അതിരുകളില്ലാത്ത
ആഴത്തില്‍ നിന്നു
നീ എന്നെ കുഴിച്ചെടുക്കുമ്പോള്‍
ഞാന്‍ നിനക്ക് ദാഹശമനമായി.
എന്നാലെന്നിലെ
ഉറവകള്‍ വറ്റിത്തുടങ്ങിയപ്പോള്‍
പുതുനനവുകള്‍ തേടി
നീ ദിക്കുകള്‍ അലയുന്നു.
നിനക്കു മുമ്പില്‍ നദികള്‍ ഒഴുകുന്നു
അവിടം നിനക്ക് നുരഞ്ഞുപൊങ്ങുന്ന
വേലിയേറ്റങ്ങള്‍ ഉണ്ടാകുന്നു
അതിലോരോന്നും നീ സ്വന്തമാക്കുന്നു.
നിന്റേത് മാത്രമാകുന്ന നിമിഷങ്ങളില്‍
ആനന്ദം നിന്നില്‍ തിരതല്ലുന്നു.
കുടിനീര്‍ക്കണങ്ങള്‍
നിന്നെ ഉന്മത്തനാക്കുന്നു.
അന്നേരം
സന്ധ്യയും സായാഹ്നമണിയും
എന്റെ മരണം ഉറപ്പാക്കുന്നു.
എനിക്കുള്ളില്‍ നിഗൂഢമായ
ഇരുട്ട് നിറയുന്നു.
അതിനാല്‍
നമുക്കിടയില്‍ വിടവാങ്ങലിന്റെ
സങ്കടങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.
മറഞ്ഞുകഴിഞ്ഞാലും
തനിച്ചാകുമ്പോള്‍ നീ
ദൂരേക്ക് നോക്കുക,
ആകാശവും
കടലും ചേരുന്നിടത്ത്
ഒരു വെളിച്ചം നിനക്ക് കാണാം,
മഞ്ഞില്‍ തിളങ്ങുന്ന വജ്രം പോലെ
ഞാനെന്ന തുള്ളി!