LoginRegister

ഉറക്കം ഒരു മരണം

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍

Feed Back


ജീവജാലങ്ങള്‍ക്ക് പൂര്‍ണ ആരോഗ്യത്തോടുകൂടി നിലനില്‍ക്കുന്നതിന് സ്രഷ്ടാവ് സംവിധാനിച്ച ജൈവിക വ്യവസ്ഥകളില്‍ ഒന്നാണ് ഉറക്കം. ഉറക്കിനെ ഇതര പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഖുര്‍ആന്‍ സ്രഷ്ടാവിനെ കണ്ടെത്താനുള്ള ദൈവിക ദൃഷ്ടാന്തമായും ആരോഗ്യക്ഷമതയുടെ അനിവാര്യ ഘടകമായും പരിചയപ്പെടുത്തുന്നുണ്ട്. ഒരു മനുഷ്യന്‍ ആയുസ്സിന്റെ മൂന്നില്‍ ഒരു ഭാഗം ഉറങ്ങിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ദൈര്‍ഘ്യമേറിയ ഈ കാലയളവ് മനുഷ്യന് കോട്ടമല്ല നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയും.
ഉറങ്ങുന്ന സമയത്ത് മനുഷ്യശരീരം പ്രവര്‍ത്തിക്കുന്നത് എങ്ങനെ? ശരീരത്തിലെ മിക്കവാറും അവയവങ്ങളും പൂര്‍ണ വിശ്രമത്തിലായിരിക്കെ കണ്ണിന് ജോലിത്തിരക്കാണെന്ന് ശാസ്ത്രം അഭിപ്രായപ്പെടുന്നു. എന്തുകൊണ്ട്? കണ്ണടച്ചതുകൊണ്ട് മാത്രം ഉറക്കം വരില്ല. തലച്ചോര്‍ ഉള്‍പ്പെടെയുള്ള ഒരു വന്‍വ്യവസ്ഥയുടെ പ്രവര്‍ത്തനഫലമായാണ് ഉറക്കം വരുന്നത്. ഈ വ്യവസ്ഥ സംവിധാനിച്ചത് ആരാണ്? കൊച്ചു കുഞ്ഞുങ്ങള്‍ ആസ്വദിച്ചുറങ്ങുന്നതും വയോജനങ്ങള്‍ ഉറക്കിനു വേണ്ടി തേടുന്നതും എന്തുകൊണ്ടായിരിക്കും? ഇങ്ങനെയുള്ള നൂറുകണക്കിന് ചോദ്യങ്ങള്‍ നല്‍കുന്ന ഉത്തരം ഉറക്കം എന്ന മഹത്തായ അനുഗ്രഹം ദൈവിക ദൃഷ്ടാന്തമാണെന്ന് ബോധ്യമാവുക തന്നെ ചെയ്യും. അതുകൊണ്ടാണ് ഖുര്‍ആനില്‍ ഇങ്ങനെ കുറിച്ചിട്ടത്: ”നിങ്ങള്‍ രാത്രിയും പകലും ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനമാര്‍ഗം അന്വേഷിക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്. നിശ്ചയമായും അതില്‍ കേള്‍ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്” (30:23).
ഉറക്കം വിശ്രമമാണ്
അറബി ഭാഷയില്‍ ഉറക്കിന് ഉപയോഗിക്കുന്ന നൗം എന്ന വാക്ക് ഖുര്‍ആനില്‍ മൂന്ന് തവണയാണ് ഉപയോഗിച്ചത്. അതില്‍ ഒരു സ്ഥലത്ത് അല്ലാഹുവിലേക്കും മറ്റു രണ്ടിടങ്ങളില്‍ മനുഷ്യരിലേക്കുമാണ് ചേര്‍ത്തുപറഞ്ഞിരിക്കുന്നത്. അല്ലാഹുവിന് ഉറക്കമോ മയക്കമോ പിടികൂടുകയില്ലെന്നും മനുഷ്യര്‍ക്ക് ഉറക്കിനെ വിശ്രമമാക്കിയിരിക്കുന്നു എന്നുമാണ് പ്രസ്തുത വചനങ്ങളിലെ പരാമര്‍ശം. വിശ്രമം എന്നതിന് ഖുര്‍ആന്‍ ഉപയോഗിച്ച വാക്ക് സുബാത്ത് എന്നാണ് (78:9). ഖുര്‍ആനിന്റെ ഭാഷയില്‍ പ്രധാന ജോലികളെല്ലാം നിര്‍ത്തിവെച്ച് വിശ്രമിക്കുന്നതിനാണ് സുബാത്ത് എന്ന് പറയുക. ബനൂഇസ്രാഈല്യര്‍ക്ക് മീന്‍പിടിത്തം നിരോധിച്ച ദിവസത്തിന് സബത്ത് നാള്‍ എന്ന് പറയുന്നതിനുള്ള കാരണവും അതാകുന്നു. യഥാര്‍ഥത്തില്‍ ഉറക്കില്‍ സംഭവിക്കുന്നതും ഇതുതന്നെയാണല്ലോ. പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ് രാത്രി അടക്കുമ്പോള്‍ ഷട്ടറുകളെല്ലാം താഴ്ത്തി ലൈറ്റ് അണച്ച ശേഷം ഒരു ഷട്ടര്‍ പകുതിയിലേറെ താഴ്ത്തി ഒന്നോ രണ്ടോ ലൈറ്റ് തെളിയിച്ചുകൊണ്ട് ഏതാനും ആളുകള്‍ ജോലി ചെയ്യുന്നത് കാണാം. ഇതുപോലെ, ഉറങ്ങുന്ന വേളയില്‍ ശരീരത്തിലെ ബാഹ്യവും ആന്തരികവുമായ അവയവങ്ങള്‍ ഘട്ടം ഘട്ടമായി ജോലി നിര്‍ത്തുകയും മസ്തിഷ്‌കം, ഹൃദയം പോലുള്ള അത്യന്താപേക്ഷിത അവയവങ്ങള്‍ അവശ്യം ആവശ്യമായ ജോലികള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ബാക്കി എല്ലാ ഭാഗങ്ങളും പൂര്‍ണമായും വിശ്രമിക്കുന്ന അവസരമാണ് ഉറക്കം.
സുബാത്ത് (വിശ്രമം ) എന്ന ഖുര്‍ആനിന്റെ പദപ്രയോഗത്തില്‍ നിന്ന് ഗുണനിലവാരമുള്ള ഉറക്കമാണ് മനുഷ്യര്‍ ശീലിക്കേണ്ടത് എന്ന വ്യക്തമായ സൂചനയുണ്ട്. പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഉറങ്ങുന്നുണ്ട്. പറവകളും മൃഗങ്ങളും മത്സ്യങ്ങളുമെല്ലാം വളരെ ഗാഢമായ നിദ്രയില്‍ മുഴുകുന്നു. അവയൊന്നും കിടന്നിട്ട് ഉറക്കം വരാതെ നേരം പുലരുവോളം തിരിഞ്ഞും മറിഞ്ഞും കിടക്കാറില്ല. കാരണം അവയെല്ലാം ഉറക്കിന് അല്ലാഹു നിശ്ചയിച്ച പ്രകൃതിപരമായ അച്ചടക്കം പാലിക്കുന്നവരാണ്. അതുകൊണ്ട് ഗുണനിലവാരമുള്ള ഉറക്കം അവയ്ക്ക് ലഭ്യമാവുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍ വിശിഷ്യാ ആധുനിക മനുഷ്യന് ഉറക്കമില്ലാത്ത രാവുകളാണ് അധികവും.
ഉറക്കിന് കൃത്യസമയം പാലിക്കാതിരിക്കുക, രാത്രി ഒട്ടും ഉറങ്ങാതെ ജോലി ചെയ്യുകയും പകല്‍ കിടന്നുറങ്ങുകയും ചെയ്യുക, രാത്രി തന്നെ വളരെ വൈകി ഉറങ്ങുകയും പുലര്‍ന്ന് ഏറെ കഴിഞ്ഞ ശേഷം ഉണരുകയും ചെയ്യുക- ഇങ്ങനെയുള്ള അച്ചടക്കരഹിതമായ ഉറക്കമാണ് ആധുനിക മനുഷ്യര്‍ അധികവും ശീലമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള ഉറക്കിനെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനു വേണ്ടി വേള്‍ഡ് സ്ലീപ് സൊസൈറ്റി എന്ന സംഘടന ലോക ഉറക്കദിനമായി മാര്‍ച്ച് 17 ആചരിച്ചുവരുന്നുണ്ട്. ‘ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് 2023ലെ ലോക ഉറക്കദിനം ആചരിച്ചത്. ശരീരത്തിനും മനസ്സിനും പൂര്‍ണവിശ്രമം നല്‍കുന്ന ഉറക്കം എന്ന ഖുര്‍ആനിന്റെ വീക്ഷണമാണ് ശരിയെന്ന് ആധുനിക ലോകവും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതിന് തെളിവുകളാണിതെല്ലാം.
പാലിക്കേണ്ട മര്യാദകള്‍
സാമൂഹിക ജീവിതത്തില്‍ വ്യക്തികള്‍ പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുന്ന ഇസ്‌ലാം സ്വകാര്യ ജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദകളും വിശദമാക്കുന്നുണ്ട്. ഉറങ്ങാനൊരുങ്ങുന്ന ആള്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടുവേണം കിടക്കേണ്ടതെന്ന് പ്രവാചകന്‍(സ) നിര്‍ദേശിച്ചിരിക്കുന്നു. അദ്ദേഹം കിടക്കാന്‍ ഒരുങ്ങുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ”എന്റെ തമ്പുരാനേ, നിന്റെ നാമഥേയത്തില്‍ ഞാനിതാ എന്റെ ശരീരം കിടത്തിയിരിക്കുന്നു. നിന്റെ നാമത്തില്‍ തന്നെയാണ് ഞാനത് ഉയര്‍ത്തുക. നീ എന്റെ ആത്മാവിനെ ഈ ഉറക്കില്‍ പിടിക്കുകയാണെങ്കില്‍ നീ അതിനോട് കരുണ കാണിക്കേണമേ. അതല്ല, നീ അതിനെ വീണ്ടും തിരിച്ചയക്കുകയാണെങ്കില്‍ നിന്റെ സജ്ജനങ്ങളായ ദാസന്മാരെ കാത്തുസംരക്ഷിക്കുന്നതുപോലെ അതിനെയും നീ സംരക്ഷിക്കേണമേ” (ബുഖാരി). സമാനാര്‍ഥത്തിലുള്ള മറ്റു പ്രാര്‍ഥനകളും പ്രവാചകന്‍ പ്രാര്‍ഥിച്ചതായി കാണാം. അതുപോലെ ഖുര്‍ആനില്‍ നിന്നു സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയും (2:255) അദ്ദേഹം പാരായണം ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചര്യയായി പ്രിയ പത്‌നി ആയിശ(റ) വിവരിക്കുന്നത് ഇങ്ങനെ വായിക്കാം: ”തിരുദൂതന്‍ കിടക്കാനൊരുങ്ങുമ്പോള്‍ ഇരുകൈകളിലും ഊതും. എന്നിട്ട് സൂറഃ ഇഖ്‌ലാസ്, ഫലഖ്, നാസ് എന്നിവ ഓതും. ശേഷം ശരീരം മുഴുവന്‍ തടവുകയും ചെയ്യും” (ബുഖാരി).
ഉറക്കമില്ലായ്മക്ക് ദിക്‌റുകളോ?
ഉറക്കമില്ലായ്മ മനുഷ്യനെ അലട്ടുന്ന പ്രശ്‌നം തന്നെയാണ്. കണ്ണ് നഷ്ടപ്പെട്ടാലേ കണ്ണിന്റെ വിലയറിയൂ എന്നു പറയാറുള്ളതുപോലെ ഉറക്കം നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലമതിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മനുഷ്യരെ ചൂഷണം ചെയ്ത് ജീവിക്കുന്ന പൗരോഹിത്യം ഉറക്കമില്ലായ്മയെയും ചൂഷണം ചെയ്യാന്‍ മറന്നുപോയില്ല. ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് പ്രത്യേക പ്രാര്‍ഥനകളും മന്ത്രങ്ങളും അവര്‍ നിര്‍ദേശിക്കാറുണ്ട്. പ്രവാചകന്‍ അങ്ങനെ പ്രാര്‍ഥിച്ചിരുന്നു എന്നു പറഞ്ഞാണ് പൗരോഹിത്യം ഈ മന്ത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഉറങ്ങാന്‍ ഒരുങ്ങുമ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥിച്ച പ്രാര്‍ഥനയില്‍ ഒന്നുംതന്നെ ഉറക്കം ലഭിക്കാനുള്ള പ്രാര്‍ഥനയാണ് എന്ന് അദ്ദേഹം പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. ആഴത്തിലുള്ള ഉറക്കം ലഭിക്കാന്‍ വേണ്ടിയാണ് നിത്യവും കിടക്കാന്‍ ഒരുങ്ങുമ്പോള്‍ വിവിധ പ്രാര്‍ഥനകള്‍ അദ്ദേഹം നിര്‍വഹിച്ചത് എന്നതിനും പ്രമാണത്തിന്റെ പിന്തുണയില്ല. അല്ലാഹുവില്‍ മനംനിറഞ്ഞ വിശ്വാസമുള്ള ഒരാള്‍ക്ക് ഉറങ്ങാനൊരുങ്ങുമ്പോള്‍ അവനെ ഓര്‍ക്കുകയും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതു വരെയുള്ള കാര്യങ്ങള്‍ അവനെ ഭരമേല്‍പിക്കുകയും ചെയ്യുന്നതിലൂടെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാനസിക ആശ്വാസം ലഭിക്കും. അത് ആഴത്തിലുള്ള ഉറക്കിന് നിമിത്തമായി തീരുകയും ചെയ്യും. എന്നല്ലാതെ രോഗത്തിന് മരുന്ന് കഴിക്കുന്നതുപോലെ ഉറക്കമില്ലായ്മക്ക് പ്രത്യേക പ്രാര്‍ഥന ഇത്ര പ്രാവശ്യം പ്രാര്‍ഥിക്കുക, ദുഃസ്വപ്‌നം കാണാതിരിക്കാന്‍ പ്രത്യേക സൂറത്ത് ഇത്ര പ്രാവശ്യം പാരായണം ചെയ്യുക എന്ന രീതിയിലുള്ള ചികിത്സാ സമ്പ്രദായം പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ല. ഇസ്‌ലാമിന് അത് അന്യവുമാണ്.
ഉറക്കിന്റെ സന്ദേശം
നിത്യജീവിതത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉറക്കം അതിമഹത്തായ സന്ദേശം വിശ്വാസിക്ക് പ്രദാനം ചെയ്യുന്നുണ്ട്. ജീവിതാന്ത്യം മരണമുണ്ടെന്നും അതിനു ശേഷം പുനര്‍ജന്മമുണ്ടെന്നും ഉറക്കം മനുഷ്യനെ ഓര്‍മിപ്പിക്കുകയാണ്. മനുഷ്യന്‍ ശരീരവും ആത്മാവും (നഫ്‌സ്) ചേര്‍ന്നതാണെന്നാണ് ഖുര്‍ആനിന്റെ പക്ഷം. നഫ്‌സിനെ ഉറക്കവേളയില്‍ മലക്കുകള്‍ ഏറ്റെടുക്കുമെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ഉറക്കിനെ താല്‍ക്കാലിക മരണമായിട്ടാണ് ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്: ”അല്ലാഹു ആത്മാക്കളെ മരണവേളയില്‍ പൂര്‍ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് അവയില്‍ മരണം നടപ്പാക്കുമെന്ന് തീരുമാനിച്ചവയെ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത സമയം വരെ വിട്ടയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്നവര്‍ക്ക് അതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്” (39:42).
ഉറങ്ങുന്നതിനു മുമ്പുള്ള പ്രാര്‍ഥനകളില്‍ മരണചിന്ത നിറഞ്ഞുനില്‍ക്കുന്നതും ഉറക്കം നല്‍കുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. ‘ബിസ്മിക അല്ലാഹുമ്മ അഹ്യാ വ അമൂതു’ (അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു) എന്നും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ‘അല്‍ഹംദു ലില്ലാഹില്ലദീ അഹ്‌യാനാ ബഅ്ദമാ അമാതനാ വഇലൈഹിന്നുശൂര്‍’ (ഞങ്ങളെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും; അവനിലേക്ക് തന്നെയാണ് മടക്കം) എന്നും പ്രവാചകന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. രാപകല്‍ പോലെ നിത്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉറക്കവും ഉണര്‍ച്ചയും മരണത്തെയും തുടര്‍ന്നുള്ള ജീവിതത്തെയും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉറക്കത്തിനു ശേഷം ഉണര്‍ന്നെഴുന്നേല്‍ക്കല്‍ സംഭവ്യമാണെങ്കില്‍ മരണത്തിനു ശേഷം പുനര്‍ജന്മവും അസംഭവ്യമല്ല എന്ന് ഉറക്കവും ഉണര്‍ച്ചയും ആവര്‍ത്തിച്ച് അറിയിക്കുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top