LoginRegister

ഇന്ത്യൻ മഹാസമുദ്രത്തിലെ മരതക ദ്വീപ്

ജയപ്രകാശ് നിലമ്പൂർ

Feed Back


ഓരോ യാത്രയും അസുലഭ അവസരങ്ങളാണ് സൃഷ്ടിക്കാറ്. ഇത്തവണയും അത് തുടക്കത്തിലേ സംഭവിച്ചു. നിലമ്പൂർ പ്രകൃതി പഠനകേന്ദ്രത്തിന്റെ ലോക യാത്രാപരിപാടിയിൽ ഇത്തവണ മഡഗാസ്‌കർ സന്ദർശനമാണ്. 2014 മുതലുള്ള ആലോചനയാണ് ഇങ്ങനെയൊരു യാത്ര.
കാലത്ത് മുംബൈയിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്റോബിയിലേക്ക് പറക്കേണ്ട വിമാനം യാത്ര തുടങ്ങിയത് 10 മണിക്ക്. നെയ്റോബിയിൽ വിമാനമിറങ്ങിയത് 3 മണിക്ക്. ഞങ്ങളെയും കൊണ്ട് മഡഗാസ്‌കറിലേക്ക് പറക്കേണ്ട വിമാനം 12.30നു തന്നെ സ്ഥലം വിട്ടിരുന്നു. അന്നിനി ഫ്ലൈറ്റില്ല. പരിപാടികളെല്ലാം മാറിമറിയുകയാണ്.
കെനിയ എയർവെയ്സ് അവരുടെ ചെലവിൽ നെയ്റോബിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഭക്ഷണ- താമസ ചെലവുകൾ വഹിച്ച് ഞങ്ങളെ മാറ്റുകയാണ് എന്ന അറിയിപ്പു വന്നു. ഞങ്ങളടക്കം ഇരുപതോളം പേരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പിറ്റേന്ന് 12.30നു പുറപ്പെടുന്ന ഫ്ലൈറ്റിന് യാത്രയാക്കാൻ ബോർഡിംഗ് പാസ് തയ്യാറാക്കി തന്ന് എമിേഗ്രഷൻ നടപടി പൂർത്തിയാക്കി ഏകദിന കെനിയൻ സന്ദർശനത്തിന് അവസരം തന്നു.
കിട്ടിയ അവസരം മുതലാക്കി നെയ്റോബി നാഷണൽ പാർക്ക് സന്ദർശിക്കാനാണ് ഉടൻ തീരുമാനമെടുത്തത്. വൈകീട്ട് ഹോട്ടലിലെത്തിയപ്പോൾ 6 മണിയായി. ഹോട്ടലിൽ പെട്ടെന്നുതന്നെ ഒരു ഡിന്നർ അവർ ഒരുക്കിത്തന്നു. മത്തൻ സൂപ്പും റാഗി കഞ്ഞിയും ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. മീൻ, ചിക്കൻ, മുട്ട, പച്ചക്കറി, ബ്രഡ് വിഭവങ്ങൾ പല തരമുണ്ട്.
അത്താഴം കഴിച്ച് നഗരം കാണാനിറങ്ങി. ആഫ്രിക്കൻ നഗരത്തിന്റെ പ്രാന്തങ്ങളിലൂടെയുള്ള ആദ്യ നടത്തം ഇവിടത്തെ മത്സ്യ-മാംസ-പച്ചക്കറി-പഴവിൽപന കേന്ദ്രങ്ങളിലൂടെയായിരുന്നു.
കെനിയൻ വനിതകളും പുരുഷൻമാരും കുട്ടികളും സൗന്ദര്യമുള്ളവരും ആരോഗ്യവാൻമാരുമാണ്. നമ്മുടെ പച്ചക്കറികളും പഴങ്ങളും എല്ലാം ഇവിടെയുണ്ട്. ഇടയ്ക്ക് പരിചിതമല്ലാത്ത ചില ഇനങ്ങളും. എല്ലാം മികച്ചവ. ഞങ്ങളുടെ കൈവശം ഷില്ലിംഗ് ധാരാളമില്ല. വനിതകളാണ് എല്ലാ കടകളിലും വിൽപനക്കാർ. മീനും ഇറച്ചിയും യഥേഷ്ടം പാചകം ചെയ്താണ് വിൽപന. കപ്പയും കിഴങ്ങും പുഴുങ്ങിയ കഷ്ണങ്ങൾ വിൽക്കുന്ന പബുകൾക്കു മുമ്പിൽ നല്ല കച്ചവടമുണ്ട്. ബുച്ചറി ബോർഡുകൾക്കു മുമ്പിലും നല്ല തിരക്ക്.
റോഡരികിൽ സൈക്കിൾ കച്ചവടം ചെയ്യുന്ന യുവാവിൽ നിന്ന് സാമ്പിൾ വാങ്ങിയ വെന്ത കപ്പ ചെറിയ കഷണത്തിന് 5 ഷില്ലിംഗ്, വലുതിന് 10 ഷില്ലിങ്. നല്ല സ്വാദുള്ള കപ്പ.
വിമാനത്താവളത്തിൽ നിന്ന് ഇസ്‌മായീൽ മാഷ് 100 രൂപ 120 ഷില്ലിംഗ് ആക്കിയിരുന്നു. 10 ഷില്ലിങ് കപ്പക്കാരന് നൽകി. സ്വാദ് കാരണം വീണ്ടും കപ്പ വാങ്ങി. തൊട്ടടുത്ത് പുഴുങ്ങിയ മീൻ മുറിച്ചു വിൽക്കുന്നു. 10 ഷില്ലിങിന് അതും വാങ്ങി സ്വാദു നോക്കി. കിഴങ്ങ് പുഴുങ്ങി മസാല ചേർത്തതുമുണ്ട്.
തേങ്ങ ഒന്നിന് വില 100 ഷില്ലിങ്. പച്ചക്കറികളും പഴങ്ങളും വില നമ്മുടേതിൽ നിന്ന് കുറച്ച് കൂടുതലാണ്. ചില ഗ്രോസറി കടകളും നടന്നു കണ്ടു. തോക്കേന്തിയ ഭടൻമാർ എല്ലായിടത്തും കാവലുണ്ട്.
തെരുവുവിളക്കുകളില്ലാത്തതിനാൽ നഗരം വിട്ട് നടക്കാനാവില്ല. 8 മണിക്കു ശേഷം നടക്കരുതെന്ന മുന്നറിയിപ്പുമുണ്ട്.
പിറ്റേന്ന് കാലത്ത് 5 മണിക്ക് 8 കി.മീ ദൂരെയുള്ള നാഷണൽ പാർക്ക് യാത്രക്ക് വാഹനം ഏർപ്പാടാക്കി. വിറക്കുന്ന 10 ഡിഗ്രി തണുപ്പിൽ വെസ്റ്റ് നെയ്റോബിയിലെ ഗാന്ധി അവന്യൂ-ഓഫ് ലഗാത്ത റോഡിലെ സമ്മർ ഡേൽ ഇൻ പഞ്ചനക്ഷത്ര ഹോട്ടലിലെ രണ്ടാം നിലയിൽ ഉറക്കത്തിലേക്ക്.
രണ്ടാം ദിവസം.
8 പേരും 5 മണിക്കു തന്നെ നെയ്റോബി നാഷണൽ പാർക്ക് ലക്ഷ്യം െവച്ച് യാത്ര തിരിച്ചു. നല്ല ഇരുട്ട്. ആറര മണിക്കേ വെളിച്ചമാവൂ എന്ന് ഡ്രൈവർ. ധാരാളം സന്ദർശകർ വന്നെത്തിയിട്ടുണ്ട്. ഗോത്രവർഗക്കാർ അവരുടെ പരമ്പരാഗത വസ്ത്രത്തിൽ സന്ദർശകരെ സ്വീകരിക്കുന്നു. ചെറിയ ചില മേഖലകൾ സന്ദർശിച്ച ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. 10 കി.മീ കൂടി പോയാൽ ജിറാഫുകളെ പരിരക്ഷിക്കുന്ന കേന്ദ്രമുണ്ട്. ഞങ്ങളുടെ വാഹനത്തിന് ഏഴു പേരെ കൊണ്ടുപോകാനുള്ള അനുമതിയേയുള്ളൂ.
പ്രഭാതഭക്ഷണ ശേഷം നഗരം കാണാനിറങ്ങി. മധുരക്കിഴങ്ങും മറ്റു പല വിഭവങ്ങളുമുണ്ട്. നഗരം ഏറക്കുറെ വൃത്തിയുള്ളതാണ്. ഗതാഗത നിയമങ്ങൾ പാലിക്കപ്പെടുന്ന വാഹനങ്ങൾ. ഹെൽമറ്റുള്ള ബൈക്ക് യാത്രികർ. ബേക്കറിയും മെഡിക്കൽ ഷോപ്പും ജ്വല്ലറിയും തീരെ കാണാനായില്ല.
10 മണിക്ക് വിമാന കമ്പനി ഏർപ്പാടാക്കിയ ബസ് വന്നു. വിമാനത്താവളത്തിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി. വിമാന സമയം വീണ്ടും നീട്ടിയിരിക്കുന്നു, 2.15ലേക്ക്. ഭക്ഷണം ഫ്ലൈറ്റിൽ തരുമെന്ന് അറിയിപ്പ് വന്നു.
ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഫ്ലൈറ്റിൽ കയറി. വൈകീട്ട് 6.30ന് അന്തനാനാരിവോ വിമാനത്താവളത്തിലെത്തി. എല്ലാവരെയും ഡോക്സിസൈക്ലിൻ ഗുളിക കുടിപ്പിച്ചേ ഇവിടെ നിന്ന് പുറത്തിറക്കൂ.

മഡഗാസ്‌കർ കാഴ്ചകൾ വിമാനത്താവളത്തിൽ ഏറെയെണ്ണമുണ്ട്. യാത്രാസംഘാടകൻ സതീഷ് യൂറോ നൽകി അരിയാർ കൈപ്പറ്റി. 100 രൂപക്ക് 5000 അരിയാർ വരെ കിട്ടും. 100 രൂപക്ക് 5336 അരിയാറാണ് വിനിമയ നിരക്ക്. 1 യൂറോക്ക് 4600 രൂപ നിരക്കിലാണ് കിട്ടിയത്.
നേരത്തെ ഏർപ്പാടാക്കിയ കാറിൽ 4 മണിക്കൂർ ദൂരെയുള്ള വിദൂര ഗ്രാമത്തിലെ റിസോർട്ടിലേക്ക്. 5 മണിക്കാണ് ഇവിടെ അസ്തമയം. 5.30നു നല്ല ഇരുട്ടാവും. ഗ്രാമങ്ങളിൽ കറന്റും തെരുവുവിളക്കുമില്ല. 8 മണിയോടെ ഗ്രാമീണർ ഉറക്കമാവും. കൂരിരുട്ടത്ത് മികച്ചതല്ലാത്ത റോഡിലൂടെ യാത്ര.
വഴിയിൽ നാടൻ കടയിലെ ചുവന്ന കുത്തരി ചോറും മീൻകറിയും എല്ലാവരും ആസ്വദിച്ച് കഴിച്ചു. ദുഷ്‌കരമായ റോഡുകളിലൂടെ, മലനിരകൾക്കിടയിലൂടെ രാത്രി 11.45 നാണ് കാടിനു നടുവിലെ വിശാലമായ സൈപ്രസ് റിസോർട്ടിലെത്തിയത്. അതിരാവിലെ യാത്ര തുടങ്ങാൻ ഉടനെ ഉറക്കം പിടിച്ചു.
മൂന്നാം ദിവസം.
കാലത്ത് 6 മണിക്കു തന്നെ ഉണർന്ന് കുളിച്ചൊരുങ്ങി അന്റാസിബേയിലെ കാടിനു നടുവിലുള്ള സൈപ്രസ് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി. സമീപ കാഴ്ചകളിലേക്ക് നടന്നു.
ഭൂമിയിലെ എട്ടാമത്തെ ഭൂഖണ്ഡമായി പരിഗണിക്കുന്ന മഡഗാസ്‌കറിൽ കാണുന്ന സസ്യങ്ങളും ജീവിവർഗങ്ങളും മൂന്നിൽ രണ്ടും ഈ ദ്വീപിൽ മാത്രം കാണുന്നവയാണ്. എങ്ങും ജൈവവൈവിധ്യത്തിന്റെ ഹരിത കാഴ്ചകൾ. ആ കാഴ്ചകളിലേക്കാണല്ലോ ഞങ്ങൾ വന്നെത്തിയത്.
പ്രഭാതഭക്ഷണത്തിന് ഭക്ഷണ ഹാളിലേക്ക് പോയി. യൂറോപ്യൻ ശൈലിയിൽ അലങ്കരിച്ച ഭക്ഷണശാലയിൽ അധികം അതിഥികളില്ലാത്തതിനാൽ ബുഫേ രീതിയില്ല. തനത് മലഗാസി ഭക്ഷണവും കോണ്ടിനെന്റൽ ഭക്ഷണവുമാണ് ഒരുക്കിയിട്ടുള്ളത്.
കാലത്ത് 12 ഡിഗ്രി തണുപ്പിലും ഫ്രൂട്സ് സാലഡിലും തണുത്ത മുന്തിരി ജ്യൂസിലുമാണ് പ്രഭാതഭക്ഷണം വിതരണം തുടങ്ങിയത്. മലഗാസി ഭക്ഷണം വറ്റിച്ച കുത്തരി കഞ്ഞിയും സാലഡും ബീഫ് വരട്ടിയതുമാണ്.

ആദ്യം പോയത് സംരക്ഷിത മേഖലയിലെ ലെമൂറുകളെ കാണാനാണ്. അണ്ണാനേക്കാൾ വലുപ്പമുള്ള ഭംഗിയുള്ള ജീവിയാണ് ലെമൂറുകൾ. സുന്ദര മുഖമുള്ള, മഡഗാസ്‌കർ ടൂറിസത്തിന്റെ മുഖമുദ്രയായ ഈ സുന്ദര ജീവികൾ പല തരത്തിലുള്ളവയുണ്ട്. രണ്ട് പ്രാദേശിക ഗൈഡുകളുമായി നിബിഡ വനത്തിൽ ഏറെ നേരം സഞ്ചരിച്ചെങ്കിലും അവയെ കാണാനായില്ല. അടുത്ത കേന്ദ്രത്തിൽ കാണാമെന്ന പ്രതീക്ഷയിൽ തിരികെ നടക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരാളെ കണ്ടു.
നിറം മാറുന്നതിൽ മിടുക്കനായ വലിയ പച്ച ഓന്ത് കാട്ടുവഴിയരികിൽ നിൽക്കുന്നു. തൊട്ടപ്പുറത്ത് ഒരു ചെടിയിലിരിക്കുന്ന അപൂർവവും ഈ പ്രദേശത്ത് മാത്രം കാണുന്നതുമായ ഒച്ചിനെ ഗൈഡ് പരിചയപ്പെടുത്തി. കാടരികിൽ വാച്ചറായി ജോലി ചെയ്യുന്ന ഫെർണാണ്ടോയെയും കുടുംബത്തെയും പരിചയപ്പെട്ടു. മലഗാസി വിഭാഗത്തിലുള്ള ഇദ്ദേഹവും ഗർഭിണിയായ ഭാര്യയും നാലു മക്കൾക്കൊപ്പം ഇവിടെയാണ് താമസം.
തുടർന്ന് അന്റാസിബേ നാഷണൽ പാർക്കിലെത്തി. വഴിയിൽ നാടൻ പഴം വാങ്ങി. നിബിഡ കാട്ടുവഴികളിലൂടെ ഭയാശങ്കകളോടെ നടന്ന് ഒരു ചതുപ്പ് സ്ഥലത്തെത്തി. സമീപത്തെ മരത്തിനു മുകളിൽ ഇന്ദ്രി ഇന്ദ്രി എന്നു വിളിക്കുന്ന അത്യപൂർവ വാലില്ലാത്ത ഇനം ലെമുർ കുടുംബം ചില പഴങ്ങൾ ആലസ്യത്തോടെ ആസ്വദിക്കുന്നു. വംശനാശ ഭീഷണി മൂലം endagerd വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവ ലോകത്ത് അന്റാസിബേ നാഷണൽ പാർക്കിലെ ഈ പ്രദേശത്ത് മാത്രമാണ് അവയുടെ തനത് ആവാസവ്യവസ്ഥയിൽ കഴിഞ്ഞു വരുന്നത്. ആകെ മുന്നൂറിൽ താഴെ മാത്രം. ഭീമൻ പാണ്ടയെ പോലെ ആഗോളതലത്തിൽ സംരക്ഷിക്കപ്പെടേണ്ട ജീവികളിലൊന്നായ ഇവ റെഡ് ഡാറ്റാ ബുക്കിൽ ഇടം പിടിച്ചവയാണ്.
പാർക്കിന്റെ ഭാഗമായ സുവനീർ ഷോപ്പിലെ ഇനങ്ങൾ ആകർഷകമെങ്കിലും വില കൂടുതലാണ്. വറ്റിച്ച കുത്തരിച്ചോറും മീനുമായിരുന്നു ഉച്ച ഭക്ഷണം. നെൽകൃഷിക്ക് പേരുകേട്ട മഡഗാസ്‌കറിൽ ഇവരുടെ തനത് ഭക്ഷണം മൂന്നു നേരവും ചോറു തന്നെയാണ്. വറ്റിച്ച ചോറിനൊപ്പം കറികളൊന്നുമില്ല. ഉള്ളി-തക്കാളി സാലഡും ചേർത്ത് ഉച്ചഭക്ഷണം സുഭിക്ഷമാക്കി.
ക്രൊക്കോഡൈൽ പാർക്കും ലെമൂർ സ്വകാര്യ സംരക്ഷണ കേന്ദ്രവും സന്ദർശിച്ചു. അഞ്ച് ഇനം ലെമൂറുകളെ ഇവിടെ വളർത്തി പ്രദർശിപ്പിക്കുന്നുണ്ട്. ചെറിയൊരു തോണിയാത്രയിൽ സ്വകാര്യ ഫാമിൽ വളരുന്ന ഇവയെ അടുത്ത് കാണാനായി. തിരികെ വരുമ്പോൾ മരത്തിൽ വന്യ അവസ്ഥയിലുള്ള ബൗൺ ലെമൂറിനെ കണ്ട് പുഷ്പ ടീച്ചർ ക്യാമറയിൽ പകർത്തി.
5.30 മണിയോടെ അസ്തമയം കഴിഞ്ഞ് ഇരുട്ട് പരന്നു.നനുത്ത തണുപ്പ് വന്ന് മൂടി. ഞങ്ങൾ അന്റാസിബേ നദിക്കരയിലെ സജീവ ഗ്രാമതെരുവിലൂടെ കാഴ്ചകളിലേക്ക് നടന്നു. ചെറുകടകളിൽ കച്ചവടസമയമാണ്. പന്നിയിറച്ചി മുറിച്ച് വിൽപന സജീവം. പച്ചക്കറി-പലവ്യജ്ഞന വിൽപനക്കൊപ്പം വിറകടുപ്പ് പെട്ടെന്ന് കത്തിക്കാൻ പൈൻ മരത്തിന്റെ ചെറുകഷ്ണങ്ങൾ കെട്ടുകളായി മിക്ക കടകളിലുമുണ്ട്. യുവാക്കൾ ആവേശത്തോടെ തെരുവിൽ നടക്കുന്നു.
ജൂൺ 26ന് ദേശീയ ദിനമാണ്. മിക്ക വീടുകളിലും പതാക ഉയർത്തിയിട്ടുണ്ട്. പഴയ മീറ്റർഗേജ് തീവണ്ടി പാത വഴിയരികിൽ കണ്ടു. ഫ്രഞ്ച് കോളനിയായിരുന്ന മഡഗാസ്‌കറിൽ ഏറെ പേരും ഇന്തോനേഷ്യയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരാണ്. ധാരാളം ഇന്ത്യക്കാരും വ്യാപാര-വിപണനരംഗത്ത് ഇവിടെയുണ്ട്. ഏഴു മണിയോടെ ഹോട്ടലിലെത്തി. മലഗാസി ഭക്ഷണം ഓർഡർ ചെയ്തു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top