര്‍ക്കാഴ്ചയാണ് സംവദിക്കുന്നത്. പുതുതലമുറയ്ക്കു പോലും സ്വച്ഛന്ദമായ ജീവിതം ഇവിടെ സ്വപ്‌നമാണെന്ന് ചിത്രങ്ങള്‍ കാണിച്ചുതരുന്നു.

പുല്‍വാമയില്‍ നിന്നുള്ള മറ്റൊരു ചിത്രം കാലികമാണ്. പിതാവിന്റെ കൈ പിടിച്ച് റോഡിലൂടെ നടക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രമാണത്. പശ്ചാത്തലത്തില്‍ തോക്കേന്തിയ പട്ടാളക്കാരനുമുണ്ട്. എന്നാല്‍ പിതാവിനും പട്ടാളക്കാരനും മുഖമില്ല. കുഞ്ഞുങ്ങളെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. വരുംകാലം ഇവര്‍ക്കുള്ളതാവണമെന്ന് ചിത്രം പറയുന്നു.
കോവിഡ് കാലത്ത് കശ്മീരിലെ പ്രതിരോധപ്രവര്‍ത്തനങ്ങളെ ആരോഗ്യസംഘത്തോടൊപ്പം കാമറയില്‍ പകര്‍ത്തിയാണ് സന പുരസ്‌കാരത്തില്‍ പങ്കാളിയായത്. കിലോമീറ്ററുകളോളം കുന്നിന്‍പ്രദേശത്തുകൂടി യാത്ര ചെയ്ത് പ്രതിരോധ മരുന്ന് എത്തിക്കുന്ന മനുഷ്യത്വത്തെ പുറംലോകത്തെത്തിക്കാനാണ് സന സാഹസപ്പെട്ട് ചിത്രങ്ങളെടുത്ത് പ്രസിദ്ധീകരിച്ചത്. തന്റെ നാടും ഒരിക്കല്‍ മാറുമെന്നും അതിനു വേണ്ടിയാണ് തന്റെ പ്രവര്‍ത്തനമെന്നും സന വ്യക്തമാക്കുന്നു.

കശ്മീരിലെ സൈനിക സാന്നിധ്യത്തിലെ സാമൂഹിക ജീവിതം തുറന്നുകാട്ടിയതിനാണ് അവാര്‍ഡെന്ന് ജൂറി വിലയിരുത്തി. എന്നാല്‍ തന്റെ നാടിന്റെ തുടിപ്പ് മാറ്റത്തിന് കാരണമാവുമെന്നാണ് ആക്ടിവിസ്റ്റ് കൂടിയായ സന പറയുന്നത്. അതിനാല്‍ തന്നെ അക്രമസ്ഥലത്തും ആശുപത്രിയിലും ചിത്രങ്ങളെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ ക്ഷമയോടെ കാത്തിരുന്നിട്ടുണ്ട്. ഇടിച്ചുകയറി ഫോട്ടോ എടുക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത സന അത് ശരിയല്ലെന്ന അഭിപ്രായക്കാരി കൂടിയാണ്. ദുഃഖം ആരുടേതായാലും ദുഃഖം തന്നെയാണ്. താന്‍ അതില്‍ പങ്കുചേരുകയാണ് ചെയ്യുക. എന്നിട്ട് അത് കാമറയിലേക്ക് പകര്‍ത്തും. ഓരോ സ്‌ഫോടനം നടക്കുമ്പോഴും ആശുപത്രികള്‍ നിറഞ്ഞു കവിയുകയാണ്. അതില്‍ കുട്ടികളും സ്ത്രീകളുമുണ്ടാവും. ഫോട്ടോ എടുക്കുക മാത്രമല്ല, ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടാണ് താന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങാറെന്ന് സന പറയുന്നു.
സ്ത്രീ ആയതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട സാഹചര്യങ്ങളെ തിരിച്ചുപിടിക്കുകയും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് സനയെ പോലുള്ളവരുടെ നേട്ടങ്ങള്‍ പ്രചോദനമാണ്. അവസരങ്ങളുടെയും സമത്വത്തിന്റെയും സുന്ദര ലോകം സ്വപ്‌നത്തിലല്ല, കൈയെത്തും ദൂരത്തു തന്നെയുണ്ടെന്ന് സനയെ പോലുള്ളവര്‍ കാണിച്ചുതരുന്നു. ഇഷ്ടപ്പെട്ട മേഖലയില്‍ കഠിനാധ്വാനത്തിലൂടെ പൊന്നു വിളയിച്ച് സമൂഹത്തിന് മാതൃകയായ ഇത്തരം വനിതകളാണ് പുതുതലമുറയ്ക്കുള്ള പ്രചോദനം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top