ഒരിക്കല്‍ രാജാവ് തന്റെ സദസ്സിലുള്ള ഉപദേശകന്മാരെ വിളിച്ചുവരുത്തി. പുതിയ തലമുറക്ക് പകര്‍ന്നു കൊടുക്കാനായി കാലം മനുഷ്യന് നല്‍കിയ വിജ്ഞാനം സമാഹരിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഏറെ നാളുകള്‍ അവര്‍ പരിശ്രമിച്ചു. അതിന്റെ ഫലമായി ശേഖരിച്ച വിജ്ഞാനം അവര്‍ പല പുസ്തകങ്ങളിലായി രാജാവിന് സമര്‍പ്പിച്ചു.
രാജാവ് പറഞ്ഞു: ”ഇത്രയും പുസ്തകങ്ങള്‍ വായിക്കാന്‍ ആരും താല്പര്യപ്പെടില്ല. അതുകൊണ്ട് ഈ വിജ്ഞാന സമാഹാരം സംക്ഷിപ്ത രൂപത്തില്‍ കൊണ്ടുവരണം.”
രാജാവ് ആവശ്യപ്പെട്ടത് പ്രകാരം അവര്‍ തിരിച്ചുപോയി. ആ വിജ്ഞാന സമ്പത്ത് മുഴുവന്‍ ഒരു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രാജാവിന് സമര്‍പ്പിച്ചു. പക്ഷേ രാജാവ് ഇതുകൊണ്ട് തൃപ്തനായില്ല. അപ്പോള്‍ അവര്‍ രാജാവിനു വേണ്ടി ആ വിജ്ഞാന സമ്പത്ത് ഒരു അധ്യായമായി കുറച്ചു കൊണ്ടുവന്നു. ഒരു പേജ് പോലും ദീര്‍ഘമേറിയതാണെന്ന് അഭിപ്രായം രാജാവ് ഉപദേശകന്മാരോട് തുറന്നു പറഞ്ഞു. അവസാനം അവര്‍ ഒരു വാചകം രാജാവിന് എഴുതിക്കൊടുത്തു.
”ആര്‍ക്കും സൗജന്യമായി ഒന്നും നേടാനാവില്ല.”
ഈ വാചകം രാജാവിനെ ഏറെ ചിന്തിപ്പിച്ചു. തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ വിജ്ഞാനശകലമായി ഇത് തിരഞ്ഞെടുക്കുകയും ചെയ്തു.
ജീവിത വഴിയില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ നിരന്തര പരിശ്രമം അനിവാര്യമാണ്. ഫലപ്രാപ്തി ഉണ്ടാകുന്നതുവരെപരിശ്രമം തുടരാനുള്ള ക്ഷമയാണ് വേണ്ടത്. എന്നാല്‍ വിജയത്തിന് കുറുക്കു വഴികള്‍ തേടുന്നവരുണ്ട്. പരിശ്രമത്തിനോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇക്കൂട്ടര്‍ എളുപ്പത്തിലുള്ള പരിഹാരമാര്‍ഗങ്ങളാണ് എപ്പോഴും തേടുന്നത്. ക്ലേശം സഹിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ജീവിത വഴിയില്‍ വിജയത്തിനുള്ള വാതില്‍ തുറക്കപ്പെടും. മനുഷ്യന്റെ സൃഷ്ടിപ്പാകട്ടെ ലക്ഷ്യം നേടുന്നത് വരെ പ്രയാസം സഹിക്കാനുള്ള പ്രകൃതത്തിലാണ്. തീര്‍ച്ചയായും പ്രയാസത്തോടാപ്പം എളുപ്പമുണ്ടെന്ന ദൈവിക വചനം (94:5) അവന്റെ പ്രയാണത്തിന് കരുത്തും പ്രതീക്ഷയുമാണ്.
കര്‍മവിമുഖരായി കുറുക്കുവഴികളിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചാല്‍ പരാജയവും നഷ്ടവുമാണ് നമ്മെ കാത്തിരിക്കുന്നത്.
സൗകര്യങ്ങളുടെ ആധിക്യത്തില്‍ നാം കര്‍മവിമുഖരായി കൂടാ. എല്ലാറ്റിനും കുറുക്കുവഴികള്‍ മാത്രം തേടുന്ന മനുഷ്യനും ജീവിതത്തില്‍ നഷ്ടബോധത്താല്‍ നിരാശപ്പെടേണ്ടിവരും.