LoginRegister

ഇസ്‌ലാമിക കലയുടെ സാംസ്‌കാരിക വര്‍ണങ്ങള്‍

കെ എം ഇര്‍ഷാദ്‌

Feed Back


വിശുദ്ധ നഗരങ്ങളുടെ കവാടമായ ജിദ്ദയില്‍ ഒരു കലാവസന്തം. ഇസ്‌ലാമിക കലയുടെയും ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു സമ്മോഹനം. ജിദ്ദ എന്ന ചരിത്രനഗരം ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഹാജിമാരെ സ്വീകരിച്ചിരുന്ന കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനല്‍ ജനുവരി 23 മുതല്‍ ഏപ്രില്‍ 23 വരെയുള്ള 90 ദിവസം അക്ഷരാര്‍ഥത്തില്‍ കലയുടെയും ചരിത്രത്തിന്റെയും ഒരു വലിയ പ്രദര്‍ശന ഭൂമികയായി മാറി. ദറഹിയ്യ ബിനാലെ ഫൗണ്ടേഷന്‍ ആണ് സംഘാടകര്‍. സുഊദിയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ സ്‌പോണ്‍സര്‍ റോളില്‍ എത്തുമ്പോള്‍ വിവിധ രാജ്യങ്ങളിലെ പ്രശസ്ത മ്യൂസിയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ഈ ബിനാലെയുടെ സഹകാരികളാകുന്നു.
ഇതുവരെ മറ്റൊരിടത്തും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത കലാരൂപങ്ങള്‍, ഇസ്‌ലാമിക കലാപാരമ്പര്യത്തെ ഇത്ര വലിയ രീതിയില്‍ ആഘോഷിക്കുന്ന ഇങ്ങനെയൊരു പരിപാടി സുഊദി അറേബ്യയില്‍ ആദ്യമായാണ്. ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു പരിപാടി നടന്നിട്ടുണ്ടാവില്ല. സുഊദിയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്തരായ 60 കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ദൃശ്യവിസ്മയം, അതോടൊപ്പം ചരിത്രത്തിലെ 280 അപൂര്‍വമായ കലാരൂപങ്ങള്‍.
‘അവ്വല്‍ ബൈത്ത്’ എന്നതാണ് ഈ പ്രഥമ ബിനാലെയുടെ തീം. ആദ്യ ഗേഹം എന്ന അര്‍ഥം വരുന്ന ഈ വാക്ക് ഇസ്‌ലാമിന്റെ കളിത്തൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന ഈ നാടിനോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലുള്ള ഈ നഗരം ഒരുപാട് ചരിത്രസന്ധികള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണ്, ഈ നഗരത്തിന്റെയും അതിനോട് ഇഴുകിച്ചേര്‍ന്നുകിടക്കുന്ന മുസ്‌ലിം ബന്ധങ്ങളുടെയും പ്രകാശനമാണ്.
ഏദന്‍സിലെ ബെനകി മ്യൂസിയം, ഹിസ്റ്ററി ഓഫ് സയന്‍സ് മ്യൂസിയം, ഇസ്‌ലാമിക കലകളില്‍ താല്‍പര്യമുള്ള ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, പാരീസിലെ ലൂവ്ര്, ബ്രിട്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയം, അതോടൊപ്പം രണ്ടു വിശുദ്ധ പള്ളികളിലെ ജനറല്‍ പ്രസിഡന്‍സി വിഭാഗവും ഒപ്പം ഈജിപ്ത്, മൊറോക്കോ, കുവൈത്ത്, ഖത്തര്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മ്യൂസിയങ്ങള്‍ അടക്കം 18 പ്രശസ്ത സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് അപൂര്‍വ ചരിത്ര കലാരൂപങ്ങള്‍ ഈ ബിനാലേക്ക് കടം നല്‍കിയിരിക്കുന്നത്.
ബിനാലെ ക്യൂറേറ് ചെയ്തതാവട്ടെ ലോകത്തെ അതിപ്രശസ്തരായ ആര്‍ട്ടിസ്റ്റുകളാണ്. ഈജിപ്ഷ്യന്‍ ആര്‍ക്കിടെക്ട് ഓംനിയ അബ്ദുല്‍ ബര്‍, വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഏഷ്യന്‍ ആര്‍ട്‌സ് ഡയറക്ടറായ ജൂലിയന്‍ റാബി അടക്കമുള്ള വിദഗ്ധ സംഘം. ജൊഹാനസ് ബര്‍ഗില്‍ നിന്നുള്ള സുമയ്യ വലിയാണ് ബിനാലെയുടെ ആര്‍ട്ട് ഡയറക്ടര്‍.

സമകാലികതയെ ചരിത്രത്തിലേക്ക് ബന്ധിപ്പിക്കുക എന്ന വളരെ വലിയ വെല്ലുവിളിയെയാണ് ഇതിന്റെ സംഘാടകര്‍ ഇവിടെ നേരിട്ടത്. അഞ്ച് ഗാലറികളിലും രണ്ട് പവലിയനുകളിലുമായി ഒരുക്കിയ പ്രദര്‍ശനം തുടങ്ങുന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നായി പ്രാര്‍ഥനയ്ക്കായി വിളിക്കുന്ന ബാങ്കിന്റെ റെക്കോര്‍ഡിങ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ‘കോസ്മിക് ബ്രീത്ത്’ എന്ന കലാരൂപത്തില്‍ നിന്നാണ്. ഇത് ഇരുട്ടില്‍ ആരംഭിച്ച് ‘ദി എപ്പിഫാമാനിയ്യ – ദി ഫസ്റ്റ് ലൈറ്റ്’ എന്ന പ്രദര്‍ശനത്തില്‍ കഅ്ബക്ക് ചുറ്റുമുള്ള തീര്‍ഥാടകരുടെ പ്രദക്ഷിണത്തിലൂടെ വെളിച്ചത്തിലേക്ക് നയിക്കുന്നു.
ദൈനംദിന ഇസ്‌ലാമിക ആചാരങ്ങളും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ആത്മീയ ജീവിതത്തെയും ചിത്രീകരിക്കുന്നതാണ് മറ്റു ഗാലറികളിലുള്ള പ്രദര്‍ശനങ്ങള്‍. ഖിബ്‌ല, ഹിജ്‌റ, വുദു, സംഘടിത നമസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട കലാപ്രദര്‍ശനങ്ങള്‍, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ജാമിതി എന്നിവക്ക് ഇസ്‌ലാമിക തത്വചിന്തകര്‍ നല്‍കിയ മഹത്തായ സംഭാവനകളെ ഓര്‍മപ്പെടുത്തുന്നു മറ്റു ചില ഇന്‍സ്റ്റലേഷനുകള്‍.
എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ വിശാലമായ ഒഴിഞ്ഞ ഇടങ്ങളെ മനോഹരമായ കലാസൃഷ്ടികള്‍ കൊണ്ട് നിറച്ചിരിക്കുന്നു. ഗാലറികള്‍ക്കപ്പുറത്ത് ഇരു ഹറമുകളുമായി ബന്ധപ്പെട്ട രണ്ട് പവലിയനുകളില്‍ വിവിധ കാലങ്ങളില്‍ ഹറമില്‍ ഉപയോഗിച്ച മനോഹരമായ വസ്തുക്കള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കലാപരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
റമദാനിലെ ഇഫ്താറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താന്‍സാനിയന്‍ കലാകാരി ലുബ്‌ന ചൗധരി ഒരുക്കിയ 40 മീറ്റര്‍ നീളമുള്ള തീന്‍മേശ ‘ദി എന്‍ഡ്‌ലെസ് ഇഫ്താര്‍’, ഇറാനിയന്‍ ആര്‍ട്ടിസ്റ്റ് ഷാപ്പൂര്‍ ജോയാന്‍ ഒരുക്കിയ കലാകാരന്റെ ഡിഎന്‍എയിലെ മൂന്ന് അടയാളങ്ങളെ പ്രതിനിധീകരിക്കുന്ന ‘മൈ പ്ലേസ് ഈസ് പ്ലേസ്‌ലെസ്’, കേപ്ടൗണിലെ വീട്ടിലെ പ്രാര്‍ഥനാ മുസല്ലകള്‍ ശേഖരിച്ച് മുത്തുകളും കല്ലുകളും നിറങ്ങളും പട്ടുനൂലില്‍ കോര്‍ത്ത് ഇഗ്ഷാന്‍ ആദംസ് ചെയ്ത മനോഹരമായ മറ്റൊരു സൃഷ്ടി. വളരെ ദുഷ്‌കരമായ സാഹചര്യത്തിലും തങ്ങളുടെ വിശ്വാസത്തിന്റെ ശക്തിയും സഹിഷ്ണുതയും കണ്ടെത്തിയ ഒരു സമൂഹത്തെ കുറിച്ചാണ് ഈ കലാരൂപം പറഞ്ഞുതരുന്നത്.
ഇതുപോലെ ഇവിടെയുള്ള ഓരോ പ്രദര്‍ശനത്തിനും കഥകളുണ്ട്, ആശയങ്ങളുണ്ട്, സന്ദേശങ്ങളുണ്ട്. ഐന്‍ സുബൈദ പോലത്തെ ചരിത്രനിര്‍മിതികള്‍ മുതല്‍ ഡോം ഓഫ് റോക്കിലേക്ക് ഇസ്രായേല്‍ അധിനിവേശ ശക്തികള്‍ നടത്തിയ ആക്രമണങ്ങള്‍ വരെ ഇന്‍സ്റ്റലേഷന് വിഷയമായിട്ടുണ്ട്. വിവിധ കാലങ്ങളില്‍ മുസ്‌ലിം സൈന്യങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, പടക്കോപ്പുകള്‍ എന്നിവ കലാവൈദഗ്ധ്യത്തിനുമപ്പുറം സൈനികശേഷിയെയും വിളിച്ചോതുന്നവയാണ്. ചൈനീസ് കാലിഗ്രാഫര്‍ നൂറുദ്ദീന്‍ ഗൂബെഞ്ചിയാങിന്റെ ‘ആയത്തുല്‍ കുര്‍സി’ ചൈനീസ് ലിപിയോട് സാമ്യമുള്ള അറബിയില്‍ ചെയ്ത മനോഹരമായ സൃഷ്ടിയാണ്. കലാകാരന്റെ സ്വത്വത്തെയും കൂടി അടയാളപ്പെടുത്തുന്നുണ്ട് അത്. ഇന്ത്യയില്‍ നിന്നുള്ള ചില ചരിത്രവസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്. ഇന്ത്യന്‍ മ്യൂസിയങ്ങളില്‍ നിന്നുള്ളവയല്ല, വിദേശ മ്യൂസിയങ്ങളുടേതാണ്. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കാലത്തെ 12 കിലോയിലധികം ഭാരമുള്ള ആയിരം മൊഹര്‍ സ്വര്‍ണനാണയം, ഔറംഗസീബിന്റെയും മറ്റു ഇന്ത്യന്‍ രാജാക്കന്മാരുടെയും കാലത്തെ കലാപരമായി നിര്‍മിച്ചിട്ടുള്ള മറ്റു ചരിത്രവസ്തുക്കള്‍ തുടങ്ങിയവയൊക്കെ.
മക്ക, മദീന പവലിയനുകളില്‍ വ്യത്യസ്തവും മനോഹരവുമായ നിരവധി വസ്തുക്കളുണ്ട്. പോയ കാലങ്ങളില്‍ കഅ്ബയില്‍ വിരിച്ചിരുന്ന വ്യത്യസ്തമായ കിസ്വകള്‍, രണ്ടു പള്ളികളിലെയും ജനല്‍വിരികള്‍, സൂചനാഫലകങ്ങള്‍, അതിലെ കലാരൂപങ്ങള്‍, വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് അവിടെ ഉപയോഗിച്ചിരുന്ന വിളക്കുകള്‍, ആ വിളക്കുകളിലൊന്നിന്റെ ചിത്രമാണ് ഈ ഇസ്‌ലാമിക് ആര്‍ട്ട് ബിനാലെയുടെ പ്രചാരണ പോസ്റ്ററുകളില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്.
വെറും കലാപ്രദര്‍ശനം എന്നതിനപ്പുറം ഒരു തിയേറ്ററിക്കല്‍ അനുഭവം സന്ദര്‍ശകന് നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ഈ ബിനാലെയുടെ പ്രത്യേകത. നമ്മള്‍ ആരാണ് എന്നതിന്റെ നിര്‍വചനമാണ് ഇവിടെ നടക്കുന്നത്. അതോടൊപ്പം ഇസ്‌ലാമിക കലയെയും സംസ്‌കാരത്തെയും ലോകത്തിനു മുമ്പില്‍ എത്തിക്കുക എന്നതാണ് ബിനാലെയുടെ ലക്ഷ്യം എന്ന് ആര്‍ട്ട് ഡയറക്ടര്‍ സുമയ്യ വാലി പറയുന്നു.
ഇത് കാണാന്‍ എത്തുന്ന മുസ്‌ലിമല്ലാത്തവര്‍ക്കു പോലും അവരുടെ ആത്മീയ ആചാരങ്ങളുമായി അനുരണനം അനുഭവപ്പെടും എന്നവര്‍ അവകാശപ്പെടുന്നു. കാരണം എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുതന്നെ.
സുഊദി അറേബ്യ പല പുതിയ മാറ്റങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും ആകര്‍ഷകമാകുന്ന രീതിയില്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ഹജ്ജിനോട് അനുബന്ധിച്ചു മാത്രം എട്ടോളം വലിയ രീതിയിലുള്ള പ്രദര്‍ശനങ്ങളാണ് നടക്കാനിരിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top