LoginRegister

ഇസ്‌ലാമിലേക്ക് വന്ന പെണ്‍കുട്ടികള്‍ പറയുന്നു

ആയിശ ഹുദ എ വൈ

Feed Back


‘ദ കേരള സ്റ്റോറി’ എന്ന സിനിമയെക്കുറിച്ച് പ്രബുദ്ധരായ മലയാളികള്‍ ചോദിക്കുന്നത് ഇതേതു കേരളത്തിന്റെ കഥയെന്നാണ്. ഒരു ജനതയെ മൊത്തം അപമാനിക്കുന്ന തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് 32,000 ഹിന്ദു സ്ത്രീകള്‍ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് ചേക്കേറുകയും ചെയ്തുവെന്നതാണ് സിനിമയുടെ ഇതിവൃത്തം. ‘ലൗജിഹാദ്’ എന്ന പ്രമേയത്തിലൂന്നിയ ചിത്രം അവകാശപ്പെടുന്നത് ഭീതിജനകവും ഹൃദയഭേദകവുമായി കേരളത്തിന്റെ ഇരുണ്ട കഥകളാണ് തങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നതെന്നാണ്. പ്രോപഗണ്ട സിനിമയായ ‘കേരള സ്റ്റോറി’ ലക്ഷ്യം വെക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണ് എന്നത് സിനിമക്കു പിന്നിലുള്ളവരുടെ രാഷ്ട്രീയത്തെയും ഒളിയജണ്ടയെയും വ്യക്തമായി തുറന്നുകാട്ടുന്നു.
കെട്ടിച്ചമച്ച കഥക്ക് കേരളത്തില്‍ അത്രയധികം സ്വീകാര്യത ഇല്ലെങ്കിലും കൃത്യമായ ആസൂത്രണത്തോടെ, വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ട്രെയ്‌ലര്‍ ഇറങ്ങിയതിനു പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ 32,000 എന്നത് ഒറ്റയടിക്ക് മൂന്നായി ചുരുങ്ങി. ഒരുതരത്തിലുള്ള രേഖകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാതെയാണ് സിനിമ തികച്ചും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വലിയൊരു പ്രഖ്യാപനം നടത്തിയത്. എന്നാല്‍ കണക്കുകള്‍ ചോദിച്ചപ്പോള്‍ സംവിധായകന്‍ സുദീപ്‌തോ സെന്നിന്നും കൂട്ടര്‍ക്കും മറുപടിയില്ലതാനും.
കേരളത്തെ അവഹേളിക്കുക മാത്രമല്ല സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി നിലവിലെ സൗഹാര്‍ദവും ഐക്യവും തകര്‍ക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. മൂടിവെക്കപ്പെട്ട സത്യത്തിന്റെ ചുരുളഴിയുന്നു എന്ന ഭാവത്തില്‍ കേരളത്തിലെ നുണക്കഥകള്‍ പ്രചരിപ്പിച്ച് ഉത്തരേന്ത്യയില്‍ നേട്ടം കൊയ്യുമെന്നാണിവര്‍ കണക്കുകൂട്ടുന്നത്.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി നിരോധിച്ചവരും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടിയവരുമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ‘കേരള സ്റ്റോറി’യെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം.
ഞങ്ങള്‍ക്കും
ചിലത് പറയാനുണ്ട്

മോഡേണിറ്റിയില്‍ നിന്നു മോഡസ്റ്റിയിലേക്കുള്ള പ്രയാണത്തിനൊടുവില്‍ സത്യത്തിന്റെ വെളിച്ചം ലഭിച്ച പെണ്‍കുട്ടികള്‍ സിനിമ പ്രചരിപ്പിക്കുന്ന കള്ളങ്ങളുടെ പശ്ചാത്തലത്തില്‍ പുടവയോട് മനസ്സ് തുറക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, ഇസ്ലാമിലേക്ക് കടന്നുവന്നവര്‍ യാഥാര്‍ഥ്യം വ്യക്തമാക്കുന്നത്.

ആളുകളെ എല്ലാ കാലത്തും
പറ്റിക്കാനാവില്ല

അംബാലിക

ഗവേഷണത്തിന്റെ ഭാഗമായുള്ള പഠനത്തിനിടയിലാണ് വേദഗ്രന്ഥങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനം നടത്തുന്നത്. ഖുര്‍ആന്‍ വായിച്ചുതുടങ്ങിയ ശേഷം എനിക്കൊരു ജ്ഞാനോദയം ഉണ്ടായ പോലെയായിരുന്നു. ഓരോ വരിയും അടുത്ത വരി വായിക്കാനുള്ള ഉള്‍പ്രേരണ നല്‍കിക്കൊണ്ടിരുന്നു. എനിക്ക് അതുവരെ ഉണ്ടായിരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിച്ചുകൊണ്ടിരുന്നു. ഏകദൈവാരാധനയെന്ന ആശയത്തെ ഖുര്‍ആനിനു മുമ്പു വന്ന വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുവെങ്കിലും ഖുര്‍ആന്‍ അതിനെ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്തുന്നു. ഇസ്‌ലാം എന്നു പറയുമ്പോഴേക്കും തീവ്രവാദം എന്നാണ് ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നത്. ‘കേരള സ്റ്റോറി’ യഥാര്‍ഥത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്. ‘ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി’ എന്ന ക്യാപ്ഷന്‍ മറ്റുള്ളവരില്‍ കേരളം ശരിക്കും ഇപ്രകാരമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ കാരണമാകുന്നു. മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ നടത്തുന്ന മനഃപൂര്‍വമായ ശ്രമമാണിത്.
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന് അംഗീകരിക്കുന്നവര്‍ക്കു പോലും സ്വന്തം ഇഷ്ടത്തിന് ഹിജാബ് ധരിക്കുന്നത്/ ഇസ്‌ലാമിക വസ്ത്രം സ്വീകരിക്കുന്നത് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുകയാണെന്ന ചിന്തയാണുള്ളത്. മതപരിവര്‍ത്തനം നടത്തിയ എല്ലാവരും തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാണെന്നാണ് പൊതുജനം കരുതുന്നത്. ഈ സിനിമ പോലും അത്തരം ആശയപ്രചാരണം ലക്ഷ്യം വെച്ചുള്ളതാണ്.
ഒരു മുസ്‌ലിം നാമധാരി എവിടെയിരുന്ന് എന്തു ചെയ്താലും എല്ലാ മുസ്‌ലിംകളും അതിന് മറുപടി നല്‍കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ‘കേരള സ്റ്റോറി’ പോലൊരു സിനിമ റിലീസ് ചെയ്യുന്നതിലൂടെ ഐക്യം തകര്‍ത്ത് വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ്, അതിനു വേണ്ടിയുള്ള ഒരു നാടകമാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്നത്. എന്നാല്‍ ആളുകളെ എല്ലാ കാലത്തും പറ്റിക്കാനാവില്ല. കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ഥ്യ ബോധം ഉള്ളവരാണ്. പുതിയ തലമുറയില്‍ സത്യം അന്വേഷിക്കാനുള്ള പ്രവണതയാണ് കൂടുതലും കണ്ടുവരുന്നത്.

എങ്ങനെയാണ് ഒരാളെ
നിര്‍ബന്ധിച്ച് മതം മാറ്റാനാവുക?

ആയിശ സജ്ന

എന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം പറയാം: ഞങ്ങള്‍ എന്നും പ്രാര്‍ഥിച്ചിരുന്ന, പൂജിച്ചിരുന്ന വിഗ്രഹം ഒരിക്കല്‍ താഴെ വീണുടഞ്ഞു. അതേത്തുടര്‍ന്ന് എനിക്ക് വല്ലാത്ത മനഃപ്രയാസമുണ്ടായി. രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചിരുന്ന ആ ശില്‍പത്തിന് അതിനെ പോലും സ്വയം സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന ഒരു ചിന്ത എന്നില്‍ രൂപം കൊണ്ടു. അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് അല്ലാഹുവിനെപ്പറ്റി കൂടുതല്‍ അറിയുന്നത്.
ആയത്തുല്‍ കുര്‍സിയ്യിന്റെ അര്‍ഥം വായിക്കുന്നതിലൂടെ ഞാന്‍ അന്വേഷിച്ച ദൈവത്തെ എനിക്ക് കാണാന്‍ കഴിഞ്ഞു.
‘മതം മാറുക’ എന്നത് പൂര്‍ണമായും ഒരാളുടെ തീരുമാനം മാത്രമാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ അങ്ങനെ ഒരു തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ അവരതിനെക്കുറിച്ച് പഠിച്ചു മനസ്സിലാക്കിയ ശേഷം മാത്രമായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
മതം മാറിയതിനെ തുടര്‍ന്നുള്ള സ്വാഭാവികമായ പ്രശ്‌നങ്ങള്‍ കാലക്രമേണ ആറിത്തണുത്തു. ഇപ്പോള്‍ കുടുംബവുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്ന് ഞാന്‍ അവരുടെ വീടും അവര്‍ എന്റെ വീടും സന്ദര്‍ശിക്കുന്നുണ്ട്.
‘കേരള സ്റ്റോറി’ പോലൊരു സിനിമയിലൂടെ ശ്രമിക്കുന്നത് കേരളത്തില്‍ നിലനില്‍ക്കുന്ന വളരെ സുന്ദരമായ സാമൂഹിക സാഹചര്യം തകര്‍ക്കാനും ഐക്യത്തോടെ ജീവിക്കുന്നവരുടെ മനസ്സുകള്‍ തമ്മില്‍ അകലം സൃഷ്ടിക്കാനുമാണ്. തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നിടത്ത് ‘എന്റെ സുഹൃത്ത് മുസ്‌ലിമാണോ എങ്കില്‍ അവനെ സൂക്ഷിക്കണ’മെന്ന ചിന്ത നിക്ഷേപിക്കുന്നത് അപകടകരമാണ്.

ദൈവത്തെ കണ്ടെത്തല്‍
സ്വാലിഹ ഫാത്തിമ

ചെറിയ പ്രായം മുതല്‍ എന്റെ മനസ്സില്‍ ഉടലെടുത്തിരുന്ന ചോദ്യങ്ങളായിരുന്നു ദൈവത്തെ കുറിച്ചുള്ളത്. ആരാണ് ദൈവം, എങ്ങനെയാണ് ആരാധിക്കേണ്ടത് എന്നൊക്കെ. അങ്ങനെ ഞാന്‍ പഠിക്കാന്‍ തുടങ്ങി. പല മതങ്ങളെക്കുറിച്ചും അറിഞ്ഞുവെങ്കിലും അവയിലെ പല ആശയങ്ങളും മനസ്സിന് സംതൃപ്തി നല്‍കിയില്ല. ഞാന്‍ പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോള്‍ അമിത ചിന്തയാണ് എന്റെ പ്രശ്‌നമെന്ന് അവര്‍ പറഞ്ഞു.
ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്താണ് കൂടെ പഠിച്ച ഒരു സുഹൃത്ത് ഇസ്‌ലാം സ്വീകരിച്ചതായി അറിഞ്ഞത്. പിന്നീട് അവരുമായുള്ള സംഭാഷണത്തിനിടയില്‍ അവര്‍ നല്‍കിയ ഒരു വെബ്‌സൈറ്റ് അഡ്രസ്സാണ് എന്റെ ജീവിതം മാറ്റിയത്. അങ്ങനെയാണ് എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുന്നത്. അങ്ങനെയാണ് ഇസ്‌ലാമിലേക്ക് എത്തുന്നത്.
മുസ്‌ലിമായതിനു ശേഷം സ്വാഭാവികമായ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒരു കുട്ടി ആയതിനു ശേഷമാണ് കുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് അനിയത്തി മുസ്‌ലിമായി. രണ്ടാളുടെയും സ്വഭാവത്തിലുള്ള കാതലായ നല്ല മാറ്റങ്ങള്‍ കണ്ട് അമ്മയും പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇപ്പോള്‍ അമ്മയും ഇസ്‌ലാം സ്വീകരിച്ചു.
‘കേരള സ്റ്റോറി’ ശ്രമിക്കുന്നത് പല അജണ്ടകളും ഇവിടെ നടപ്പാക്കാനാണ്. ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുന്നതു പോലും തടയുകയും അതുവഴി ഇസ്‌ലാമിന്റെ വളര്‍ച്ചയെ തടയുകയുമാണ് അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

വിശ്വാസം അടിച്ചേല്‍പിക്കാനാവില്ല
ഫാത്തിമ മിനി

പണ്ടു മുതല്‍ക്കേ ഞാന്‍ വായനാശീലമുള്ള ഒരാളായിരുന്നു. സുഹൃത്തുക്കളില്‍ നിന്നാണ് ഇസ്‌ലാമിനെക്കുറിച്ച് അറിഞ്ഞത്. മരണം യാഥാര്‍ഥ്യമാണ്. അതുപോലെ സത്യമാണ് മരണാനന്തര ജീവിതവും. ഈ ഒരാശയമാണ് എന്നെ വല്ലാതെ സ്വാധീനിച്ചത്.
ഇസ്‌ലാം ഒരിക്കലും വര്‍ഗീയതയെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. ഡോക്ടര്‍ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്നതുപോലെ തന്നെയാണ് ഒരാള്‍ അയാളുടെ മതത്തെപ്പറ്റിയുള്ള ആശയങ്ങള്‍ സംസാരിക്കുന്നതും.
ഇങ്ങനെ അറിവു പകരുന്നതിനെയാണ്, ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്തുന്നതിനെയാണ് മതത്തിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതാക്കിത്തീര്‍ക്കുന്നത്. മതം മാറിയ ശേഷവും കുടുംബവുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുന്ന ഒരാളാണ് ഞാന്‍. അവരോടൊപ്പം ഒരുമിച്ച് ഇപ്പോഴും താമസിക്കാറുമുണ്ട്. ഒരുപക്ഷേ കേരളമല്ലാതെ മറ്റൊരു സംസ്ഥാനമായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു. ഇവിടെയായതുകൊണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുന്നു.

മതംമാറ്റം പെട്ടെന്ന്
സംഭവിക്കുന്നതല്ല

സല്‍മ ശിഹാബ്

മതം മാറുക എന്നത് ഒരിക്കലും പെട്ടെന്ന് സംഭവിച്ച ഒരു കാര്യമല്ല. നമ്മളിവിടെ ജീവിക്കുന്നത് എല്ലാ മതസ്ഥരും ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം എന്നത് ഒരു പുതിയ കാര്യമായിരുന്നില്ല. ബേസിക്കായ കാര്യങ്ങളൊക്കെ അറിയാമായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ മതപരമായ വിഷയങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ മതത്തെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്.
്യൂഞാന്‍ ജീവിച്ചുകൊണ്ടിരുന്ന മതത്തിലെ പല കാര്യങ്ങളിലും എനിക്ക് വിശ്വാസം വന്നില്ല. അങ്ങനെയാണ് മറ്റു മതങ്ങളെപ്പറ്റി പഠിക്കാന്‍ തുടങ്ങിയത്. ഇസ്‌ലാമില്‍ നാം ചെയ്ത കര്‍മങ്ങളുടെ ഫലം മാത്രമാണ് നാം അനുഭവിക്കേണ്ടത്. പൂര്‍വികരുടെ പാപം പേറുക എന്ന ആശയങ്ങളൊന്നും തന്നെ ഇസ്‌ലാമിലില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ സ്വാധീനിച്ചു. മതം മാറിയ ശേഷം തോന്നിയത് എന്റെ ജീവിതത്തിന്റെ ലക്ഷ്യം, എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു എന്നതാണ്.
‘കേരള സ്റ്റോറി’ ലക്ഷ്യം വെക്കുന്നത് കേരളത്തിനു പുറത്തുള്ളവരെയാണ്. കേരളം എങ്ങനെയാണ് എന്നതിന് ഒരു റഫറന്‍സ് പോലെ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണത്. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു കാമ്പയിനിങ് കൂടിയായിരുന്നു അത്.
പ്രളയമായാലും കോവിഡിന്റെ സമയത്തായാലും മലയാളക്കര അതിനെ നേരിട്ടത് മറ്റു സംസ്ഥാനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കിയിരുന്നു. ആ ഒരു പൊതുബോധത്തെ തകര്‍ക്കുക എന്ന ഒരു ഗൂഢോദ്ദേശ്യത്തോടെയാണ് ‘കേരള സ്റ്റോറി’ എന്ന പേരു പോലും കൊടുത്തിരിക്കുന്നത്. മലയാളികള്‍ പ്രബുദ്ധരാണ്. പുസ്തക വായനയില്‍ കൂടി, കവലയിലെ ചര്‍ച്ചയിലൂടെ സാധാരണക്കാരായ ആളുകള്‍ പോലും അറിവ് സമ്പാദിക്കുന്നു. മലയാളികളെ പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
കേരളത്തില്‍ വിവിധ ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത് അടുത്തടുത്താണ്. മതമുള്ളവരും ഇല്ലാത്തവരും നിരീശ്വരവാദികളും എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്. ആരോഗ്യപരമായ ചര്‍ച്ചകളും വിയോജിപ്പുകളും ഉണ്ടായിരിക്കെത്തന്നെ ഏതു പ്രശ്‌നത്തെയും ഒരുമിച്ച് നേരിടുന്ന മനോഭാവമാണ് കേരളത്തെ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top