LoginRegister

കലാലയ നോവും മധുരവും

സഹീറാ തങ്ങള്‍

Feed Back


പ്രീഡിഗ്രിയും ഡിഗ്രിയുമായി അഞ്ചു വര്‍ഷക്കാലം പഠിച്ചത് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജിലായിരുന്നു. അടര്‍ത്തി മാറ്റാനാവാതെ തള്ളിവരുന്ന ഓര്‍മകള്‍ ‘എന്നെ കുറിച്ചു പറയൂ’ എന്നു പറഞ്ഞു തിക്കും തിരക്കും കൂട്ടുന്നത് കലാലയ ജീവിതത്തിനു മാത്രമുള്ള പ്രത്യേകതയാണോ ആവോ. സ്‌കൂള്‍-കോളജ് ജീവിതത്തിന് അത്തരം ഒരു മാന്ത്രിക ശക്തിയുണ്ട്. മധുരവും നോവും നിറഞ്ഞ ചില നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും വന്നു തൊട്ടുവിളിക്കും.
പ്രീഡിഗ്രി കാലഘട്ടത്തില്‍ വിടാതെ പിടികൂടിയ ഒരു വയറുവേദന പലപ്പോഴും ക്ലാസുകള്‍ നഷ്ടപ്പെടുത്തി. സയന്‍സ് ആയിരുന്നു ഗ്രൂപ്പ്. ഫിസിക്‌സിനും കെമിസ്ട്രിക്കും ഉള്ള പ്രാക്ടിക്കല്‍ ക്ലാസിനു ഹാജരാവാന്‍ സാധിക്കാതെ വന്നാല്‍ അതു മോണിങ് ബാച്ചിന്റെ കൂടെ പോയി ചെയ്യണമായിരുന്നു. അല്ലെങ്കില്‍ ലാബ് ഒഴിവുള്ള സമയത്ത്. ഡിപാര്‍ട്ട്‌മെന്റ് ഹെഡിന്റെ അനുവാദം കിട്ടിയാല്‍ മാത്രമേ ഇതു നടക്കൂ എന്നുകൂടി ഉണ്ടുതാനും.
റെക്കോര്‍ഡ് സൈന്‍ ചെയ്തു കിട്ടാതെ പ്രാക്ടിക്കല്‍ എക്‌സാം എഴുതാന്‍ പറ്റില്ല. സെക്കന്‍ഡ് ഇയറില്‍ പുതുതായി വന്നുചേര്‍ന്ന ബ്ലെസിക്കും (അന്നും ഇന്നും എന്റെ ആത്മസുഹൃത്തായിരിക്കുന്നവള്‍) ഇതേ പ്രശ്‌നം ഉണ്ടായിരുന്നു. ഫസ്റ്റ് ഇയര്‍ പ്രാക്ടിക്കല്‍ മുഴുവനും ചെയ്തുതീര്‍ക്കാന്‍ സമയം കണ്ടെത്തേണ്ടിവന്നു.
ആയിടെ കോളജില്‍ ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ പുതുതായി വന്ന യുവ ലക്ചറര്‍ ഹംസ സര്‍ ആയിരുന്നു മിക്കപ്പോഴും ഞങ്ങളുടെ സഹായത്തിനായി ലാബില്‍ ഉണ്ടാവുക.
ചെന്നു ‘ഗുഡ്‌മോര്‍ണിങ്’ പറയുമ്പോള്‍ തന്നെ സര്‍ ഞങ്ങളെ ഒന്നിരുത്തിനോക്കും.
”എന്താണ്?”
”സര്‍, പ്രാക്ടിക്കല്‍ മിസ്സായതു ചെയ്യാന്‍…”
”എച്ച്ഒഡിയുടെ പെര്‍മിഷന്‍ വാങ്ങിയോ?”
(ശങ്കു സര്‍ എന്ന ഓമനപ്പേരില്‍ കുട്ടികള്‍ വിളിച്ചിരുന്ന ശങ്കരനാരായണന്‍ സര്‍ ആയിരുന്നു ഹെഡ്. വളരെ സ്‌നേഹമുള്ള ഒരു പാവം അധ്യാപകന്‍.)
”വാങ്ങി സര്‍” -ഞങ്ങള്‍ രണ്ടു പേരും ഒരേ സ്വരത്തില്‍ പറയും.
”ഉം…” സര്‍ വീണ്ടും ഒന്നിരുത്തി മൂളും.
”ക്ലാസ് കട്ടു ചെയ്ത് അവിടെയുമിവിടെയും കറങ്ങിനടന്നിട്ടല്ലേ?”
”അയ്യോ സര്‍, എനിക്കു അപ്പെന്റിക്‌സ് ആയിരുന്നു. ഫസ്റ്റ് ഇയര്‍ എക്‌സാം സമയത്തായിരുന്നു ഓപറേഷന്‍.”
”അപ്പോ ഇയാളോ?” ബ്ലെസിയോടാണ്.
”സര്‍, ഞാന്‍ തേഡ് ഗ്രൂപ്പ് എടുത്തു പാസായതാ. പിന്നെ നഴ്‌സിങിനു പോകാന്‍ വേണ്ടി സയന്‍സ് ഗ്രൂപ്പില്‍ സെക്കന്‍ഡ് ഇയറില്‍ ചേര്‍ന്നതാ.”
”ഉം… ശരി ശരി” എന്നു പറഞ്ഞു ഞങ്ങളെ ലാബിലേക്ക് കയറ്റിവിടും.
പറഞ്ഞത് സത്യമായിരുന്നെങ്കിലും, സത്യം പോലെ കള്ളം പറയാന്‍ മിടുക്കരായ പല വേന്ദ്രന്മാരെയും കാണുന്നതുകൊണ്ടായിരിക്കാം പലപ്പോഴും അധ്യാപകര്‍ക്കിടയില്‍ നമ്മള്‍ തെറ്റിദ്ധരിക്കപ്പെടുന്നത്. അതൊന്നും തെളിയിക്കാനുമാവില്ല.

അങ്ങനെ പ്രീഡിഗ്രി കഴിഞ്ഞു, ബിഎസ്‌സി ബോട്ടണിക്കു കല്ലടിയില്‍ തന്നെ ചേര്‍ന്നു. സുഹൃത്തുക്കള്‍ മാറി. പക്ഷേ എന്റെ ക്ലാസില്‍പ്പോക്ക് അപ്പോഴും തഥൈവ! വിസിറ്റിങ് പ്രൊഫസര്‍, ദേശാടനക്കിളി തുടങ്ങിയ പേരുകളും അതിനു സമ്മാനമായി കൂട്ടുകാര്‍ നല്‍കിയിരുന്നു.
രണ്ടാം വര്‍ഷം ഡിഗ്രി സമയത്താണെന്ന് തോന്നുന്നു, ‘എഴുതുന്ന അസുഖം’ കൂട്ടുകാര്‍ കണ്ടുപിടിച്ചു. കൂട്ടത്തില്‍ ആരോ ആര്‍ട്‌സ് ഡേക്കു കഥാമല്‍സരത്തിന് എന്റെ പേരു നല്‍കി. ആര്‍ട്‌സ് ഡേയുടെ അന്നു ഞാന്‍ കെമിസ്ട്രി ലാബില്‍ പോയി. മുങ്ങി എന്നു പറയുന്നതാവും ശരി. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ആയിരുന്ന കരീം, ലാബില്‍ വന്നു സാബു സാറോട് എന്തോ പറയുന്നതും സര്‍ എന്റെ പേരു വിളിച്ചു മല്‍സരത്തിനു പോകാന്‍ പറഞ്ഞതും ഒരുമിച്ചായിരുന്നു. കരീം എന്റെ അടവു പൊളിച്ചതില്‍ ഒരു പ്രത്യേക ചിരി ചിരിച്ചു. മറ്റു നിവൃത്തിയൊന്നും ഇല്ലാത്തതുകൊണ്ട് മത്സരം നടക്കുന്ന ഹാളിലേക്കു കരീമിന്റെ കൂടെ നടന്നു. ഹാളില്‍ ഒരു പത്തുനൂറു പേരെങ്കിലും കാണും.
റിസല്‍ട്ട് വന്നപ്പോള്‍ ഒന്നാം സ്ഥാനം എന്റെ കഥയ്ക്ക്! പിറ്റേന്നു കോളജില്‍ വന്നപ്പോള്‍ പ്രധാന കവാടത്തില്‍ തന്നെ ഒരു വലിയ ഫ്‌ളക്‌സ് ബോര്‍ഡില്‍ സ്റ്റേജിതര മത്സരങ്ങളുടെ റിസല്‍ട്ട് വലിയ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിരുന്നു.
”കഥാമത്സരം- ഫസ്റ്റ് പ്രൈസ്- സഹീറ തങ്ങള്‍, ബോട്ടണി.”
ക്ലാസില്‍ ചെന്നു കയറിയപ്പോള്‍ എന്റെ ക്ലാസ്‌മേറ്റ്‌സ് വളരെ സന്തോഷത്തോടെ അഭിനന്ദനം അറിയിച്ചുകൊണ്ടിരുന്നു. ഇടയ്ക്കു പ്രിയ കൂട്ടുകാരി മല്ലിക ചെവിയില്‍ പറഞ്ഞു.
”ടാ… നിന്നെ ഹംസ സര്‍ ഒന്നു കാണണം എന്നു പറഞ്ഞു.”
ഞാന്‍ ചെറുതായി ഒന്നു അന്ധാളിച്ചു.
പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം സാറുമായി മുഖാമുഖം കാണേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ബോട്ടണിയില്‍ കെമിസ്ട്രി ആണല്ലോ.
ഉച്ച സമയം, അതേ ഫിസിക്‌സ് ലാബില്‍ സാറിനെ കാണാനായി മല്ലികയുടെ കൂടെ ഞാന്‍ എത്തി. എന്താണ് വിഷയമെന്ന്, പഠിപ്പിസ്റ്റും സാറിന്റെ അരുമശിഷ്യയുമായ മല്ലികപ്പൂവിനും അറിയില്ല.
എന്നെ കണ്ടതും അതിയായ ആഹ്ലാദത്തോടെ ”താന്‍ കഥയൊക്കെ എഴുതും അല്ലേടോ” എന്നു ഹംസ സര്‍ ചോദിച്ചു.
ഞാന്‍ ചിരിയോടെ തലയിളക്കി.
”ജഡ്ജസിന്റെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ഫസ്റ്റ് ആയി തിരഞ്ഞെടുത്ത കഥ എഴുതിയ ആളുടെ പേരു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അപ്പോ ക്ലാസ് കട്ട് ചെയ്യല്‍ മാത്രമല്ല കൈയില്‍ ഉള്ളത്. നല്ല കഥ ആയിരുന്നു, നല്ല ശൈലി, ഭാഷ… വെരി ഗുഡ്.”
പിന്നീട് ‘എന്നു മുതലാണ് എഴുത്തു തുടങ്ങിയത്’ എന്നു തുടങ്ങി കുറേയേറെ കാര്യങ്ങള്‍ സര്‍ സംസാരിച്ചു. അതുവരെ എപ്പോള്‍ വരാന്തയില്‍ വെച്ചു കണ്ടാലും ‘ഇപ്പോള്‍ ക്ലാസ് ഇല്ലെടോ’ എന്ന് ഒരു ശാസന ഒളിപ്പിച്ച്, ഒന്നിരുത്തി മൂളി കടന്നുപോയിരുന്ന ആ അധ്യാപകനാണ് ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കുന്നത്.
ഒരു യഥാര്‍ഥ ഗുരുനാഥന്‍ തന്റെ ശിഷ്യരെ ശാസിക്കുകയും തിരുത്തുകയും, വിജയങ്ങളിലും നേട്ടങ്ങളിലും ശിഷ്യരേക്കാള്‍ ഉള്ളറിഞ്ഞു സന്തോഷിക്കുകയും ചെയ്യുമെന്ന് ഞാന്‍ ആഴത്തില്‍ അറിഞ്ഞ ഒരു അനുഭവം!
ഒരു വിദ്യാര്‍ഥിയെ വളര്‍ത്താനും തളര്‍ത്താനും ഒരു അധ്യാപകന് എളുപ്പത്തില്‍ സാധിക്കും എന്ന് നിസ്സംശയം പറയാനുള്ള എത്രയോ കേസുകള്‍ ഒരു സൈക്കോളജിസ്റ്റ് എന്ന എന്റെ പ്രൊഫഷണല്‍ ലൈഫിലൂടെ ഇപ്പോള്‍ ഞാന്‍ ദിനേന കാണുന്നുണ്ട്.
ശിഷ്യയുടെ സര്‍ഗാത്മകതയില്‍ മനം തുറന്ന് ആഹ്ലാദിച്ചു, അനുമോദനങ്ങള്‍ നിര്‍ലോഭം ചൊരിഞ്ഞ് ആശീര്‍വദിച്ച ആ ഗുരുസവിധത്തില്‍ ഈ ഓര്‍മകള്‍ വെച്ചു ഞാന്‍ നമിക്കുന്നു.
കവിത: തീര്‍ത്ഥം, കഥ: നിറക്കൂട്ട്
ഫൈനല്‍ ഇയര്‍ ബോട്ടണിക്കാലം. കോളജ് മാഗസിനിലേക്ക് ഒരു കവിതയോ കഥയോ നല്‍കണമെന്ന് പറഞ്ഞു, അന്നത്തെ മാഗസിന്‍ എഡിറ്റര്‍ ഹനീഫ് പി എം.
‘തീര്‍ത്ഥം’ എന്ന തലക്കെട്ടില്‍ ഒരു കവിതയാണ് എഴുതി നല്‍കിയത്. പക്ഷേ മാഗസിന്‍ കൈയില്‍ കിട്ടിയപ്പോള്‍ എന്റെ പേരില്‍ ‘നിറക്കൂട്ട്’ എന്ന ഒരു കഥയും പ്രസിദ്ധീകരിച്ചിരിക്കുന്നു!
അതിന് ഒരു രസകരമായ പിന്നാമ്പുറക്കഥയുണ്ട്. സുഹൃത്തും ആ വര്‍ഷത്തെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയുമായിരുന്ന നൗഷാദ് പാറോക്കോട്. മാഗസിനില്‍ അവനും എന്തെങ്കിലും പ്രസിദ്ധീകരിച്ചു കാണണം. നമ്മുടെ അവസാന വര്‍ഷമാണല്ലോ. എന്തെങ്കിലും ഒന്ന് എഴുതിക്കൊടുക്കുമോ എന്നു പറഞ്ഞു പിറകെ നടന്നപ്പോള്‍, ആയിടെ എഴുതിയ ഒരു മിനിക്കഥ അവന് എടുത്തുകൊടുത്തു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഒന്ന് ഷൈന്‍ ചെയ്‌തോട്ടെ, അവന്റെ ഒരു ആഗ്രഹം അല്ലേന്നു മാത്രമേ ഓര്‍ത്തുള്ളൂ.
എന്നാല്‍ നൗഷാദ് എന്ന ബുദ്ധിമാന്‍ ഇത് ഒന്ന് പകര്‍ത്തി എഴുതിയെങ്കിലും കൊടുക്കണ്ടേ?
ഹനീഫാണെങ്കിലോ, അവന്റെ കൈയില്‍ ഇരുന്ന എന്റെ കവിതയുടെ കൈയക്ഷരവും നൗഷാദ് എന്ന വിദ്വാന്‍ കൊടുത്ത കഥയുടെ കൈയക്ഷരവും ഒന്നാണെന്ന് മനസ്സിലാക്കുകയും, രണ്ടും എന്റെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്ത് നൗഷാദിന് സുന്ദരന്‍ പണി കൊടുത്തു. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണെന്ന് ഹനീഫിന് അറിയാം. മാഗസിന്‍ എങ്ങനെയുണ്ട് എന്ന് എന്നെ കണ്ടപ്പോള്‍ ഹനീഫ് ചോദിച്ചു. ‘മനോഹരം’ എന്ന് ചിരിയോടെ ഞാന്‍ മറുപടിയും പറഞ്ഞു. അത്രമാത്രം!
പിന്നീടങ്ങോട്ട് ദുബൈയില്‍ നീണ്ട പ്രവാസകാലം.
എഴുത്തും വായനയും കൂടെ വളരുകയും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൂടെ പുറംലോകത്തേക്കെത്തുകയും ചെയ്ത ഒരു കാലഘട്ടം. 2007ല്‍ എന്റെ ആദ്യ കവിതാ സമാഹാരം ‘ഞാന്‍ എന്ന ഒറ്റവര’ മലപ്പുറത്തു വെച്ചു ബഹുമാനപ്പെട്ട ശിഹാബ് തങ്ങള്‍, യുവ കവി ആര്യാ ഗോപിക്കു നല്‍കി പ്രകാശനം ചെയ്യുന്ന സുദിനം. സാഹിത്യ-സാംസ്‌കാരിക മേഖലകളിലുള്ള കുറേയേറെ പേര്‍ ഒത്തുകൂടിയ ആ ചടങ്ങിലെ സദസ്സില്‍ ഏറ്റവും മുന്‍നിരയില്‍ ഇരുന്നു എന്നെ നോക്കി ചിരിച്ച ആളെ കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഹനീഫ്!
ന്യൂസ്‌പേപ്പറില്‍ എന്റെ പുസ്തക പ്രകാശനത്തിന്റെ വാര്‍ത്ത കണ്ടു വന്നതാണ്. കോളജില്‍ നിന്ന് പിരിഞ്ഞതില്‍ പിന്നെ 13 വര്‍ഷങ്ങള്‍ക്കിപ്പുറം കാണുകയാണ്.
”ഇപ്പൊ വല്യ എഴുത്തുകാരിയായല്ലോ സഹീറാ. വളരെ സന്തോഷം, എല്ലാം വായിക്കാറുണ്ട്‌ട്ടോ…” എന്ന് പറഞ്ഞു പോയ ആ ചങ്ങാതി പിന്നെ അധികകാലം നമ്മോടൊപ്പം ഉണ്ടായില്ല. എണ്ണപ്പെട്ട ആയുസ്സ് മാത്രം കൊടുക്കാന്‍ വന്ന മാറാവ്യാധി അവനെ അകാലത്തില്‍ തന്നെ ഈ ഭൂമുഖത്തു നിന്ന് യാത്രയാക്കി. ഇപ്പോഴും ഹനീഫിനെ ഓര്‍ക്കുമ്പോള്‍ ഒരു വിങ്ങല്‍ ഹൃദയത്തെ തൊടും.
ഹനീഫ്, പ്രിയ സുഹൃത്തേ… മറുലോകത്തിലിരുന്നും നിനക്ക് ഇതെല്ലാം കാണാനും വായിക്കാനും സാധിച്ചിരുന്നെങ്കില്‍…
പ്രാര്‍ഥനകള്‍…
അവാര്‍ഡുകളും അംഗീകാരങ്ങളും പില്‍ക്കാലത്തു നമ്മെ തേടിയെത്തുമ്പോഴും കലാലയ ജീവിതം നല്‍കിയ ചേര്‍ത്തുപിടിക്കലുകള്‍, പ്രോത്സാഹനങ്ങള്‍, സുഹൃദ്ബന്ധങ്ങള്‍ എന്നും നെഞ്ചോടു ചേര്‍ന്നുനില്‍ക്കുന്നവയാണ്. നമ്മെ നാമാക്കാന്‍ അത് ഒരുപാട് സഹായിക്കും.
ഒരിക്കലും ഒന്നിനു വേണ്ടിയും ആ ജീവിതം വേണ്ടെന്നുവെക്കരുത്. പിറകില്‍ ഉപേക്ഷിക്കരുത്. ഇന്നും ഓര്‍ക്കുമ്പോള്‍ തിരികെ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന കാലമാണ് അത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top