”സുന്ദരമായ കലാവിസ്മയവും ശില്‍പമനോഹാരിതയും നാഗരിക പൈതൃകവും ഒത്തിണങ്ങിയ മൊറോക്കോയിലെ ചരിത്രപ്രശസ്തമായ ഫെസ് (എഋട) പട്ടണം അന്നത്തെ മനുഷ്യരുടെ നാഗരികതാബോധവും സംസ്‌കാരവും ഉള്‍ച്ചേരാന്‍ പരുവത്തില്‍ സംവിധാനിക്കപ്പെട്ട വൃത്തിയുള്ള പട്ടണമാണ്. സമകാലിക നാഗരിക സാമൂഹിക നിര്‍മിതികള്‍ക്ക് മൊറോക്കോയിലെ ഫെസില്‍ നിന്നു വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്.”
യുനെസ്‌കോയുടെ ലോക പൈതൃക സമ്മേളന റിപോര്‍ട്ടില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കുടക്കീഴില്‍ പുരോഗതി കൈവരിച്ചതും ക്രി.ശേ. 789-ല്‍ സ്ഥാപിക്കപ്പെട്ടതുമായ മൊറോക്കോയിലെ ഫെസ് പട്ടണത്തെക്കുറിച്ച് വര്‍ണിക്കുന്നത് ഇങ്ങനെയാണ്.
വൃത്തിയും വെടിപ്പും ശുചിത്വവും വേണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. വൃത്തിയും വെടിപ്പും തുടങ്ങേണ്ടത് എവിടെ നിന്ന് എന്ന വിഷയത്തിലാണ് അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത്.
മാലിന്യം സംസ്‌കരിക്കാം
മനസ്സില്‍ തന്നെ
ഉറവിട മാലിന്യ സംസ്‌കരണം ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. ഇസ്‌ലാം വെടിപ്പിന്റെ മതം (ദീനുല്‍ ഹിന്ദാം) ആണ്. മലിനീകരണവും വൃത്തിയും രണ്ടു തരമുണ്ട്. ഒന്ന്, അമൂര്‍ത്ത മലിനീകരണം. ഇതിനെ ആശയതല മലിനീകരണം എന്നും പറയാവുന്നതാണ്. അപ്പോള്‍ ആശയതല-അമൂര്‍ത്ത വൃത്തിയുണ്ടെന്ന് വരുന്നു.
രണ്ട്, മൂര്‍ത്ത മലിനീകരണമാണ്. ദൈവത്തിന്റെ പരിശുദ്ധിയെ (ഇഖ്‌ലാസ്) മലിനം (നജസ്) ആക്കുന്ന വിശ്വാസ വൈകല്യമാണ് ദൈവത്തില്‍ പങ്കാളിയെ സങ്കല്‍പിക്കല്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഏകദൈവ വിശ്വാസം അമൂര്‍ത്ത മാലിന്യത്തില്‍ നിന്നു മുക്തമാണ് എന്നു വ്യക്തമാക്കുകയാണ് സൂറത്തുല്‍ ഇഖ്‌ലാസ് ചെയ്യുന്നത്. കലര്‍പ്പറ്റതും മാലിന്യമുക്തവുമായ വിശ്വാസസംഹിതയാണ് ഇസ്‌ലാം ഖുര്‍ആനിലൂടെ മുന്നോട്ടു വെക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ മുക്ത ഇസ്‌ലാം ഉടലെടുക്കുന്നത്. കലര്‍പ്പറ്റ ഈ വിശ്വാസത്തെ സംബന്ധിച്ച് ഖുര്‍ആനില്‍ നിരവധി വചനങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം.
ഉറവിടത്തിലാണ് മാലിന്യം സംസ്‌കരിക്കേണ്ടത്. മാലിന്യം ഉടലെടുക്കുന്ന ഉറവിടം എവിടെയാണ്? മനസ്സാണ് മാലിന്യത്തിന്റെ ഉറവിടം. വൃത്തിയുള്ള മനസ്സില്‍ മാലിന്യം കുമിഞ്ഞുകൂടുകയില്ല. ‘വൃത്തി സമ്പൂര്‍ണ സത്യവിശ്വാസത്തിന്റെ പാതിയാണ്’ എന്ന നബിവചനം ഇതിന് അടിവരയിടുന്നു.
വിശ്വാസത്തിന്റെ ശ്വാസം
വിശ്വാസത്തിന്റെ ശ്വാസമാണ് എല്ലാ മാലിന്യത്തില്‍ നിന്നുമുള്ള മുക്തി. ദൈവവിശ്വാസത്തില്‍ പങ്കുചേര്‍ക്കുന്ന അവിശ്വാസവും അധര്‍മവും കാരണം മനസ്സ് മലിനമാവും. നബി(സ) മക്കാ വിജയത്തോടെ പ്രതിഷ്ഠാ വിഗ്രഹങ്ങള്‍ കഅ്ബയില്‍ നിന്ന് ഉന്‍മൂലനം ചെയ്ത് വിശ്വാസവൈകല്യമുള്ളവര്‍ക്ക് അവിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം ഖുര്‍ആന്‍ പറയുന്നുണ്ട്: ”സമ്പൂര്‍ണ സത്യവിശ്വാസികളേ, ദൈവവിശ്വാസത്തില്‍ പങ്കുചേര്‍ക്കുന്നവര്‍ മാലിന്യമുള്ളവര്‍ തന്നെയാണ്” (തൗബ: 28).
നബി(സ) പറഞ്ഞു: ”സമ്പൂര്‍ണ സത്യവിശ്വാസം എഴുപതില്‍പരം ശാഖകളുണ്ട്. അതില്‍ ഏറെ ശ്രേഷ്ഠമായത് ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്ന വചനവും അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്ന് മാലിന്യ ഉപദ്രവങ്ങള്‍ നിര്‍മാര്‍ജനം ചെയ്യലുമാണ്. ലജ്ജ സമ്പൂര്‍ണ സത്യവിശ്വാസത്തിന്റെ ഒരു ശാഖയുമാണ്” (മുസ്‌ലിം 153). റസൂല്‍(സ) പറയുന്നു: ”അറിയണം, ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അതു മാലിന്യമുക്തമായാല്‍ ശരീരമെല്ലാം സംസ്‌കൃതമായിത്തീരും. അതു മലിനമായാല്‍ ശരീരം മുഴുവന്‍ അസംസ്‌കൃതമായിത്തീരും. അതാണ് ഹൃദയം” (ബുഖാരി 52).
വൃത്തിയില്‍ അധിഷ്ഠിതമായ ഒരു വിശ്വാസസംഹിതയ്ക്കും വെടിപ്പുള്ള മനസ്സിനുമേ മാലിന്യമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാവൂ എന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം.
മാലിന്യമുക്ത ആരാധനാലയം
മൂര്‍ത്തവും അമൂര്‍ത്തവുമായ മാലിന്യങ്ങളില്‍ നിന്നു മുക്തമായ ഒരു അന്തരീക്ഷമാണ് മസ്ജിദുകളില്‍ നിലനിര്‍ത്തേണ്ടത്. കഅ്ബാലയത്തിന്റെ മാലിന്യമുക്തി കാത്തുസൂക്ഷിക്കണമെന്ന കാര്യം ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ”കഅ്ബ പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും പള്ളിയില്‍ ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി കഅ്ബയെ മാലിന്യമുക്തമാക്കി വെക്കുക എന്ന് ഇബ്‌റാഹീമിനും ഇസ്മാഈലിനും അല്ലാഹു കല്‍പന നല്‍കി” (അല്‍ബഖറ 125).
മുസ്‌ലിമിന്റെ നമസ്‌കാര ആരാധന സ്വീകാര്യമാവാന്‍ ശുദ്ധി ഒരു നിബന്ധനയാണ്. ആരാധന നിര്‍വഹിക്കുന്ന മസ്ജിദ് അടക്കമുള്ള സ്ഥലങ്ങള്‍, ആരാധന നിര്‍വഹിക്കുന്ന വ്യക്തിയുടെ ശരീരവും മനസ്സും വസ്ത്രങ്ങളും വൃത്തിയും ശുദ്ധിയുമുള്ളതായിരിക്കണം. സ്ഥലവും വസ്ത്രവും മൂര്‍ത്തമാലിന്യത്തില്‍ നിന്ന് ശുദ്ധമായിരിക്കുക എന്നതുപോലെ ശരീരം അശുദ്ധി(ഹദസ്)യില്‍ നിന്നു മുക്തമായിരിക്കണം.
ശരീരത്തിന്റെ മാലിന്യമുക്തി
ആര്‍ത്തവം, പ്രസവരക്തം, ശുക്ലസ്ഖലനം തുടങ്ങിയവ മനുഷ്യശരീരത്തിന്റെ വലിയ അശുദ്ധിയാണ് (ഹദസ് അക്ബര്‍). ഈ ഘട്ടത്തില്‍ മുക്തി നേടാന്‍ കുളിക്കുകയാണ് വേണ്ടത്. ചെറിയ അശുദ്ധിയില്‍ (ഹദസ് അസ്ഗര്‍) നിന്ന് മുക്തി നേടാന്‍ വുദൂഅ് ചെയ്താല്‍ മതി. കുടാതെ മീശ വെട്ടല്‍, താടിയെടുക്കല്‍, കക്ഷം വടിക്കല്‍, ഗുഹ്യരോമം നീക്കല്‍, നഖം വെട്ടല്‍, ചേലാകര്‍മം നടത്തല്‍, ദന്തധാവനം, മൂക്ക് ചീറ്റല്‍, വായ കൊപ്ലിക്കല്‍, വിരലുകള്‍ക്കിടയില്‍ വൃത്തിയാക്കല്‍, ശൗച്യം ചെയ്യല്‍ എന്നിത്യാദി കാര്യങ്ങള്‍ ശരീരശുചിത്വത്തിനായി നബി(സ) നിര്‍ദേശിച്ചിട്ടുള്ളതാണ് (മുസ്‌ലിം 604).
അഴുക്കും അഴകും
”ഹൃദയത്തില്‍ അണുമണിത്തൂക്കം അഹന്തയുള്ളവന് സ്വര്‍ഗപ്രവേശനം സാധ്യമല്ല” എന്ന് നബി(സ) പറഞ്ഞപ്പോള്‍ ഒരു വ്യക്തി ചോദിച്ചു: ”ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും അഴകുള്ളതാകാന്‍ ഇഷ്ടപ്പെടുന്നതോ?” നബി(സ) മറുപടി നല്‍കിയത് ഇങ്ങനെയാണ്: ”അല്ലാഹു അഴകുള്ളവനാണ്. അഴകിനെ അവന്‍ ഇഷ്ടപ്പെടുന്നു. മുഴുസത്യത്തെ മറച്ചുവെക്കലും ജനങ്ങളെ അവമതിക്കലുമാണ് യഥാര്‍ഥ അഹന്ത” (മുസ്‌ലിം 265).
”നിന്റെ വസ്ത്രങ്ങള്‍ നീ ശുദ്ധിയാക്കുക, പാപമാലിന്യം നീ ഉന്മൂലനം ചെയ്യുക” (മുദസ്സിര്‍ 4, 5) എന്ന് ഖുര്‍ആന്‍ പറയുന്നു. ”ആദം സന്തതികളേ, മസ്ജിദുകളിലെ ആരാധനാവേളകളിലെല്ലാം നിങ്ങള്‍ അഴകുള്ള വസ്ത്രം സ്വീകരിച്ചുകൊള്ളുക” (അഅ്‌റാഫ് 31).
ജലമലിനീകരണം
പ്രകൃതിയില്‍ കാണുന്ന ജലസ്രോതസ്സുകളെ ശുദ്ധജലം എന്ന ഗണത്തിലാണ് ഇസ്‌ലാം പരിഗണിക്കുന്നത്. മഴ, കിണര്‍, കുളം, തടാകം, നീരുറവ, ഉള്‍ക്കടല്‍, കടല്‍, സമുദ്രം, അരുവി, പുഴ, നദി, വെള്ളച്ചാട്ടം, കുഴല്‍ക്കിണര്‍, മഞ്ഞുപാളി എന്നിവിടങ്ങളിലെ ജലം ഉപ്പുള്ളതോ അല്ലാത്തതോ ചൂടുള്ളതോ തണുത്തതോ ദ്രാവകരൂപത്തിലുള്ളതോ ഖരരൂപത്തിലുള്ളതോ വാതക (നീരാവി) രൂപത്തിലുള്ളതോ ആണെങ്കിലും അത് ശുചീകരണത്തിന് പറ്റിയ ത്വഹൂറായ വെള്ളമാണ്. ശുചീകരണകാര്യങ്ങള്‍ക്ക് ഇസ്‌ലാം ഒന്നാം പരിഗണന കൊടുക്കുന്നത് ജലം കൊണ്ടുള്ള ശുചീകരണമാണ്. നിറം, രുചി, വാസന എന്നിവക്ക് കാര്യമായ മാറ്റം വന്നതാണ് മലിന (നജസ്) ജലം (ബുലൂഗുല്‍ മറാം 3).
ജല മലിനീകരണത്തിന്റെ ദൂഷ്യഫലം നിമിത്തമാണ് ജപ്പാനിലെ മീനാമാതാ ഉള്‍ക്കടലിലെ മത്സ്യം ഭക്ഷിച്ച പൂച്ചകള്‍ക്കും തുടര്‍ന്ന് മനുഷ്യനും മീനാമാതാ രോഗം പിടിപെട്ടത്. ”മനുഷ്യകരങ്ങള്‍ സമ്പാദിച്ചത് കാരണം കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായി. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതെല്ലാം ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടി. ഒരുപക്ഷേ അവര്‍ മടങ്ങിയേക്കാം” (റൂം 41) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
ജല മലിനീകരണത്തിനെതിരെയുള്ള ജാഗ്രതാ നിര്‍ദേശം നബി(സ)യുടെ വചനങ്ങളില്‍ കാണാം: ”ഒഴുകാത്ത നിശ്ചല ജലത്തില്‍ നിങ്ങളില്‍ ആരും മൂത്രമൊഴിച്ചുപോവുകയും എന്നിട്ടതില്‍ കുളിക്കുകയുമരുത്” (മുസ്‌ലിം 656, ബുഖാരി 239).
”മൂന്ന് ശാപകാര്യങ്ങളെ ജാഗ്രതയോടെ എടുക്കുവിന്‍. ജലസംഭരണികളില്‍ മലമൂത്ര വിസര്‍ജനം ചെയ്യല്‍, വഴിയിലും തണലിലും മാലിന്യമിടല്‍” (അബൂദാവൂദ് 24). ”നിങ്ങള്‍ ആരെങ്കിലും ജലപാനം നടത്തിയാല്‍ പാത്രത്തിലേക്ക് ഉച്ഛ്വസിക്കരുത്” (ബുഖാരി 5630) എന്നീ നബിവചനങ്ങള്‍ ജല മാലിന്യ സംസ്‌കരണത്തിന് താങ്ങായി നിലകൊള്ളുന്നു.
ശബ്ദമലിനീകരണം
ദൈവിക ശിക്ഷകളില്‍ ഘോരശബ്ദത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അന്ത്യനാളിലെ ഘോരശബ്ദം (യാസീന്‍ 49), സ്വാലിഹ് നബി(അ)യുടെ സമൂഹമായ സമൂദ് അക്രമിയായപ്പോള്‍ ഘോരശബ്ദശിക്ഷ നല്‍കിയത് (ഹൂദ് 67), ഘോരശബ്ദം പിടികൂടിയ സമൂഹം മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട് (അന്‍കബൂത്ത് 40) എന്നിവ ഉദാഹരണങ്ങളാണ്. എന്നാല്‍ അപശബ്ദങ്ങളില്‍ നിന്ന് മുക്തമായ സ്വര്‍ഗമാണ് സമ്പൂര്‍ണ സത്യവിശ്വാസികള്‍ക്കായി പരലോകത്ത് ഒരുക്കിവെച്ചത് എന്നും ഖുര്‍ആന്‍ പറയുന്നു (ഖാരിയ 25, നബഅ് 35, ഗാശിയ 11).
സുന്ദരമായ ബാങ്കൊലികളും രണ്ട് ഈദുകളിലെ തക്ബീര്‍ ധ്വനികളും ഹജ്ജ്-ഉംറകളിലെ തല്‍ബിയത്തും മാറ്റിനിര്‍ത്തിയാല്‍ ഇസ്‌ലാമിലെ ആരാധനകളില്‍ മിതശബ്ദമാണ് അനുവദനീയമായത്. ലുഖ്മാന്‍ (അ) തന്റെ മകനെ ഉപദേശിക്കുന്നതില്‍ ശബ്ദനിയന്ത്രണത്തില്‍ ഔചിത്യബോധം (ഇസ്തിഖാമ) പാലിക്കണമെന്ന് ഉണര്‍ത്തുന്നുണ്ട്.
”നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ നിയന്ത്രിക്കുകയും ചെയ്യുക. ശബ്ദങ്ങളില്‍ ഏറ്റവും നെറികെട്ട ശബ്ദമാണ് കഴുതയുടെ കരച്ചില്‍” (31 ലുഖ്മാന്‍ 19).
പ്രവാചക സന്നിധിയില്‍ സന്ദര്‍ഭവും സാഹചര്യവും നോക്കാതെ ഒച്ചവെക്കുന്നതിനെ കുറിച്ച് സൂറത്തുല്‍ ഹുജുറാത്ത് 2, 3 വാക്യങ്ങളില്‍ കാണാം.
നബി(സ)യുടെ കാലത്ത് വിശ്വാസവൈകല്യമുള്ളവരില്‍ കണ്ടുവന്നിരുന്ന പ്രാര്‍ഥനാക്രമത്തിന്റെ മുഖമുദ്ര ബഹളമയമായിരുന്നു. മണിനാദം ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നുമുണ്ട് (മുസ്‌ലിം 5546).
കഅ്ബാലയത്തിന്റെ അടുക്കല്‍ സത്യനിഷേധികള്‍ നടത്തുന്ന പ്രാര്‍ഥന കൈകൊട്ടും കുരവയും മാത്രമായിരുന്നു (അന്‍ഫാല്‍ 35). നമസ്‌കാരത്തിലേക്ക് വരുമ്പോള്‍ പോലും ശബ്ദമുണ്ടാക്കാതെയായിരിക്കണം (ബുഖാരി 634, മുസ്‌ലിം 1367) എന്ന് നബി(സ) നിര്‍ദേശിക്കുന്നുണ്ട്.
ഖുര്‍ആന്‍ പറയുന്നു: ”പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്, അത് പതുക്കെയുമാക്കരുത്. അതിനിടയിലുള്ള ഒരു രീതി തേടിക്കൊള്ളുക” (ഇസ്‌റാഅ് 110). ”താഴ്മയോടും രഹസ്യ സ്വഭാവത്തിലും നിങ്ങളുടെ സംരക്ഷനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. പരിധി വിട്ടുപോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (അഅ്‌റാഫ് 55). ”താഴ്മയോടും ഭയപ്പാടോടും വാക്ക് ഉച്ചത്തിലാവാതെ രാവിലെയും വൈകുന്നേരവും നിന്റെ സംരക്ഷകനെ നീ മനസ്സില്‍ സ്മരിക്കുക. നീ അശ്രദ്ധരുടെ കൂട്ടത്തിലാവരുത്” (അഅ്‌റാഫ് 205). മേല്‍ കൊടുത്ത നിര്‍ദേശങ്ങളിലൊക്കെ ശബ്ദമലിനീകരണം സൃഷ്ടിക്കാത്ത രൂപത്തില്‍ മധ്യമ നിലയിലുള്ള ശബ്ദത്തിലാണ് പ്രാര്‍ഥിക്കേണ്ടത് എന്ന് വ്യക്തമായി മനസ്സിലാക്കാം.
വായുമലിനീകരണം
ഖുര്‍ആനിലെ 44-ാം അധ്യായനാമം പുക (ദുഖാന്‍) എന്നാണ്. ആ അധ്യായത്തിലെ 10-ാം വചനത്തിലെ ശിക്ഷയുടെ പുകയെക്കുറിച്ചുള്ള പരാമര്‍ശമാണ് ഈ നാമകരണത്തിന് കാരണം.
പുക സൃഷ്ടിക്കല്‍ പരമാവധി കുറക്കുകയാണ് അന്തരീക്ഷ മലിനീകരണ തോത് താഴ്ത്താന്‍ സഹായകമായ രീതി. ഉറങ്ങുന്ന സന്ദര്‍ഭത്തില്‍ തീ അണക്കുക (ബുഖാരി 5452), കോട്ടുവായുടെ നിയന്ത്രണം (ഇബ്‌നുമാജ), തുമ്മുമ്പോള്‍ കൈ വെക്കുക (തിര്‍മിദി) തുടങ്ങിയ നബി(സ)യുടെ നിര്‍ദേശങ്ങള്‍ മറ്റുള്ളവര്‍ കൂടി ശ്വസിക്കുകയും മണക്കുകയും ചെയ്യുന്ന ശ്വാസവായു സ്വച്ഛമായി നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളാണ്.
മനുഷ്യന്റെ മൃതശരീരം കത്തിച്ച് കടലിലോ നദിയിലോ ഒഴുക്കുന്ന രീതിയോ, മലമുകളില്‍ കൊണ്ടുപോയി വെച്ച് കഴുകനെ കൊണ്ട് തീറ്റിക്കുന്ന രീതിയോ അല്ല ഇസ്‌ലാമിലുള്ളത്. ‘സവിശേഷ ശ്രേഷ്ഠതയും ആദരവും’ (ഇസ്‌റാഫ് 70) ഉള്ള, മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ പ്രകൃതിക്ക് താരതമ്യേന കുറഞ്ഞ പ്രത്യാഘാതം മാത്രം സൃഷ്ടിക്കുന്ന രൂപത്തില്‍ ഭൂമിയില്‍ കുഴിയുണ്ടാക്കി മറമാടുന്ന രീതിയാണ് മനുഷ്യാരംഭം മുതല്‍ അല്ലാഹു പഠിപ്പിച്ച രീതി (അല്‍മാഇദ 30).
മണ്ണ് മലിനീകരണം
നബി(സ)യുടെ അനുചരനായ അബൂബറസ (റ) ചോദിച്ചു: ”പ്രയോജനം ലഭിക്കുന്ന ഒരു വസ്തുത എനിക്ക് താങ്കള്‍ പഠിപ്പിച്ചുതന്നാലും. നബി മൊഴിഞ്ഞു: വഴിയില്‍ നിന്ന് ഉപദ്രവ മാലിന്യം നീക്കുക” (മുസ്‌ലിം 6673).
ജനങ്ങളുടെ വഴിയിലും തണലിടങ്ങളിലും ഉപദ്രവ മാലിന്യം നിക്ഷേപിക്കല്‍ ശാപകാര്യമാണ് (മുസ്‌ലിം 618, 153) എന്നിങ്ങനെയുള്ള നബിനിര്‍ദേശങ്ങള്‍ ഭൂമിയിലെ മലിനീകരണത്തെ തടുക്കാന്‍ സഹായകമാണ്.
യഹൂദരില്‍ മാലിന്യം വീട്ടുമുറ്റത്തിന്റെ ഒരു മൂലയില്‍ കൂട്ടിയിടുന്ന രീതിയുണ്ടായിരുന്നു. അതുപോലെയാവരുത് എന്ന് നബി(സ) താക്കീത് നല്‍കുന്നുണ്ട്. ”അല്ലാഹു അഴകുള്ളവനാണ്, അഴകിനെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ പരിശുദ്ധനാണ്, ശുദ്ധിയെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ നല്ലവനാണ്, നല്ലതിനെ അവന്‍ ഇഷ്ടപ്പെടുന്നു. ആകയാല്‍ നിങ്ങളുടെ മുറ്റം നിങ്ങള്‍ മാലിന്യമുക്തമാക്കുക. നിങ്ങളൊരിക്കലും യഹൂദരെ പോലെയാകരുത്” (ബുഖാരി).
കീടനാശിനികള്‍ കൊണ്ട് ഭൂമിയെയും ജലത്തെയും മലിനമാക്കുന്ന ഈ ലോകത്ത് കീടനിയന്ത്രണത്തിന്റെ പ്രകൃതി സംവിധാനം കാത്തുസൂക്ഷിക്കാന്‍ പ്രേരണ നല്‍കുന്ന ഒരു നബിവാക്യമിതാ: ”നബി(സ) നാലിനം ജീവികളെ കൊല്ലുന്നത് വിലക്കിയിരിക്കുന്നു. ഉറുമ്പും തേനീച്ചയും ഉപ്പൂപ്പന്‍ പക്ഷിയും ശ്രൈക്ക് കുരുവിയുമാണത്” (അബൂദാവൂദ് 5267). രണ്ടിനം കിളികളും രണ്ടിനം കീടങ്ങളുമാണവ. ഈ പക്ഷികളുടെ പ്രധാന ആഹാരം കീടങ്ങളാണ്. കീടങ്ങളുടെ ക്രമാതീതമായ വര്‍ധനവിനെ നിയന്ത്രിക്കുന്നത് ഇതുപോലുള്ള പക്ഷികളാണ്.
സബഅ് ദേശക്കാരുടെ അധിവാസ കേന്ദ്രം നല്ല നാടായിരുന്നു (സബഅ് 34). നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്റെ സംരക്ഷന്റെ അനുമതിയോടെ നന്നായി മുളച്ചുവരുന്നു. മോശമായ നാട്ടില്‍ ശുഷ്‌കമായാണ് ചെടികള്‍ മുളച്ചുപൊങ്ങുക (അഅ്‌റാഫ് 58).
ലൈംഗിക ശുദ്ധി
”ആര്‍ത്തവരക്തം മാലിന്യമായതിനാല്‍ ആ ഘട്ടത്തില്‍ സ്വപത്‌നിമാര്‍ ശുദ്ധിയാവുന്നതുവരെ അവരെ സമീപിക്കരുത്” (അല്‍ബഖറ 222). ”മ്ലേച്ഛവൃത്തിയും ദുഷിച്ച രീതിയുമായ വ്യഭിചാരവുമായി നിങ്ങള്‍ സമീപിക്കരുത്” (ഇസ്‌റാഅ് 32) എന്നീ ഖുര്‍ആനിക നിര്‍ദേശങ്ങള്‍ വൈവാഹിക വിശുദ്ധിക്കുള്ള ചൂണ്ടുപലകകളായി കാണാം.
ലൂത്തിന്റെ ജനതക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത മ്ലേച്ഛവൃത്തിയാണ് കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ടു പുരുഷന്മാരെ സമീപിക്കുന്ന വൃത്തി (അഅ്‌റാഫ് 80, 81, അന്നംല് 54, 55) എന്ന് സ്വവര്‍ഗരതിയെക്കുറിച്ച് ലൂത്ത് താക്കീത് ചെയ്തപ്പോള്‍, ശുദ്ധി പാലിക്കുന്ന ലൂത്തിന്റെ അനുയായികളെ നിങ്ങളുടെ നാട്ടില്‍ നിന്നു തുരത്തുക (അന്നംല് 56, അഅ്‌റാഫ് 82) എന്നായിരുന്നു അവരുടെ പ്രതികരണം.
വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും സത്‌വൃത്തികളിലേര്‍പ്പെടുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പില്‍ ശുദ്ധരായ ഇണകളാണ് (അല്‍ബഖറ 25, ആലുഇംറാന്‍ 15) പരലോകത്ത് ലഭിക്കുക എന്ന സന്തോഷവാര്‍ത്ത ഖുര്‍ആന്‍ (അന്നിസാഅ് 57) അറിയിക്കുന്നു.
ഭക്ഷണരുചി
ഇസ്‌ലാം നിരോധിച്ചിട്ടുള്ളത് മ്ലേച്ഛമായ ഭക്ഷ്യവസ്തുക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു: ”ശവം, രക്തം, പന്നിമാംസം, ദൈവമാര്‍ഗത്തിലല്ലാതെ അറുക്കപ്പെട്ടവ, വീണു ചത്തവ, കുത്തേറ്റ് ചത്തവ, വന്യജീവി കടിച്ചു തിന്നവ എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാണ്. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും നിഷിദ്ധമാക്കിയിരിക്കുന്നു. ഇതെല്ലാം മ്ലേച്ഛധര്‍മമാകുന്നു” (അല്‍മാഇദ 3).
ഭക്ഷണപ്പാത്രം മൂടിവെക്കണം (മുസ്‌ലിം 5255) എന്നും, നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു പ്രാവശ്യം കഴുകണം (മുസ്‌ലിം 625) എന്നുമുള്ള നബിനിര്‍ദേശങ്ങള്‍ ഭക്ഷ്യശുദ്ധിക്ക് സഹായകമാണ്. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന പാനജലം തികച്ചും ശുദ്ധമാണ് എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
സംസ്‌കരണം സംസ്‌കാരമാണ്
പരിസ്ഥിതി ശുചിയായി കാത്തുസൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന സന്ദേശമാണ് ഇസ്‌ലാം വളര്‍ത്തുന്നത്. ”നിങ്ങള്‍ക്കു വേണ്ടി അല്ലാഹുവാണ് ഭൂമിയിലുള്ളത് സകലതും സൃഷ്ടിച്ചുതന്നത്” (അല്‍ബഖറ 29), ”ഭൂമിയെ മനുഷ്യര്‍ക്കായാണ് അവന്‍ ഒരുക്കിവെച്ചിരിക്കുന്നത്” (അര്‍റഹ്മാന്‍ 10), ”നിങ്ങള്‍ക്കായി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിയവയും അല്ലാഹുവിന്റെ കല്‍പനക്ക് വിധേയമാണ്” (അന്നഹ്്‌ല് 13), ”അല്ലാഹുവാണ് നിങ്ങള്‍ക്കായി ഭൂമിയെ വിധേയമാക്കിയവന്‍. ആകയാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുക. അവനു തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്” (അല്‍മുല്‍ക് 15) എന്നീ ഖുര്‍ആനിക വചനങ്ങള്‍ സൂചന നല്‍കുന്നത് മനുഷ്യര്‍ക്കായി സൃഷ്ടിച്ച ഭൂമിയെ നാം കാത്തുസൂക്ഷിക്കണം എന്നുകൂടിയാണ്.
വിശ്വാസവൈകല്യത്തില്‍ നിന്ന് ഉടലെടുക്കുന്ന മാലിന്യത്തെ സംസ്‌കരിക്കാന്‍ മനസ്സിന് മാത്രമേ സാധ്യമാകൂ. ദൈവവുമായുള്ള ബന്ധവും മനുഷ്യനു വേണ്ടിയാണ് ഈ ഭൂമിയെന്ന ചിന്തയും നിസ്വാര്‍ഥമായ ജീവിതവും മിതത്വവും മാലിന്യ നിര്‍മാര്‍ജനത്തിന് സഹായകമായ ഘടകങ്ങളാണ്.