LoginRegister

കശ്മീരി കഹ്‌വ

ഫാത്തിമ ഫസീല

Feed Back


ഞാന്‍ ഒരു സ്പൂണ്‍ ചോറും രണ്ട് റൊട്ടിയും സാലഡും പ്ലേറ്റിലെടുത്തു. ആവി പറക്കുന്ന കറികളുടെ നിരകളില്‍ നിന്ന് ലാല്‍ പനീറും ദാലും ബിണ്ടി മസാലയും തിരഞ്ഞെടുത്തു. രാത്രിഭക്ഷണത്തിന് ഖീറോ കേസര്‍ ഹലുവയോ മറ്റോ ആയി എന്തെങ്കിലും മധുരം എന്നുമുണ്ടാകും. ശ്രീനഗറിലെ വിറങ്ങലിക്കുന്ന തണുപ്പില്‍, റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ തോന്നുന്നേയില്ലായിരുന്നു. എന്നാലും കോട്ടും തൊപ്പിയും കാലുറകളും ഷൂസുമിട്ട് കശ്മീരി കൈത്തുന്നലുള്ള കര്‍ട്ടന്‍ വകഞ്ഞുമാറ്റി കട്ടിയുള്ള പരവതാനി വിരിച്ച മരത്തിന്റെ കോണിയിറങ്ങി മുറ്റത്തെ ഭക്ഷണമേശക്കരികിലേക്ക് വരുന്നതു തന്നെ മനം മയക്കുന്ന മണവും രുചിയും മാടിവിളിക്കുന്നതുകൊണ്ടുതന്നെയാണ്.
ഒരു കഷണം റൊട്ടി മുറിച്ച് ബിണ്ടി മസാല പൊതിഞ്ഞ് വായിലേക്കിട്ടു.
”ഇത് നമ്മളെ വെണ്ടയല്ല, നമ്മളെ വെണ്ട ഇങ്ങനെയല്ല…”
ഞാന്‍ എന്റെ അടുത്തിരുന്ന് ദം ആലുവും റൈസും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ലുലുവിനോട് പറഞ്ഞു. കടുക്ക ഉള്ളി റോസ്റ്റ് ഒക്കെ കഴിക്കുന്ന ഒരു ഫീല്‍ ഉണ്ട് എന്ന് ഫബിയും ശരിവെച്ചു.
”ആപ് യഹ് ബിണ്ടി മസാല കൈസെ ബനായാ ഗയാ ഭയ്യാ…”
എന്റേതു മാത്രമായ ഒരു ഹിന്ദി സ്‌റ്റൈലില്‍ ഞാന്‍ പൊടുന്നനെ ചോദ്യമെറിഞ്ഞു. എങ്ങനെയാണ് വെണ്ടക്ക മസാല ഉണ്ടാക്കിയത്?
മൂന്നു ദിവസത്തെ പരിചയം കൊണ്ട് അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരിക്കുന്നതു പോലെയായിരുന്നു ആബിദ് അഗമ്‌നദ് ഭായിയുടെ വിശദീകരണം.
വെണ്ടക്ക ചെറുതായരിഞ്ഞ് പൊരിച്ചെടുത്ത് ആ വെളിച്ചെണ്ണയിലേക്ക് ഏലക്കായ, പട്ട, ഗ്രാമ്പൂ, ബേ ലീഫ് എന്നിവ ചേര്‍ത്ത് സവാളയും ചേര്‍ത്ത് വഴറ്റിയെടുക്കണം. ടൊമാറ്റോ പ്യൂരി സ്‌പെഷ്യലായി പൊടിച്ചെടുക്കുന്ന കശ്മീരി മസാലക്കൂട്ട്, ആംചൂര്‍ പൗഡര്‍ എന്നിവ ചേര്‍ത്ത് വെണ്ട നന്നായി യോജിപ്പിച്ചെടുക്കുന്ന വിഭവമാണ് നോണ്‍വെജ് തോറ്റുപോകുന്ന ബിണ്ടി മസാല.
…..
ആപ്പിള്‍ ഉണക്കിയത്, ആപ്പിള്‍ അച്ചാര്‍, ആപ്പിള്‍ ജാം, താമരത്തണ്ട് അച്ചാര്‍ തുടങ്ങി കൗതുകകരമായ ഉത്പന്നങ്ങള്‍ നിരത്തിവെച്ച മേശക്കരികില്‍ സെറ്റ് ചെയ്ത ചെറിയ യന്ത്രത്തിലേക്ക് ജാസിയ ആപ്പിളുകള്‍ ഒന്നൊന്നായി എടുത്തിട്ട് വളരെ രുചികരമായ ആപ്പിള്‍ ജ്യൂസുണ്ടാക്കുന്നു. ആപ്പിള്‍ തോട്ടത്തിനടുത്തുള്ള തുറസ്സായ സ്ഥലത്താണ് ജാസിയയും നദീമും തട്ടകമാക്കിയിരിക്കുന്നത്. സീസണല്ലാത്തതിനാല്‍ തോട്ടത്തില്‍ തൂങ്ങിനില്‍ക്കുന്നത് ഏതാനും പ്ലാസ്റ്റിക് ആപ്പിളുകളാണെന്നു പറഞ്ഞ് അവള്‍ ചിരിച്ചു. വളരെ തിടുക്കത്തില്‍ ജ്യൂസുണ്ടാക്കുകയും വട്ടത്തിലരിഞ്ഞ് ഉണക്കിയെടുത്ത ആപ്പിള്‍ കഷണങ്ങള്‍ കഴിച്ചുനോക്കാനായി തരുകയും അച്ചാര്‍ കുപ്പികള്‍ കവറിലാക്കുകയും അതിനൊക്കെയിടയില്‍ കശ്മീര്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്ത ആ പെണ്‍കുട്ടി വളരെ വ്യത്യസ്തയും പോസിറ്റീവ് എനര്‍ജി ചുറ്റുമുള്ളവരിലേക്ക് പകരുന്നതായും തോന്നി.
എണ്ണയില്‍ വഴറ്റിയെടുത്ത ആപ്പിള്‍ കഷണങ്ങളിലേക്ക് കശ്മീരി മുളകുപൊടിയും പഞ്ചസാരയും പിന്നെ ചില പ്രത്യേക ചേരുവകളും ചേര്‍ത്ത് അവളുടെ ഉമ്മയാണ് അച്ചാറുണ്ടാക്കുന്നത് എന്നൊക്കെ പറഞ്ഞ് സ്പൂണില്‍ നിറയെ മുളകുമിശ്രിതത്തില്‍ പുരണ്ടുകിടക്കുന്ന എണ്ണയൂറുന്ന അച്ചാര്‍ വീണ്ടും വീണ്ടും കോരിയെടുത്ത് ഞങ്ങള്‍ക്ക് കഴിക്കാന്‍ തരുമ്പോള്‍ വളരെ കാലമായി പരിചയമുള്ള ഒരു സുഹൃത്തിനെപ്പോലെയാണ് ജാസിയ പെരുമാറിയത്. കശ്മീരികള്‍ സാധാരണയായി ധരിക്കുന്ന തരത്തിലുള്ള തവിട്ടുനിറത്തിലുള്ള മേലങ്കിയും മുഖവും തലയും മറച്ച് ചുറ്റിയിരിക്കുന്ന ദുപ്പട്ടയും വടിവൊത്ത ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന സംസാരവും തിരിച്ച് ട്രാവലറില്‍ കയറിയിട്ടും കണ്ണിലും കാതിലും മനസ്സിലും നിറഞ്ഞുനിന്നു. പുറത്ത് മഴയുണ്ടായിരുന്നിട്ടും തണുത്ത കാറ്റ് വീശിയിട്ടും ഞാന്‍ വണ്ടിയുടെ വിന്‍ഡോയുടെ ഗ്ലാസ് നീക്കി വാല്‍നട്ട് തോട്ടങ്ങളും ദൂരെ വെള്ളിമേഘങ്ങള്‍ പോലെ കാണുന്ന ഗുല്‍മാര്‍ഗിലെ മഞ്ഞുമലനിരകളും കൂടക്കൂടെ ആവര്‍ത്തിച്ചു വരുന്ന ട്രാഫിക് ബ്ലോക്കുകളും നോക്കിയിരുന്നു. കശ്മീരിനെക്കുറിച്ചോര്‍ത്ത് മനസ്സില്‍ ഒരു മേഘം ഉരുണ്ടുകൂടി.
”എവിടെ അവളുടെ ഉണക്ക ആപ്പിളിന്റെ കവര്‍? അത് പൊളിക്ക്…”
ഫബിയുടെ ചോദ്യം കേട്ടാണ് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്.
…..
”ആപ് ലോഗ് മുജെ ഫാമിലി ജൈസാ ലഗ്താഹൈ…”
ഗാര്‍ഡനിലെ തീച്ചൂളയ്ക്കു ചുറ്റുമുള്ള സിമന്റ് ബെഞ്ചിലിരുന്ന് തീരാത്ത കഥകള്‍ പറയുന്നതിനിടയില്‍ അവന്‍ പറഞ്ഞു. ആബിദ് അഹ്മദിന് ഞങ്ങളെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ തോന്നുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. കട്ടന്‍ചായയുടെ ട്രേയുമായി വന്ന് ചൂളയിലെ വിറകുകള്‍ ഒതുക്കി റെഡിയാക്കുമ്പോള്‍ ഫായിസ് അവനോട് ഞങ്ങളുടെ കൂടെയിരിക്കുന്നോ എന്ന് ചോദിച്ചപ്പാള്‍ തന്നെ അവനും വര്‍ത്തമാനം പറയാനായി ഞങ്ങളോടൊപ്പം സിമന്റ് ബെഞ്ചിലിരുന്നു.
കശ്മീരിലെ കാലാവസ്ഥ, കൃഷികള്‍, സഞ്ചാരികള്‍, കല്യാണം, വിദ്യാഭ്യാസം, ഭക്ഷണം… അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. വര്‍ഷങ്ങളായി പരിചയമുള്ള ഒരു സുഹൃത്തിനെപ്പോലെ.
ഉപ്പിടുന്ന നമ്കീന്‍ ചായ, താമരത്തണ്ടിന്റെ പക്കോട മട്ടന്‍ ഗോഷ്ട്, കീമ സമോസ, വന്‍പയറു കൊണ്ടുള്ള രാജ്മാ ചാവല്‍… ഒട്ടേറെ മായികമായ കശ്മീരി രുചിക്കൂട്ടുകളെക്കുറിച്ച് ഞങ്ങള്‍ സംവദിച്ചു.
”ശാദീ കെ ദിന്‍ ഹം വസ് വാന്‍ ബനാതെ ഹൈ?”
കേരളത്തിലെ സദ്യ പോലെ എണ്ണമറ്റ വിഭവങ്ങളും ചോറും ചേര്‍ന്ന ഭക്ഷണമാണ് വസ് വാന്‍. കല്യാണത്തിനും മറ്റ് ആഘോഷങ്ങളിലും മട്ടനും ബീഫും കൂടുതലായി ചേര്‍ത്ത് തയ്യാറാക്കുന്ന വസ് വാനില്‍ പനീര്‍, ഇലക്കറി തുടങ്ങിയ ചില വെജ് ഐറ്റങ്ങളുമുണ്ടാകും.
അന്ന് ഉച്ചക്ക് ആബിദ് ഭയ്യയും ടീമും ഞങ്ങള്‍ക്ക് പ്രത്യേകമായി വസ് വാന്‍ ഉണ്ടാക്കിത്തന്നു. സ്വര്‍ണനിറമുള്ള മനോഹരമായ പാത്രത്തില്‍ തീന്‍മേശമേല്‍ നിരത്തിയ വസ് വാന്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നു. മട്ടന്‍ അടിച്ചുപരത്തി ചില സ്‌പൈസസ് ചേര്‍ത്ത് ഉരുട്ടി വലിയ ബോളുണ്ടാക്കി പുളിയില്ലാത്ത തൈരില്‍ വേവിച്ചെടുത്ത് ഉണക്കിപ്പൊടിച്ച ചില ഇലകളോടൊപ്പം വെളുത്ത നിറത്തില്‍ പിഞ്ഞാണത്തിലിരിക്കുകയായിരുന്നു ഒരു കറി. ചുവന്ന വലിയ ഉരുളകള്‍ കൊഴുത്ത മിര്‍ചീ കൊര്‍മയിലിട്ടത് മറ്റൊന്ന്. ചതച്ചെടുത്ത മീറ്റ് നീളത്തില്‍ ഉരുട്ടിയെടുത്ത കബാബ്. ഡീപ് ഫ്രൈ ചെയ്‌തെടുത്ത ചുവന്ന് മൊരിഞ്ഞ ഒരു ബീഫ് കഷണം. താളിപ്പു പോലുള്ള ഒരു കറി… ഒരു പ്ലേറ്റില്‍ വിളംബിയ ചോറിനു മുകളിലായി ഇങ്ങനെ പല തരം വിഭവങ്ങള്‍ അലങ്കരിച്ചുവെച്ചിരുന്നു. പാതിരയായെന്നും ഒരു ഷെഫ് ലീവിലായതിനാല്‍ നാളെ നേരത്തേ എഴുന്നേറ്റ് ഞങ്ങള്‍ക്കു വേണ്ടി ആലു പറാത്ത ഉണ്ടാക്കണമെന്നും പറഞ്ഞ് ആബിദ് അകത്തളത്തിലേക്കു പോയി.
മരത്തിന്റെ കൊത്തുപണികളുള്ള ചുവരുകളും പൂത്തുന്നലുകളുള്ള പരവതാനികളും ജാലകവിരികളും ഭംഗിയില്‍ ഒതുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളും പുരാവസ്തുക്കളും രുചിക്കൂട്ടുകളുടെ പരിമളങ്ങളും നിറഞ്ഞുനില്‍ക്കുന്ന റോനക് എന്ന ആ മനോഹര സൗധം മനസ്സില്‍ മായാതെ പതിയുകയായിരുന്നു. ഹിമാലയന്‍ യാത്രയുടെ ആവേശം ചോര്‍ന്നുതീര്‍ന്നിട്ടില്ലാതെ ആ മാളികയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓണറുടെയും വൈഫിന്റെയും ജീപ്പും, വള്ളിക്കൊട്ടയില്‍ പുസ്തകങ്ങളുടെ രൂപത്തിലാക്കി മാറ്റിയ അവരുടെ യാത്രാ ആല്‍ബങ്ങളും സഹൃദയത്വത്തിന്റെ പുതിയ ഒരു ആകാശം തുറന്നുതരുകയായിരുന്നു.
…..
ചെറിയ ഗ്ലാസുകളിലേക്ക് അയാള്‍ നേരിയതായി ചോപ്പ് ചെയ്ത ബദാം പീസുകള്‍ ഇട്ടു. അതിലേക്ക് ഒരു ഫ്‌ളാസ്‌കില്‍ നിന്ന് ഏലക്കയും പട്ടയും കുങ്കുമപ്പൂവും മധുരവും ചേര്‍ത്ത ഓറഞ്ചുനിറത്തിലുള്ള തിളച്ച വെള്ളം ഒഴിച്ചു.
നമ്മുടെ കാവയുമായി ഒരു ബന്ധവുമില്ലാത്ത അത്യധികം രുചികരമായ കശ്മീരി കഹ്‌വ പുല്‍വാമക്കടുത്തുള്ള താഴ്‌വരയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ഡ്രൈഫ്രൂട്ട് കടക്കാരനാണ് ഞങ്ങള്‍ക്ക് ഉണ്ടാക്കിത്തന്നത്. വാല്‍നട്‌സും മിക്‌സഡ് ഡ്രൈഫ്രൂട്ടും കേസര്‍ ബദാം മില്‍ക് പൗഡറുമൊക്കെ നോക്കുന്നതിനിടയില്‍ സൗഹൃദ സംഭാഷണങ്ങള്‍ക്കൊടുവില്‍ അയാള്‍ കടയ്ക്കരികിലുള്ള വീട്ടിലേക്ക് ക്ഷണിച്ചു. മുറ്റത്ത് കായ്ച്ചുതുടങ്ങുന്ന പച്ചനിറത്തിലുള്ള ആപ്രിക്കോട്ട് നിറഞ്ഞ മരങ്ങള്‍ കാണിച്ചുതന്നു. മൂന്നു നിലയുള്ള മനോഹരമായ വീട്. പടികള്‍ മുതല്‍ അകം മുഴുവന്‍ പരവതാനി. മരത്തിന്റെ ചുവരുകള്‍. നിലത്ത് കുഷ്യനിട്ട് അവിടെയാണ് അതിഥികള്‍ ഇരിക്കുന്നത്. അവരുടെ ആതിഥ്യത്തെ മാനിച്ചുതന്നെ സമയത്തിന്റെ ആധിക്യത്തില്‍ കൂടുതല്‍ സല്‍ക്കാരങ്ങള്‍ക്ക് ഇടയില്ലാത്തവിധം യാത്ര പറഞ്ഞിറങ്ങി. ഞങ്ങളുടെ വണ്ടി ദൂരെ മറയുന്നതുവരെ അവിടത്തെ കുട്ടികള്‍ റ്റാറ്റ പറഞ്ഞുകൊണ്ടിരുന്നു.
…..
ജെഫ് ബിരിയാണിയില്‍ കോമണായി കാണുന്ന കറുത്ത ഏലക്കയും ഉണക്കമുളകും മറ്റനേകം മസാലക്കൂട്ടും ചേര്‍ത്ത് ഞാന്‍ വറുത്തു പൊടിച്ചെടുത്തു. മായികമായ ഒരു മണം മുറികളിലെല്ലാം പരന്നു. അങ്ങനെ കശ്മീരി മസാലയെ ഞാനെന്റെ അടുക്കളയില്‍ തളച്ചിട്ടു. കശ്മീരോര്‍മകള്‍ വല്ലാതെ മനസ്സിനെ ഉലയ്ക്കുമ്പോള്‍ ഞാന്‍ അടുക്കളയിലേക്ക് കയറും. കശ്മീരി മസാലയും സാഫ്‌റോണും രണ്ട് ചെറിയ ചില്ലുകുപ്പികളില്‍ അടുത്തടുത്തിരിക്കുന്നുണ്ട്. എരിവിലോ മധുരത്തിലോ ആയി ഞാന്‍ കശ്മീരിനെ ആവാഹിച്ചെടുക്കും.
വെള്ളിനിറത്തിലുള്ള സമോവറില്ലെങ്കിലും ദൂധ് കഹ്‌വ ഉണ്ടാക്കിയത് അങ്ങനെയാണ്. മില്‍ക് പാനെടുത്ത് പാല്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ചെടുത്തു. ഏലക്ക, പട്ട, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്ത് കുറച്ച് വെള്ളം വേറെത്തന്നെ തിളപ്പിച്ച് അരിച്ചെടുത്ത് പാലിലേക്ക് ചേര്‍ത്തിളക്കി. കുതിര്‍ത്തു വെച്ച് തൊലി കളഞ്ഞ ബദാമും കുറച്ച് കാഷ്യൂസും കുത്തമ്മിയില്‍ ചതച്ചെടുത്തതും അതിലേക്ക് ചേര്‍ത്തു. കുറച്ച് നെയ്യ് കൂടി ചേര്‍ത്ത് ചെറിയ ഗ്ലാസിലേക്ക് പകര്‍ന്നു.
കശ്മീരികളുടെ പെരുന്നാള്‍ വിഭവങ്ങളില്‍ പ്രധാന ഐറ്റമായ ദൂധ് കഹ്‌വ ഗ്ലാസിലിരുന്ന് ആവി പറക്കുകയാണ്, പറഞ്ഞറിയിക്കാനാവാത്ത മണവും രുചിയും പരത്തിക്കൊണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top