”തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനുമാകുന്നു” (ഖുര്‍ആന്‍ 50: 16).
മനുഷ്യൻ അടക്കമുള്ള മുഴുവന്‍ ചരാചരങ്ങളെയും അല്ലാഹുവാണ് സൃഷ്ടിച്ചത്. ഓരോ സൃഷ്ടിയെയും വ്യക്തിയെയും പൂര്‍ണമായി അറിയുന്നവനുമാണവന്‍. എതൊരു വ്യക്തിയോടും അവന്റെ ജീവനാഡിയേക്കാള്‍ അടുത്ത് നില്‍ക്കുന്നവനുമാണ് സ്രഷ്ടാവായ അല്ലാഹു.
എല്ലാ മനുഷ്യര്‍ക്കും ഏത് സമയത്തും സ്രഷ്ടാവായ റബ്ബിനെ സമീപിക്കാം, പ്രാർഥിക്കാം. എല്ലാവരെയും റബ്ബിന് കൃത്യമായി അറിയുന്നതിനാല്‍ മറ്റൊരാള്‍ പരിചയപ്പെടുത്തുകയോ ശുപാര്‍ശ നടത്തുകയോ വേണ്ടതില്ല. എത്ര വലിയ പാപം ചെയ്തവനും റബ്ബിലേക്ക് തിരിച്ചു ചെല്ലാം. തന്റെ കുറ്റങ്ങളും സങ്കടങ്ങളും അവനോട് നേരിട്ട് പറയാം. പരിഹാരം തേടാം.
എന്നാല്‍ പാപികളായ മനുഷ്യര്‍, മഹാന്മാരായ വ്യക്തികളെ ഇടയാളന്മാരാക്കി, റബ്ബിലേക്ക് അടുക്കുകയാണ് വേണ്ടതെന്ന തെറ്റായ വിശ്വാസം ജാഹിലിയ്യാ കാലത്തു തന്നെ നിലനിന്നിരുന്നു. അല്ലാഹു പറയുന്നു: ”അല്ലാഹുവിനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ പറയുന്നു: അല്ലാഹുവിലേക്ക് ഞങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്” (ഖുര്‍ആന്‍ 39:3).
തന്റെ ഏറ്റവും അടുത്തുള്ള റബ്ബിനോട് കാര്യങ്ങള്‍ പറയാന്‍ ഒരു ഇടയാളന്റെ ആവശ്യമേയില്ലെന്നും ഏതൊരാളും നേർക്കുനേരെ തന്റെ റബ്ബിനോട് പ്രാർഥിക്കുകയാണ് വേണ്ടതെന്നും ഖുര്‍ആന്‍ കൃത്യമായി പറയുന്നുണ്ട്. തഖ്‌വയാര്‍ന്ന ജീവിതം നയിക്കുന്നവരോട് നമുക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നതും, സ്വയം ചെയ്ത സത്‌കര്‍മങ്ങള്‍ എടുത്തുപറഞ്ഞ് അല്ലാഹുവിനോട് തേടുന്നതും ഇസ്‌ലാം അനുവദിച്ചതാണ്.
എന്നാല്‍ മരണപ്പെട്ടുപോയ മഹാന്മാരോടും വ്യക്തികളോടും സഹായം തേടുന്നതും അവരെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കുന്നതും ഇസ്‌ലാം വിലക്കിയ കാര്യമാണ്, മഹാപാതകവുമാണ്.
മനസ്സിന്റെ ചിന്തകള്‍ പോലും അറിയുന്ന റബ്ബിനോട് പ്രാര്‍ഥിക്കാന്‍ മറ്റൊരാളുടെ മധ്യസ്ഥത ആവശ്യമില്ല. നമ്മുടെ ശരീരത്തേക്കാള്‍ നമ്മുടെ അടുത്തുള്ള സ്രഷ്ടാവിനോട് നേരിട്ട് പറയുന്നതാണ് ഇസ്‌ലാമിന്റെ തൗഹീദ്. മറിച്ച്, മരണപ്പെട്ട മഹാന്മാരെയും മഹത്തുക്കളെയും ഇടയാളന്മാരാക്കി റബ്ബിനോട് പ്രാര്‍ഥിക്കുന്നത് ജാഹിലിയ്യത്തും കുഫ്‌റും ശിര്‍ക്കുമാണ്. .