LoginRegister

ഒരേയൊരു ജീവിതമല്ലേയുള്ളൂ

ഡോ. ഫാത്തിമ അസ്‌ല

Feed Back


സ്വപ്‌നം
സ്വപ്നങ്ങളാണ് നമ്മുടെ നാളെകളെ തീരുമാനിക്കുന്നത്. എവിടെ എത്തണം, എന്താവണം, എങ്ങനെ അറിയപ്പെടണം എന്നെല്ലാം തീരുമാനിക്കുന്നത് സ്വപ്നങ്ങളിലൂടെയാണ്. സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് കഠിന പ്രയത്നം ആവശ്യമായേക്കാം. നമ്മുടെ സ്വപ്‌നങ്ങളൊന്നും നേടാന്‍ നമുക്ക് കഴിയില്ല എന്നൊക്കെ പലരും പറയും. പക്ഷേ, നമ്മളൊരു തീരുമാനം എടുത്താല്‍ തീര്‍ച്ചയായും ഫലമുണ്ടാവും. ഞാന്‍ ഡോക്ടറായതും പുസ്തകമെഴുതിയതുമെല്ലാം മുമ്പേ കണ്ട സ്വപ്നങ്ങളാണ്. അതൊന്നും സാധിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു. അവർ എന്റെ പരിമിതിയിലേക്കാണ് നോക്കിയത്, ഞാനെന്റെ സാധ്യതകളിലേക്കും.

അതിജീവനം
ജീവിതത്തില്‍ ഒന്നും സ്ഥായിയല്ല. കൂടെ ഉണ്ടെന്നു കരുതുന്ന മനുഷ്യരോ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളോ ഒന്നും സ്ഥിരമല്ല. ഈ സമയവും കടന്നുപോകും. സമയത്തെ അതിജീവിക്കാനുള്ള കരുത്ത് നമുക്ക് ഉള്ളിലുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രതീക്ഷയോടെ മുന്നോട്ടു പോവുക.

വീണുകിടക്കരുത്
എന്റെ ജീവിതത്തില്‍ നഷ്ടങ്ങളും തോല്‍വികളും ഉണ്ടായിട്ടുണ്ട്. ഒരുപാട് സ്ഥലത്ത് പരാജയപ്പെട്ടിട്ടുണ്ട്. ആ പരാജയങ്ങളിൽ തളർന്നുപോയിരുന്നെങ്കിൽ എന്റെ ജീവിതം അവിടെ നിശ്ചലമാകുമായിരുന്നു. വീഴ്ചയും തോൽവിയുമെല്ലാം ജീവിതത്തിലുണ്ടാവും. അതിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നിടത്താണ് ശരിക്കും വിജയം.

സാധ്യതകൾ
ഞാന്‍ ഡിസേബ്ള്‍ഡ് ആയിട്ട് ജനിച്ചു. ഡിസേബ്ള്‍ഡ് ആയിട്ട് ജീവിക്കുന്നു. മരിക്കാന്‍ പോകുന്നതും ഡിസേബ്ള്‍ഡ് ആയിട്ടായിരിക്കും. അതില്‍ ചികിത്സ കൊണ്ടൊന്നും ഒരു മാറ്റം വരുത്താന്‍ പറ്റില്ല. അപ്പോള്‍ അതിനെ അംഗീകരിക്കണം. തിരിച്ചറിവുണ്ടാവണം. പക്ഷേ, എന്നെ നിര്‍വചിക്കുന്നത് എന്റെ കുറവുകളല്ല. ആ കുറവുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എനിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നതാണ് ഞാന്‍ നോക്കുന്നത്.

കരുത്ത്
ഒറ്റയൊരു ജീവിതമേ നമുക്കുള്ളൂ. അപ്പോള്‍ ആ ജീവിതം കുറവുകളെക്കുറിച്ച്, നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് ഇരിക്കണോ അതല്ല, അതിനുള്ളില്‍ നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കണോ? സ്വയം ബഹുമാനിക്കുമ്പോഴും സ്വയം സ്നേഹിക്കുമ്പോഴും സ്വയം അംഗീകരിക്കുമ്പോഴുമാണ് ആത്മവിശ്വാസം വരുന്നത്. സങ്കടങ്ങളും കുറവുകളും ഒന്നുമല്ല നമ്മളെ നിര്‍വചിക്കുന്നത്, നമുക്കുള്ളിലെ കരുത്തായിരിക്കണം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top