LoginRegister

കരയണ്ട; 'ചിരി'യുണ്ട്‌

ബഷീര്‍ കൊടിയത്തൂര്‍

Feed Back


ചിരി മറക്കുന്ന ലോകത്താണ് നമ്മുടെ കുട്ടികള്‍ ജീവിക്കുന്നത്. ജീവിതരീതിയിലുള്ള മാറ്റം ഏറ്റവുമധികം ബാധിക്കുന്നതും കുട്ടികളെയാണ്. വളര്‍ന്നുവരുന്ന വ്യക്തികള്‍ എന്ന നിലയില്‍ നിരവധി സംഘര്‍ഷാവസ്ഥയിലൂടെയാണ് കുട്ടിമനസുകള്‍ കടന്നുപോകുന്നത്. എന്നാല്‍ ഇത് പങ്കുവെക്കുവാനോ പരിഹാരം തേടാനോ ഉള്ള അവസരങ്ങള്‍ വളരെ കുറവാണ്.
കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ ലഘൂകരിച്ചിരുന്നത് വീട്ടിലും സ്‌കൂളിലുമായിരുന്നു. എന്നാല്‍ ഇന്ന് മനസു തുറന്നുള്ള ഇടപെടലുകള്‍ക്ക് സമയമില്ലാതെയായി. കുടുംബത്തില്‍ ആശ്രയമായിരുന്ന രക്ഷിതാക്കള്‍ തിരക്കിന്റെ ലോകത്തായതിനാല്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരായി. സ്‌കൂളില്‍ അധ്യാപകരും സഹപാഠികളും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഇതിനിടയില്‍ തന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലെന്ന നിഗമനത്തില്‍ കുട്ടി എത്തുകയാണ്. ഇതോടെ സംഘര്‍ഷത്തില്‍ ഉഴറുന്ന മനസുമായാണ് കുട്ടി കഴിയുന്നത്.
കോവിഡ് കാലത്താണ് കുട്ടികള്‍ ഏറ്റവുമധികം മാനസിക പ്രയാസത്തിലായത്. കളിയും ചിരിയുമായി നടന്ന സ്വാഭാവിക നാളുകള്‍ക്ക് കോവിഡ് അടച്ചിടല്‍ പ്രഹരമായി. പലരും കൂട്ടുകാരെ കാണാതെ വിഷമത്തിലായി. സ്വതന്ത്രമായി സ്‌കൂളില്‍ പോയിരുന്നതിന് വിലക്കായി. അതോടെ ഒന്നു മനസുതുറക്കാനോ സംസാരിക്കാനോ ആളില്ലാതെയായി. ഇക്കാലത്ത് പതിനായിരക്കണക്കിന് കുട്ടികളാണ് വിഷാദരോഗത്തിലേക്ക് കൂത്തുകുത്തിയത്. വീട്ടിലെ നിയന്ത്രിത ലോകം ഇവര്‍ക്ക് തടവറയായതാണ് കാരണം. കൗമാരക്കാരും മുതിര്‍ന്നവരും തമ്മിലുള്ള ആശയവിനിമയത്തിനും ഏറ്റക്കുറച്ചിലുണ്ടായി.
പഠനകാര്യത്തില്‍ മാത്രമല്ല വ്യക്തിത്വ വികാസത്തിലും കുട്ടികള്‍ക്ക് സഹായം ആവശ്യമാണ്. അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായം ചെയ്തു കൊടുത്തിരുന്നത് വീട്ടില്‍ നിന്നാണ്. എന്നാല്‍ ജോലിക്കാരായ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ കാര്യങ്ങള്‍ അന്വേഷിച്ച് പരിഹാരമുണ്ടാക്കാന്‍ സമയക്കുറവുമൂലം കഴിയാതെയായി.

പഠനപ്രയാസങ്ങള്‍, കൂട്ടൂകാരുമായുള്ള സൗഹൃദത്തിലെ പ്രശ്‌നങ്ങള്‍, സാമ്പത്തികം, കൂട്ടുകാരുടെ ചീത്ത കൂട്ടുകെട്ടുകളെ കുറിച്ചുള്ള ആധി തുടങ്ങിയെല്ലാം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. മയക്കുമരുന്നു ഉപയോഗിക്കുന്ന സഹപാഠികള്‍ ഉണ്ടാക്കുന്ന സമ്മര്‍ദം വളരെ വലുതാണ്. ക്ലാസ് സമയത്ത് ഉറങ്ങുക, മിഠായി പോലുള്ള ലഹരി വസ്തുക്കള്‍ തിന്നാന്‍ പ്രേരിപ്പിക്കുക, തെറ്റു പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുക, അമിത അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുക തുടങ്ങിയവ വിദ്യാര്‍ഥികളായ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളാണ്. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത കൊച്ചു മനസിന് പുറത്തുപറയാനുള്ള വെമ്പല്‍ ഉണ്ടെങ്കിലും അതിന്റെ അപകടം ഓര്‍ത്ത് പറയാന്‍ കഴിയാറില്ല. അത് മാനസിക സംഘര്‍ഷത്തിന് കാരണമാവുന്നുണ്ട്.
സ്വന്തം ഭാവിയെ കുറിച്ചുള്ള ആശങ്കയും കുട്ടികളെ പ്രയാസത്തിലാക്കുന്നുണ്ട്. വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്നും പിന്തുണ കിട്ടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. പഠനോപകരണങ്ങള്‍ ലഭിക്കാത്തതിന്റെ പേരിലും ഉദ്ദേശിച്ച കാര്യങ്ങള്‍ നടത്താന്‍ സാമ്പത്തികക്കുറവിന്റെ പേരിലും ഇവര്‍ അന്തര്‍മുഖരായി മാറുന്നു.
സംഘര്‍ഷാവസ്ഥകളെ നേരിട്ടുള്ള പരിചയം ഇല്ലാത്തവരാണ് കുട്ടികള്‍. അവര്‍ക്ക് അമിതമായ ആശങ്കയും ഭയവുമാണ്. ഇത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള കഴിവ് കുട്ടികള്‍ക്ക് കുറവായിരിക്കും. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ഉറക്കമില്ലായ്്മ, എപ്പോഴും ചിന്തയില്‍ ആണ്ട് കഴിയുക, ആവശ്യമില്ലാതെ സങ്കടപ്പെടുക, വിശപ്പില്ലായ്മ, കളിയില്‍ താല്‍പര്യമില്ലായ്മ, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളാണുണ്ടാവുക.
ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരാണെങ്കില്‍ അസുഖം ഭാവിക്കല്‍, ഉണര്‍വില്ലായ്മ, നേരത്തെ ചെയ്തിരുന്ന കാര്യങ്ങളെ അവഗണിക്കല്‍, അക്രമവാസന, ദേഷ്യം, തലവേദന, ആളുകളുടെ സാന്നിധ്യം ഇഷ്ടമില്ലാതിക്കുക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. മാനസിക സംഘര്‍ഷമുള്ള കുട്ടികളില്‍ വിഷാദരോഗം ശക്തമാവും.
കുട്ടികളെ ചേര്‍ത്തുപിടിക്കുകയും അവര്‍ക്കായി സമയം ചെലവഴിക്കുകയും ചെയ്യുക എന്നതാണ് കുട്ടികളിലെ മാനസിക പ്രയാസങ്ങള്‍ ദൂരീകരിക്കാനുള്ള എളുപ്പ മാര്‍ഗം. അവര്‍ പറയുന്നത് കേള്‍ക്കാനും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാനും സമയം കണ്ടെത്തണം. അവരുടെ ആഗ്രഹങ്ങളെ പൂര്‍ണമായി നിരാകരിക്കരുത്. പകരം പ്രതീക്ഷ നല്‍കുക. വാഗ്ദാനങ്ങളും ആവാം. സാമ്പത്തികമായ കാര്യങ്ങള്‍ അവഗണിക്കാതെ മിതമായി നടത്തിക്കൊടുക്കുക. പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം പറയുക. വീട്ടിലും സ്‌കൂളിലും സുരക്ഷിതമായ ഒരു ആശ്രയം ഉണ്ടെന്ന് കുട്ടികള്‍ക്ക് ബോധ്യമുണ്ടാക്കുക.
എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പങ്കുവെക്കാന്‍ കുട്ടികള്‍ തയ്യാറാവില്ല. പ്രത്യേകിച്ച് രക്ഷിതാക്കളോടും അധ്യാപകരോടും. അത്തരക്കാര്‍ക്ക് സഹായമായി നിരവധി കൗണ്‍സലിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം കാണാന്‍ കേരള പൊലീസ്‌ന്റെ ‘ചിരി’ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടു വര്‍ഷം കൊണ്ട് അരലക്ഷം പേരാണ് ഇൗ സൗകര്യം ഉപയോഗിച്ചത്. സര്‍ക്കാറിന്റെ ചൈല്‍ഡ് ലൈന്‍ സംവിധാനവും വിജയകരമാണ്. 1059ല്‍ വിളിച്ചാല്‍ ഈ സേവനം ലഭിക്കും.

കേരള പൊലീസിന്റെ ‘ചിരി’

കുട്ടിപ്പുഞ്ചിരി നിലനിര്‍ത്താന്‍ പൊലീസിന്റെ ‘ചിരി’ ഹിറ്റാണ്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം കാണാന്‍ കേരള പൊലീസ് ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ ‘ചിരി’ക്ക് വന്‍ സ്വീകാര്യമാണ് ലഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചത് 31,0000 പേരാണ്. 2012 ജൂലായ് മുതല് 2022 ജൂലായ് വരെയുള്ള കണക്കില്‍ 11,000 കേളുകള്‍ പ്രശ്‌ന പരിഹാരത്തിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്.
കുടുംബ വഴക്ക്, സുഹൃത്തുക്കളുമായുള്ള പ്രശ്‌നങ്ങള്‍, വീട്ടിലെ അസൗകര്യങ്ങള്‍, രക്ഷിതാക്കളുടെ അവഗണന, ലഹരി ഉപയോഗത്തെ കുറിച്ചുള്ള പരാതികള്‍ തുടങ്ങി പഠനത്തിലെ പ്രയാസങ്ങള്‍ വരെ കുട്ടികള്‍ ‘ചിരി’യുമായി പങ്കുവച്ചു. കുട്ടികളുടെ അമിത മൊബൈല്‍ ഉപയോഗം, ആത്മഹത്യാ ഭീതി, വിഷാദം, പഠനപരിഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചാണ് രക്ഷിതാക്കള്‍ വിളിച്ചത്.
മാനസിക പ്രയാസങ്ങള്‍ക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ലഭ്യമാക്കി. ഇവരെ കൂടാതെ മനശാസ്ത്രജ്ഞര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കൗണ്‍സലിങ് വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനവും ലഭ്യമാക്കി.
പ്രശ്‌നങ്ങള്‍ക്ക് ടെലഫോണിലൂടെ കൗണ്‍സിലിങ് നല്‍കുന്നതാണ് ചിരിയുടെ രീതി. 9497900200 നമ്പറിലാണ് വിളിക്കേണ്ടത്. കുട്ടികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം. പ്രത്യേകം പരിശീലനം ലഭിച്ച മുതിര്‍ന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ അംഗങ്ങള്‍ എന്നിവരടങ്ങിയ 300 വളണ്ടിയര്‍മാരാണ് ‘ചി’രിയെ നയിക്കുന്നത്. ഐ ജി പി വിജയനാണ് നോഡല്‍ ഓഫീസര്‍. സ്്റ്റുഡന്റ് പൊലീസ് പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി ഒരുക്കിയത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top