വീല്‍ചെയറിലേക്ക് ജീവിതം തള്ളിവിട്ട പരീക്ഷണങ്ങള്‍ക്കു മുന്നില്‍ റാബിയ ഒരിക്കല്‍ പോലും പകച്ചിരുന്നില്ല. ദുരിതങ്ങളും ദുരന്തങ്ങളും പതിയിരുന്ന കനല്‍വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്നോട്ട് എന്നത് മാത്രമായിരുന്നു മനസ്സ് മന്ത്രിച്ചത്. പോളിയോ ബാധിച്ച് തളര്‍ന്ന കാലുകള്‍ക്കും അര്‍ബുദം വരിഞ്ഞുമുറുക്കിയ ശരീരത്തിനും വീഴ്ചയില്‍ ക്രമം തെറ്റിയ നട്ടെല്ലിനും സന്തത സഹചാരിയായി മാറിയ യൂറിന്‍ ബാഗിനുമൊന്നും തന്റെ നിയോഗത്തെ തളച്ചിടാനാവില്ലെന്ന ഇച്ഛാശക്തിയില്‍ റാബിയയുടെ ചക്രക്കസേരകളുരുണ്ടത് നിരവധി സാധാരണക്കാരുടെ സ്വപ്‌നസാഫല്യത്തിലേക്കായിരുന്നു. അറിവിനെ കരുത്തായും കര്‍മത്തെ ധര്‍മമായും കണ്ട് യശസ്സിന്റെ ഉച്ചിയിലേക്ക്, കീഴടങ്ങാന്‍ കൂട്ടാക്കാത്ത പോരാളിയുടെ മനസ്സുമായി റാബിയ തന്റെ വീല്‍ ചെയറുരുട്ടുകയായിരുന്നു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെയും അംഗീകാരത്തിന്റെയും ബഹുമതികളുടെയും ആനന്ദ മുഹൂര്‍ത്തങ്ങള്‍ താണ്ടി ഈ തേരോട്ടം പത്മശ്രീ പുരസ്‌കാരത്തിലെത്തിയിരിക്കുകയാണ്. പരിമിതികളും പ്രാതികൂല്യങ്ങളും അതിജയിച്ചുകൊണ്ടുള്ള അക്ഷരപുത്രിയുടെ കര്‍മനൈരന്തര്യത്തിന് അംഗീകാരമാണ് റാബിയക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം.
കര്‍മനിരതമായ ജീവിതത്തിന്റെ പ്രതിബിംബമാണ് കെ വി റാബിയ. അക്ഷര വെളിച്ചവും സ്ത്രീ ശാക്തീകരണ സന്ദേശവും കരുത്താക്കി നാട്ടില്‍ നിരവധി ഉത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച റാബിയ 90കളിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് പിച്ചവെച്ചത്. അന്ധകാരത്തിന്റെയും അപരിഷ്‌കൃതത്വത്തിന്റെയും കരിമ്പടത്തിനുള്ളില്‍ മുഖം പൂഴ്ത്തിയുറങ്ങിയിരുന്ന കൊച്ചുഗ്രാമത്തില്‍ അക്ഷരത്തിന്റെ അഗ്‌നിവെളിച്ചവും തെളിച്ച് റാബിയ വിപ്ലവം തീര്‍ത്തത് സര്‍ക്കാറിന്റെ സാക്ഷരതാ യജ്ഞം പിറവിയെടുക്കുന്നതിനും മുന്‍പായിരുന്നു. സര്‍ക്കാറിന്റെ സാക്ഷരതാ പദ്ധതികള്‍ ഉത്സവലഹരിയോടെ നാടേറ്റുവാങ്ങിയപ്പോള്‍ അതിന്റെ ഭാഗമാവാനുള്ള ആഗ്രഹത്തിന് തന്റെ വൈകല്യം റാബിയക്ക് വിലങ്ങു തീര്‍ത്തു. പരിശീലനത്തിനു പോവാനാവില്ലെന്ന കാരണത്താലായിരുന്നു റാബിയക്കന്ന് അവസരം നിഷേധിക്കപ്പെട്ടത്.
പക്ഷെ അടങ്ങാത്ത ആ ആഗ്രഹത്തിനു ചിറകു വെച്ചത് സുബൈര്‍ എന്ന സാക്ഷരതാ ഇന്‍സ്ട്രക്ടറിലൂടെയായിരുന്നു. അദ്ദേഹത്തിന് പരീക്ഷാ സമയത്ത് സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഒരു സഹായിയായി റാബിയ കൂടെകൂടി. റാബിയയുടെ നൈപുണ്യം പഠിതാക്കളുടെ വൈജ്ഞാനിക രംഗത്ത് വിസ്മയമായി പ്രതിഫലിച്ചപ്പോള്‍, അംഗപരിമിതിയെ അതിജീവിക്കുന്ന ഉള്‍ക്കരുത്തുമായുള്ള അവരുടെ അക്ഷരയാത്രക്കതൊരു വഴിത്തിരിവാവുകയായിരുന്നു. പ്രോത്സാഹനങ്ങളുടെയും അംഗീകാരങ്ങളുടെയും തിളക്കത്തില്‍ റാബിയ കൂടുതല്‍ കരുത്താര്‍ജിച്ചു.
തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍, ജനകീയ വിദ്യാകേന്ദ്രങ്ങള്‍, വികലാംഗ പരിശീലന കേന്ദ്രങ്ങള്‍, റീഡിങ് പ്രമോഷന്‍ ക്ലബ്ബുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ പ്രദേശത്ത് യാഥാര്‍ഥ്യമായി. വൈദ്യുതിയും ടെലിഫോണും കുടിവെള്ളവും ടാറിട്ട റോഡുമെല്ലാം പ്രശസ്തിക്കൊപ്പം വെള്ളിലക്കാട് ഗ്രാമത്തിലെത്തി. വെള്ളിലക്കാട് എന്ന കൊച്ചുഗ്രാമത്തില്‍ റാബിയ തുടങ്ങിവെച്ച പ്രവര്‍ത്തനം കേരളവും ലോകവും മാതൃകയായി നെഞ്ചേറ്റി.
1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി ഒരു സംഘടനക്ക് രൂപംനല്‍കി. നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യു എന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. റാബിയയുടെ സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളുടെ മികവില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിരുന്നു. 1993-ല്‍ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വനിത രത്‌നം അവാര്‍ഡ്, യു എന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ്, നെഹ്‌റു യുവകേന്ദ്ര മലപ്പുറം ജില്ലാ അവാര്‍ഡ്, നെഹ്‌റു യുവകേന്ദ്ര നാഷണല്‍ യൂത്ത് അവാര്‍ഡ്, ബജാജ് ട്രസ്റ്റ് അവാര്‍ഡ്, കരുണാകര മേനോന്‍ സ്മാരക അവാര്‍ഡ്, ജേസീസ് സോണല്‍ അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ്, ജേസീസ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയ അവാര്‍ഡ്, യൂത്ത് വളണ്ടിയര്‍ എഗന്‍സ്റ്റ് പോവര്‍ട്ടി അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങള്‍ റാബിയയെ തേടിയെത്തി.
ചലനം സാക്ഷരതാ വികസന സംഘത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നിവയിലും റാബിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. പരിമിതികള്‍ക്കും പ്രതിസന്ധികള്‍ക്കും നിസ്സഹായതകള്‍ക്കുമിടയിലും ചെറുപ്പം മുതലേ വായന ശീലമാക്കിയ റാബിയ പുസ്തകങ്ങളില്‍ നിന്നു സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി ചില കൃതികളും രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ഗ്രന്ഥം തലമുറകള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ്.
പരിമിതികളോടു പൊരുതിയുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളും പലതരത്തിലുള്ള ജീവിത പരീക്ഷണങ്ങളും റാബിയയുടെ കര്‍മവീഥിയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും തളരാതെ അവര്‍ സമൂഹത്തിനു മുന്നില്‍ ഒരു വിസ്മയമാവുകയായിരുന്നു.
ജീവിത പരീക്ഷണങ്ങള്‍ക്കിടയിലെ ചെറിയ സന്തോഷമാണ് ഇപ്പോള്‍ കിട്ടിയ പത്മശ്രീ പുരസ്‌കാരമെന്ന് റാബിയ ‘പുടവ’യോട് പറഞ്ഞു. കടുത്ത പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് മുന്നോട്ടു പോകുന്നത്. ഈ വര്‍ഷത്തില്‍ തന്നെ നാലു മരണങ്ങളാണ് വീട്ടില്‍ സംഭവിച്ചത്. ഏറെ താങ്ങും തണലുമായിരുന്ന രണ്ട് സഹോദരിമാരും ഒരു സഹോദരീ ഭര്‍ത്താവും അമ്മായിയും ഈ കോവിഡ് കാലത്ത് മരണപ്പെട്ടു. തന്റെ ഉയര്‍ച്ചയില്‍ എന്നും സന്തോഷിച്ചിരുന്ന അവരുടെ വേര്‍പ്പാടിലെ ദു:ഖത്തില്‍ ദൈവം നല്‍കിയ ചെറിയ സന്തോഷമാണ് ഇത്. മതിമറന്ന് ആഘോഷിക്കാനില്ല. ജീവിത പരീക്ഷണത്തെ കരുത്തോടെ നേരിട്ടാല്‍ എല്ലാവര്‍ക്കും നേട്ടങ്ങള്‍ അറിയാതെ തന്നെ എത്തിച്ചേരും, രോഗശയ്യയില്‍ കിടന്ന് റാബിയക്ക് പറയാനുള്ളത് ഇത് തന്നെയാണ്.
തിരൂരങ്ങാടി വെള്ളിനക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25ന് ജനിച്ച റാബിയയുടെ ഭര്‍ത്താവ് മോങ്ങം സ്വദേശി ബംഗാളത്ത് മുഹമ്മദാണ്. .