LoginRegister

ഒന്നു നോക്കൂ!

മുബാറക് മുഹമ്മദ്‌

Feed Back


ആരൊക്കെയോ
വിത്തിട്ടു പോയ
പച്ചപ്പു നിറഞ്ഞിരിക്കുന്നിടം
എപ്പോഴെങ്കിലുമൊരിക്കല്‍
തിരിഞ്ഞു നോക്കൂ

മഴ നനഞ്ഞു
ചെളിയുമ്മവെച്ച
കാലുകള്‍ കാണാം
വെയിലു കൊണ്ട്
വിയര്‍പ്പാലിംഗനം
ചെയ്ത ചുമലുകാണാം

ആരുടെയോ ഒപ്പം
പറയാതിറങ്ങിപ്പോയ
ആളുകളുടെ
മൂര്‍ധാവില്‍ നോക്കൂ

അമ്മ
മണത്തുമ്മ വെച്ചപ്പോള്‍
കാറ്റില്‍ത്തൂവിയിറങ്ങിയ
ഇലഞരമ്പുകള്‍ കാണാം

ആരുമധികം
പോകാനിടയില്ലാത്ത
ഖബറിടങ്ങളില്‍
വല്ലപ്പോഴും
ചുണ്ടനക്കാതെ
ചേര്‍ന്നു നില്‍ക്കൂ

നടന്നു നേര്‍ത്തുപോയ
ഓടിക്കിതപ്പുകള്‍
അര്‍ഥമില്ലായ്മയെ ഓര്‍ത്ത്
പുഞ്ചിരിയൊച്ചപ്പെടുന്നത്
മീസാന്‍ കല്ലുകളില്‍
വിരലുകള്‍ കോര്‍ത്തു
നില്‍ക്കുന്ന
പുല്‍ത്തലപ്പുകള്‍
പറഞ്ഞു തരും

ആകാശം
ആടയഴിഞ്ഞു വീണു
പരന്നു കിടക്കുന്ന
വയല്‍ ജലത്തിലേക്കു
നോക്കൂ

ഓര്‍മകളെയ്തു വിട്ട
രൂക്ഷനോട്ടങ്ങളെ,
ചിറി കോട്ടിയ ചിരികളെ
മേഘങ്ങള്‍
തുള്ളി പെയ്‌തൊലിപ്പിച്ച –
ന്യമാക്കിപ്പരത്തിയതറിയാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top