LoginRegister

ഇരുളടഞ്ഞ വഴികൾ

അയ്മൻ അൽ-ഉത്തൂം; മൊഴിമാറ്റം: ആയിഷത്ത് ഫസ്ന നാദാപുരം

Feed Back


എരിയുന്നു ഞാനിന്നെൻ വ്യഥകളിൽ ഏകനായ്
എന്നിളം കൗമാരപ്രായത്തിൽ തന്നെയും
എങ്ങനെ ഞാനൊഴുക്കുമെൻ ആർദ്രമാം കവിതകൾ
എങ്ങനെ ഞാനാലേഖനം ചെയ്യുമെൻ ഹൃത്തിൻ മുറിവുകളും
എൻ ചിന്തകളെല്ലാം തന്നെയും വിചിത്രം; കവിതകളുമങ്ങനെ
എന്നപരാധങ്ങളല്ലാതെ മറ്റൊന്നുമവരതിൽ കണ്ടതില്ല…
എന്നാഴങ്ങളിൽ ചൂഴ്‌ന്നിറങ്ങിയവരെന്നെ
ഛിന്നഭിന്നമാക്കി കടന്നുകളഞ്ഞു…
എൻ ശവക്കച്ചയിൽ കോറിയിട്ട വരികളാലും പിന്നെ
എന്നിലാസന്നമാകുന്ന കാലനാം സിംഹത്തെ പോലെയും
എന്നിലെ തിരിനാളങ്ങളൊക്കെയും കെടുത്തിക്കളഞ്ഞു ഞാൻ
ഹിംസ്രജന്തുക്കളലയുമീ മരുഭൂമിയിൽ രാത്രിയിൽ
എന്നുള്ളം കരളുമീ നോവെങ്ങനെ തീർക്കും ഞാൻ
അവകളിപ്പോഴുമെൻ ആത്മാവിലങ്ങനെ കുടിയിരിക്കെ
നിനക്കുന്നുവോ നീ ഞാൻ വെറും ക്ഷുബ്ധനീ പാരിതിൽ
ക്ഷതമേറ്റു കിടക്കുന്നവനായിട്ടു പോലുമെൻ
മുറിവുകൾ പുഞ്ചിരി തൂകുന്നില്ലേ..?
ആരുമില്ലരികിലെന്നോടൊപ്പമിരിക്കുവാനിവിടമിൽ
ഷണ്ഡനും മൂഢനാം മർത്യന്റെ തോളിൽ കരമിട്ടു-
ലാത്തുന്നവരാണിന്നു സകലരും
കണ്ടതില്ലാ എന്നുള്ളിൽ ജ്വലിക്കും സൂര്യകിരണങ്ങളെയവർ
നക്ഷത്രഗോളങ്ങൾതൻ സതീർഥ്യരെൻ കിങ്കരന്മാർ
എൻ ചിത്തമതിനില്ലൊരു സൗഹൃദ-
മതിനോട് സംവദിക്കാൻ
എന്റെ കണ്ണീരും ദീനവും ചില കാവ്യങ്ങളുമല്ലാതെ
എഴുതുമവർ നാളെയെൻ നിണത്താൽ ചരിത്രം
മുതിരുന്നു അവരെന്നിൽ വിലക്കുകൾ തീർക്കുവാൻ…
ഞാനെന്റെ സത്തയെ ഹൃദ്യമായി സൂക്ഷിക്കും
ദൃഢനിശ്ചയത്താലും ദൈവ വിശ്വാസത്താലും..
തന്ത്രങ്ങൾ മെനയുന്നവരേ ഒന്നറിയുക,
നിങ്ങളെക്കാൾ ഉയർന്നു നിൽക്കുന്നെൻ പ്രൗഢി
നിങ്ങളോ എന്മുന്നിലെന്നും അർത്ഥശൂന്യം.
പരിപാലകന്റെ കൃപയിലെന്നും പ്രത്യാശയുള്ളവൻ ഞാൻ
എന്നെയെതിർത്തവരെയവനൊരുനാൾ
നിഗ്രഹിക്കും അത് തീർച്ച തന്നെ!
ശമിപ്പിക്കുമവനിന്നു ഞാൻ കണ്ട നൊമ്പരങ്ങൾ
ഇരുലോകത്തുമവനെന്നെ
ഉൽകൃഷ്ടനാക്കുവാൻ വിധിയേകുകിൽ…

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top