പരിചിതമായ ലോകത്തെ സ്വന്തമായ രീതിയില്‍ ആവിഷ്‌കരിക്കുന്ന മലയാളത്തിലെ ശ്രദ്ധേയയായ കഥാകൃത്താണ് ഷീബ ഇ കെ. സാമൂഹിക തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരെ ചിന്തനീയമായ ആഖ്യാനശൈലിയില്‍ സര്‍ഗസാഹിത്യത്തിലൂടെ തുറന്നെഴുതുന്ന പ്രതിഭ! ചുട്ടുപൊള്ളുന്ന നേരനുഭവങ്ങള്‍ ഈ എഴുത്തുകാരിയുടെ ഓരോ സൃഷ്ടിയെയും വ്യത്യസ്ത വായനാനുഭവമാക്കുന്നു.
‘പഠിച്ചില്ലെങ്കിലും വേണ്ട, ഇവിടെ നിന്നാല്‍ അവര്‍ ഗര്‍ഭിണികളാവില്ലല്ലോ’ എന്ന സാമൂഹിക പ്രവര്‍ത്തകനായ ഒരു മനുഷ്യസ്നേഹിയുടെ വാക്കുകളാണ് ഷീബ എഴുതിയ ‘ജനി’ എന്ന കഥയുടെ പിറവിക്ക് നിമിത്തമായത്. ആദിവാസി പെണ്‍കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ നടത്തുന്നയാളായിരുന്നു അദ്ദേഹം. ഊരിലെ മിക്ക പെണ്‍കുട്ടികളും കൗമാരകാലത്തു തന്നെ ഗര്‍ഭിണികളാവുകയും അച്ഛനാരെന്നറിയാത്ത കുഞ്ഞുങ്ങള്‍ ഊരിന് ബാധ്യതയാവുകയും ചെയ്യുന്ന അവസ്ഥ! വനവിഭവങ്ങള്‍ക്കൊപ്പം പെണ്‍കുട്ടികളെ കൂടി ചൂഷണം ചെയ്യുന്ന നാട്ടുകാരുടെ ക്രൂരത ഇന്നും തുടരുന്നു. എത്ര നിയമങ്ങള്‍ ഉണ്ടായിട്ടും അവസ്ഥ പരിതാപകരം തന്നെ. അച്ഛനാരെന്നറിയാതെ ഒരു തലമുറ അവര്‍ക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ‘ജനി’ കഥയിലെ മാരയെപ്പോലെ പ്രതിഷേധിക്കാന്‍ കഴിയാത്തവരാണ് അവരുടെ അമ്മമാര്‍.
‘ഇറച്ചി വേവുന്ന ഗന്ധം’ ഷീബയുടെ മികച്ച രചനയാണ്. ഒരു കഥ പൂര്‍ണമായി മുന്നില്‍ സംഭവിക്കുന്നതുപോലെ കഥാകൃത്തിനു തോന്നിയത് ഇത് എഴുതിയപ്പോഴായിരുന്നു. അസുഖം അധികരിച്ച് ആശുപത്രികള്‍ കൈയാഴിഞ്ഞ് മരിക്കാനായി മാത്രം വീട്ടില്‍ തിരിച്ചെത്തിയ ഒരു രോഗിയെ ഷീബ ഒരിക്കല്‍ സന്ദര്‍ശിക്കാനിടയായി. ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറാന്‍ അയാള്‍ ശ്രമിക്കുമ്പോഴും ഇരച്ചാര്‍ത്തുവരുന്ന സംഘടനാ പ്രവര്‍ത്തകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമെല്ലാം ചേര്‍ന്ന് ആ വീടിനെ ഒരു ആശുപത്രിമുറിയേക്കാള്‍ കഷ്ടമാക്കിത്തീര്‍ക്കുന്നു. സ്വകാര്യത ഒട്ടുമില്ലാതെ ആ ചെറിയ വീട്ടില്‍ അയാളുടെ ഭാര്യയും കൗമാരക്കാരായ മക്കളും വീര്‍പ്പുമുട്ടുന്നു. സ്വന്തം മരണത്തെക്കുറിച്ചുള്ള ഫോണ്‍സംഭാഷണങ്ങളും ചര്‍ച്ചകളും അയാള്‍ കേള്‍ക്കുന്നു. ആ അവസ്ഥയിലും രോഗിയായി കിടക്കാന്‍ ഇഷ്ടമില്ലാതെ പുഞ്ചിരിയോടെ ഷീബയോട് കഥയെക്കുറിച്ചും മറ്റും സംസാരിക്കുകയായിരുന്നു അയാള്‍. കുടുംബത്തിന്റെ കൂടെ സമാധാനത്തോടെ ചെലവഴിക്കാനുള്ള അവസാനത്തെ നിമിഷങ്ങളാണ് മറ്റുള്ളവര്‍ കൈയടക്കിവെക്കുന്നത്. അതിനിടയിലാണ് അടുക്കളയില്‍ ഇറച്ചിക്കറി തിളക്കുന്ന ഗന്ധം വന്നത്. നിറയെ ആളുകള്‍ ഉള്ളതിനാലും ഉച്ചഭക്ഷണത്തിന് സമയമായതിനാലും മറ്റാരൊക്കെയോ ആണ് അടുക്കളയില്‍ പണിയെടുക്കുന്നത്. പക്ഷേ, മരണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന അയാളിലും ഭാര്യയിലും ആ ഗന്ധം ഉണ്ടാക്കുന്ന മാനസികാവസ്ഥ ഒന്നോര്‍ത്തുനോക്കൂ! ‘ഇറച്ചി വേവുന്ന ഗന്ധം’ വായനക്കാരെ കൊണ്ടുപോവുന്നത് സമൂഹം അതീവ ഗൗരവത്തില്‍ സമീപിക്കേണ്ട ഇത്തരമൊരു വിഷയത്തിലേക്കാണ്.
‘ദുനിയ’, ‘മഞ്ഞ നദികളുടെ സൂര്യന്‍’ എന്നീ നോവലുകളും ‘വസന്തത്തില്‍ തരിശാവുന്ന പൂമരം’ എന്ന നോവലെറ്റും ‘അഴിച്ചുകളയാനാവാതെ ആ ചിലങ്കകള്‍’ എന്ന ഓര്‍മപ്പുസ്തകവും ‘നീലലോഹിതം’, ‘കനലെഴുത്ത്’, ‘വൈ ടു കെ’, ‘ലിംഗസമത്വം’, ‘ടച്ച് സ്‌ക്രീന്‍’ എന്നീ കഥാസമാഹാരങ്ങളും ‘വേരു പിടിക്കാത്ത കശ്മീര്‍ മരങ്ങള്‍’ എന്ന യാത്രാവിവരണവും ‘മിസോയ് സാന്‍’ എന്ന ബാലസാഹിത്യ നോവലും ‘ടൈഫൂണ്‍’, ‘സരസ്വതി പാര്‍ക്ക്’, ‘ബ്രഹ്മചാരിണി’, ‘ആല്യീിറ വേല ഢലശഹ’ എന്നീ വിവര്‍ത്തന രചനകളും ഉള്‍പ്പടെ 15 പുസ്തകങ്ങള്‍ ഷീബ മലയാള സാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്.
ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം, വനിത കഥാ അവാര്‍ഡ്, മലയാള മനോരമ കഥാപുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി എന്‍ഡോവ്മെന്റ്, പി പത്മരാജന്‍ എന്‍ഡോവ്മെന്റ്, അങ്കണം ഇ പി സുഷമ എന്‍ഡോവ്മെന്റ്, അവനീബാല പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, മുതുകുളം പാര്‍വതിയമ്മ അവാര്‍ഡ്, പ്രവാസി ശബ്ദം അവാര്‍ഡ്, റിയാദ് ന്യൂ ഏജ് കമല സുരയ്യ അവാര്‍ഡ്, പച്ചമഷി കഥാപുരസ്‌കാരം, സാഹിത്യശ്രീ പുരസ്‌കാരം, സുവര്‍ണ രേഖ അവാര്‍ഡ്, പായല്‍ ബുക്‌സ് കഥാ പുരസ്‌കാരം, അക്ഷരസ്ത്രീ അവാര്‍ഡ്, എം സുകുമാരന്‍ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ഇതിനകം ഷീബയെ തേടിയെത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയാണ് ഷീബ. എം.കോം ഫിനാന്‍സ് ബിരുദവും കമ്പ്യൂട്ടര്‍ ഡിപ്ലോമയും നേടിയ ഷീബ പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് ജോലി ചെയ്യുന്നത്. വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഇ കെ സൂപ്പിയുടെയും ആയിഷയുടെയും മകളാണ്. ഹസീന, എഴുത്തുകാരിയായ ഷാഹിന ഇ കെ, സ്ട്രക്ചറല്‍ എന്‍ജിനീയറായ ഷാഹുല്‍ ഹമീദ് എന്നിവരാണ് സഹോദരങ്ങള്‍.
ഷീബ ഇ കെ ‘പുടവ’യോട് എഴുത്തുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു:
താങ്കളില്‍ വായന കൂടെ വന്നത് ഏത് വിധത്തിലായിരുന്നു?
. കഥകള്‍ പറഞ്ഞുതരുന്ന ഒരു വല്യുമ്മയും വായിക്കാനും എഴുതാനും താല്‍പര്യമുള്ളൊരു പിതാവുമാണ് എഴുത്തിലേക്കും വായനയിലേക്കും തിരിച്ചുവിട്ടത്. വല്യുമ്മ ഒരുപാട് കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്. പിന്നീട് അതേ കഥകള്‍ രൂപമാറ്റത്തോടെ ബാലരമയിലും മറ്റും വായിച്ചപ്പോള്‍ അഭിമാനത്തോടെ വല്യുമ്മക്കു വായിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. വീടിനു പിന്നില്‍ കുളിര്‍മലയെന്ന കുന്നും അതിനു താഴെ തൊടികളും കുളവും ഒക്കെച്ചേര്‍ന്ന ഭൂപ്രകൃതിയാണ്. അവിടെ നിന്നു ധാരാളം പഴങ്കഥകള്‍ കിട്ടി. ഹനുമാന്‍ കാലടിയുടെയും ആഭരണക്കല്ലിന്റെയും കുട്ടിച്ചാത്തന്റെയും ഗന്ധര്‍വന്റെയും കഥകള്‍. എച്ച് ആന്റ് സി പ്രസിദ്ധീകരിച്ച ‘മിസോയ് സാന്‍’ എന്ന കുട്ടികള്‍ക്കുള്ള നോവലില്‍ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഉമ്മ പറഞ്ഞുകേട്ട ജിന്നിന്റെ കഥകളും എഴുത്തിന് പ്രേരണയായി.
മാസികകളും പുസ്തകങ്ങളുമുള്ള വീടായിരുന്നു ഞങ്ങളുടേത്. ആപ്പ (ഉപ്പ) നന്നായി വായിച്ചു. വായിക്കാനും എഴുതാനും വരക്കാനും പ്രോത്സാഹനം തന്നു. ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ആദ്യം വായിച്ച പുസ്തകം ‘ഒരു ദേശത്തിന്റെ കഥ’യാണ്. വായന വല്ലാത്ത ഒരു ആവേശമായിത്തീര്‍ന്നു. കൈയില്‍ കിട്ടിയതെന്തും വായിച്ചിരുന്ന കാലം.
സാഹിത്യരംഗത്തേക്കുള്ള താങ്കളുടെ ആഗമനത്തെ കുറിച്ച്?
. വായനയുടെ ഏതോ ഒരു ഘട്ടത്തിലാണ് എഴുതിത്തുടങ്ങിയത്. കുട്ടികളെല്ലാം ചേര്‍ന്ന് നടത്തിയിരുന്ന കൈയെഴുത്തു മാസികക്കു വേണ്ടിയായിരുന്നു എഴുതാന്‍ തുടങ്ങിയത്. എഴുതാന്‍ അധികം ആളില്ലാത്തതിനാല്‍ കഥയും കവിതയും ഡിറ്റക്ടീവ് നോവലുമൊക്കെ തൂലികാനാമങ്ങള്‍ വെച്ച് എഴുതി. അന്നെല്ലാം വെറുമൊരു തമാശയായിരുന്നു അത്. കോളജില്‍ പഠിക്കുന്ന കാലത്ത് മാതൃഭൂമി ബാലപംക്തിയിലേക്ക് ‘ഇന്നലെയുടെ ബാക്കി’ എന്നൊരു കഥയെഴുതി ആരുമറിയാതെ അയച്ചത് പ്രസിദ്ധീകരിച്ചു. പലരും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ എഴുത്ത് അത്ര നിസ്സാരമല്ല എന്നു തോന്നി. നമ്മളറിയാതെ ആരുടെയൊക്കെയോ മുമ്പില്‍ നമ്മള്‍ വെളിപ്പെട്ടുപോകുന്ന ഒരു അവസ്ഥ കൂടിയാണത്. എഴുത്തിലെ തമാശ അവിടെ അവസാനിച്ചു. കടുത്ത മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്ന ഒരു കാലമായിരുന്നു അത്. സാധാരണ ടീനേജ് പെണ്‍കുട്ടികളുടേതായ കളിതമാശകളിലോ പ്രണയങ്ങളിലോ ഒന്നും തന്നെ ചേര്‍ന്നുപോകാനാവാതെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. ആരോടും പറയാനില്ല, ആര്‍ക്കും മനസ്സിലാകുന്നുമില്ല. ജീവിക്കേണ്ടതുണ്ടോ എന്നുപോലും ചിന്തിച്ചുപോയ കാലം. ഉറക്കം നഷ്ടപ്പെട്ട ഒരു മഞ്ഞുകാല രാത്രിയില്‍ മുറ്റത്തെ കരിയിലകള്‍ പറന്നുപോകുന്ന ശബ്ദവും കാതോര്‍ത്തിരിക്കുമ്പോള്‍ എവിടെ നിന്നോ ഒരമ്മയും കുഞ്ഞും മുന്നിലേക്കു വന്നു. പരീക്ഷയ്ക്കു പഠിക്കാനായി കൂട്ടിവെച്ച ന്യൂസ്പ്രിന്റ് എടുത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചു. ആശ്വാസത്തോടെ ഉറങ്ങി. രാവിലെ എഴുന്നേറ്റ് വായിച്ചപ്പോള്‍ ഞാന്‍ തന്നെയാണോ ഇതൊക്കെ എഴുതിയത് എന്നു തോന്നി. പല തവണ തിരുത്തിയെഴുതി ‘വനിത’യുടെ കഥാമത്സരത്തിന് അയച്ചു. ഒട്ടും പ്രതീക്ഷിക്കാതെ സമ്മാനം കിട്ടി. അത് വലിയൊരു വഴിത്തിരിവായിരുന്നു. ഒരുപാടു പേര്‍ കഥ വായിച്ച് കത്തുകളെഴുതി. അന്നു കിട്ടിയ സൗഹൃദങ്ങള്‍ പലതും ഇന്നും നിലനില്‍ക്കുന്നുണ്ട്.
വള്ളുവനാടന്‍ മനോഹാരിതകള്‍ ഹരിതാഭമാക്കിയ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണല്ലോ ജനനവും ജീവിതവും. എഴുത്തില്‍ സ്വന്തം ദേശത്തിന്റെയോ നാട്ടുഭാഷയുടെയോ സ്വാധീനം ഇല്ലാതെ പോയത് എന്തുകൊണ്ടാവും?
. വള്ളുവനാടിന്റെ ആസ്ഥാനമായ പെരിന്തല്‍മണ്ണയിലാണ് ജനനവും ജീവിതവും. ഇവിടെ നിന്നു കുറഞ്ഞ ദൂരമേ അയല്‍ജില്ലയായ പാലക്കാട്ടേക്കുള്ളൂ. സാധാരണ സിനിമയിലൊക്കെ കാണുന്ന വള്ളുവനാടന്‍ ശൈലിയിലുള്ള ഭാഷ ഇവിടെയൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മലപ്പുറത്തിന്റേതായ ഏറനാടന്‍ ഭാഷയും എനിക്ക് അന്യമാണ്. വള്ളുവനാടന്‍ ഭാഷയിലല്ലെങ്കിലും ഇവിടെ കണ്ടു പരിചയിച്ച ജീവിതങ്ങളില്‍ നിന്നു ധാരാളം കഥകള്‍ എഴുതിയിട്ടുണ്ട്. കനലെഴുത്തും വേനലും ഒക്കെ എനിക്കറിയാവുന്ന വള്ളുവനാടന്‍ സ്ത്രീജീവിതങ്ങള്‍ തന്നെ. സംസാരഭാഷയിലുള്ള കൃതികള്‍ വായിക്കാന്‍ എനിക്ക് പ്രയാസമാണ്. സാധാരണ ഭാഷാരീതിയിലുള്ള ആഖ്യായികകളോടാണ് ഏറെ താല്‍പര്യം. അതാവുമ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാനാവും. എഴുത്തിലും സംസാരത്തിലുമെല്ലാം ഒരേ ഭാഷയാണ് ഉപയോഗിക്കുന്നത്. അത് മനഃപൂര്‍വമല്ല താനും.
കേരള മനഃസാക്ഷിയെ നടുക്കിയ സൗമ്യ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ‘പ്ലേ സ്റ്റേഷന്‍’ എന്ന കഥ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിനു പുറമേ ഇതര ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടു. എങ്ങനെ നിരീക്ഷിക്കുന്നു?
. ‘പ്ലേ സ്റ്റേഷന്‍’ വൈകാരികമായി എനിക്ക് ഏറെ പ്രിയപ്പെട്ട കഥയാണ്. അതെഴുതുമ്പോള്‍ ഉണ്ടായിരുന്ന മാനസികാവസ്ഥയിലൂടെ ഇനിയൊരിക്കല്‍ കടന്നുപോകാന്‍ വയ്യ. മലയാളത്തിലെ മുഖ്യധാരയില്‍ പെട്ട വാരികകള്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ചെങ്കിലും ഒരുപാട് വായനക്കാര്‍ തീവ്രതയോടെ ആ കഥയെ സ്വീകരിച്ചിട്ടുണ്ട്. മറാത്തി, കന്നഡ, ഇംഗ്ലീഷ്, അസമീസ്, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചപ്പോഴും പരദേശികളായ വായനക്കാരും അതേ തീവ്രതയോടെ ആ കഥയെ സ്വീകരിച്ചു. കന്നഡയില്‍ നിന്നും തെലുങ്കില്‍ നിന്നും ഫീച്ചര്‍ ഫിലിം ചെയ്യാന്‍ ചിലര്‍ താല്‍പര്യം പറഞ്ഞിട്ടുണ്ട്. ‘പ്ലേ സ്റ്റേഷന്’ പത്മരാജന്‍ പുരസ്‌കാരവും പൊന്‍കുന്നം വര്‍ക്കി പുരസ്‌കാരവും ലഭിച്ചതും വളരെ ആഹ്ലാദകരമായ അനുഭവമാണ്.
‘വൈ ടു കെ’ എന്ന കഥയില്‍ കമ്പ്യൂട്ടറിനു പകരം വൃദ്ധ മാതാപിതാക്കളെ കൈമാറേണ്ടിവരുന്ന അജയന്റെയും ആരതിയുടെയും കഥാപരിസരം വായനക്കാരനെ വല്ലാത്തൊരു മാനസിക വിതാനത്തിലേക്ക് കൊണ്ടുപോകുന്നു. ഈ കഥയെക്കുറിച്ച്?
പുതിയ നൂറ്റാണ്ടിന്റെ പിറവി കമ്പ്യൂട്ടറുകള്‍ക്ക് ‘വൈ ടു കെ’ പ്രതിസന്ധി നല്‍കിയ കാലം. അക്കാലത്ത് കമ്പ്യൂട്ടര്‍ പ്രൊഫഷനലുകള്‍ പലരും അമേരിക്കയിലേക്കു കുടിയേറുകയുണ്ടായി. കമ്പ്യൂട്ടറിന്റെ കടന്നുവരവോടെ നമ്മള്‍ ഉപയോഗിച്ചിരുന്ന ടേപ് റെക്കോര്‍ഡര്‍, വി സി ആര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമായിത്തീര്‍ന്നു. അമേരിക്കയില്‍ കുടിയേറിയ ഏകമകനെയും കാത്ത് വിരസതയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്ന ഒരമ്മയെ അറിയാമായിരുന്നു. കാണുമ്പോഴെല്ലാം അവരുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചുനോക്കും. അങ്ങനെയാണ് ‘വൈ ടു കെ’ എന്ന കഥയുണ്ടാകുന്നത്. പഴയ സാധനങ്ങള്‍ക്കു പകരം പുതിയ കമ്പ്യൂട്ടര്‍ നല്‍കുന്ന പുതുകാലത്തിന്റെ ഏജന്റുമാര്‍ പകരം ചോദിക്കുന്നത് ഉപയോഗയോഗ്യമല്ലാതായിത്തീര്‍ന്ന പഴയ തലമുറയെയാണ്.
ജപ്പാന്‍കാരനായ മിസോയ് സാന്‍ എന്ന എന്‍ജിനീയറുമായുള്ള താങ്കളുടെ സൗഹൃദം സമ്മാനിച്ച അനുഭൂതി പകരുന്ന രചന ‘നീലലോഹിതം’ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൃദ്യമായ ആ ഓര്‍മകളെ കുറിച്ച്?
. മിസോയ് സാന്‍- പ്രകാശം നിറഞ്ഞ ഒരു സൗഹൃദമായിരുന്നു അത്. ജോലി ആവശ്യാര്‍ഥം കേരളത്തില്‍ വന്ന മിസോയ് സാന്‍ ഉള്‍പ്പെടെയുള്ള ആറു ജപ്പാന്‍കാര്‍ ഞങ്ങളുടെ വീടിനടുത്താണ് താമസമാക്കിയത്. എന്റെ പ്രായമുള്ള ഒരു മകളുണ്ടായിരുന്നതു കൊണ്ടുകൂടിയാവാം തീവ്രമായ ഒരു ബന്ധം മിസോയ് സാനും എനിക്കും ഇടയിലുണ്ടായത്. ഭാഷയുടെയും ഭൂഖണ്ഡങ്ങളുടെയും പ്രായത്തിന്റെയും അന്തരമില്ലാതെ ജന്മാന്തരബന്ധം പോലെ തുടര്‍ന്നു അത്.
എനിക്ക് 11 വയസ്സ് ഉള്ളപ്പോഴാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചുപോയി. വീണ്ടും ഒന്നുകൂടി വന്നു. പിന്നെ 19 വര്‍ഷം കഴിഞ്ഞു വീണ്ടും വരാനുള്ള പ്ലാനില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത ഒരു മലപ്പുറം സ്വദേശി ഉണ്ടായിരുന്നു. അതുവഴി ഞങ്ങള്‍ വീണ്ടും കണക്ടായിരുന്നു. യാത്ര പ്ലാന്‍ ചെയ്ത ശേഷം പെട്ടെന്ന് ഉദരത്തിന് കാന്‍സര്‍ വന്ന് മിസോയ് സാന്‍ പോയി. അസുഖം ഉള്ളത് അറിഞ്ഞിരുന്നില്ല.
ടോക്കിയോക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് മിസോയ് സാന്റെ മരണശേഷം താമസം മാറുന്നതിനു മുമ്പ്, അദ്ദേഹം ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പേഴ്സും കറന്‍സികളുമെല്ലാം മിസോയ് സാന്റെ ഭാര്യ എനിക്കു കൊടുത്തയച്ചിട്ടുണ്ട്. 35 കൊല്ലം പഴക്കമുള്ള തുകല്‍ പേഴ്‌സ് ഇപ്പോഴും പുത്തന്‍ പോലെ എന്റെ കൈയിലുണ്ട്.
ടോക്കിയോയില്‍ ഞങ്ങളുടെ ഒരു കോമണ്‍ ഫ്രണ്ട് ഉണ്ടായിരുന്നു. അയാള്‍ മിസോയ് സാന്റെ വീട്ടില്‍ പോയി എന്റെ ബുക്ക് കൊടുത്തു. മിസോയ് സാനെക്കുറിച്ചുള്ള കഥയുള്ള ‘നീലലോഹിതം’ എന്ന പുസ്തകം അദ്ദേഹത്തിന്റെ വീട്ടില്‍ മരിച്ചവര്‍ക്കു പ്രിയപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുന്ന പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 1987ലാണ് മിസോയ് സാന്‍ ഇന്ത്യയില്‍ വന്നത്. 2006 ഒക്ടോബര്‍ 18ന് മരണവാര്‍ത്ത വന്നു. ‘നീലലോഹിതം’ ഇറങ്ങിയത് 2013ല്‍. അതിനു ശേഷമാണ് പുസ്തകം ടോക്കിയോവില്‍ എത്തിയതും ആ പേഴ്‌സ് എനിക്ക് കിട്ടിയതും. ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ വരുമെന്നുറപ്പിച്ച സമയത്തുതന്നെ മരണം മിസോയ് സാനെ എന്നില്‍ നിന്നു വേര്‍പെടുത്തി. 35 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ കാലം ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുകള്‍ നിറയും. വല്ലാത്ത വേദനയാണ് ഈ ഓര്‍മകള്‍ പോലും. മിസോയ് സാനെക്കുറിച്ചുള്ള പുസ്തകം എഴുതി പൂര്‍ത്തീകരിച്ചത് കോവിഡ് കാലത്താണ്.
‘നീര ഒരു വേനല്‍ക്കാല സ്വപ്‌ന’ത്തിലെ തപന്‍, ‘ഗ്രീഷ്മകാല’ത്തിലെ അന്ന, ‘ബുദ്ധനും വ്യാളിയും’ എന്ന കഥയിലെ സലോന തുടങ്ങി ഓരോ കഥാപാത്രങ്ങളും അടിമുടി വ്യത്യസ്തരാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ എങ്ങനെയാണ് പിറവിയെടുക്കുന്നത്?
. കഥാപാത്രങ്ങള്‍ മുന്നില്‍ വന്നുപെടുകയാണ് ചെയ്യുന്നത്. കഥ തിരഞ്ഞ് എവിടെയും പോയിട്ടില്ല. വന്ന കഥയെ എഴുതിവെക്കുകയേ ചെയ്തിട്ടുള്ളൂ. അതുകൊണ്ടാണ് നിരന്തരം എഴുതാന്‍ കഴിയാത്തതും. യാത്രകളില്‍, റോഡില്‍, ദൈനംദിന ജീവിതത്തില്‍ ഒക്കെ യാദൃച്ഛികമായി കഥാപാത്രങ്ങള്‍ കടന്നുവരാറുണ്ട്. അവര്‍ക്കു ചേര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങളും അറിയാതെ കടന്നുവരും. ഹോസ്പിറ്റല്‍ ബസ്‌സ്റ്റോപ്പില്‍ നിന്നു നിരന്തരം സംസാരിച്ചുകൊണ്ട് ചടുലതയോടെ ബസില്‍ കയറിയ വാര്‍ധക്യത്തോടടുക്കുന്ന രണ്ടു സ്ത്രീകളെ കണ്ടതില്‍ നിന്നാണ് ‘പതിനാറു വയതിനിലെ’ എന്ന കഥ ജനിച്ചത്. അവര്‍ ആരെന്നോ എന്തെന്നോ അറിയില്ല. ഏതാണ്ട് അഞ്ചു മിനിറ്റിന്റെ ദൂരം മാത്രമേ ഞാന്‍ അവര്‍ക്കൊപ്പം യാത്ര ചെയ്തിട്ടുള്ളൂ. എന്നിട്ടും ബസില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ എന്റെയുള്ളില്‍ ഒരു കഥയായി രൂപപ്പെട്ടിരുന്നു. കഥയുടെ കൈവഴികള്‍ പ്രവചനാതീതമാണ്. നമുക്ക് അജ്ഞാതമായ ഏതൊക്കെയോ ഭൂമികകള്‍, ആളുകള്‍ ഒക്കെ എവിടെ നിന്നോ നമ്മെത്തേടി വരുന്നു.
രണ്ട് ദശാബ്ദത്തിലേറെ ദീര്‍ഘിച്ച സാഹിത്യയാത്രയെ എങ്ങനെ വിലയിരുത്തുന്നു?
. രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം മലയാള സാഹിത്യം ഒരുപാട് മാറിയിരിക്കുന്നു. നല്ലതും ചീത്തയുമായ ഒരുപാടു മാറ്റങ്ങള്‍ എല്ലാ രംഗത്തുമുള്ള പോലെ സാഹിത്യത്തിലുമുണ്ട്. പുതിയ എഴുത്തുകാര്‍ ദിനംപ്രതി വരുന്നു. എഴുത്തില്‍ ധാരാളം പരീക്ഷണങ്ങള്‍ നടക്കുന്നു. പുതിയ വിഷയങ്ങള്‍ വരുന്നു. പലവിധത്തിലുള്ള ഹൈപ്പുകള്‍ വരുന്നു. പ്രശസ്തിയും വില്‍പനയും വര്‍ധിപ്പിക്കാന്‍ മാത്രമായി ധാരാളം മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ വരുന്നു. സോഷ്യല്‍ മീഡിയയും മറ്റും ഇല്ലാത്ത കാലത്താണ് എഴുതിത്തുടങ്ങിയതും പുസ്തകം വരുന്നതും. അന്നുമിന്നും ഇത് പുറംലോകം കാണേണ്ട സൃഷ്ടി തന്നെയാണോ എന്ന വേവലാതിയോടെ മാത്രമേ ഒരു കഥ/ പുസ്തകം പ്രസിദ്ധീകരണത്തിന് അയക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. മലയാള സാഹിത്യത്തിന് ഞാനില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ ഓരോ രചനയും വെളിച്ചപ്പെടുന്നതിന്റെ ആവശ്യകതയെന്തെന്ന് ഈയിടെയായി അധികം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എഴുത്ത് സ്വകാര്യമായ ഒരു ആഹ്ലാദമാണ്. അതേസമയം ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് കൂടിയാണത്. വായനക്കാരി മാത്രമായി ജീവിച്ചിരുന്നെങ്കില്‍ ജീവിതം കുറച്ചുകൂടി ആശ്വാസകരമാകുമായിരുന്നു എന്നു തോന്നാറുണ്ട്. എഴുത്ത് വന്നുകഴിഞ്ഞാല്‍ എഴുതിയാലും ഇല്ലെങ്കിലും നമുക്കു മുറിവേറ്റു കഴിഞ്ഞു. അതുണങ്ങണമെങ്കില്‍ നമ്മള്‍ ഇല്ലാതാവണം.
‘താമസി’യില്‍ തുടങ്ങിയ സര്‍ഗസപര്യയില്‍ ഒട്ടേറെ മികച്ച കഥകളും നോവലുകളും താങ്കള്‍ എഴുതിയല്ലോ. ഏത് സാഹിത്യരൂപമാണ് കൂടുതല്‍ ആത്മസുഖം നല്‍കുന്നത്?
. എന്റെ ചെറുകഥകള്‍ക്ക് ദൈര്‍ഘ്യം കുറവാണ്. നിരവധി തിരുത്തലുകള്‍ വരുത്തി ചെറുതാക്കിയെടുക്കുകയാണ് പതിവ്. കഥകള്‍ എഴുതിക്കഴിയുമ്പോള്‍ അതില്‍ നിന്നു വേഗത്തില്‍ മുക്തി നേടാന്‍ കഴിയാറുണ്ട്. നോവല്‍ പക്ഷേ പെട്ടെന്ന് എഴുതിത്തീര്‍ക്കാന്‍ കഴിയില്ല. ഓഫീസിന്റെയും വീടിന്റെയുമെല്ലാം ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ എഴുത്തിന്റെ ഒഴുക്ക് നിലനിര്‍ത്താന്‍ വലിയ പ്രയാസമാണ്. കാര്യങ്ങള്‍ അടുക്കും ചിട്ടയുമായി എഴുതാന്‍ വെമ്പിനില്‍ക്കുന്ന നേരത്ത് ചിലപ്പോള്‍ ഔദ്യോഗികമായി ഭാരിച്ച എന്തെങ്കിലും ജോലികള്‍ വന്നുചേരും. അന്നേരം എഴുത്തിനെ വിട്ട് അതിന്റെ പിറകെ പോകാതെ വയ്യ. നോവല്‍ എഴുതി പൂര്‍ത്തിയാക്കുന്നതുവരെ ആധിയാണ്. മുഴുമിപ്പിക്കാന്‍ കഴിയുമോ, അതുവരെ ജീവിച്ചിരിക്കുമോ എന്നെല്ലാം തോന്നും. എങ്കിലും നോവലെഴുതുന്ന കാലങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നു. ‘മഞ്ഞനദികളുടെ സൂര്യന്‍ ‘എഴുതുന്ന കാലത്ത് നക്‌സല്‍ കാലഘട്ടത്തിന്റെ കഥകള്‍ തേടി ചെയ്ത യാത്രകള്‍, സംസാരിച്ച വ്യക്തികള്‍… മൂന്നു നാലു വര്‍ഷങ്ങള്‍ അതിനു പിറകെയായിരുന്നു. കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കുന്ന കാലങ്ങളാണവ. അവര്‍ എപ്പോഴും നമ്മുടെ കൂടെ ചേര്‍ന്നുനടക്കുന്നുണ്ടാവും. ആധികളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നുണ്ടാവും. അക്കാലങ്ങളില്‍ എത്രയോ തവണ കഥാപാത്രങ്ങളോട് സംസാരിച്ചിട്ടുണ്ട്.
പാകിസ്താനി എഴുത്തുകാരി ഖൈ്വസ്‌റ ഷഹറാസിന്റെ ‘ടൈഫൂണ്‍’ എന്ന നോവല്‍, ഇന്ത്യന്‍ എഴുത്തുകാരി അഞ്ജലി ജോസഫിന്റെ ‘സരസ്വതി പാര്‍ക്ക്’, വിയറ്റ്‌നാം ബുദ്ധസന്യാസി തിച് നാത് ഹാനിന്റെ ‘The Novice’, ഫാതിമ മെര്‍നീസിയുടെ Beyond the Veil തുടങ്ങിയവയിലൂടെ വിവര്‍ത്തന സാഹിത്യത്തില്‍ കയ്യൊപ്പ് ചാര്‍ത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടല്ലോ. വിവര്‍ത്തനം എത്രമാത്രം സര്‍ഗാത്മകമായ അനുഭവമാണ്?
. സ്വന്തമായി എഴുതുന്നതിനേക്കാള്‍ ഉത്തരവാദിത്തമുള്ള ജോലിയാണ് വിവര്‍ത്തനം. മറ്റൊരു ദേശത്ത്, ഭാഷയില്‍, സംസ്‌കാരത്തില്‍, ജീവിക്കുന്ന ഒരു വ്യക്തി എഴുതിയതിന്റെ ആശയം ചോര്‍ന്നുപോകാതെ മൊഴിമാറ്റം ചെയ്യുമ്പോള്‍ വളരെയധികം പ്രയാസങ്ങളുണ്ട്. സ്വന്തം രചനകളും ജോലിയും മറ്റും ചേര്‍ന്ന് സമയക്കുറവ് ഉള്ളതിനാല്‍ ഇപ്പോള്‍ വിവര്‍ത്തനം ചെയ്യുന്നില്ല. തിച് നാത് ഹാനിന്റെ ‘ദി നൊവിസ്’ (ബ്രഹ്മചാരിണി) വിവര്‍ത്തനം ചെയ്തത് ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു.
ഒരു സൃഷ്ടി എഴുതാനിരിക്കുമ്പോഴും അത് പൂര്‍ത്തീകരിക്കുമ്പോഴും അനുഭവിക്കുന്ന മാനസികാവസ്ഥകള്‍?
. എഴുതാനിരിക്കുമ്പോള്‍ ആധികള്‍, ആശങ്കകള്‍ മാത്രമാണ്. ഒരു കഥയുടെ ആദ്യത്തെ ഡ്രാഫ്റ്റ് വളരെയധികം വികലമായ ഒന്നായിരിക്കും. എങ്കിലും അത് കമ്പ്യൂട്ടറില്‍ പകര്‍ത്തിയിടുന്നതോടെ ഹൃദയഭാരം കുറയുന്നു. പിന്നീടെപ്പോഴെങ്കിലും അത് തിരുത്താം എന്നൊരാശ്വാസം കൂടിയുണ്ട്. അതേസമയം, കഥ വന്ന് എഴുതാന്‍ വെമ്പിനില്‍ക്കുമ്പോള്‍ ഒട്ടും എഴുതാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഔദ്യോഗികമായും വ്യക്തിപരമായും ഉണ്ടാകാറുണ്ട്. ഒരിക്കലും എഴുതാനാവാതെ മറവിക്കു വിട്ടുകൊടുക്കേണ്ടി വന്ന എത്രയോ കഥകള്‍! എഴുതിയതിനേക്കാള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതെ പോയവയാണ്.
സ്ത്രീ എന്ന നിലയില്‍ എഴുത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും വെല്ലുവിളികള്‍ നേരിടുന്നുണ്ടോ? ഉണ്ടെങ്കില്‍ അവ എങ്ങനെ മറികടക്കുന്നു?
. സ്ത്രീയാണെന്നു കരുതി എന്തെങ്കിലും പ്രത്യേകിച്ച് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്തിട്ടില്ല. എഴുതുമ്പോള്‍ സ്ത്രീ, പുരുഷന്‍ എന്നൊന്നും തോന്നിയിട്ടില്ല. ചിലപ്പോള്‍ സ്ത്രീയുടെ മാനസികാവസ്ഥയില്‍, മറ്റു ചിലപ്പോള്‍ പുരുഷന്റെ ഭാഗത്തു നിന്നു ചിന്തിച്ചാണ് എഴുതാറ്. സ്ത്രീ ചിലത് എഴുതിയാല്‍ മാര്‍ക്കറ്റുണ്ട് എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചവരുണ്ട്. മാര്‍ക്കറ്റ് ലക്ഷ്യമാക്കി എഴുതാന്‍ താല്‍പര്യം ഇല്ലെന്നു പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തിട്ടുള്ളത്. സ്ത്രീയാണ് എന്നതുകൊണ്ട് എഴുതാന്‍ തോന്നിയതൊന്നും ഇതുവരെ എഴുതാതിരുന്നിട്ടില്ല.
താങ്കളുടെ ഔദ്യോഗിക ജീവിതത്തിരക്കുകള്‍ എഴുത്തുലോകവുമായി എങ്ങനെ സമരസപ്പെടുന്നു?
. ആത്മാവിനെ ജീവിപ്പിക്കുന്നത് എഴുത്താണെങ്കില്‍ ഭൗതികമായി ജീവിപ്പിക്കുന്നത് ജോലി തന്നെയാണ്. സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ജോലി ചെയ്യുമ്പോള്‍ അതിന്റേതായ വിഷമതകള്‍ ഉണ്ടാകാറുണ്ട്. എന്തെങ്കിലും എഴുതാന്‍ വെമ്പിനില്‍ക്കുമ്പോള്‍ അടിയന്തരമായി ചെയ്യേണ്ടിവരുന്ന ജോലികള്‍ പലപ്പോഴും കടുത്ത സ്ട്രെസ് ഉണ്ടാക്കാറുണ്ട്. എഴുത്തുകാര്‍ മറ്റു ജോലികളില്‍ അലസതയുള്ളവരാണ് എന്നൊരു ചീത്തപ്പേര് പലപ്പോഴും കേട്ടിട്ടുണ്ട്. അത് ഉണ്ടാവാതിരിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ജോലിക്കു തന്നെയാണ് മുന്‍ഗണന കൊടുക്കുന്നത്. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കുന്നതും ഒരു കഥയെഴുതി പൂര്‍ത്തിയാക്കുന്നതുപോലുള്ള സൗഖ്യം തരുമെന്നാണ് അനുഭവം. സാഹിത്യവുമായി ബന്ധമില്ലാത്ത മേഖലയില്‍ പഠിച്ചതും ജോലി ചെയ്യുന്നതും മാനസികാവസ്ഥയെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒരു സ്വപ്നജീവിയായിപ്പോകുമായിരുന്നു ഞാന്‍.
എഴുത്തിലെ വരുംകാല സ്വപ്‌നങ്ങള്‍?
വായന പോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ എഴുത്തിനേക്കാള്‍ കൂടുതല്‍ നടക്കുന്നത്. പുസ്തകങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഹൃദയം തൊടുന്നവ എവിടെയോ മറഞ്ഞുകിടപ്പാണ്. ഏതോ ഒരു ബുക്‌ഷെല്‍ഫില്‍ എനിക്കു വേണ്ട പുസ്തകം കാത്തിരിക്കുന്നുണ്ട് എന്ന തോന്നലിലാണ് ഓരോ പുസ്തകവും എടുത്തുനോക്കുന്നത്. മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മൂലം നല്ലതും ചീത്തയും ഏതെന്നു തിരഞ്ഞെടുക്കാന്‍ പ്രയാസമാണ്. കൂടുതല്‍ വായിക്കണം, കുറച്ച് എഴുതണം എന്നാണ് എഴുതാന്‍ ആരംഭിച്ചതു മുതല്‍ കേള്‍ക്കുന്നതും. രണ്ടു കഥാസമാഹാരങ്ങള്‍, ഒരു യാത്രാപുസ്തകം, കുട്ടികള്‍ക്കുള്ള നോവല്‍ അങ്ങനെ നാലു പുസ്തകങ്ങളാണ് അവസാനം (2020) വന്നത്. രണ്ടു വര്‍ഷമായി അത് പ്രസിദ്ധീകരിച്ചിട്ട്. പുതിയൊരു കഥാസമാഹാരം വരാനുണ്ട്.