LoginRegister

കടന്നുപോയത് ചരിത്രമായ വര്‍ഷം

സരിത മാഹിന്‍

Feed Back


കണ്ണടച്ചുതുറക്കും വേഗത്തില്‍ ഒരു വര്‍ഷം കൂടി പിന്നിടുകയാണ്. ഒരു കാര്യത്തില്‍ നാം പതിയെ ആശ്വസിച്ചുവരികയായിരുന്നു. മിക്ക രാജ്യങ്ങളിലും കോവിഡ് 19 എന്ന മഹാമാരിയുടെ ആധിക്യം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ ആശ്വാസത്തിന് വകയില്ലെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്. ചൈനയില്‍ കോവിഡിന് കീഴടങ്ങുന്നവരുടെ മൃതദേഹം മറവു ചെയ്യാന്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും നാം കണ്ടു. ഇത് എത്രമാത്രം വിശ്വസനീയമാണ് എന്നത് തര്‍ക്കവിഷയമാണെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. കോവിഡ് 2023ലും അതിന്റെ സാന്നിധ്യം തുടരും.
ഭാവിയിലെ ചരിത്രകാരന്‍മാരെ സംബന്ധിച്ച് വളരെ സുപ്രധാനമായ വര്‍ഷമാണ് 2022. അവര്‍ക്കിത് ഒരു യുഗത്തിന്റെ അന്ത്യവും മറ്റൊന്നിന്റെ തുടക്കവുമായിരിക്കും. ന്യൂക്ലിയര്‍ ബോംബ് വര്‍ഷ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു യുദ്ധം കൂടി യൂറോപ്പില്‍ തിരിച്ചെത്തുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധവും ഇന്ന് അടഞ്ഞ അധ്യായമാണ്. എന്തുകൊണ്ടും തീര്‍ത്തും നാടകീയമായ ഒരു വര്‍ഷമാണ് 2022.
റഷ്യ, ഉക്രെയ്ന്‍ യുദ്ധം

റഷ്യ, ഉക്രെയ്ന്‍ ആക്രമിച്ചതാണ് 2022ലെ പ്രധാന സംഭവം. പലരും ഇതിനെ മൂന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം എന്നാണ് വിളിച്ചത്. സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിട്ട് റഷ്യയും തങ്ങള്‍ക്കാവുംവിധം ചെറുത്തുനില്‍ക്കുന്ന ഉക്രെയ്‌നിനെയും കാണുമ്പോള്‍ ഇതൊരു മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള വഴിയൊരുക്കമാണെന്ന് കരുതുന്നതില്‍ തീര്‍ത്തും അതിശയോക്തിയില്ല. രണ്ടുഭാഗത്തും നിരവധി നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിക്കുന്നുണ്ട്. അതിനേക്കാള്‍ ഏറെ പേര്‍ അഭയാര്‍ഥികളാവുന്നുണ്ട്. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് അനുഭവിക്കുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്‌നമാണ് ഇത് എന്നാണ് യുഎന്‍എച്ച്‌സിആര്‍ റിപോര്‍ട്ട് ചെയ്യുന്നത്. റഷ്യയിലെയും ഉക്രെയ്‌നിലെയും ജനങ്ങള്‍ പലായനം ചെയ്യുമ്പോള്‍ മറ്റുള്ള രാജ്യങ്ങളിലെ സാധാരണക്കാര്‍ യുദ്ധത്തിന്റെ തിക്തഫലങ്ങളായ വിലക്കയറ്റക്കിലും ദാരിദ്ര്യത്തിലും പെട്ടുഴലുകയാണ്.
കുരങ്ങുപനി
കോവിഡ് 19 മഹാമാരിയോട് ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു മാരകമായ അസുഖമാണ് കുരങ്ങുപനി. മെയ് 2022ഓടെ 110 രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഡിസംബര്‍ 15 ഓടെ 82,828 കേസുകള്‍ ആഗോളതലത്തില്‍ റിപോര്‍ട്ടു ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ദ്രൗപതി മുര്‍മു
ഇന്ത്യയില്‍ ദ്രൗപതി മുര്‍മു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായി സ്ഥാനമേറ്റതാണ് ഇന്ത്യ കണ്ട ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ മാറ്റം. ഉപരാഷ്ട്രപതിയായി ജയ്ദീപ് ധന്‍കറും സ്ഥാനമേറ്റു.
ലോകകപ്പ്
ഖത്തറില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് 2022 എന്തുകൊണ്ടും വ്യത്യസ്തവും നൂതനവുമായ അനുഭവമായിരുന്നു ലോകത്തിന്. ഒപ്പം ചരിത്രത്തില്‍ ഇടംപിടിച്ച നിരവധി തുടക്കങ്ങള്‍ക്ക് ഖത്തര്‍ വേദിയായി. അതിലെ സുപ്രധാനമായ മാറ്റമായിരുന്നു വനിതാ റഫറിമാരുടെ സാന്നിധ്യം. ഗ്രൂപ്പ് മല്‍സരങ്ങളിലെ അവസാന മത്സരമായ ജര്‍മനി-കോസ്റ്ററിക്ക മാച്ച് എന്തുകൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ ഒന്നായി. ഒന്ന് അത് ജര്‍മനിയുടെ ലോകകപ്പ് മോഹത്തെ തല്ലിക്കെടുത്തിയ മത്സരമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ പ്രധാനം അത് നിയന്ത്രിച്ചത് മൂന്ന് സ്ത്രീകളായിരുന്നു.
സുവ്യക്തമായ പ്ലാനിങും കര്‍ശനമായ നിയന്ത്രണങ്ങളുമൊക്കെ ഈ ലോകകപ്പിനെ മികവുറ്റതാക്കി. എന്നാല്‍ ഏറ്റവും മിഴിവാര്‍ന്ന കാഴ്ച 36 വര്‍ഷമായി കാത്തിരുന്ന ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കുന്നതായിരുന്നു. ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ആസ്വാദകരുടെ സാന്നിധ്യം കണ്ട് ഫിഫ പോലും അന്തംവിട്ടു. സാക്ഷാല്‍ അര്‍ജന്റീന പോലും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് നന്ദി പറഞ്ഞു.
മാറുന്ന ലോകം
ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. വെറും 42 ദിവസത്തെ ആയുസ്സേ ആ സ്ഥാനത്തിനുണ്ടായിരുന്നുള്ളൂ. ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച ലിസ് ട്രസ് രാജിവെച്ച ഒഴിവില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് നടന്നുകയറിയത് ഇന്ത്യന്‍ വംശജനായ ഋഷി സുനകാണ് എന്നതും ചരിത്രം. ഒരു വര്‍ഷത്തിനിടെ മൂന്നു പ്രധാനമന്ത്രിമാര്‍ ബ്രിട്ടനില്‍ സ്ഥാനമേറ്റു. അതിനിടെ, യുദ്ധാനന്തര ആഗോളമാന്ദ്യവും സാമ്രാജ്യത്വത്തില്‍ നിന്ന് കോമണ്‍വെല്‍ത്തിലേക്കുള്ള മാറ്റം, ശീതയുദ്ധം, ബ്രെക്‌സിറ്റ് എന്നിവക്കെല്ലാം സാക്ഷ്യം വഹിച്ച, ദീര്‍ഘകാലം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപയായ എലിസബത്ത് രാജ്ഞി വാര്‍ധക്യസഹജമായ അസുഖത്താല്‍ മരണത്തിന് കീഴടങ്ങിയതും 2022 സെപ്തംബറിലാണ്. തുടര്‍ന്ന് അവരുടെ മകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെയും കോമണ്‍വെല്‍ത്തിന്റെയും സര്‍വാധിപനായി സ്ഥാനാരോഹണം ചെയ്തു.
ഇറാനില്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം കനക്കുകയാണ്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മെഹ്‌സ അമീനി എന്ന പെണ്‍കുട്ടി പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചതുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഇന്ത്യന്‍ രാഷ്ട്രീയം
ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയായിരുന്നു പ്രധാന ഹൈലൈറ്റ്. ഒപ്പം പുരാതനമായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രണ്ടു ദശാബ്ദത്തിനിടെ ഒരു തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രസിഡന്റിനെയും കിട്ടി: മല്ലികാര്‍ജുന ഖാര്‍ഗെ. അടുത്തിടെ നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍- നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയും പഞ്ചാബും പിടിച്ചെടുത്ത് തങ്ങളുടെ ശക്തി തെളിയിച്ചു. ഹിമാചലില്‍ ബിജെപി കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി തകര്‍ന്നെങ്കിലും ഗുജറാത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടി.
ജനസംഖ്യ
ലോക ജനസംഖ്യ നവംബര്‍ 15ന് എട്ട് ബില്യണ്‍ കടന്നുവെന്നാണ് യുഎന്‍ റിപോര്‍ട്ട് ചെയ്യുന്നത്. 177 മില്യനാണ് ഇന്ത്യയിലെ ജനസംഖ്യ. മനിലയിലെ ടോണ്‍ഡോയില്‍ പിറന്ന വിനീസ് മബാന്‍സാങ് എന്ന പെണ്‍കുട്ടിയാണ് എട്ട് ബില്യണ്‍ തികച്ചത്.
കേരളം സംഭവബഹുലം
കേരളത്തിലും സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു 2022. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പടലപ്പിണക്കമാണ് ഈ വര്‍ഷത്തെ ഇത്രയും ഹാപ്പനിങ് ആക്കി നിര്‍ത്തിയത് എന്നു പറയാം. വിഴിഞ്ഞത്ത് ജാതി-മതകക്ഷികള്‍ക്ക് അതീതമായി സ്ത്രീപുരുഷഭേദമെന്യേ അദാനിയുടെ തുറമുഖത്തിനെതിരെ ജനം രംഗത്തെത്തിയത് പ്രധാന സംഭവമായിരുന്നു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നിര്‍മിക്കാനിരുന്ന കെ-റെയിലിന്റെ സര്‍വേയും കല്ലിടലുമൊക്കെ കേരളത്തെ ഇളക്കിമറിച്ചു.
ഒളിമ്പ്യന്‍ പി ടി ഉഷയെ രാജ്യസഭയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലിലേക്ക് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍ നാമനിര്‍ദേശം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് പി ടി ഉഷ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top