LoginRegister

ഒറ്റക്കു കണ്ട സ്വപ്നങ്ങള്‍

ഹാറൂന്‍ കക്കാട്‌

Feed Back

ഫര്‍സാനയുടെ എഴുത്തും ജീവിതവും

ജീവിതത്തിന്റെ അടുപ്പുകളില്‍ വേവുന്ന വ്യത്യസ്ത അവസ്ഥകളുടെയും അനുഭവങ്ങളുടെയും ആഴവും പരപ്പും ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുന്ന മലയാളത്തിലെ പുതുതലമുറയിലെ ശ്രദ്ധേയ കഥാകൃത്താണ് ഫര്‍സാന. ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രകൃതിയെയും ജീവിതത്തെയും ഹൃദ്യമായി കോറിയിടുക മാത്രമല്ല, വായനക്കാര്‍ക്ക് ഇടപെടലിനുള്ള കഥാസന്ദര്‍ഭങ്ങള്‍ അവശേഷിപ്പിച്ച് അപാരമായ ആസ്വാദന സാധ്യതകള്‍ തുറന്നിടുക കൂടി ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുന്നുണ്ട് ഈ എഴുത്തുകാരി. അസൂയാര്‍ഹമായ രചനാകൗശലത്തിന്റെ കരുത്തും അടുക്കും ചിട്ടയോടെയുമുള്ള ആഖ്യാനശൈലിയും വായനക്കാരെ ഹഠാദാകര്‍ഷിക്കുന്നവയാണ്.
പുസ്തകങ്ങള്‍ ഇലഞ്ഞിപ്പൂമണമുള്ള രസമുള്ള ഓര്‍മകളായി നിറഞ്ഞുനില്‍ക്കുന്നു ഈ പ്രതിഭയുടെ ബാല്യകാലത്തിന്റെ നാള്‍വഴികളില്‍! വിസ്മയ നഗരമായ ദുൈബയില്‍ നിന്ന് മധുരാര്‍ദ്രമായ എഴുത്തുജീവിതം പങ്കുവെക്കുകയാണ് ഫര്‍സാന. ‘പുടവ’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

വായനയെ കൂടെ കൂട്ടാന്‍ ഓരോ മനുഷ്യനും ഓരോ കാരണമുണ്ടായിരിക്കും. അത് അവരുടെ ബാല്യവുമായി ബന്ധപ്പെട്ടതാവാം. അമ്മയുടെയും മുത്തശ്ശിയുടെയും മടിയില്‍ തലവെച്ച്, ഓര്‍മയുറക്കുന്നതിനും മുമ്പ് കേട്ട കഥകളില്‍ നിന്ന് ആ കൗതുകങ്ങള്‍ തുടങ്ങിയിരിക്കാം. താങ്കളില്‍ വായന ഒപ്പം കൂടിയത് ഏത് വിധത്തിലായിരുന്നു?
ഈ ചോദ്യത്തിന് ഉത്തരമായി എടുക്കാവുന്ന ചില വരികള്‍ ‘എല്‍മ’ എന്ന എന്റെ ആദ്യ നോവലിന്റെ ആമുഖമായി എഴുതിയിട്ടുണ്ട്. ‘അകാരണമായും അല്ലാതെയും പില്‍ക്കാലത്ത് ആത്മാവിനെ എടുക്കാന്‍ പോകുന്ന പീഡകളെ തണുപ്പിക്കാനുള്ള ഉപാധിയാവാം അക്ഷരങ്ങളെന്ന് കുഞ്ഞിലേ തോന്നിയിട്ടുണ്ടാവാം’ എന്ന്.
കഥകള്‍ കേട്ട് വളര്‍ന്ന, അല്ലെങ്കില്‍ ഉറങ്ങിയ കുട്ടി അല്ലായിരുന്നു ഞാന്‍. കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ എന്ന് സമൂഹം കരുതിപ്പോന്നവര്‍ എന്നും സ്ത്രീകളാണല്ലോ. ഉമ്മയും മൂത്തമ്മയും വല്ലിമ്മച്ചിയുമായിരുന്നു എനിക്കു ചുറ്റും കറങ്ങിയ സ്ത്രീകള്‍. അവരെന്നും അടുക്കളച്ചൂടിലായിരുന്നു. അവര്‍ മാത്രമല്ല, പത്തിരി ചുട്ടും ഇറച്ചിക്കറിയുടെ സ്വാദ് കൂട്ടിയും ജീവിതരസങ്ങളെ രുചിക്കാന്‍ അമ്പേ മറന്നുപോയ സ്ത്രീകളായിരുന്നു എന്നും എനിക്കു ചുറ്റും.
അക്ഷരങ്ങള്‍ പഠിക്കാന്‍ വാശിയായിരുന്നു. ക്ലാസില്‍ ടീച്ചര്‍ പഠിപ്പിക്കാന്‍ പോകുന്ന ഭാഗങ്ങള്‍ തലേന്ന് രാത്രി തന്നെ ഉമ്മയില്‍ നിന്ന് പഠിച്ചെടുക്കുമായിരുന്നു. അക്ഷരങ്ങള്‍ സ്വായത്തമാക്കിയ ശേഷം കാണുന്ന എന്തിലും, കേള്‍ക്കുന്ന ഏതിലും കഥകളെ ചികയാന്‍ ആരംഭിച്ചു. അന്നൊന്നും വീട്ടില്‍ ബാലപ്രസിദ്ധീകരണങ്ങള്‍ പതിവില്ല. അല്‍പം മാറിയുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ അക്കാലത്ത് എല്ലാ ആഴ്ചയിലും എത്തിയ ‘ബാലചന്ദ്രിക’ എന്റെ കണ്ണില്‍പ്പെട്ടു. അന്നത്തെ പ്രായം ഏഴായിരുന്നിരിക്കാം. സ്‌കൂള്‍ വിട്ടാല്‍ ഓടിച്ചെന്ന് ഒറ്റയിരിപ്പില്‍ ‘ബാലചന്ദ്രിക’ മുഴുവനും വായിച്ചുതീര്‍ക്കും. ആര്‍ട്ടിസ്റ്റ് സഗീര്‍ ആണെന്നാണ് ഓര്‍മ; ബഷീറിന്റെ ‘ആനപ്പൂട’ അടക്കമുള്ള കഥകള്‍ മനോഹരമായി ഉള്‍പ്പെടുത്തിയിട്ടുള്ള ലക്കങ്ങള്‍ ഇന്നും മനസ്സില്‍ മായാതെയുണ്ട്.

സാഹിത്യരംഗത്തേക്ക് കടന്നുവരാനുള്ള സാഹചര്യം, എഴുത്തിലെ നാള്‍വഴികള്‍, പ്രചോദകമായ ഘടകങ്ങള്‍, വ്യക്തികള്‍…?
‘ഫിക്ഷന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു മുറിയും പണവും തീര്‍ച്ചയായും ഉണ്ടായിരിക്കണം’ എന്നു പറഞ്ഞത് ഇംഗ്ലീഷ് എഴുത്തുകാരിയായ വിര്‍ജീനിയ വൂള്‍ഫാണ്. കേരളത്തിലെ എത്ര എഴുത്തുകാരികള്‍ക്ക് ഇതെല്ലാം ഉണ്ടെന്നത് ചര്‍ച്ച ആവശ്യമായ മറ്റൊരു കാര്യമാണ്!
ഞാന്‍ എഴുത്തുകാരിയാവണം എന്ന് ആഗ്രഹിച്ച കുടുംബം എനിക്കു ചാരേ ഒരിക്കലും ഉണ്ടായിരുന്നില്ല. അതെന്റെ മാത്രം ആഗ്രഹവും ഞാന്‍ മാത്രം കണ്ട സ്വപ്‌നവുമായിരുന്നു. എഴുതുക എന്നത് ബോധപൂര്‍വം നടത്തിയ തെരഞ്ഞെടുപ്പ് തന്നെയാണ്. ഈ ലോകത്ത് വെറുതെ ജീവിച്ചു, മരിച്ചങ്ങുപോകാന്‍ താല്‍പര്യമില്ല എന്നതാണ് വാസ്തവം. എവിടെയെങ്കിലും ഒരു അടയാളമായി അവശേഷിക്കണം.
ചിട്ടയായ വായനയുണ്ടാക്കാന്‍ സഹായിച്ചതില്‍ ഉപ്പക്കുള്ള പങ്ക് വളരെ വലുതാണ്. യു പി സ്‌കൂള്‍ സമയത്ത് ഉപ്പ പബ്ലിക് ലൈബ്രറിയില്‍ നിന്ന് ധാരാളം പുസ്തകങ്ങള്‍ എനിക്കായി കൊണ്ടുവന്നു. എം മുകുന്ദനെയും യു എ ഖാദറിനെയും ആദ്യമായി വായിച്ചു. മിക്ക നോവലുകളും തീര്‍ക്കാന്‍ രണ്ടു ദിവസങ്ങള്‍ മതി. ഇത്രയും വേഗത കണ്ടപ്പോഴാണ് നോവലുകള്‍ മുഴുവനായി വായിക്കുന്നില്ലേ എന്ന സന്ദേഹം ഉപ്പയില്‍ ഉണ്ടായത്. ഉടനെ എനിക്കായി ഒരു ഡയറി തരപ്പെടുത്തി. എല്ലാ വായനകളുടെയും ഒടുക്കം, നോവലുകളുടെ സംഗ്രഹം അതില്‍ കുത്തിക്കുറിക്കാന്‍ ഉപ്പ നിര്‍ദേശിച്ചു. പില്‍ക്കാലത്ത്, ഒതുക്കത്തില്‍ കഥ പറയണമെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ആ ഡയറിയെഴുത്ത് എനിക്ക് സഹായകമായിട്ടുണ്ട്.
മലബാറിലെ വൈജ്ഞാനിക ഭൂപടത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ പ്രദേശമാണല്ലോ താങ്കളുടെ നാടും പരിസരവും. ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയ ആദ്യത്തെ കലാലയമാണ് വാഴക്കാട് ദാറുല്‍ ഉലൂം. ഇത്തരം പരിഷ്‌കരണ പ്രക്രിയകള്‍ക്ക് സാക്ഷിയായ ഒരു നാട്ടില്‍ നിന്ന് വളര്‍ന്നുവന്ന സാഹചര്യം എങ്ങനെ നിരീക്ഷിക്കുന്നു?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണ് സ്വന്തം ഗ്രാമമായ വാഴക്കാട്. എങ്ങോട്ടേക്ക് പോയാലും മടങ്ങിയെത്തണമെന്ന് ആശിക്കുന്ന സ്ഥലം. സാംസ്‌കാരികമായും മാനുഷികമായും ഉയര്‍ന്ന നിലയില്‍ ചിന്തിച്ച, പ്രവര്‍ത്തിച്ച അനേകം മനുഷ്യരുടെ നാട്. ഏറ്റവും സുന്ദരമായി മാത്രമേ നാടിനെ തോന്നിയിട്ടുള്ളൂ. വീടിനോട് ചേര്‍ന്ന് ഒഴുകുന്ന ചാലിയാര്‍ പുഴ. ഒരൊറ്റ കയറ്റത്തിന് എത്താവുന്ന യതീംഖാനയുടെ പള്ളിയോട് ചേര്‍ന്നുനിന്ന് നോക്കിയാല്‍ കാണുന്ന പുഴയുടെ ആകാശക്കാഴ്ച എത്ര മനോഹരമാണെന്നോ!
യതീംഖാന മാനേജ്‌മെന്റ് നടത്തിയ സ്‌കൂളിലാണ് എന്റെ യു പി സ്‌കൂള്‍ പഠനം. സാഹിത്യത്തോടും സംഗീതത്തോടും അഭിരുചിയുള്ള, വാഴക്കാട്ടുകാരിയല്ലാത്ത ശ്യാമള ടീച്ചറെ അക്കാലത്ത് ലഭിച്ചത് ഭാഗ്യമെന്ന് ഇടയ്ക്ക് കരുതാറുണ്ട്. ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്ന ലൈബ്രറി ബുക്കുകളുടെ മേല്‍നോട്ടം ടീച്ചര്‍ക്കാണ്. മേശപ്പുറത്തിട്ട കുറേയേറെ പുസ്തകങ്ങളില്‍ നിന്ന് ‘ഈസോപ്പുകഥകള്‍’ ആദ്യമായി എനിക്ക് എടുത്തുതന്ന ടീച്ചര്‍! നാടെന്ന് കേട്ടപ്പോള്‍ കേവലം നാട്ടുകാരെ മാത്രം ഓര്‍മിക്കാതെ ടീച്ചര്‍ കൂടെ മനസ്സിലേക്ക് വന്നതെന്തുകൊണ്ടാവും? അറിയില്ല.

കൊറോണ പശ്ചാത്തലത്തില്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘വേട്ടാള’ എന്ന കഥ ചര്‍ച്ചയായി. കൊറോണ വൈറസിന്റെ ഉദ്ഭവകേന്ദ്രമായ ചൈനയില്‍ നിന്ന് താങ്കളും കുടുംബവും സ്വദേശത്തേക്ക് വന്നപ്പോഴുള്ള അനുഭവങ്ങള്‍ ഈ കഥയെ എത്രമാത്രം സ്വാധീനിച്ചു?
ജനുവരിയില്‍ ശൈത്യകാലത്തിന്റെ ആരംഭമാണ് ചൈനയില്‍. കേരളത്തിലേക്കുള്ള ഞങ്ങളുടെ വാര്‍ഷികവരവുകള്‍ മിക്കതും അപ്പോഴാണ്. 2019 ജനുവരിയിലും അതുതന്നെയാണ് സംഭവിച്ചത്. പക്ഷേ ഹോങ്കോങ് എയര്‍പോര്‍ട്ടിലുള്ള മിക്കവരുടെയും മുഖത്ത് മാസ്‌ക് കണ്ടതും ഞങ്ങളില്‍ ഇത്തിരി അങ്കലാപ്പുണ്ടായി. പക്ഷേ, നേരിയ ജലദോഷം വന്നാല്‍ പോലും മാസ്‌ക് ധരിക്കുന്ന ചൈനക്കാരുടെ ശീലം നന്നായി അറിയാവുന്നതിനാല്‍ അതത്ര കാര്യമാക്കിയില്ല. നാട്ടിലെത്തി കേവലം നാളുകള്‍ കഴിഞ്ഞതും ചൈനയില്‍ നിന്നുള്ള കൊറോണ വാര്‍ത്തകളാല്‍ നാടിളകി. ഞാനും കുടുംബവും സമൂഹത്തിന്റെ സംശയദൃഷ്ടിയില്‍ കൃത്യം പതിഞ്ഞു. എനിക്ക് തോന്നുന്നത് കേരളത്തില്‍ ക്വാറന്റൈന്‍ അനുഭവിച്ചവരുടെ ആദ്യ പത്തു പേരില്‍ ഞങ്ങള്‍ കാണുമെന്നാണ്. ദുരന്തപൂര്‍ണമായിരുന്നു ആ കാലയളവ്. ദിനേന ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള വിളികള്‍. മിക്കതും, ഞങ്ങളെ പുറത്തെവിടെയോ വെച്ച് കണ്ടെന്ന ഫോണ്‍വിളികള്‍ നാട്ടുകാരില്‍ നിന്ന് എത്തിപ്പെട്ടതിന്റെ സത്യാവസ്ഥ അന്വേഷിച്ചുകൊണ്ടായിരുന്നു. അടച്ചിരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.
അങ്ങനെയാണ് ‘വേട്ടാള’ എന്ന കഥ പിറവിയെടുത്തത്. അമ്മവേട്ടാളന്‍ തയ്യാറാക്കിവെക്കുന്ന എട്ടുകാലിക്കുഞ്ഞുങ്ങളെയോ ശലഭ ലാര്‍വകളെയോ കഴിച്ചാണ് വേട്ടാളന്‍ കുഞ്ഞുങ്ങള്‍ മണ്ണുകൊണ്ട് മൂടിയ കൂട്ടില്‍ നിന്ന് പുറത്തിറങ്ങാതെ, ദിവസങ്ങള്‍ അതിനുള്ളില്‍ തന്നെ കഴിയുന്നത്. ആലോചിച്ചു നോക്കിയപ്പോള്‍ കൊറോണ നല്‍കിയ വലിയൊരു ശാപമായ ‘അടച്ചിരിപ്പ്’ എല്ലാ കാലത്തും സമൂഹത്തില്‍ ഉണ്ടായിരുന്നതാണല്ലോ എന്ന് എനിക്കു തോന്നി. അങ്ങനെ സുസ്‌ന മാത്യൂസ് എന്ന കഥാപാത്രത്തിലൂടെ പറഞ്ഞ കഥ ‘മാധ്യമം കഥാപതിപ്പി’ല്‍ 2020ല്‍ പ്രസിദ്ധീകൃതമായി. ‘വേട്ടാള’ എന്ന പദം മലയാളത്തില്‍ ഇല്ലെന്നാണ് അറിവ്. ആണ്‍-പെണ്‍ ഭേദമില്ലാതെ വേട്ടാളന്‍ എന്നുതന്നെയാണ് ആ കൂട്ടത്തിന്റെയും പേര്.
ചൈനീസ് ബാര്‍ബിക്യൂ, ഇരട്ട നാളങ്ങള്‍, വേട്ടാള, ഒപ്പീസ്, ചെന്താരകം, പാവക്കൂട്ട്, ഒരു ചൈനീസ് തെരുവ്, ആകാശവണ്ടി… ഇങ്ങനെ താങ്കളുടെ കഥകളിലെ വ്യത്യസ്ത കഥാപാത്രങ്ങള്‍ എങ്ങനെയാണ് താങ്കളെ തേടിയെത്തുന്നത്?
കഥയെഴുത്ത് ഒരു ധ്യാനം പോലെ കണക്കാക്കുന്ന വ്യക്തിയാണ് ഞാന്‍. ആരെങ്കിലും ഒരു സന്ദര്‍ഭമോ ആശയമോ തന്നാല്‍ അത് കഥയാക്കാനുള്ള മാന്ത്രികത എനിക്ക് വശമില്ല. ഉലയിലിട്ട് ഉരുക്കി ഊതിക്കാച്ചി എടുക്കുന്ന പൊന്നുപോലെ, ഏറെ നാള്‍ മനസ്സിലിട്ട് കൊണ്ടുനടന്നാണ് ഓരോ കഥകളും നിര്‍മിക്കുന്നത്. മനസ്സില്‍ കഥ രൂപപ്പെട്ടു കഴിഞ്ഞാല്‍ കഥാപാത്രങ്ങള്‍ താനേ വന്നുചേരുകയാണ് പതിവ്. അവരോട് സംവദിച്ചും അവരെ നിരീക്ഷിച്ചും പല നാളുകള്‍ നീക്കും.
‘ചൈനീസ് ബാര്‍ബിക്യൂ’ എന്ന കഥ കൊറോണക്കും ഒരു മാസം മുമ്പ് പൂര്‍ത്തിയാക്കി ഭാഷാപോഷിണി മാസികയിലേക്ക് കൊടുത്തതായിരുന്നു. 2020 ഫെബ്രുവരിയില്‍ അത് പ്രസിദ്ധീകരിച്ചുവന്നപ്പോഴേക്കും ലോകമാകെ കൊറോണ കീടങ്ങളുടെ താണ്ഡവമായിരുന്നു. അദ്ഭുതമെന്നു പറയട്ടെ, കഥയിലെ ഒരു കഥാപാത്രമായ ജാവേദ് ചൈനയിലെ ഒരു മാര്‍ക്കറ്റിലേക്ക് പോകുന്നതും (കു-പ്രസിദ്ധമായ വുഹാന്‍ മാര്‍ക്കറ്റ് പോലെ ഒന്നിലേക്ക്), കണ്ടാല്‍ അറയ്ക്കുന്ന രീതിയിലുള്ള കടലൊച്ച്, സോസ് കൂട്ടി കഴിക്കുന്നതുമായ ഒരു രംഗമുണ്ട്. അതുപോലെ, കഥയിലെ ഗ്വോങ് ലിന്‍ എന്ന ചൈനീസ് കഥാപാത്രം മിനുട്ടിനു മിനുട്ടിന് കൈ സോപ്പിട്ട് കഴുകുന്ന സ്വഭാവത്തിന് ഉടമയാണ്. എഴുത്തുകാരനും നിരൂപകനുമായ വി മുസഫര്‍ അഹമ്മദ് ഒരു ലേഖനത്തില്‍ കുറിച്ചത്, ‘കൊറോണ പ്രവചിച്ച കഥയാണ് ചൈനീസ് ബാര്‍ബിക്യൂ’ എന്നാണ്. ദൈവത്തിന്റെ ഇടപെടലുകളില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നവളാണ് എന്നതിനാല്‍ തന്നെ പറയട്ടെ, ആ കണ്ടെത്തല്‍ തീര്‍ത്തും എന്നെ വിസ്മയിപ്പിച്ചു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ‘എല്‍മ’യുടെ രചനാ പശ്ചാത്തലം? നോവല്‍ മുന്നോട്ടുവെക്കുന്ന പ്രധാന പ്രമേയങ്ങള്‍?
ജര്‍മന്‍ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് എല്‍മ. മലയാളികള്‍ കഥാപാത്രങ്ങളായി ഇല്ല. എല്‍മ എന്നാല്‍ ദൈവത്തിന്റെ കവചം എന്നര്‍ഥം! 2008ല്‍ എപ്പോഴോ എഴുതിവെച്ച ഒരു ചെറുകഥ മാറ്റിയെഴുതാന്‍ തുനിഞ്ഞതിന്റെ ഫലമാണ് ഈ നോവല്‍. ചെറുകഥയില്‍ ഒതുങ്ങാതെ അതങ്ങനെ പരന്നുപോയി. തീര്‍ത്തും അപരിചിതമായ ഒരു ദേശം എന്നെ വരുതിയിലാക്കി. ഹിറ്റ്‌ലര്‍ നടത്തിയ ഓഷ്‌വിറ്റ്‌സിലെ കൂട്ടക്കൊലകളുടെ നടുക്കുന്ന ഓര്‍മകളോടെ ജീവിക്കുന്ന എല്‍മ. അവളുടെ ജീവിതത്തിലേക്ക് വര്‍ണങ്ങള്‍ പെയ്യിക്കാനെത്തുന്ന ഒരുപറ്റം മനുഷ്യര്‍. ഒറ്റനോട്ടത്തില്‍ ഇതെല്ലാമാണ് നോവലിന്റെ കഥ. മനുഷ്യത്വം കൊണ്ട് സകല വേദനകളെയും നീന്തിക്കടക്കുന്നു എല്‍മ. ഏതെങ്കിലും ഒരു അവസരത്തില്‍ ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടായാലും ശരി, ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്ക് നന്മയെത്തുന്ന കാലം അധികം വിദൂരമല്ല എന്ന കാര്യവും എല്‍മ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളും നോവലില്‍ വന്നുചേരുന്നുണ്ട്.
കഥയുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി താങ്കള്‍ മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ഈ സാഹിത്യയാത്രയെ എങ്ങനെ വിലയിരുത്തുന്നു?
2008ലാണ് ആദ്യ കഥ ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നത്. മൈസൂര്‍ കല്യാണം അടിസ്ഥാനമാക്കിയുള്ള ഒന്നായിരുന്നു അത്. പിന്നീട് പത്തു വര്‍ഷക്കാലം ഞാന്‍ ഒരുതരം ഒളിവിലായിരുന്നു. കുടുംബത്തിനായി മാത്രം സമയം നീക്കിവെച്ചു. അക്ഷരങ്ങളുമായി എങ്ങും പ്രത്യക്ഷപ്പെട്ടില്ല. സ്വസ്ഥം എന്ന് ആരും ധരിക്കുന്ന, എന്നാല്‍ അശാന്തമെന്ന് എനിക്ക് മാത്രം അറിയാനായ മനസ്സോടെ ചൈനയില്‍ ജീവിച്ചു. കുറേയേറെ വായിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കറിയാം, പില്‍ക്കാല എഴുത്തിലേക്ക് ദൈവം തന്ന നിക്ഷേപമായിരുന്നു ആ നിസ്സാരമെന്നു തോന്നുന്ന തരത്തിലുള്ള കാലമെന്ന്!
വീണ്ടും എഴുത്തിലേക്ക് എത്തുന്നത് 2018ലാണ്. ഭാഷാപോഷിണിയില്‍ വന്ന ‘ഒരു ചൈനീസ് തെരുവ്’ എന്ന ചെറുകഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാലു വര്‍ഷം; പതിനൊന്ന് കഥകള്‍. എന്തിനാലും ഏതിനാലും കഥകള്‍ മെനയുന്ന മനുഷ്യരുള്ള ഈ നാട്ടില്‍ ഈ സംഖ്യ വളരെ ചെറുതാെണന്ന് എനിക്കറിയാം. പക്ഷേ, തോന്നുമ്പോള്‍ മാത്രമേ എനിക്ക് എഴുതാനാവൂ. അതിനാല്‍ തന്നെ ഈ കണക്കില്‍ ഞാന്‍ അതീവ സംതൃപ്തയുമാണ്.
ഗൃഹലക്ഷ്മി മാസികയില്‍ എഴുതിവരുന്ന ‘ഖയാല്‍’ എന്ന കോളത്തെക്കുറിച്ച്?
ഈ വര്‍ഷം ജനുവരിയിലാണ് ‘ഖയാല്‍’ കോളം ആരംഭിച്ചത്. 12 ലക്കങ്ങള്‍ കഴിഞ്ഞു. ഞാന്‍ കണ്ടതും അറിഞ്ഞതുമായ ചൈന, അവിടത്തെ എന്റെ ജീവിതം, തീര്‍ത്തും എന്റേതു മാത്രമായ കാഴ്ചപ്പാടുകള്‍- ഇതെല്ലാമാണ് ഖയാല്‍. കേരളത്തിലെ ജീവിതവുമായി ഒരു നിലയ്ക്കും ബന്ധപ്പെടുത്താനാവില്ല ചൈനക്കാരുടെ ജീവിതം. ആ വൈവിധ്യത്തെയാണ് മുഖ്യമായും ഈ കോളത്തില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും. വാടകയ്ക്ക് കാമുകന്മാരെ നിയമപരമായി ലഭിക്കുന്ന ചൈനയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? കനത്ത പുരുഷധനം സ്ത്രീകള്‍ക്ക് നല്‍കിയാല്‍ മാത്രമേ ചൈനയില്‍ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കൂ എന്നതറിയാമോ? ഇതുപോലെയുള്ള കുഞ്ഞുകുഞ്ഞ്, എന്നാല്‍ വലിയ കാര്യങ്ങള്‍. നല്ലൊരു ശതമാനം ആള്‍ക്കാരും ഈ കോളം ആസ്വദിച്ച് വായിക്കുന്നുണ്ടെന്ന് അറിയാനായി. അതിശയപ്പെടുത്തിയത്, ഖയാലിന്റെ മുഖ്യ വായനക്കാരെല്ലാം പുരുഷന്മാര്‍ ആണെന്നതാണ്. പുതുമ തേടിയുള്ള മനുഷ്യന്റെ അലച്ചിലിന് അല്ലെങ്കിലും ഒരിക്കലും അറുതിയാവില്ലല്ലോ!

കുറേ കഥകളും ഒരു നോവലും താങ്കള്‍ എഴുതിയല്ലോ. ഏത് സാഹിത്യരൂപമാണ് കൂടുതല്‍ ആത്മസുഖം നല്‍കുന്നത്?
മഞ്ഞു പെയ്യുന്ന കാഴ്ചയാണോ അതോ മലമുകളില്‍ പെയ്യുന്ന മഴയുടെ കാഴ്ചയാണോ കൂടുതല്‍ കണ്‍കുളിര്‍മയേകുക എന്നതുപോലുള്ള ഒരു ചോദ്യമാണിത്. ഏതൊരു കലയും ആത്മാവിനെ സുഖപ്പെടുത്താന്‍ ഉള്ളതാവണം. എഴുത്തും അങ്ങനെത്തന്നെ. ചെറുകഥകള്‍ എഴുതുമ്പോള്‍ എന്നെ ഗ്രസിക്കുന്ന വല്ലാത്ത ഒരു അസ്വസ്ഥതയുണ്ട്. ഇപ്പോഴും, അവസാന ഡ്രാഫ്‌റ്റൊഴികെ എല്ലാം എഴുതുക കടലാസിലാണ്. വെട്ടിയും തിരുത്തിയും അക്ഷരങ്ങളെ മുന്നോട്ടു നയിക്കുമ്പോള്‍ കടുത്ത പിരിമുറുക്കം അനുഭവപ്പെടും. കഥ എഴുതി പൂര്‍ത്തിയായാലും മാസങ്ങളോളം എടുത്തുവെക്കും. പിന്നീട് തീര്‍ത്തും മറ്റൊരാളായി മാറി, ഒരു വിമര്‍ശക എന്ന നിലയ്ക്ക് അതിനെ വായിക്കും. വീണ്ടും തിരുത്തലുകളും വെട്ടലുകളുമായി ദിനരാത്രങ്ങള്‍ കഴിക്കും.
എല്‍മ എന്ന നോവലിലും സംഭവിച്ചിട്ടുള്ളത് അതുതന്നെയാണ്. നോവലിന്റെ രൂപത്തില്‍ എത്തിയിട്ടും എല്‍മയെ കൂടെ നിര്‍ത്തിയത് മൂന്നര വര്‍ഷമാണ്. ഇനിയും എനിക്ക് ചെയ്യാനായി യാതൊന്നും ബാക്കിയില്ലെന്ന പൂര്‍ണബോധ്യം വന്നാല്‍ മാത്രമേ അച്ചടിക്കാനായി രചനകള്‍ അയക്കാറുള്ളൂ.
പത്തു വര്‍ഷത്തിലേറെ ചൈനയില്‍ കുടുംബവുമൊന്നിച്ച് പ്രവാസജീവിതം നയിച്ചു. ഇപ്പോള്‍ ദുബൈയില്‍ പ്രവാസം തുടരുന്നു. കൂടാതെ പത്തിലധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സൗഭാഗ്യവും സിദ്ധിച്ചു. ഇത് സമ്മാനിച്ച അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കാമോ?
എടുത്തുപറയേണ്ടത് ചൈനയിലെ ജീവിതം തന്നെയാണ്. അതൊരു യൂനിവേഴ്‌സിറ്റി തന്നെയാണ്. ഇത്രയേറെ സ്വാതന്ത്ര്യത്തോടെ മറ്റൊരിടത്തും ഞാന്‍ കഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ട ചൈനീസ് കൂട്ടുകാരികള്‍, അവരോടൊത്ത് രാത്രിയോ പകലോ എന്നില്ലാതെ നടത്തിയ അനന്തമായ സൈക്കിള്‍ സവാരികള്‍… എല്ലാം മഹാഭാഗ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി കണ്ട പല കാഴ്ചകളിലെ ഏറ്റവും വലിയ അദ്ഭുതമോ, ചൈനയുടെ വന്മതില്‍ തന്നെ!
ഓരോ രാജ്യം സന്ദര്‍ശിക്കുമ്പോഴും ഒരു സംസ്‌കാരം കൂടി കൈമാറപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. സൗത്ത് കൊറിയയിലെ ബുസാന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പരിചയപ്പെട്ട ഒരു കൊറിയക്കാരി പറഞ്ഞത് ”ജനിച്ചുവീണ ഉടനെ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ഞങ്ങള്‍ പിടിച്ചു വലുതാക്കാന്‍ ശ്രമിക്കും. അത്രയ്ക്ക് ഇഷ്ടമാണ് വലിയ കണ്ണുകള്‍” എന്നാണ്. ആ സ്ത്രീയുടെ പേര് മറന്നിട്ടും, അവര്‍ വെറുതെ പറഞ്ഞതാണോ എന്നുപോലും അറിയാത്ത ആ ആചാരം ഇന്നും ഞാന്‍ മറന്നിട്ടില്ല.
ഒരു സൃഷ്ടി എഴുതാനിരിക്കുമ്പോഴും അത് പൂര്‍ത്തീകരിക്കുമ്പോഴും അനുഭവിക്കുന്ന മാനസികാവസ്ഥകള്‍?
ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ എടുത്താണ് ഒരു കഥയെ മനസ്സില്‍ പാകപ്പെടുത്തിയെടുക്കുക. ശേഷം കടലാസിലേക്ക് പകര്‍ത്താനുള്ള സമയമായാല്‍ അതിനായി തയ്യാറെടുക്കും. അതും ഒറ്റയിരിപ്പില്‍ തന്നെ ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കണം എന്ന നിര്‍ബന്ധബുദ്ധിയുണ്ട്. അതിനാല്‍ തന്നെ ഇടയ്ക്ക് ആരുടെയെങ്കിലും കടന്നുവരവോ മറ്റോ ഉണ്ടാവില്ലെന്ന് ഉറപ്പുള്ള സമയങ്ങളില്‍ മാത്രമേ എഴുതാന്‍ ഇരിക്കൂ. ചെറുകഥയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതി പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ വേണ്ടിവരാറുണ്ട്.
ആ എഴുത്ത് കഴിഞ്ഞാല്‍ സകല ഭാരങ്ങളും ഊരിയെറിഞ്ഞപോലെ ഞാന്‍ ശാന്തയാവും. ഉള്ളിലേറെ സന്തോഷം അനുഭവപ്പെടും. പിന്നീടുള്ള മാസങ്ങള്‍ എഡിറ്റിങാണ്; കഥാസൃഷ്ടിയില്‍ എനിക്ക് ഏറ്റവും ആസ്വാദ്യകരവും അതാണ്.

സ്ത്രീ എന്ന നിലയില്‍ എഴുത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും വെല്ലുവിളികള്‍ നേരിടുന്നുണ്ടോ? ഉണ്ടെങ്കില്‍ അവ എങ്ങനെ മറികടക്കുന്നു?
സത്യത്തില്‍ കേരള സ്ത്രീകള്‍ക്ക് ജീവിതം എന്നും വെല്ലുവിളി നിറഞ്ഞതാണ്. എന്ത് ചെയ്താലും കുറ്റം! ഏതു കാലത്തും ഭൂമിയില്‍ യാതനകള്‍ അനുഭവിക്കേണ്ടി വരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. നോക്കൂ, യുദ്ധങ്ങള്‍ പോലും അവശേഷിപ്പിക്കുന്നത് വിധവകളെയും അനാഥരെയുമല്ലേ?
സ്ത്രീകള്‍ക്ക് സൗഹൃദപരമായ ഇടമല്ല കേരളം. അര്‍ഹിക്കുന്ന ബഹുമാനം സ്വന്തം വീടുകളില്‍ പോലും അവര്‍ക്ക് അന്യമാണ്. ഏതൊരു തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളും ചെയ്യുന്ന വിട്ടുവീഴ്ചകള്‍, എഴുത്തെന്ന പ്രൊഫഷനില്‍ ഏര്‍പ്പെടുന്ന ഞാന്‍ അടക്കമുള്ള പലരും ചെയ്യുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങളെ എപ്പോഴും കുരുതി കഴിക്കുന്നവരാണ് സ്ത്രീകള്‍. കുടുംബം, കുട്ടികള്‍, അവരുടെ പഠനം എന്നിങ്ങനെ ഏറ്റവും ആവശ്യമായ ഘട്ടങ്ങളിലെല്ലാം അതീവ ശ്രദ്ധ വേണമെന്നുള്ളതിനാല്‍ തന്നെ എന്റെ താല്‍പര്യങ്ങളെ എന്നും ദൂരേക്ക് മാറ്റിവെച്ചിട്ടേയുള്ളൂ. എഴുത്തും അതില്‍ ഒന്നായിരുന്നു. പക്ഷേ ഒന്ന് പറയട്ടെ: ആണായാലും പെണ്ണായാലും ഈ ഭൂമിയില്‍ ജീവിതം ഒന്നേയുള്ളൂ. അത് ഏറ്റവും പൂര്‍ണതയില്‍ ജീവിച്ച്, അനുഭവിച്ചു തീര്‍ക്കുക എന്നതാവട്ടെ എല്ലാവരുടെയും ലക്ഷ്യം.
എഴുത്തിലെ പുതിയ സ്വപ്‌നങ്ങള്‍?
യാതൊരു പദ്ധതികളുമില്ലാതെ 2008ല്‍ എഴുത്തില്‍ നിന്ന് ഇറങ്ങിപ്പോയവളായിരുന്നു ഞാന്‍. എഴുത്തുസംബന്ധിയായ ഏതൊരു സ്വപ്‌നത്തെയും ഭയന്നവളായിരുന്നു. എന്നിട്ടും മാതൃഭൂമി ബുക്‌സ് പോലെ മലയാളത്തിലെ ഏറ്റവും മികച്ച പ്രസാധകര്‍ വഴി ഒരു നോവലിസ്റ്റ് എന്ന ലേബല്‍ ഇന്ന് എനിക്കുണ്ടായി. 2022ല്‍ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍, എഴുത്തുജീവിതം എനിക്ക് സമ്മാനിച്ചത് അദ്ഭുതങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയാനാവുന്നുണ്ട്. ‘ഒരു ചൈനീസ് തെരുവ്’ എന്ന കഥക്ക് എം എസ് സ്മാരക പുരസ്‌കാരവും കാക്കനാടന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ‘ആകാശവണ്ടി’ എന്ന കഥ ഫാസ് പുന്നപ്ര പുരസ്‌കാരത്തിനും അര്‍ഹമായി.
ഇനിയും സ്വപ്‌നങ്ങളുണ്ട്. അതിലേക്കുള്ള പ്രയാണം കഠിനമാണെന്ന ബോധ്യവുമുണ്ട്. എങ്കിലും ശ്രമിക്കും. കുറെയേറെ എഴുതാതെ, എഴുതുന്ന കുറച്ചെല്ലാം വായനക്കാരുടെ മനസ്സില്‍ കാലങ്ങളോളം തങ്ങിക്കിടക്കണം എന്ന അത്യാഗ്രഹവുമുണ്ട്. ഒന്നുമറിയില്ല, എല്ലാം കാലത്തിന് വിടുന്നു.
കുടുംബത്തെക്കുറിച്ച്?
ഞാന്‍ ജനിച്ചത് മലപ്പുറം ജില്ലയിലെ വാഴക്കാട്. കെ എസ് ഇ ബിയില്‍ നിന്ന് എ ഇ ആയി സര്‍വീസില്‍നിന്ന് വിരമിച്ച സി കെ അബൂബക്കറും വീട്ടമ്മയായ റംലയുമാണ് മാതാപിതാക്കള്‍. അനിയത്തി ഫഹീമയും അനിയന്‍ ഫവാസും കുടുംബത്തോടൊത്ത് യുകെയില്‍ ജീവിക്കുന്നു. ഭര്‍ത്താവിനും വിദ്യാര്‍ഥികളായ ഷാദി, ആരോഷ് എന്നീ ആണ്‍മക്കള്‍ക്കും ഒപ്പം ദുൈബയിലാണ് ഇപ്പോള്‍ എന്റെ ജീവിതം. ചൈനയും ദുബായിയും ഇന്ത്യയും ആസ്ഥാനമാക്കി ബിസിനസ് നടത്തുകയാണ് ഭര്‍ത്താവ് അലി. ഞാന്‍ പഠിച്ച വിഷയം സൈക്കോളജിയും ജേണലിസവും ആണെങ്കിലും ഞങ്ങളുടെ ബിസിനസ് കാര്യങ്ങളിലാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കുന്നത്. ബിസിനസ് ഒട്ടുമേ താല്‍പര്യപ്പെടാതിരുന്ന എനിക്ക് ജീവിതം സമ്മാനിച്ച മറ്റൊരു അതിശയമാണ് അതും!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top