LoginRegister

ഒരു തരി മധുരം

ഷെരീഫ് സാഗര്‍

Feed Back


”മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതമെന്നാല്‍ പരമാനന്ദം.”
കുഞ്ഞുണ്ണി മാഷിന്റെ കവിതയാണ്. മഴയത്ത് കുട പോരാ. കുടിയും തീയും കനിവും കാശുമൊക്കെ വേണം. എന്നാല്‍ മാത്രമേ പരമാനന്ദമുണ്ടാവുകയുള്ളൂ എന്നാണ് കവി പറയുന്നത്. മഴക്കാലം പലര്‍ക്കും ആനന്ദത്തിന്റെ കാലമാണ്. മഴ ആസ്വദിക്കുന്നതിനു വേണ്ടി മാത്രം യാത്രകള്‍ നടത്തുന്നവരുണ്ട്. മഴ കൊള്ളാനായി മഴ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, ചോര്‍ന്നൊലിക്കുന്ന കൂര മാത്രമുള്ളവന് മഴക്കാലം പേടിയുടേതാണ്. കാറ്റും കോളും വന്നാല്‍ അവന്റെ ഉള്ളില്‍ ആധിയാണ്.
എല്ലാമുള്ള ചിലരുടെ ഉള്ളിലും മഴക്കാലമാകുമ്പോള്‍ വിഷാദത്തിന്റെ അലകള്‍ കടന്നുവരാറുണ്ട്. മഴ നോക്കിയിരിക്കുമ്പോള്‍ ഏതോ ഒരു നഷ്ടത്തിന്റെ, എന്തോ ഒരു ഇല്ലായ്മയുടെ നോവ് അവനെ/ അവളെ വേട്ടയാടുന്നു. എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെട്ട പോലെ തോന്നുന്നു. പൊടുന്നനെ ഈ ലോകത്തിന്റെ സ്വാഭാവിക പ്രക്രിയകളില്‍ നിന്ന് പുറംതള്ളപ്പെട്ടതുപോലെ.
വിഷാദത്തിനു പല കാരണങ്ങളുമുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. കുടുംബപ്രശ്‌നങ്ങളോ അടുപ്പമുള്ളവരുടെ വേര്‍പാടോ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങളോ ജീവിതസാഹചര്യങ്ങളിലെ മാറ്റമോ വിഷാദത്തിനു കാരണമാകാം. പാരമ്പര്യമായും ചിലര്‍ക്ക് വിഷാദരോഗം വരും. എന്നാല്‍ മഴക്കാലത്ത് വരുന്ന വിഷാദം ഇതില്‍ നിന്നൊക്കെ ഭിന്നമാണ്. മഴ പെയ്യുമ്പോള്‍ ഇവരുടെ മനസ്സും എന്തിനെന്നില്ലാതെ പെയ്യുന്നു. വെറുതെ കരയാന്‍ തോന്നുന്നു. മഴയും തണുപ്പും ആസ്വദിക്കാന്‍ കഴിയാതെയാകുന്നു.
‘മണ്‍സൂണ്‍ ബ്ലൂസ്’ എന്നാണ് ശാസ്ത്രം ഈ അവസ്ഥയെ വിളിക്കുന്നത്. മഴക്കാല വിഷാദം. സൂര്യപ്രകാശം കുറയുന്ന കാലത്താണ് ഈ അവസ്ഥ സംഭവിക്കുന്നത്. അനാവശ്യമായ ഭയവും സമ്മര്‍ദവും വിഷാദഭാവവുമാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ കിട്ടേണ്ട സിര്‍ക്കാഡിയന്‍ താളം മഴക്കാലത്ത് ഇല്ലാതാകുന്നു. ഇതോടെ പൈനല്‍ ഗ്രന്ഥി മെലറ്റോണിന്‍ പുറത്തുവിടും. അത് ക്ഷീണത്തിന് കാരണമാകും. വെയില്‍ തട്ടുമ്പോള്‍ ഈ പ്രശ്‌നം മാറുകയും ചെയ്യും. കാലാവസ്ഥ അനുസരിച്ച് തലച്ചോറിന് ലഭിക്കുന്ന സിഗ്നലുകള്‍ മൂഡ്‌സ്വിങിന് കാരണമാകുന്നു. ലൈറ്റ് തെറാപ്പിയിലൂടെയും ധ്യാനത്തിലൂടെയുമൊക്കെ ആധുനിക വൈദ്യശാസ്ത്രം ഈ അവസ്ഥയെ ചികിത്സിക്കുന്നു.
മഴ തിമര്‍ത്തു പെയ്യുന്ന നേരത്ത് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് വിളിച്ചപ്പോഴാണ് ഈ വിഷാദം അവനെ പിടികൂടിയ വിവരം അറിയുന്നത്. അപ്പോള്‍ മുതല്‍ ഇതേപ്പറ്റി അന്വേഷിക്കുകയായിരുന്നു. മഴയുടെ താളലയങ്ങളെല്ലാം ആസ്വദിച്ചിരുന്ന അവന്‍ പെട്ടെന്ന് മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി. വിഷാദത്തിന്റെ മഴനൂലുകള്‍ തലയിലേക്ക് അരിച്ചിറങ്ങി. അതങ്ങനെ വിട്ടുപോകാതെ നിന്നു.
‘വിഷാദം പൂക്കുന്ന മരങ്ങള്‍’ എന്നത് മാധവിക്കുട്ടി ‘എന്റെ കഥ’യുടെ തുടര്‍ച്ചയായി എഴുതിയ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. മഴ പെയ്തു തോര്‍ന്നാലും മരങ്ങള്‍ പെയ്തുകൊണ്ടിരിക്കും. അങ്ങനെയൊരു മരമാണ് വിഷാദം പിടികൂടിയ മനുഷ്യന്‍. എന്തിനെന്നില്ലാതെ തേങ്ങിക്കൊണ്ടിരിക്കും. കാരണം ചോദിച്ചാല്‍ പോലും ഒന്നും പറയാനുണ്ടാകില്ല. വളര്‍ന്നു വളര്‍ന്ന് മരണത്തില്‍ വരെ അഭയം തേടുന്ന വിഷാദരോഗികള്‍ നമുക്കു ചുറ്റുമുണ്ട്. വിഷാദം ഒരു രോഗമായി മാറുന്നതോടൊപ്പം വിഷാദരോഗം ചിലപ്പോള്‍ മറ്റ് പല രോഗങ്ങളിലേക്കും നമ്മെ നയിച്ചേക്കാം. ഹൃദയസംബന്ധമായ രോഗങ്ങളും അമിതവണ്ണവുമൊക്കെ വിഷാദത്തിന്റെ ഉല്‍പന്നങ്ങളായി മാറാറുണ്ട്. നഷ്ടങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുക, നിരാശയോടെ മാത്രം ജീവിതത്തെപ്പറ്റി സംസാരിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ ഉള്ളവരെ വിഷാദരോഗം പിടികൂടാം. ഉറക്കമില്ലായ്മ, കോപം, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ വിഷാദത്തിന്റെ ഫലമാണ്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും വിഷാദം കടന്നുവരാത്തവരായി ആരുമുണ്ടാകില്ല. നല്ല മനോബലമുള്ളവര്‍ക്ക് മാത്രമേ അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുകയുള്ളൂ. വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല ബന്ധങ്ങള്‍ എന്നിവയിലൂടെ വിഷാദരോഗത്തെ തല്ലിയോടിക്കാം. അകത്തു കയറാനുള്ള ഗ്യാപ് കൊടുക്കാതിരിക്കുക എന്നതാണ് ഇത് വരാതിരിക്കാനുള്ള എളുപ്പവഴികളിലൊന്ന്. വെറുതെയങ്ങ് തിരക്കിലാവുക. തിരക്കൊന്നുമില്ലെങ്കില്‍ തിരക്കുണ്ടാക്കി അതിലേക്ക് ഊളിയിടുക. കുറ്റപ്പെടുത്തലുകളേക്കാളും ഒറ്റപ്പെടുത്തലുകളേക്കാളും കുശുമ്പുകളും കുന്നായ്മകളും വന്ന് കുമിഞ്ഞുകൂടുന്നതിനേക്കാളും പിന്നില്‍ നിന്നുള്ള കുത്തലുകളേക്കാളുമേറെയാണ് ആനന്ദത്തിനുള്ള വഴികളും വകകളുമെന്ന് അറിയുക. അങ്ങനെയുള്ളവരെ വിഷാദം വന്നു തൊട്ടാലും കാറ്റുപോലെ കടന്നുപോകുന്നതാണ് പതിവ്. സ്‌നേഹം മാത്രമുള്ള വാക്കുകളുമായി കൂടെ നില്‍ക്കാന്‍ അവരുടെ കൂട്ടുകാര്‍ വരും. അതിനു വേണ്ടി മൂന്നോ നാലോ സുഹൃത്തുക്കളെയെങ്കിലും ഇളക്കം തട്ടാതെ കരുതിവെക്കണം. അവരുള്ള കാലത്തോളം ജീവിതം മടുക്കില്ല. എന്നു മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഇഞ്ചിലും ആനന്ദത്തിന്റെ കണങ്ങള്‍ ഉതിര്‍ന്നുകൊണ്ടേയിരിക്കും.
”ഒരു പാനപാത്രം നിറയെ വിഷാദം
അനുദിനമെന്നില്‍ പകര്‍ന്നാലും…
ഒരു തരി മധുരം എനിക്കായ് കരുതിയ
ജീവിതമേ, നിന്നെ സ്‌നേഹിപ്പു ഞാന്‍…”
ഷഹബാസ് അമന്‍ പാടിയതാണ്. ഒരു തരി മധുരമെങ്കിലും ജീവിതം നമുക്ക് തരാതിരുന്നിട്ടില്ല. ഒരു പാനപാത്രം നിറയെ വിഷാദം കൂടെയുണ്ടെങ്കിലും ആ ഒരു തരി മധുരത്തെ ഓര്‍ത്ത് ആ പാനപാത്രത്തെ ദൂരെ എറിയുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top