LoginRegister

ഇഷാനി

നിഗാര്‍ബീഗം; വര: റിഞ്ജു വെള്ളില

Feed Back


ദൂരെ ബൈസാക്കി ഉത്സവത്തിന്റെ ആരവങ്ങള്‍ കേട്ടുകൊണ്ട് ആ ടുലിപ് താഴ്‌വരയില്‍ ഹാഷിം കിടപ്പു തുടങ്ങിയിട്ട് കുറേ നേരമായി. തലയ്ക്കരികിലുള്ള പൂക്കള്‍ രാക്കാറ്റില്‍ കവിളില്‍ മൃദുവായി തലോടുമ്പോള്‍ ഇഷാനിയുടെ വിരലുകളാണ് ഓര്‍മ വരുന്നത്. ഇഷാനിക്കും സയോണിക്കുമൊന്നും മണ്ണില്ല, പക്ഷേ വിണ്ണുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളെ മുഴുവന്‍ രാക്കൂട്ടുമാക്കാം. ഇവിടെ വന്നതു മുതല്‍ തന്റെയും രാക്കൂട്ട് ആ നക്ഷത്രങ്ങള്‍ തന്നെ.
പോക്കറ്റിലുള്ള ഫോണില്‍ പിന്നെയും മെസേജ് ടോണ്‍ വന്നു. നോക്കാതെ തന്നെ അറിയാം ഡല്‍ഹിയില്‍ നിന്ന് ഡിപാര്‍ട്ട്‌മെന്റ് ഹെഡിന്റെയാണെന്ന്. സര്‍വേ റിപോര്‍ട്ടുമായി എത്രയും പെട്ടെന്ന് എത്താനുള്ള അറിയിപ്പ് വരുന്നത് മൂന്നാം പ്രാവശ്യമാണ്.
ഇരുട്ടിലൂടെ ഹിരോ പണ്ഡിറ്റ് നടന്നുവരുന്നത് കാലടിത്താളത്തില്‍ നിന്ന് അറിയുന്നുണ്ടായിരുന്നു.
”ഹാഷിം എന്തു തീരുമാനിച്ചു? നാളെയോ നാളെ കഴിഞ്ഞോ ഡല്‍ഹിയിലേക്ക് തിരിക്കുന്നത്?”
ഉത്തരം പറയാതെ പണ്ഡിറ്റിന്റെ കണ്ണുകളിലേക്ക് നോക്കിക്കിടന്നു.
”നാളെ കഴിഞ്ഞാണെങ്കില്‍ നിനക്ക് ആ വിവാഹവും കാണാമല്ലോ.”
ഉത്തരം കൊടുക്കാതെ ഹാഷിം ആ പുല്ലില്‍ കണ്ണടച്ചങ്ങനെ കിടന്നു. മാസങ്ങള്‍ക്കു മുമ്പ് ഇവരോടൊപ്പം യാത്ര പുറപ്പെടുമ്പോള്‍ റിസര്‍ച്ചിന്റെ ഭാഗമായി ഗുജ്ജാര്‍ബക്കര്‍വാലകളുടെ മൊബൈല്‍ സ്‌കൂളുകളെപ്പറ്റിയുള്ള ഒരു തിസീസ് സബ്മിറ്റ് ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഗ്രാമീണ വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലുള്ള ലോകത്തെ തന്നെ അപൂര്‍വ മൊബൈല്‍ സ്‌കൂളുകള്‍.
ഗുജ്ജാറുകളില്‍ ഹിന്ദു, സിഖ്, മുസ്‌ലിം വിഭാഗങ്ങളുണ്ടെങ്കിലും ബക്കര്‍വാലകളില്‍ സുന്നി മുസ്‌ലിംകളേയുള്ളൂ. നാടോടികളായ അവരോടൊപ്പമുള്ള യാത്ര തുടങ്ങിയത് ജമ്മുവിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനില്‍ നിന്നാണ്. അവരോടൊപ്പം തന്നെ നീങ്ങുന്ന മൊബൈല്‍ സ്‌കൂളിലെ അധ്യാപകരോടൊപ്പം മറ്റൊരു ടെന്റില്‍ താമസവും. അടച്ചുപൂട്ടില്ലാത്ത ജീവിതങ്ങള്‍. ജനനവും മരണവും വിവാഹവുമെല്ലാം തുറന്ന താഴ്‌വാരങ്ങളില്‍.
പശുക്കളും ആടുകളും കുതിരകളുമാണ് ഇവരുടെ സമ്പത്ത്. അബ്ബയും മായും കുട്ടികളും അടങ്ങുന്ന കുടുംബം അവര്‍ക്ക് ദേരയാണ്. കുറേ കുടുംബങ്ങള്‍ ചേര്‍ന്നത് ദാദാപൊത്രയും.
വന്നതിന്റെ രണ്ടാം ദിവസം ഒട്ടും പരിചയമില്ലാത്ത ഭാഷയിലുള്ള കിലുകിലു സംസാരവും പൊട്ടിച്ചിരിയും കേട്ടാണ് രാവിലെ ടെന്റിനു പുറത്തേക്ക് വന്നത്. ടുലിപ് പൂക്കളേക്കാള്‍ മനോഹരികളായ രണ്ടു യുവതികള്‍ ടെന്റിനോട് ചേര്‍ന്നുള്ള താഴ്‌വാരം വൃത്തിയാക്കുന്നു.
കശ്മീരി അധ്യാപകന്‍ ഹിരോ പണ്ഡിറ്റിനോട് എന്താണവര്‍ ചെയ്യുന്നതെന്ന് ചോദിച്ചു.
”ഇനിയവിടമാണ് സ്‌കൂള്‍. ഈ സ്‌കൂള്‍ തുടങ്ങിയ അന്നത്തെ വിദ്യാര്‍ഥിനികളാണവര്‍. മിടുക്കികള്‍. പക്ഷേ ഈ കുറച്ചു ക്ലാസോടുകൂടി അവരുടെ പഠനം കഴിഞ്ഞു. തുടര്‍പഠനം ഈ നാടോടികള്‍ക്കെങ്ങനെ ശരിയാവാനാ? അതില്‍ പൊക്കം കുറഞ്ഞത് സയോണി. മൗലവി ദയാല്‍ദീനിന്റെ താവഴി. ഉയരം കൂടിയവള്‍ ഇഷാനി മാലിബി മായുടെ താവഴി.”

”അതിന് ഇപ്പറഞ്ഞവരൊക്കെ ആരാ?”
”ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ സേനയെ ശത്രുക്കളുടെ നീക്കമറിയിച്ച് ഒരുപാട് സഹായിച്ചതിന് ‘അശോകചക്ര’ നല്‍കി രാജ്യം ആദരിച്ച ആട്ടിടയര്‍. അത്രയും ദേശഭക്തിയുള്ളവരാണവര്‍. കാര്‍ഗില്‍ യുദ്ധത്തിലും അവര്‍ ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. ആ താവഴികളില്‍ പെട്ടവരായതുകൊണ്ടാണ് ഈ പെണ്‍കുട്ടികള്‍ക്ക് ഇവിടെ ഇത്രയും സ്ഥാനം.” പണ്ഡിറ്റിന് വല്ലാത്ത ആവേശം.
അതുവരെ കാണാത്ത പുതിയൊരാളെ കണ്ടപ്പോള്‍ ഇഷാനിയുടെ തുടുത്ത കവിളുകള്‍ ഒന്നുകൂടി ചുവന്നു. അതു കണ്ട് പണ്ഡിറ്റിനും ചിരി വന്നു.
”സയോണീ, അഞ്ചു ദിവസം കഴിഞ്ഞാല്‍ നിന്റെ കല്യാണമല്ലേ? ഇഷാനിയെ ഒറ്റക്കാക്കി നീയിനി വേറെ ദേരയാവുകയല്ലേ? ഇഷാനിക്ക് സങ്കടമുണ്ടോ?”
”ഉണ്ടാവില്ല പണ്ഡിറ്റ്ജീ. അവള്‍ക്കീ ദാദാപൊത്രയിലെ ഒരുത്തനേം ഇഷ്ടമല്ല. രാജകുമാരനെ കാത്തിരിക്കയാണവള്‍. ആരാ ഈ നാടോടികളെ കെട്ടാന്‍ വരുന്നതെന്ന് കാണാലോ, മണ്ടി.”
സയോണി തുരുതുരെ സംസാരിക്കുന്നത് ഒരു ചെറുചിരിയോടെ കേട്ടുകൊണ്ട് നിന്നതല്ലാതെ ഇഷാനി വാ തുറന്നില്ല.
നാലു ദിവസം കൊണ്ട് മൊബൈല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ബക്കര്‍വാലകളെക്കുറിച്ചും പണ്ഡിറ്റ്ജിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ആ ദിവസങ്ങളിലെല്ലാം ഇഷാനി ഒരു പിങ്ക് ടുലിപ് പുഷ്പമായി അവിടെയെല്ലാം പ്രഭ വിതറിക്കൊണ്ടിരുന്നു.
സയോണിയുടെ വിവാഹമാണ് വിസ്മയിപ്പിച്ചത്. അത്ര ലളിതമായിരുന്നു അത്. അടുത്തടുത്ത ടെന്റുകള്‍. എല്ലാവരും മുറ്റത്ത് ഒന്നിച്ചുകൂടി. പെണ്ണിന്റെ അബ്ബ അവളെ ചെറുക്കന്റെ കയ്യിലേല്‍പിക്കുന്നു. മഹ്‌റായി ഖുര്‍ആന്‍. ശേഷം ചെറിയ സദ്യ കഴിഞ്ഞപ്പോള്‍ ചെറുക്കന്റെ അബ്ബ തന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു കുറച്ച് ആടുകളെയും രണ്ടു പശുക്കളെയും ഒരു കുതിരയെയും ഒരു കഴുതക്കുട്ടിയെയും മകന് കൈമാറി. അതോടെ കുടുംബസ്വത്തില്‍ അവന്റെ അവകാശം തീര്‍ന്നു.
അപ്പോഴേക്കും ഒരുകൂട്ടര്‍ അവര്‍ക്ക് ഉറങ്ങാനുള്ള ടെന്റ് തയ്യാറാക്കിയിരുന്നു. ഇനിയവര്‍ മറ്റൊരു ദേര.
അല്‍പദിവസത്തിനകം ബക്കര്‍വാലകള്‍ അവിടെ നിന്ന് പൂഞ്ചിലെ ബഫ്‌ലിയാസിലേക്ക് യാത്ര തുടങ്ങിയിരുന്നു. അവര്‍ക്ക് നടപ്പൊരു പ്രശ്‌നമേയല്ല. ശക്തമായ കാലുകള്‍. തണുപ്പവര്‍ക്കൊരു ബുദ്ധിമുട്ടുമല്ല. താഴ്‌വരയിലെ തണുപ്പിന്റെ കരിമ്പടം പുതച്ചാണ് അവര്‍ രാത്രിയിലേക്ക് മടങ്ങുന്നത്. ഇടയ്ക്ക് ഭക്ഷണമുണ്ടാക്കാന്‍ യാത്ര നിര്‍ത്തുമ്പോള്‍ ഇഷാനി ഓടിവരും.
”കാലു വേദനിക്കുന്നോ?”
”നിന്റെ അബ്ബക്ക് കുറേ കുതിരകളുണ്ടല്ലോ. ഒന്നിനെ തന്നാല്‍ ഞാന്‍ രക്ഷപ്പെട്ടേനെ.”
കുറച്ചു കഴിഞ്ഞ് ഇഷാനി ഒരു കറുത്ത കുതിരയുമായി മുന്നിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി. പിന്നെ യാത്ര കുതിരപ്പുറത്തായിരുന്നു. യാത്രയുടെ ഇടയ്ക്ക് പുഴയില്‍ കുളിക്കുമ്പോള്‍ ഇഷാനി ആരും കാണാതെ അടുത്തു വന്നു: ”ഇപ്പൊ മുഗള്‍ രാജകുമാരനെപ്പോലുണ്ട്.”
ആ വാക്കുകളിലെ പ്രതീക്ഷ തിരിച്ചറിഞ്ഞ് തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടുപിന്നില്‍ പണ്ഡിറ്റ്.
”ഹാഷിം, വെറുതെ പ്രതീക്ഷകള്‍ കൊടുക്കരുത്.”
”അവളെ കൊണ്ടുപോയി ഞാന്‍ തുടര്‍ന്ന് പഠിപ്പിച്ചാലോ പണ്ഡിറ്റ്ജീ?”
”എന്നിട്ട് നീ ബീവിയാക്കുമോ?”
”എന്താ ബീവിയാക്കിയാല്‍?”
”ഇതെല്ലാം താല്‍ക്കാലിക ഭ്രമമാണ്. ഒരിക്കലും ഒരു നാടോടിയെ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഒപ്പം ചേര്‍ത്തുനിര്‍ത്താന്‍ കഴിയില്ല.”
ബഫ്‌ലിയാസിലെത്തിയിട്ടും പണ്ഡിറ്റിന്റെ കണ്ണുകള്‍ തന്റെയും ഇഷാനിയുടെയും ചുറ്റും തന്നെയായിരുന്നു.
”ഇവര്‍ക്ക് ആയുധങ്ങളൊന്നുമില്ല നമ്മളെ തീര്‍ക്കാന്‍. പക്ഷേ, ആരോഗ്യമുള്ള ശരീരമുണ്ട്. അസാധാരണമായ കരളുറപ്പുമുണ്ട്. നിന്റെ സര്‍വേ പെട്ടെന്ന് പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് തിരിച്ചുപോവാന്‍ നോക്കൂ.” ഇടയ്ക്കിടെ അയാള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.

പിന്നീട് ഈ യാത്ര കശ്മീരിലെ ദ്രാംഗിലെത്തുന്നതുവരെ ഇഷാനിയെ മാറിനടന്നു. തടാകങ്ങള്‍ പോലെ നിറഞ്ഞ ആ കണ്ണുകളെ കാണാത്ത മട്ടില്‍ നടക്കുമ്പോള്‍ തന്റെ ഹൃദയത്തിലും വേദനയുടെ അരുവികള്‍ ഒഴുകുന്നുണ്ടായിരുന്നു.
ഇങ്ങോട്ടുള്ള യാത്രക്കിടയിലെപ്പോഴോ ആണ് ഇഷാനിയുടെ വിവാഹം നിശ്ചയിച്ചത്. ബൈസാക്കി ഉത്സവത്തിന്റെ പിറ്റേന്ന് വിവാഹം.
ഗുജ്ജാറുകളിലെ ഹിന്ദു ഉത്സവമാണ് ബൈസാക്കി. പക്ഷേ ഇവര്‍ക്കിടയില്‍ വേര്‍തിരിവില്ല. അത് എല്ലാവരുടേതുമാണ്. നാളെയോടെ ഉത്സവം കഴിയുന്നു. പിറ്റേ ദിവസം ഇഷാനിയുടെ വിവാഹവും.
ഓര്‍മകള്‍ ഇത്രയുമായപ്പോഴേക്കും രാത്രി ഏറെ ഇരുട്ടിയിരുന്നു. കണ്ണടഞ്ഞു പോയതറിഞ്ഞില്ല. പുലര്‍ച്ചെ പണ്ഡിറ്റ് തട്ടിവിളിച്ചപ്പോഴാണ് എണീറ്റത്.
”ഹാഷിം, ഇന്നലെ രാത്രി ദാദാപൊത്രയില്‍ നടന്നതൊന്നും അറിഞ്ഞില്ലല്ലോ?”
”എന്തേ?”
”ഇഷാനിയുടെ വിവാഹം മുടങ്ങി. ഇന്നലെ അവള്‍ അബ്ബയോട് തീര്‍ത്തുപറഞ്ഞു, ഇത് നടത്തിയാല്‍ അവള്‍ ഝലം നദിയില്‍ ചാടി ചാവുമെന്ന്. അവരുടെ ഇടയില്‍ കേള്‍ക്കാത്ത കാര്യമാണിത്. രാത്രിയവിടെ ഓരോ ദേരയിലെയും ആണുങ്ങളെല്ലാം കൂടിയിരുന്നു. എന്നെയും വിളിപ്പിച്ചു. ഞാന്‍ അവളുടെ പണ്ഡിറ്റല്ലേ?”
”എന്നിട്ട്?”
”എനിക്ക് പഠിക്കണം. ഡല്‍ഹിയിലോ മറ്റോ പോയി പഠിക്കണം അബ്ബാ. എന്നിട്ട് നല്ലൊരു അധ്യാപികയാവണം. നമ്മള്‍ ആദിവാസികളാണ്. നമ്മുടെ സമുദായത്തില്‍ നിന്നുള്ള അധ്യാപകരുണ്ടെങ്കിലേ നമ്മുടെ ഇനിയുള്ള കുട്ടികളുടെയെങ്കിലും ഭാവി തിരുത്തിയെഴുതാന്‍ പറ്റൂ. ഇനിയെങ്കിലും അവര്‍ നാല്‍ക്കാലികളെപ്പോലെ അലയാതിരിക്കണം. പണ്ഡിറ്റ്ജിക്ക് സഹായിക്കാന്‍ പറ്റും. ജീയുടെ സുഹൃത്ത് ഡല്‍ഹിയിലെ വലിയ അധ്യാപകനല്ലേ? എന്നെ അവിടെ എത്തിച്ച് അതിനുള്ള സഹായങ്ങള്‍ ചെയ്തുതരാന്‍ അദ്ദേഹത്തോട് പറയണം എന്നു പറഞ്ഞ് അവളൊറ്റ കരച്ചില്‍. ഗുജ്ജാര്‍ ബക്കര്‍വാലകളില്‍ നിന്ന് ഒരു പെണ്ണ് ആദ്യമായി നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുകയായിരുന്നു.”
ഹാഷിം കണ്ണുമിഴിച്ചിരുന്നുപോയി!
”അവള്‍ മാലിബീ മായുടെ പിന്‍മുറക്കാരി തന്നെയാണല്ലോ പണ്ഡിറ്റ്ജീ.”
”അതെ ഹാഷിം. അവളുടെ പഠനത്തിന്റെ ഉത്തരവാദിത്തം നീയിനി ഏല്‍ക്കണം. ആദ്യം അവള്‍ ഈ നാടോടിജീവിതത്തില്‍ നിന്നു രക്ഷപ്പെടട്ടെ. പിന്നീട് ബാക്കിയുള്ളവരും.”
പുലരിയില്‍ വിണ്ണില്‍ കണ്ട നക്ഷത്രങ്ങളും മഞ്ഞണിഞ്ഞ പുല്‍നാമ്പുകളും തന്നെ നോക്കി ചിരിക്കുന്നതു പോലെയാണപ്പോള്‍ ഹാഷിമിന് തോന്നിയത്. പിറ്റേന്ന് ഇഷാനിയുമൊത്ത് ജമ്മുവിലേക്കുള്ള ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഹാഷിമിന്റെ ഉള്ളിലും മറ്റൊരു ബൈസാക്കിയായിരുന്നു…

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top