മനസ്സില്‍ –
നിനച്ചിരിക്കാതെ
ഒരു കറുത്ത പൂച്ച
നിലവിളിക്കാറുണ്ട്.
അശാന്തിയുടെ വിഘ്നം
ആഘോഷങ്ങളിലെ
വെളിച്ചത്തില്‍പ്പോലും
ഒരിരുണ്ടപുക സുതാര്യമാക്കാറുണ്ട്.
കണ്‍കളറിയാതെ
ചുണ്ടുകള്‍ പലര്‍ക്കായ്
ആത്മാവില്ലാതെ ചിരിക്കാറുണ്ട്.
എന്തിനേറെ,
പ്രണയമൊരു മഴയാകുന്ന
മദാലസ രാത്രികളില്‍
ആ കറുത്ത പൂച്ച എന്നിലെ
രസച്ചരടുകളത്രയും ഇറുത്തെടുത്തു
എന്നെ ആത്മാവില്ലാത്തവളാക്കാറുണ്ട്,
പാവമാമവനെ, കബളിപ്പിക്കുന്നതിനെ ചൊല്ലി നീറിനീറി പിന്നെ ഞാന്‍
വെണ്ണീറാകാറുണ്ട്…
അതേ,
ആ പ്രണയപുഷ്പത്തിന്റെ വെളുത്ത
വിസ്മയത്തില്‍ പോലും
ആ കറുത്ത പൂച്ച
ആത്മാവിനെ തൊട്ടുരുമ്മി
ശ്മശാനത്തിലെ ശവംനാറിപ്പൂവിന്‍
ഗന്ധമോര്‍മിപ്പിക്കാറുണ്ട്
എങ്കിലുമെങ്കിലും,
ജീവിതത്തിന്റെ
ചില വേരുകളെന്നില്‍ തീര്‍ത്തും
ഭവ്യമായ ഒരാത്മഹര്‍ഷത്തിന്റെ
വെളുത്ത സൂനം വിരിയിക്കാറുണ്ട്.