LoginRegister

ഉത്സാഹങ്ങളെക്കുറിച്ചുള്ള വേവലാതികള്‍

ഹാറൂന്‍ കക്കാട്‌

Feed Back


അയാള്‍ കഥകള്‍ എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ ജീവിതം എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ പ്രണയത്തെപ്പറ്റി എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ കാണാമോ എന്നെഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ പെട്ടെന്ന് എന്നെഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ മൊബൈല്‍ ഫോണില്‍ എഴുതി. അവള്‍ കത്തുകള്‍ എഴുതി. അയാള്‍ ഇവിടുണ്ടേ എന്ന് ഫോണില്‍ വീണ്ടും എഴുതി. അവള്‍ വീണ്ടും കത്തുകള്‍ എഴുതി.
ഒടുവില്‍ അയാള്‍ ഹൃദയവേദനയോടെ അവളെ തേടിച്ചെന്നു. അവള്‍ അവിടം വിട്ടിരുന്നു. കത്തുകള്‍, കത്തുകള്‍, കത്തുകള്‍, കത്തുകള്‍… മുപ്പതു ദിവസം തുടര്‍ച്ചയായി അയാള്‍ക്ക് അവളുടെ കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു. അവസാനത്തെ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: നന്ദി, എന്റെ വായന പൂര്‍ത്തിയായി. ഇനി ഞാന്‍ അടുത്ത പുസ്തകത്തിലേക്ക് പോകുന്നു.
മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് വി എച്ച് നിഷാദ് എഴുതിയ ‘ആ വായനക്കാരി’ എന്ന ഹൃദ്യമായ കുറുങ്കഥയാണിത്. നമുക്കു ചുറ്റുമുള്ള നേരും നെറികേടും യാഥാര്‍ഥ്യബോധത്തോടെ തുറന്നുപറയുന്ന മനോഹരമായ ആഖ്യാനശൈലി. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ തിളക്കമാര്‍ന്ന മുദ്ര പതിപ്പിച്ച ഉജ്ജ്വല പ്രതിഭയാണ് വി എച്ച് നിഷാദ്. വായനക്കാരെ നന്മയുടെയും കൗതുകങ്ങളുടെയും ലോകത്തേക്ക് മൂല്യബോധത്തോടെ ആനയിക്കുന്ന രചനാപാടവം ഈ സാഹിത്യകാരനെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാക്കുന്നു. മികച്ച ഉള്ളടക്കമാണ് ഈ എഴുത്തുകാരന്റെ എല്ലാ കൃതികളും മലയാളിക്ക് സമ്മാനിച്ചതെന്ന് കാലം അടയാളപ്പെടുത്തിയിരിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ വി എച്ച് നിഷാദ് പരിയാരം ഗവ. ഹൈസ്‌കൂള്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ്, മാനന്തവാടി മേരിമാതാ കോളജ്, മഹാത്മാഗാന്ധി സര്‍വകലാശാല ജേണലിസം വിഭാഗം എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ഇന്ത്യാടുഡേ, ന്യൂസ്ടുഡേ, കവേര്‍ട് മാഗസിന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഒരു പതിറ്റാണ്ടു കാലത്തോളം ജേണലിസ്റ്റായിരുന്നു. മലയാളത്തിലെ മോശം സിനിമകള്‍ക്കും നടീനടന്മാര്‍ക്കുമായി ഏര്‍പ്പെടുത്തിയ പ്രഥമ ‘ഫിലിം ബോര്‍’ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ ജൂറി അംഗമായിരുന്നു. ബ്ലോക്ക്, അവള്‍, ചെക്ക്, മഞ്ഞു പോലെ തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഇതില്‍ അവള്‍ 2010ല്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി, മലയാളം, ചന്ദ്രിക, പ്രസാധകന്‍, പാഠഭേദം, കലാകൗമുദി, വര്‍ത്തമാനം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ വി എച്ച് നിഷാദിന്റെ കഥയും കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ മാതൃകാന്വേഷി മാസികയില്‍ ‘ദ അദര്‍ ലൈബ്രറി’ എന്ന കോളം ചെയ്തിരുന്നു. മാതൃകാന്വേഷി എഡിറ്റര്‍ ടി അനീഷിന്റെ നേതൃത്തില്‍ പുറത്തിറങ്ങുന്ന ംുേ ഹശ്‌ല ഓണ്‍ലൈന്‍ മാഗസിനിലും ഇതേ കോളം തുടര്‍ന്നെഴുതിയിരുന്നു. മാധ്യമത്തിന്റെ വെളിച്ചം സപ്ലിമെന്റിലും കുട്ടികള്‍ക്കായി കോളമെഴുതി. കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗത്തിന്റെ കോഴ്‌സ് ഡയറക്ടര്‍, ജേണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഇന്ത്യന്‍ ഇങ്ക് ഇംഗ്ലീഷ് ലിറ്റില്‍ മാഗസിന്റെ പത്രാധിപ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കഥയ്ക്കു വേണ്ടിയുള്ള കഥയുടെ പേജ് മാഗസിന്റെ എഡിറ്ററാണ്.
മാതൃഭൂമി വിഷുപ്പതിപ്പ് കഥാ സമ്മാനം, മുട്ടത്തു വര്‍ക്കി കലാലയ കഥാ അവാര്‍ഡ്, എം പി നാരായണപിള്ള ചെറുകഥാ പുരസ്‌കാരം, നാവ് കഥാ പുരസ്‌കാരം, ബാലകൃഷ്ണന്‍ മാങ്ങാട് ചെറുകഥാ അവാര്‍ഡ്, അങ്കണം ഇ പി സുഷമ എന്‍ഡോവ്‌മെന്റ് തുടങ്ങിയ അംഗീകാരങ്ങള്‍ നിഷാദിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ജേണലിസം അധ്യാപകനായ വി എച്ച് നിഷാദ് പുടവ മാസികയോട് എഴുത്തുജീവിതം പങ്കുവെക്കുന്നു.
? താങ്കളുടെ വായനയുടെ തുടക്കവും ഈ രംഗത്തെ ഹൃദ്യമായ ഓര്‍മകളും പറഞ്ഞു തുടങ്ങാം.
വായനയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം മനോരമ ആഴ്ചതിപ്പിനെയാണ് ഞാന്‍ ആദ്യം എണീറ്റ് സല്യൂട്ട് ചെയ്യുക. കാരണം വളരെ ചെറുപ്പത്തില്‍ തന്നെ മനോരമ ആഴ്ചപ്പതിപ്പ് വായിച്ചു തുടങ്ങിയിട്ടുണ്ട്. എന്നില്‍ വായന ഉദ്വേഗമുണര്‍ത്തുന്ന പ്രക്രിയയായി മാറ്റിയത് മനോരമയാണ്. ഇടക്കാലത്ത് കുറച്ചു മുതിര്‍ന്നു കഴിഞ്ഞ് വായന നിന്നുപോയപ്പോഴും മനോരമ ആഴ്ചപ്പതിപ്പിലൂടെയാണ് വായന തിരിച്ചുപിടിച്ചത്. ഇന്നും മാതൃഭൂമി ആഴ്ചപ്പതിപ്പും മാധ്യമം വാരികയും സമകാലിക മലയാളവുമെല്ലാം വായിക്കുന്ന അതേ ആവേശത്തില്‍ ഞാന്‍ മനോരമ ആഴ്ചപ്പതിപ്പ് വായിക്കാറുണ്ട്.
ഓര്‍മയിലുള്ള ആദ്യ വായനാ പുസ്തകം വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ചയാണ്. വീട്ടിലും ഉണ്ടായിരുന്നു അക്കാലത്ത് അത്തരമൊരു കൗതുകപ്പൂച്ച. അതുകൊണ്ടാവാം രസിച്ചാണ് ബഷീറിനെ വായിച്ചത്. ഞാനന്ന് ഹൈസ്‌കൂളില്‍ എത്തിയിട്ടില്ല. ബാലരമ, പൂമ്പാറ്റ, ബാലമംഗളം, യൂറീക്ക പോലുള്ള ‘സാഹിത്യകൃതി’കളെല്ലാം സജീവമായി വായിക്കുന്നുണ്ട്. അതിനപ്പുറത്തും ലോകമുണ്ട് എന്ന് എന്നോട് വിളിച്ചുപറഞ്ഞത് ബഷീറാണ്. പത്താം ക്ലാസ് കഴിഞ്ഞതോടെയാണ് വായനയോട് ആര്‍ത്തി വന്നത്. അക്കാലത്ത് ഒരു ദിവസം രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ലൈബ്രറി മെമ്പര്‍ഷിപ്പില്‍ രണ്ടു പുസ്തകങ്ങളേ കൊടുക്കൂ എന്ന വ്യവസ്ഥയുള്ളതുകൊണ്ട് അയല്‍ക്കാരി ഷൈലജേച്ചിയെക്കൊണ്ടും മെമ്പര്‍ഷിപ് എടുപ്പിച്ചു. നാലു പുസ്തകങ്ങളുമായുള്ള ആ വായനശാലാ യാത്രകള്‍ എന്തൊരാവേശമായിരുന്നു!
? ഒരു ആശയം എഴുതണമെന്ന് ആദ്യമായി തോന്നിയത് എപ്പോള്‍, ഏതു വിഷയം.
ആദ്യമായി കുറച്ചു സീരിയസായി കഥയെഴുതുന്നത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സ്‌കൂള്‍ യുവജനോത്സവത്തിന് ‘കിന്നരിപ്പെട്ടി’ എന്ന പേരിലോ മറ്റോ ഒരു കഥ എഴുതിയതായി ബ്ലാക്ക് ആന്റ് വൈറ്റ് കലര്‍ന്ന ഓര്‍മയുണ്ട്. കഥ വായിച്ച് മലയാളം അധ്യാപിക രാധ ടീച്ചര്‍ അതിലെ നല്ല ചില പ്രയോഗങ്ങളും എഴുതുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകളും പറഞ്ഞുതന്നു.
? എഴുത്തിനോട് താല്‍പര്യം ഉണ്ടാവാനിടയായ സാഹചര്യവും പ്രചോദനവും.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല ദ്വൈവാരിക എന്ന പേരില്‍ ഒരു കൈയെഴുത്തു ദ്വൈമാസിക നടത്തിയിരുന്നു. വരയും എഴുത്തും എഡിറ്റിങും ഉള്‍പ്പെടെ അതിലെ 99 ശതമാനം പണികളും എന്റേതായിരുന്നു. അധ്യാപികയായ ഉമ്മച്ചിയായിരുന്നു അതിന്റെ ‘സര്‍ക്കുലേഷന്‍ മാനേജര്‍!’ ഉമ്മച്ചി സഹാധ്യാപികമാര്‍ക്ക് അവ വായിക്കാന്‍ കൊടുത്തു. അവരുടെ മക്കളും വായിച്ചു. നോവല്‍ അടക്കം വിവിധ എഴുത്തുരൂപങ്ങള്‍ ഞാന്‍ ആദ്യമായി പരീക്ഷിക്കുന്നത് കലയിലാണ്. ദ്വൈമാസിക അയല്‍പ്രദേശങ്ങളിലും എത്താന്‍ തുടങ്ങിയതോടെയാണ് എഴുത്തും എന്നില്‍ സജീവമായത്. പക്ഷേ, അതൊക്കെ വളരെ അമച്വറിഷായ എഴുത്തുകളായിരുന്നു.
സ്‌കൂളിലെ തന്നെ രാധ ടീച്ചറുടെ മകനായ ജയരാജേട്ടനെ ഓര്‍ക്കുന്നു. ഒഴിവുദിവസങ്ങളില്‍ രാജേട്ടനെ കാണാന്‍ പോകും. അവിടെ വെച്ചാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഇന്ത്യാടുഡേ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ആദ്യമായി കാണുന്നത്. എന്നില്‍ സീരിയസായി എഴുത്തും വായനയും വളര്‍ത്തിയതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു കൂടിയാണ്. ഞാന്‍ എഴുതുന്ന കഥകള്‍ പലതും ഉച്ചത്തില്‍ വായിച്ച് ടേപ് റേക്കോര്‍ഡറില്‍ പകര്‍ത്തി എന്നെ തന്നെ കേള്‍പ്പിച്ച് ‘നീയൊരു കഥാകൃത്താണെടാ’ എന്ന് ആദ്യമായി വിശ്വസിപ്പിച്ചത് രാജേട്ടനാണ്. അദ്ദേഹത്തിന്റെ ഇടപെടലോടെ കല വളരെ ഗൗരവം കലര്‍ന്ന മാസികയായി. എന്നെ സ്വാധീനിച്ച മറ്റൊരാള്‍ കെ കെ എന്‍ പരിയാരം ഗവ. ഹൈസ്‌കൂളിലെ ഗോപി മാഷാണ്. കണക്കു പഠിപ്പിച്ചിരുന്ന അദ്ദേഹമാണ് ഒരു പുസ്തകം തന്നിട്ട്, ‘ഇതില്‍ ടി പത്മനാഭന്‍ എന്നൊരു എഴുത്തുകാരനുണ്ട്, മൂപ്പരെ ശ്രദ്ധിക്കണം’ എന്നു പറയുന്നത്. ‘മകന്‍’ എന്ന കഥയായിരുന്നു അതില്‍. ആ വായന എന്റെ സെന്‍സിബിലിറ്റിയെ തന്നെ കീഴ്മേല്‍ മറിച്ചു. ഞാന്‍ നല്ലൊരു വായനക്കാരനാകുന്നത് പത്താം ക്ലാസിലെ ആ വായനയോടെയാണ്.

? അച്ചടിച്ചുവന്ന ആദ്യ രചന, ബന്ധുമിത്രാദികളുടെ പ്രതികരണങ്ങള്‍.
മാതൃഭൂമി ബാലപംക്തിയിലാണ് ആദ്യ കഥ ‘ആശങ്കകള്‍’ അച്ചടിച്ചുവന്നത്. എഴുത്തുകാരി പി വല്‍സലയാണ് ആ കഥ തെരഞ്ഞെടുത്തത് എന്ന കാര്യം എന്നെ ഏറെ ആഹ്ലാദവാനാക്കിയിരുന്നു. അക്കാലത്ത് മാതൃഭൂമി ബാലപംക്തിയിലേക്കുള്ള കഥകള്‍ ഓരോ ലക്കവും കേരളത്തിലെ പ്രമുഖ എഴുത്തുകാരായിരുന്നു തെരഞ്ഞെടുത്തിരുന്നത്. ‘ഇതാ ഞാന്‍ ജനിച്ചിരിക്കുന്നു!’ എന്നാണ് ആദ്യ രചന അച്ചടിമഷി പുരണ്ടു കണ്ടപ്പോള്‍ തോന്നിയത്. ആദ്യമായി എന്റെ കഥ പ്രസിദ്ധീകരിച്ചത് എന്നെപ്പോലെ എന്റെ വീട്ടുകാരെയും അധ്യാപകരെയും അമ്പരപ്പിച്ചു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലമായിരുന്നു. അതോടെ എന്നെ പലരും ഗൗരവത്തിലെടുക്കാന്‍ തുടങ്ങി. പക്ഷേ, എന്റെ സങ്കടം മറ്റൊന്നായിരുന്നു: ഒരു കഥ വന്നു, ശരി, അടുത്ത കഥ ഇനി എങ്ങനെ എഴുതും? വല്ലാതെ പേടിയായി. കുത്തിപ്പിടിച്ചിരുന്ന് എഴുതി. പക്ഷേ, അയക്കാന്‍ ആത്മവിശ്വാസമില്ല.
അങ്ങനെ ഒരു വര്‍ഷം കടന്നുപോയി. അന്ന് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുന്ന സമയമാണ്. അതിന്റെ പശ്ചാത്തലത്തില്‍ ‘ലാഹോര്‍’ എന്ന തലക്കെട്ടില്‍ ഒരു കഥയെഴുതി. ഭാര്യയും ഭര്‍ത്താവും ദാമ്പത്യബന്ധം പിരിയാന്‍ നില്‍ക്കുകയാണ്. രണ്ടു പേരും അവരവരുടെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്തവര്‍. മത്സരത്തില്‍ ഒരാള്‍ ഇന്ത്യയുടെ ഭാഗത്തും മറ്റേയാള്‍ പാകിസ്താന്റെ ഭാഗത്തും ചേര്‍ന്നു. ഇന്ത്യ ജയിക്കുകയാണെങ്കില്‍ ഭാര്യ ഭര്‍ത്താവ് പറയുന്നത് അനുസരിക്കും. മറിച്ചാണെങ്കില്‍ ഭര്‍ത്താവ് ഭാര്യ പറയുന്നത് കേള്‍ക്കും. പക്ഷേ ആരും ജയിക്കുന്നില്ല, തോല്‍ക്കുന്നുമില്ല, മത്സരം ടൈ ആകുന്നതായിരുന്നു കഥാന്ത്യം. ഈ കഥയും മാതൃഭൂമിയില്‍ അച്ചടിച്ചുവന്നു. അതോടെ എഴുത്തില്‍ മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസമായി. ഈ കഥ വായിച്ച് ആലപ്പുഴയില്‍ നിന്ന് പ്രദീപ് പോത്തന്‍ എന്നൊരാള്‍ എനിക്ക് കത്തയച്ചു. ആദ്യമായി കിട്ടുന്ന ഒരു അപരിചിതന്റെ പ്രതികരണം! അദ്ദേഹം ഒരു നാടകനടനായിരുന്നു. എന്റെ ആദ്യ വായനക്കാരനായി അദ്ദേഹത്തെ കാണാനാണ് ഇഷ്ടം. ആ ബന്ധം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നും നിലനില്‍ക്കുന്നു എന്നതാണ് അതിലേറെ സന്തോഷിപ്പിക്കുന്ന വസ്തുത.
തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ വിദ്യാര്‍ഥിയായപ്പോള്‍ സയന്‍സ് വിഷയങ്ങള്‍ വലിയ ബോറായി അനുഭവപ്പെട്ടു. റെക്കോര്‍ഡ് ബുക്കിനുള്ളില്‍ വെച്ച് കഥയെഴുതിയാണ് ബോറടി മാറ്റിയത്. കോളജ് പഠനകാലത്ത് കുറേ കഥകള്‍ പ്രസിദ്ധീകരിച്ചു.

? കഥയും നോവലും ബാലസാഹിത്യവും ഒരേപോലെ എഴുതുന്നു. എല്ലാം പുസ്തകമായോ?
ഇരുപത് പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകൃതമായിട്ടുണ്ട്. വാന്‍ഗോഗിന്റെ ചെവി, മിസ്ഡ് കോള്‍, ഷോക്ക്, ജീവിതോത്സവം, മരമാണ് മറുപടി, അയ്യോ!, ചോക്കുകളുടെ കരച്ചില്‍, ആതിര സൈക്കിള്‍, മിസിസ് ഷെര്‍ലക് ഹോംസ്, മലാല ടാക്കീസ്, എട്ട് പ്രണയ കഥകള്‍, ആകാശത്തിന്റെ തമാശകള്‍ എന്നിവ കഥാസമാഹാരങ്ങളാണ്. പേരയ്ക്ക, മൂന്ന്, അനിതാ വയലറ്റ്, ഏകാന്തതയെക്കുറിച്ച് ഒരു നോവല്‍ കൂടി എന്നിവ നോവലുകളും അബ്ദുവിന്റെ പേനകള്‍, ടുട്ടു ജേണലിസ്റ്റ്, ഭൂമിയുടെ അലമാര എന്നിവ ബാലസാഹിത്യങ്ങളും എസ് എം എസ് ബിരിയാണി എന്ന കൃതി കവിതാസമാഹാരവുമാണ്.
? ഏറ്റവുമധികം ഇഷ്ടമുള്ള സാഹിത്യശാഖ.
ലേഖനങ്ങളും ഫീച്ചറുകളും കവിതയും നോവലുകളെല്ലാം എഴുതിയിട്ടുണ്ടെങ്കിലും പ്രിയപ്പെട്ട സാഹിത്യശാഖ ചെറുകഥ തന്നെ. നോവല്‍ ഉത്സവമാണെങ്കില്‍ കഥയൊരു ഉത്സാഹമാണ്! ഇത്തരം ചെറിയ ചെറിയ ഉത്സാഹങ്ങളെക്കുറിച്ചുള്ള ചിന്തയോ വേവലാതിയോ ഒക്കെയാണ് എന്നെക്കൊണ്ട് പലപ്പോഴും ഒരു കഥ എഴുതിപ്പിക്കുന്നത്. കഥയുടെ കാന്‍വാസില്‍ പണിയുന്നത് ഏറെ ശ്രമകരമാണ്. പക്ഷേ, തീര്‍ന്നാല്‍ ഏറ്റവും സംതൃപ്തി തരുന്ന മാധ്യമം ചെറുകഥ തന്നെയാണ്.
? ഒരു സൃഷ്ടി എഴുതാനിരിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അനുഭവിക്കുന്ന മാനസികാവസ്ഥ.
മിക്കപ്പോഴും എന്നെ വിടാതെ പിന്തുടര്‍ന്ന് നിഴലുപോലെ ചുറ്റിവരിഞ്ഞ് അലോസരപ്പെടുത്തുന്ന വിഷയങ്ങളേ കഥകളായി എഴുതാന്‍ പറ്റാറുള്ളൂ. ഇനി ഒരു ചുവട് അതുമായി മുന്നോട്ടുനീങ്ങില്ല എന്നു തോന്നുമ്പോള്‍ മാത്രം എഴുതാനിരിക്കും. ചിലപ്പോള്‍ എഴുത്തിനു വേണ്ടി മാത്രമായി ദൂരെ മുറിയെടുത്ത് മാറിനിന്ന അവസരങ്ങളുമുണ്ട്. രാത്രി വൈകിയാവും ചിലപ്പോള്‍ എഴുതുക. അല്ലെങ്കില്‍ അതിരാവിലെ എഴുന്നേറ്റ്. നിശ്ശബ്ദതയുടെ സംഗീതം ബാക്ക്ഗ്രൗണ്ടില്‍ അനുഭവിച്ച്, അതിന്റെ താളത്തില്‍. എഴുതാനിരുന്നാല്‍ മുന്നില്‍ കടലാസ് മാത്രമേയുള്ളൂ. ഞാനെന്ന എഴുത്തുകാരനേയുള്ളൂ, വായനക്കാരന്‍ ഇല്ല. കമ്പ്യൂട്ടറില്‍ നേരിട്ടെഴുതുക ശീലമില്ല. അതിനൊരു സുഖക്കുറവുണ്ട്. ആദ്യത്തെ ഒന്നോ രണ്ടോ ഡ്രാഫ്റ്റ് കഴിഞ്ഞാലേ ടൈപ് ചെയ്യൂ. പിന്നെയുള്ള എഡിറ്റിങും തിരുത്തലുമെല്ലാം അതിന്മേലാണ്. ഓരോ കഥ എഴുതിത്തീരുമ്പോഴും എന്തോ മത്സരം ജയിച്ച സന്തോഷമാണെനിക്ക്. അപ്പോള്‍ ദൂരെയൊരു മഴവില്ല് എനിക്കായി വിരിഞ്ഞുനില്‍ക്കുന്നതായി തോന്നും. അപ്പോഴത്തെ മൂഡാണത്. എന്നാല്‍ എഴുതിക്കഴിയുന്നതോടെ ഞാനെന്ന വായനക്കാരനും എഡിറ്ററുമെല്ലാം തലപൊക്കി എണീറ്റ് ഇടപെടാന്‍ തുടങ്ങും.

? എഴുത്തുജീവിതത്തിലെ അനുഭവങ്ങള്‍.
എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത് ഡല്‍ഹിയിലാണ്. ഫ്രീ പ്രസ് എന്ന പേരില്‍ മലയാളത്തില്‍ റാഡിക്കല്‍ ജേണലിസത്തിനു തുടക്കമിട്ടുകൊണ്ട് ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന മാഗസിന്റെ സ്ഥാപക ടീമിന്റെ ഭാഗമായിരുന്നു ഞാന്‍. രണ്ടര വര്‍ഷത്തെ ഡല്‍ഹി ജീവിതം എന്റെ കാഴ്ചപ്പാടിനെ കുറച്ചൊന്നുമല്ല മാറ്റിമറിച്ചത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പുതിയ വഴിയായിരുന്നു ഫ്രീ പ്രസിന്റേത്. ഒടുവില്‍ പോലീസും കോര്‍പറേറ്റുകളും ചേര്‍ന്ന് മാഗസിനെ നിശ്ശബ്ദമാക്കുകയായിരുന്നു. 22ാം വയസ്സിലെ ആ അനുഭവം ഒരു കനലിനേക്കാള്‍ അരുണശോഭയോടെ മനസ്സിലുണ്ട്.
? പുതിയ രചനകള്‍.
മാസ്‌കുകളുടെ നൃത്തം എന്ന കഥാസമാഹാരം ഉടനെ പുറത്തിറങ്ങും. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവലെഴുതാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. റംസാന്‍ എന്നാണ് നോവലിന്റെ വര്‍ക്കിങ് ടൈറ്റില്‍. സരളാ ബാര്‍ബര്‍, മരങ്ങളുടെ ലൈബ്രറി എന്നീ നോവലുകളും ഇപ്പോള്‍ എഴുത്തുപുരയിലുണ്ട്.
? മലയാള സാഹിത്യത്തില്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍.
എഴുത്തില്‍ പ്രിയപ്പെട്ടയാള്‍ ബഷീര്‍ തന്നെ. ഏതു സാധാരണക്കാരനും പിടികിട്ടും മട്ടില്‍ ബഷീര്‍ മലയാള സാഹിത്യത്തെ സുലൈമാനിയാക്കി അനുഭവിപ്പിച്ചു. ചെറുകഥാകൃത്തുക്കളില്‍ എന്‍ എസ് മാധവനും ടി വി കൊച്ചുബാവയുമാണ് ഏറെ ഇഷ്ടമുള്ള രണ്ടു പേര്‍. ക്രാഫ്റ്റും ഭാഷയും മാധവന്‍ കഥകളില്‍ മാജിക് കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. കൊച്ചുബാവ എന്ന മാന്ത്രികനാകട്ടെ ജനക്കൂട്ടത്തിനു വേണ്ടി, അവര്‍ക്കു നടുവില്‍ നിന്നുകൊണ്ടു പ്രകടനം നടത്തിയ എഴുത്തുകാരനാണ്. രണ്ടു പേരും ജീനിയസ്സുകളാണ്. മനോജ് ജാതവേദര് എന്ന നിശ്ശബ്ദ കഥാകൃത്ത് എപ്പോഴും അദ്ഭുതം കാട്ടുന്നു. ഇഷ്ടപ്പെടുന്നവര്‍ വേറെയുമുണ്ട്.
? എഴുതിത്തുടങ്ങുന്നവരോടുള്ള നിര്‍ദേശങ്ങള്‍.
പുതുതായി എഴുതിത്തുടങ്ങുന്നവേരാട് ഒരു അപേക്ഷയേ ഉള്ളൂ- കഥയെഴുത്ത് ഒരു ദുരിതം പിടിച്ച പണിയാണ്. നല്ല ക്ഷമയും ആന്തരിക ചോദനയും ഉണ്ടെങ്കില്‍ മാത്രം ഈ പണിക്ക് ഇറങ്ങിയാല്‍ മതി. കുറച്ചു ഫേസ്ബുക്ക് പോസ്റ്റുകളില്‍ തീരുന്നതാണ് ആവേശമെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല സാഹിത്യമെഴുത്ത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top