LoginRegister

ഇസ്‌ലാമിന് കരുത്തുപകര്‍ന്ന് ഫാത്തിമ

വി എസ് എം കബീര്‍

Feed Back


തിരുനബി ആദര്‍ശ പ്രബോധനം പരസ്യമാക്കിയ കാലം. രഹസ്യ പ്രബോധന ദിനങ്ങളില്‍ തന്നെ വിശ്വാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ആശങ്കയോടെ വീക്ഷിക്കുകയായിരുന്നു ഖുറൈശി നേതൃത്വം. ഒളിഞ്ഞും തെളിഞ്ഞും അതിനെ തകര്‍ക്കാനുള്ള ശ്രമം തുടരുംതോറും അവര്‍ക്ക് നിരാശരാകേണ്ടിയും വന്നു. എന്നാല്‍ സഫാ കുന്നില്‍ കയറി തിരുദൂതര്‍ നടത്തിയ പരസ്യപ്രഖ്യാപനം ഖുറൈശി സഭയുടെ ഇടനെഞ്ചില്‍ തീവാരിയിട്ടു. അന്നു മുതല്‍ അവര്‍ തീരുമാനിച്ചുറപ്പിച്ചതാണ്, ഇവരെ ഇനിയും വെറുതെ വിട്ടുകൂടാ എന്ന്.
പരിഹാസവും ഭീഷണിയും കൈയേറ്റത്തിലേക്കും ദേഹോപദ്രവത്തിലേക്കുമെത്തിയത് അങ്ങനെയാണ്. ആരോരുമില്ലാത്ത വിശ്വാസികളായ അടിമകളെയും നിരാലംബരെയും മാത്രമാണ് അതുവരെ പീഡനത്തിന് വിധേയരാക്കിയിരുന്നതെങ്കില്‍ പിന്നീട് അത് മറ്റു വിശ്വാസികളിലേക്കുമെത്തി. ദാറുല്‍ അര്‍ഖമില്‍ വെച്ച് രഹസ്യമായി നമസ്‌കരിച്ചവരെ പോലും ആക്രമിച്ച സംഭവമുണ്ടായി. എന്തിനധികം, കഅ്ബയുടെ ചാരത്ത് നമസ്‌കരിക്കവെ ഒട്ടകത്തിന്റെ കുടല്‍ തിരുനബിയുടെ കഴുത്തില്‍ മാലയായി ചാര്‍ത്തപ്പെടുക വരെ ചെയ്തു.
സുമയ്യയുടെ അന്ത്യരോദനം തിരുദൂതരെ കണ്ണീരണിയിച്ചു. ബിലാലിന്റെയും അമ്മാറിന്റെയും നിസ്സഹായത തിരുനബിയുടെ മനസ്സിനെ ഉലച്ചു. അവരുടെ മുറിവുകളില്‍ അവിടന്ന് സാന്ത്വനത്തിന്റെ ലേപനം പുരട്ടി.
ക്ഷമയും പ്രാര്‍ഥനയുമായി പീഡനങ്ങളെ നേരിടാന്‍ സഹാബിമാരെ ഉപദേശിച്ചു. വരാനുള്ളത് വസന്തകാലമാണെന്ന സന്തോഷവാര്‍ത്തയും അവരെ അറിയിച്ചു. ഈ ദിവസങ്ങളില്‍ നബിയുടെ പ്രാര്‍ഥനകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു: ‘അല്ലാഹുവേ, ഉമറിനെ കൊണ്ടോ അംറുബ്‌നു ഹിശാമിനെ കൊണ്ടോ ഇസ്‌ലാമിന് നീ കരുത്ത് പകരണേ…’ അക്കാലത്തെ മക്കയിലെ രണ്ട് വീരനായകരും എതിര്‍ശബ്ദങ്ങളില്ലാത്ത നേതാക്കളുമായിരുന്നു ഇവരിരുവരും.
അധിക ദിനങ്ങള്‍ പിന്നിടും മുമ്പുതന്നെ പ്രവാചകന്റെ ഈ പ്രാര്‍ഥന അല്ലാഹു സഫലമാക്കി. ഉമറിനാണ് ഇതിന് ഭാഗ്യമുണ്ടായത്. ഈ ചരിത്ര മുഹൂര്‍ത്തത്തിന് നിമിത്തമാകാന്‍ അല്ലാഹു തിരഞ്ഞെടുത്തതാകട്ടെ, ഫാത്തിമ ബിന്‍ത് ഖത്താബിനെയും. അഥവാ ഉമറിന്റെ നേര്‍സഹോദരിയെ. നിറഞ്ഞൊഴുകുന്ന കണ്ണുകളും ചോരപ്പാടുള്ള കവിളുമായി സഹോദരന് മുന്നില്‍ ശൗര്യത്തോടെ നില്‍ക്കുന്ന ഫാത്തിമയെ ഇസ്‌ലാമിക ചരിത്രത്തിന് മറക്കാനാവില്ല. ഉക്കാദ് ചന്തയിലെ മല്‍പ്പിടിത്ത വേദിയില്‍ പ്രതിയോഗിയെ മലര്‍ത്തിയടിച്ച് ഖുറൈശികളുടെ വീരനായകനായിരുന്ന ഖത്താബിന്റെ മകനെ ഉമറുല്‍ ഫാറൂഖിലേക്ക് വഴിനടത്തിയ ഈ മഹതി ഇസ്‌ലാമിനെ ആദ്യകാലം മുതലേ നെഞ്ചേറ്റിയിട്ടുണ്ട്. തിരുദൂതരെ അത്യധികം ആദരിക്കുകയും ചെയ്തിരുന്നു ഫാത്തിമ.
ജാഹിലിയ്യാ കാലത്തെ നാല് ഏകദൈവ വിശ്വാസികളില്‍ ഒരാളായിരുന്നു സൈദുബ്‌നു അംറ്. ബിംബാരാധന അടക്കമുള്ള ദുരാചാരങ്ങളെ വെറുത്ത് ഇബ്‌റാഹീമീ സരണി തേടിപ്പോയ സെയ്ദ് വഴിമധ്യേ മരിച്ചു.
മരണാസന്നനായ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു: ‘ദൈവമേ, ഞാന്‍ തേടിപ്പോയ സൗഭാഗ്യം എനിക്ക് ലഭിച്ചില്ല. മകന്‍ സഈദിനെ നീ സത്യപാതയില്‍ വഴിനടത്തണേ.’
ആ തേട്ടം അല്ലാഹു സ്വീകരിച്ചു. ഇരുപതാം വയസ്സില്‍ തന്നെ സഈദുബ്‌നു സെയ്ദ് മുസ്‌ലിമായി. മാത്രമല്ല, തിരുനബിയുടെ ഇഷ്ടക്കാരനും നിഴലുമായി സൈദിന്റെ മകന്‍.
ഈ യുവാവിന്റെ ജീവിതത്തിലേക്കാണ് ഫാത്തിമ ബിന്‍ത് ഖത്താബ് സഖിയായെത്തുന്നത്. ഇവര്‍ തമ്മില്‍ കുടുംബബന്ധം കൂടിയുണ്ട്. ഖത്താബിന്റെ മൂത്ത സഹോദരനാണ് സഈദിന്റെ പിതാവ് സെയ്ദ്. സഈദ് ഫാത്തിമയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഫാത്തിമയുടെ സഹോദരന്‍ ഉമര്‍ സഈദിന്റെ പെങ്ങള്‍ ആത്തിഖയെ വധുവായി സ്വീകരിച്ചിരുന്നു.
കൊണ്ടും കൊടുത്തുമുള്ള ഈ ബന്ധം ദൃഢമായി മുന്നോട്ടുനീങ്ങവെയാണ് ഉമറിന്റെ ഇസ്‌ലാമാശ്‌ളേഷം നടക്കുന്നത്.
ഖബ്ബാബാണ് സഈദിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചത്. അദ്ദേഹത്തോടൊപ്പം തിരുദൂതരെ കാണാന്‍ ദാറുല്‍ അര്‍ഖമില്‍ ചെന്ന സഈദ് സാക്ഷ്യവാക്യം ചൊല്ലിയാണ് മടങ്ങിയത്. വീട്ടിലെത്തി ഭാര്യ ഫാത്തിമയോട് വിവരം പറഞ്ഞു.
ഉമറിന്റെ പെങ്ങളായതിനാല്‍ തീരുമാനം സഈദ് അവള്‍ക്കുതന്നെ വിട്ടു. എന്നാല്‍ പ്രിയതമന്റെ വഴി തന്നെയാണ് എന്റേതുമെന്നായിരുന്നു അവളുടെ ഉറച്ച തീരുമാനം. സഈദില്‍ നിന്ന് സാക്ഷ്യവചനം ഏറ്റുചൊല്ലുമ്പോള്‍ ഇസ്‌ലാമിന്റെ അംഗബലം വെറും 20 പേര്‍ മാത്രമായിരുന്നു.
ഖുറൈശികളിലെ ബനൂഅദിയ്യ് കുടുംബാംഗങ്ങളായ സഈദിന്റെയും ഫാത്തിമയുടെയും കടന്നുവരവ് തിരുനബിയെ അത്യധികം സന്തോഷിപ്പിച്ചു. ഇവര്‍ വഴി സത്യസന്ദേശം പല പ്രമുഖരിലേക്കും എത്തുമെന്ന് ദൂതര്‍ പ്രത്യാശിക്കുകയും ചെയ്തു.
ഇരുവരെയും ഖുര്‍ആന്‍ പഠിപ്പിക്കാന്‍ തന്റെ വിശ്വസ്തന്‍ ഖബ്ബാബിനെ ചുമതലപ്പെടുത്തുകയും ചെയ്തു നബി.
ദിവസങ്ങള്‍ കഴിഞ്ഞു.
സൂറഃ ത്വാഹായിലെ ആദ്യ വചനങ്ങള്‍ അവതീര്‍ണമായ വേള. അന്നും പതിവുപോലെ ഖബ്ബാബ് സഈദിന്റെ വീട്ടിലെത്തി. ഇതേ സമയത്താണ് തിരുനബിയോട് പകവീട്ടാനുറച്ച് ഉമര്‍ വീട്ടില്‍ നിന്നിറങ്ങുന്നതും വഴിയില്‍ വെച്ച് നഈമിനെ കാണുന്നതും. ദാറുല്‍ അര്‍ഖമിലേക്കാണ് ഉമറിന്റെ പുറപ്പാടെന്നറിഞ്ഞ നഈം ഉള്‍ഭയത്തോടെയാണെങ്കിലും സഹോദരി ഫാത്തിമയുടെ വീട്ടിലേക്ക് ഉമറിനെ തിരിച്ചുവിട്ടു.
നഈമില്‍ നിന്നാണ് ഫാത്തിമയുടെയും സഈദിന്റെയും ഇസ്‌ലാം പ്രവേശം ഉമര്‍ അറിയുന്നത്. നബിയോടുള്ളതിനേക്കാള്‍ പക പിന്നീട് പെങ്ങളോടും അളിയനോടുമായി.
വീടിനു മുന്നിലെത്തിയ ഉമര്‍ ഖബ്ബാബിന്റെ നേര്‍ത്ത സ്വരം കൂടി കേട്ടതോടെ രോഷത്തോടെ വാതിലില്‍ തട്ടി. ഉമറാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അപായം മണത്ത ഫാത്തിമ ധൈര്യം സംഭരിച്ച് വാതില്‍ തുറന്നു.
”നിങ്ങള്‍ പുതിയ മതം സ്വീകരിച്ചെന്ന് കേട്ടു. സത്യമാണോ?” മുഖവുരയില്ലാതെ തന്നെ ഉമര്‍ ചോദിച്ചു.
”സത്യമാണെങ്കില്‍ തന്നെ എന്താ? അതില്‍ വിശ്വസിച്ചുകൂടേ?”
സഈദിന്റെ മറുചോദ്യം കേട്ട ആ നിമിഷം തന്നെ ഉമറിന്റെ കൈകള്‍ പൊങ്ങി. ശക്തമായ അടിയില്‍ സഈദ് നിലത്ത് വീണു. കോപാന്ധനായ ഉമര്‍ അദ്ദേഹത്തില്‍ നെഞ്ചില്‍ കയറിയിരുന്ന് മര്‍ദനം തുടരവെ ഫാത്തിമ തടയാനാഞ്ഞു. പിന്നീട് സഹോദരിയുടെ നേര്‍ക്കായി ഉമറിന്റെ രോഷം. അവളുടെ മുഖത്ത് ആഞ്ഞടിച്ചു ഉമര്‍. അടിയുടെ ആഘാതത്തില്‍ വീണുപോയി ഫാത്തിമ. അവരുടെ മുഖം രക്തത്തിലും കണ്ണീരിലും മുങ്ങി. ഇതോടെ ഖത്താബിന്റെ പുത്രി നിയന്ത്രണം വിട്ടു.
”അല്ലാഹുവിന്റെ ശത്രൂ, സത്യമതത്തില്‍ വിശ്വസിച്ചതിനാണോ നീ ഞങ്ങളെ അടിച്ചൊതുക്കുന്നത്? അല്ലാഹുവല്ലാതെ ആരാധ്യനില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. ഇതാ, ഞാനും ആ മതത്തിലാണ്. നിനക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം നീ ചെയ്‌തോളൂ.” ഫാത്തിമ ഗര്‍ജനം പോലെ പറഞ്ഞു.
സഹോദരിയുടെ ഭാവം ഉമറിനെ ഒരു നിമിഷം സ്തബ്ധനാക്കി. കണ്ണുകളിലെ രൗദ്രത അടങ്ങി. കോപം ആറിത്തണുക്കാന്‍ തുടങ്ങി. മുഖം വാടുന്നതുപോലെയായി.
ഫാത്തിമ അപ്പോഴും കിതയ്ക്കുകയായിരുന്നു. അടുത്ത നിമിഷം, ഒരു കുട്ടിയെ പോലെ പതിഞ്ഞ സ്വരത്തില്‍ ഉമര്‍ ആവശ്യപ്പെട്ടു: ”നിങ്ങള്‍ പാരായണം ചെയ്തിരുന്ന ആ ഏട് എനിക്കൊന്ന് വായിക്കാന്‍ തരാമോ?”
സഹോദരന്റെ മാറ്റം ഫാത്തിമയെ തെല്ല് അമ്പരപ്പിച്ചു. ഏട് വാങ്ങി വായിക്കവെ അതുവരെ ഒളിച്ചിരുന്ന ഖബ്ബാബും ഉമറിനടുത്തേക്ക് വന്നു. തിരുനബിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഉമറിനെയും കൂട്ടി അദ്ദേഹം നേരെ ദാറുല്‍ അര്‍ഖമിലെത്തി. നബിയില്‍ നിന്ന് തന്നെ ശഹാദത്ത് കലിമ ഏറ്റുചൊല്ലി ഉമര്‍ പുതുജീവിതത്തിലേക്ക് വന്നു.
ഖബ്ബാബില്‍ നിന്ന് സംഭവമറിഞ്ഞ ദൂതര്‍ ഫാത്തിമയെയും സഈദിനെയും അഭിനന്ദിച്ചു.
സഈദ് തിരുനബിയുടെ വിശ്വസ്ത അനുചരനായിരുന്നു. ഖുര്‍ആന്‍ എഴുതിവെക്കാനുള്ള ചുമതല സഈദിനെയാണ് അവിടന്ന് ഏല്‍പിച്ചത്. ഖുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കാന്‍ ഇത് ഫാത്തിമക്ക് കൂടി സഹായകമായി.
ഇരുവരും മദീനയിലേക്ക് ഹിജ്‌റ പോയതും നബിയുടെ പിന്നാലെയാണ്. പ്രതിരോധസംബന്ധമായ സുപ്രധാന കാര്യങ്ങള്‍ക്ക് തിരുനബി സഈദിനെ നിയോഗിക്കും. യുദ്ധസന്ദര്‍ഭങ്ങളില്‍ നബിയുടെ അംഗരക്ഷകരിലും ഇദ്ദേഹമുണ്ടാകും. സ്വര്‍ഗം വാഗ്ദാനം നല്‍കപ്പെട്ട പത്തു പേരിലും സഈദുണ്ടായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ഭര്‍ത്താവിന് തണലും താങ്ങുമായി ഫാത്തിമ കൂടെ നിന്നു.
സഈദുമായുള്ള നബിയുടെ അടുപ്പം വഴി നബിയുമായി ഇടപഴകാനും കാര്യങ്ങള്‍ പഠിക്കാനും ഫാത്തിമക്കും സാധിച്ചു. ഉമറിന്റെ മകള്‍ ഹഫ്‌സയെ നബി വിവാഹം കഴിച്ചത് ഇതിന് കൂടുതല്‍ സഹായകമാവുകയും ചെയ്തു.
ഏതാനും ഹദീസുകളും മഹതി നിവേദനം ചെയ്തിട്ടുണ്ട്. സഹോദരന്‍ ഉമര്‍ ഖലീഫയായിരിക്കെയാണ് ഫാത്തിമയുടെ വിയോഗം. സഈദ് പിന്നെയും കുറേ കാലം ജീവിച്ചു. അസ്വദ്, അബ്ദുല്ല, അബ്ദുറഹ്മാന്‍, സെയ്ദ് എന്നീ മക്കള്‍ ഇവരുടെ ദാമ്പത്യത്തില്‍ പിറന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top