LoginRegister

ഒരുപാട് ഒന്നുകളാണ് സംഘമാകുന്നത്‌

Feed Back


ഞാനായിട്ട് നന്നായിട്ടെന്താ, മറ്റാരും മാറുന്നില്ലല്ലോ?”
ഏതെങ്കിലും നല്ല ഒന്നിലേക്ക് നമുക്കൊരു ചുവടു വെച്ചു നോക്കാം എന്നു പറയുമ്പോള്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ള വാചകമാണിത്. ഒരൊറ്റയാളുടെ ഇടപെടലുകള്‍ കൊണ്ട് സമൂഹത്തില്‍ ഒന്നും സംഭവിക്കില്ല എന്ന മിഥ്യാബോധമാണ് ഈ വാചകത്തിനു പിന്നില്‍.
ഏതൊരു തിരുത്തും ഒന്നില്‍ നിന്നാരംഭിച്ച് ശക്തി സംഭരിച്ചിട്ടുള്ളതാണ് എന്ന ചരിത്ര സാക്ഷ്യങ്ങള്‍ നമുക്കു മുന്‍പിലുണ്ട്.
പ്രവാചകന്റെ ജീവിതം തന്നെ നോക്കൂ. സമൂഹത്തില്‍ ‘ഏറ്റവും വിശ്വസ്തന്‍’ എന്ന പേരു സമ്പാദിച്ച് മാന്യമായൊരു ജീവിതവുമായി കഴിഞ്ഞു കൂടുമ്പോഴാണ് അദ്ദേഹത്തിന് നുബുവ്വത്ത് ലഭിക്കുന്നത്. എല്ലാ പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ ഒരാശയമായിരുന്നു അത്. പ്രാര്‍ഥനയും തേട്ടവും ഒരേയൊരു ദൈവത്തോടു മതിയെന്ന ആഹ്വാനം ആ സമൂഹത്തില്‍ അധികമാരും അംഗീകരിക്കാനിടയില്ലാത്തതായിരുന്നു. സര്‍വരും തനിക്കെതിരാകുമെന്നറിഞ്ഞിട്ടും ആ വലിയ ശരിയിലേക്ക് കാലെടുത്തുവെക്കാന്‍ പ്രവാചകന് ഒരു മടിയുമുണ്ടായിരുന്നില്ല.
ഒന്ന് രണ്ടായി, പിന്നെയത് അഞ്ചും പത്തുമായി, പിന്നീടത് ഒരു വലിയ സാമ്രാജ്യത്തിലേക്ക് വളരുകയാണുണ്ടായത്. നോക്കൂ, ആളുകള്‍ എന്തു കരുതുമെന്നോ എന്നെക്കൊണ്ടെന്താവുമെന്നോ പ്രവാചകന്‍ ചിന്തിച്ചിരുന്നെങ്കില്‍ അന്ധകാര യുഗത്തെ കീഴ്‌മേല്‍ മറിച്ച് വെളിച്ചത്തിന്റെ പ്രസരിപ്പ് പടര്‍ത്താന്‍ പ്രവാചകനാവുമായിരുന്നില്ല.
നിശ്ചയദാര്‍ഢ്യമാണ് പ്രധാനം. പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നന്മയിലേക്ക് ആരെങ്കിലുമൊരാള്‍ കാലെടുത്തു വെക്കാന്‍ ധൈര്യം കാണിച്ചാലേ മറ്റാരെങ്കിലും കൂട്ടുചേരുവാന്‍ വരികയുള്ളൂ. ആദ്യത്തെ ചുവടുവെപ്പ് എറ്റവും പ്രധാനമാണ്. ആ ചുവടു പിന്‍പറ്റി ഓരോരുത്തരായി നന്മയിലേക്ക് വരുന്തോറും ആദ്യത്തെ ചുവടുവെച്ചവനിലേക്ക് നന്മയുടെ ഘനം കൂടുതലായി വരും. പതിയെ അതൊരു സാമൂഹിക മുന്നേറ്റമായി മാറും.
മാറ്റങ്ങളുടെ ഗതിയും അതു തന്നെയാണ്. ഏറ്റുപിടിക്കാന്‍ ആളെ പ്രതീക്ഷിച്ച് കാത്തിരുന്നാല്‍ കാത്തിരിപ്പിന് ദൈര്‍ഘ്യമേറുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല. നന്മ ഫലം സമ്മാനിക്കുന്ന ആശയങ്ങള്‍ നടപ്പിലാക്കാന്‍ ആരെയും കാത്തിരുന്നു കൂടാ. നാം അടിവെക്കുകയും ഫലം കണ്ടു തുടങ്ങുകയും ചെയ്യുമ്പോള്‍ കുറേ ഒന്നുകള്‍ നമ്മളെന്ന ഒന്നിനോട് ചേരും. ആ ഒന്നുകള്‍ വലിയ സംഘങ്ങളായി മാറാന്‍ അധികകാലം വേണ്ടി വരില്ല. ആദ്യത്തെ ചുവടാവുക എന്നതിലാണ് കാര്യം.
മജ്റൂഹ് സുല്‍ത്താന്‍പുരി പറയുന്നത് അതാണ്:
മെ അകേലാ ഹി ചലാ ഥാ ജാനിബെ മന്‍സില്‍ മഗര്‍/ ലോഗ് സാഥ് ആതെ ഗയെ ഓര്‍ കാര്‍വാന്‍ ബന്‍താ ഗയാ..
(ഞാന്‍ ഒറ്റയ്ക്കായിരുന്നു ലക്ഷ്യത്തിലേക്ക് നടന്നിരുന്നത് /ജനങ്ങള്‍ പക്ഷേ കൂടെ വന്ന് ഒരു യാത്രാ സംഘം തന്നെയുണ്ടാക്കി)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top