LoginRegister

ഉമ്മത്തണലായി ഉമ്മു അയ്മന്‍

വി എസ് എം കബീര്‍

Feed Back


മുലകുടി പ്രായം പിന്നിട്ട് ഒരു വര്‍ഷം കൂടി കഴിഞ്ഞതില്‍ പിന്നെയാണ് ഹലീമ മുഹമ്മദിനെ ആമിനക്ക് തിരിച്ചേല്‍പിക്കുന്നത്. അവന്റെ കളിചിരികളും കുസൃതികളും ആ വീട്ടില്‍ ആളനക്കമുണ്ടാക്കി. മരിക്കുമ്പോള്‍, ഗര്‍ഭിണിയായ ആമിനക്കായി അബ്ദുല്ല അനന്തരമായി വെച്ചിരുന്നത് അഞ്ച് ഒട്ടകങ്ങളെയും ഏതാനും ആടുകളെയുമായിരുന്നു. ഒരടിമപ്പെണ്ണായിരുന്നു മറ്റൊരു അനന്തര സ്വത്ത്. എത്യോപ്യക്കാരനായ സഅ്‌ലബയുടെ മകള്‍ ബറക.
കൗമാരത്തില്‍ തന്നെ വൈധവ്യത്തിന്റെ വിരസതയിലകപ്പെട്ട ആമിനക്ക് അല്‍പമെങ്കിലും ആശ്വാസമേകിയിരുന്നത് ബറകയായിരുന്നു. മുഹമ്മദ് വീട്ടില്‍ തിരിച്ചെത്തിയതോടെ അവന്‍ സമ്മാനിച്ച കണ്‍കുളിര്‍മയില്‍ ആമിന സന്തുഷ്ട ജീവിതം തിരികെപ്പിടിക്കാന്‍ തുടങ്ങി. ബറകയിലും ആനന്ദം പ്രകടമായി. അവളായിരുന്നു മുഹമ്മദിന്റെ പരിചാരക. കുളിക്കുമ്പോള്‍, വസ്ത്രമണിയുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, കളിക്കുമ്പോള്‍ എല്ലാം ബറക അവന്റെ ഒപ്പമുണ്ടാകും. മകനെ സ്‌നേഹിച്ചു കൊതിതീരാത്ത ആമിനയോട് മല്‍സരിക്കുകയായിരുന്നു ഈ എത്യോപ്യക്കാരി. മാതാവിന്റെ മാര്‍ദവമേറിയ കരസ്പര്‍ശമേറ്റാണ് മുഹമ്മദ് ഉറങ്ങിയിരുന്നത്. ഉണര്‍ന്നിരുന്നതാകട്ടെ, ബറകയുടെ മൃദുലമായ അധരങ്ങളുടെ സ്‌നേഹചുംബനങ്ങളിലേക്കുമായിരുന്നു.
വര്‍ഷം മൂന്നു പിന്നിട്ട നാളുകളിലൊന്നിലാണ് ആമിനയ്ക്ക് ഒരു ആഗ്രഹമുണ്ടായത്. യസ്‌രിബിലെ സഹോദരങ്ങളെയൊന്ന് കാണണം. ആ ദിശയിലേക്ക് പോകുന്ന വിശ്വസ്തരായ കച്ചവടസംഘത്തെ അവര്‍ കാത്തിരുന്നു.
ദിവസങ്ങള്‍ക്കൊടുവില്‍ അവസരം ഒത്തുവന്നപ്പോള്‍ അവര്‍ യാത്ര തിരിച്ചു. ഒരൊട്ടകപ്പുറത്ത് ആമിനയും മറ്റൊന്നില്‍ ബറകയും കയറി. മുഹമ്മദ് ബറകയോടൊപ്പമാണ് ഇരുന്നത്. അവനെ കളിപ്പിച്ച് രസിപ്പിച്ചിരുന്നത് കൂടുതലും അവളായിരുന്നല്ലോ. ഏതാനും നാളത്തെ വിരുന്ന് കഴിഞ്ഞ് അവര്‍ മടങ്ങി.
അബവാഇലെത്തവെയാണ് ആമിന രോഗിയായത്. യാത്ര നിര്‍ത്തി അവര്‍ ഒരിടത്ത് തങ്ങി. അവിടെ വെച്ചാണ് വിധി ആമിനക്ക് മരണം കാത്തുവെച്ചിരുന്നത്. ഖബറടക്കവും അവിടെ തന്നെ നടത്തി. മാതാവിന്റെ ആകസ്മിക വേര്‍പാട് ആ ആറുവയസ്സുകാരനെ കണ്ണീരണിയിച്ചു. തീര്‍ത്തും അനാഥനായ ആ ആറു വയസ്സുകാരന്‍ ബറകയുടെ മടിയിലിരുന്ന് തേങ്ങി. അവള്‍ അവനെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് ഉമ്മവെച്ചു.
മാതൃനിര്‍വിശേഷമായ ആ ചുംബനങ്ങളില്‍ തന്റെ സങ്കടങ്ങള്‍ അലിഞ്ഞുപോകുന്നതായി അവന് തോന്നി.
മക്കയില്‍ തിരിച്ചെത്തിയ ബറക കുട്ടിയെ പിതാമഹനെ ഏല്‍പിച്ചു. അവനെ വിട്ടുപോകാന്‍ ബറകക്കോ ‘ഉമ്മ’യെ കൈവിടാന്‍ മുഹമ്മദിനോ കഴിഞ്ഞില്ല. സംരക്ഷണവലയങ്ങള്‍ മാറുമ്പോഴൊക്കെയും ദൈവഹിതം പോലെയെന്നോണം ബറകയുടെ കരങ്ങളില്‍ തന്നെ അവന്‍ കൃത്യമായി വന്നെത്തി. അബ്ദുല്‍ മുത്തലിബിന്റെ വീട്ടില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്റെ മരണശേഷം അബൂത്വാലിബിന്റെ സംരക്ഷണത്തിലേക്ക് മാറിയപ്പോഴും മുഹമ്മദിന് ഉമ്മത്തണലായി ബറകയുണ്ടായിരുന്നു.
25-ാം വയസ്സില്‍ മുഹമ്മദ് ഖദീജയോടൊത്തുള്ള ദാമ്പത്യം തുടങ്ങി. ഉമ്മയുടെ സ്ഥാനത്തുനിന്ന് ആ മാംഗല്യത്തിന് ബറക അനുഗ്രഹങ്ങള്‍ നേര്‍ന്നു. അതേ വേളയില്‍ തന്നെ ബറകയെ അദ്ദേഹം സ്വതന്ത്രയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിറക്കാതെപോയ തന്റെ മകനെയും, തന്നെ ചേര്‍ത്തുപിടിച്ച ആ ദേശത്തെയും വിട്ട് ജന്മനാടണയാന്‍ ബറക ഒരുക്കമല്ലായിരുന്നു. അവള്‍ മക്കയില്‍ തന്നെ കഴിഞ്ഞുകൂടി.
ചരിത്രത്തില്‍ ബറക അറിയപ്പെടുന്നത് ഉമ്മു അയ്മന്‍ എന്ന പേരിലാണ്. സ്വതന്ത്രയായതിനു പിന്നാലെ ബറകയെ ഹാരിസ് വംശക്കാരനായ ഉബൈദുബ്‌നു സെയ്ദ് വിവാഹം കഴിച്ചു. ഇതിലാണ് അവര്‍ക്ക് അയ്മന്‍ എന്ന മകന്‍ പിറക്കുന്നത്. അവനിലേക്ക് ചേര്‍ത്താണ് ഈ വിളിപ്പേര് ലഭിച്ചതും. വിവാഹശേഷവും വീട്ടില്‍ ഇടയ്ക്കിടെ എത്തുന്ന അവരെ ഖദീജയും മുഹമ്മദും ഹൃദ്യമായി സ്വീകരിക്കുമായിരുന്നു. മുഹമ്മദിന്റെ ബാല്യകാല കളികളും വിനോദങ്ങളും ഖദീജയുമായി പങ്കുവെച്ചും വീട്ടുകാര്യങ്ങളില്‍ സഹായിച്ചും ഏറെ നേരം അവള്‍ അവിടെ ചെലവഴിക്കും. മടങ്ങുമ്പോള്‍ ഖദീജ കൈ നിറയെ സമ്മാനങ്ങളും നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. പ്രവാചകത്വം ലഭിച്ച തിരുനബി രഹസ്യ പ്രബോധനം തുടങ്ങിയപ്പോള്‍ തന്നെ ഉമ്മു അയ്മന്‍ ഇസ്‌ലാം സ്വീകരിച്ചു. ഭര്‍ത്താവ് ഉബൈദ് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ സ്വന്തം കൈകളില്‍ വളര്‍ന്ന മുഹമ്മദിനെ ഉമ്മു അയ്മനോളം അറിയുന്ന ആരുമുണ്ടായിരുന്നില്ലല്ലോ. മുഹമ്മദ് പറയുന്നത്, അതും ദൈവത്തിന്റെ പേരില്‍ പറയുന്നത് കളവാകില്ല എന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. ഇസ്‌ലാമില്‍ ഉറച്ചുനിന്നതോടെ ഉബൈദ് ഭീഷണിസ്വരമുയര്‍ത്തി. പക്ഷേ, വഴങ്ങാന്‍ ഉമ്മു അയ്മന്‍ ഒരുക്കമായിരുന്നില്ല. ബന്ധം വേര്‍പെടുന്ന ഘട്ടം വന്നപ്പോള്‍ പോലും ഉമ്മു അയ്മന്‍ പതറിയതുമില്ല. ഇസ്‌ലാമില്‍ തന്നെ ഉറച്ചുനില്‍ക്കാനായിരുന്നു അവരുടെ തീരുമാനം. അതോടെ ഉബൈദ് അവളെ ഉപേക്ഷിച്ചു.
മകന്‍ അയ്മനോടൊപ്പം ജീവിതം തുടര്‍ന്ന വളര്‍ത്തമ്മയ്ക്ക് തിരുനബി പലപ്പോഴും തുണയായി. വിവാഹവേളയില്‍ ഖദീജ നബിക്ക് നല്‍കിയ സ്‌നേഹസമ്മാനമായിരുന്നു സൈദുബ്‌നു ഹാരിസ എന്ന കൗമാരക്കാരന്‍.
വളര്‍ത്തുമകനായും ദത്തുപുത്രനായും നബിയുടെ സ്‌നേഹലാളനയില്‍ വളര്‍ന്നവനാണ് സൈദ്.
ഒരിക്കല്‍ തന്നെ കാണാനെത്തിയ ഉമ്മു അയ്മനെ നോക്കി തിരുനബി പറഞ്ഞു: ”സ്വര്‍ഗീയ സ്ത്രീയെ ജീവിതസഖിയാക്കാന്‍ കൊതിക്കുന്നവര്‍ ഉമ്മു അയ്മനെ വേള്‍ക്കട്ടെ.”
ഇത് കേട്ടുകൊണ്ടാണ് സൈദ് അവിടെയെത്തിയത്. അഴകോ സൗന്ദര്യമോ അധികമില്ലാത്ത ആ എത്യോപ്യക്കാരിയായ വിധവ അന്നു മുതലാണ് സൈദിന്റെ ഹൃദയത്തില്‍ കയറിക്കൂടിയത്. ആഗ്രഹം അറിയിച്ചപ്പോള്‍ തന്നെ തിരുനബി അത് സഫലീകരിച്ചുനല്‍കുകയും ചെയ്തു. ആ ബന്ധത്തിലാണ് തിരുനബിയുടെ ഇഷ്ടഭാജനങ്ങളിലൊരുവനായ ഉസാമ പിറക്കുന്നത്. ‘എന്റെ കുടുംബത്തിന്റെ ബാക്കിപത്രം’ എന്ന് പലപ്പോഴും നബി തിരുമേനി സ്മരിക്കാറുള്ള ഉമ്മു അയ്മന്റെയും വളര്‍ത്തുമകന്‍ സൈദിന്റെയും മകനെ സ്വന്തം പുത്രനെപോലെയാണ് ദൂതര്‍ ലാളിച്ചുവളര്‍ത്തിയത്.
ജീവിതയാത്രയില്‍ ഭര്‍ത്താവ് സൈദും മകന്‍ അയ്മനും രക്തസാക്ഷിത്വം വരിക്കുന്നതും കൗമാരക്കാരനായ ഉസാമയുടെ നായകത്വത്തില്‍ സിറിയ മുസ്ലിം സേന പിടിച്ചടക്കുന്നതും ഉമ്മു അയ്മന്‍ കണ്ടു. സങ്കടങ്ങളും സന്തോഷങ്ങളും ഇടയ്ക്കിടെ വിരുന്നുകാരായെത്തിയ ആ ജീവിതത്തില്‍ പക്ഷേ ഒരിക്കല്‍ മാത്രമാണ് അവര്‍ പൊട്ടിക്കരഞ്ഞത്. മദീന ഒന്നാകെ കണ്ണീരണിഞ്ഞ ആ ദുഃഖസാന്ദ്രദിനത്തില്‍ മാത്രം. തിരുദൂതര്‍ ദിവ്യസവിധത്തിലേക്ക് യാത്രയായ നാളില്‍. തന്റെ കൈകളിലൂടെ പിച്ചവെച്ച, താന്‍ ഉമ്മവെച്ചുറക്കിയ, തന്നെ ഉമ്മാ എന്ന് സ്‌നേഹത്തോടെ വിളിച്ച, കാരുണ്യവും വാല്‍സല്യവും കൊടുത്തും കൊണ്ടുമുള്ള ആ സാന്നിധ്യം ഇനിയില്ല എന്ന സത്യം ഉമ്മു അയ്മന്റെ നെഞ്ചകത്ത് സങ്കടക്കടലായി നിറയുകയായിരുന്നു. അത് കണ്ണീരായി പൊഴിയുകയായിരുന്നു.
സംഭവബഹുലമായ തന്റെ ജീവിതത്തിലെ ഓര്‍മകളോടൊപ്പം ഉമ്മു അയ്മന്‍ പിന്നെയും കുറേക്കാലം ജീവിച്ചു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top