LoginRegister

ആര്‍ത്തവകാലം വേദനക്കാലമോ?

ഡോ. ജുമാന ഹസീന്‍ എ.ജി

Feed Back


സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ ഈ ദിനങ്ങളിലെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഒട്ടുമിക്കവരെയും തന്നെ ബാധിക്കുന്ന ഒന്നാണ്. ഈ സമയത്ത് വയറുവേദന അനുഭവിക്കാത്ത സ്ത്രീകള്‍ വിരളമാണ്. ഒപ്പം നടുവേദന, കാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്, കാലുകഴപ്പ്, തലവേദന, സ്ഥനങ്ങളിലെ വേദന, ഛര്‍ദി, വിഷാദം, ദേഷ്യം തുടങ്ങിയവയിലൂടെയാണ് ഒരു സ്ത്രീ ഓരോ മാസവും കടന്നു പോകുന്നത്.
ആര്‍ത്തവകാലത്തെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സ്ത്രീകള്‍ വിചാരിച്ചാല്‍ സാധിക്കും. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ആരോഗ്യകരമായ ഭക്ഷണക്രമം
ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും കഠിനമായ വയറുവേദനയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ശരീര വേദന, മൂഡ് സ്വിങ്സ് എന്നിവ ഒഴിവാക്കാനും ഊര്‍ജം നിലനിര്‍ത്താനും പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുക.
ആര്‍ത്തവ കാലം തരണം ചെയ്യുന്നതിന് ഉപയോഗപ്രദമായ ഏതാനും ഭക്ഷണങ്ങള്‍
. നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
. ചീര, ആപ്പിള്‍, ഓറഞ്ച്, പരിപ്പ്, പയര്‍, ബീന്‍സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
. ഇലക്കറികളും സീസണലായി ലഭിക്കുന്ന പഴങ്ങളും ധാരാളം വെള്ളവും ഭക്ഷണത്തിന്റെ ഭാഗമാക്കണം.
. ഡാര്‍ക്ക് ചോക്ലേറ്റ്, ധാന്യങ്ങള്‍, കൊഴുപ്പുള്ള മത്സ്യം, തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
. ചൂടുള്ള കുരുമുളക് ചായ അല്ലെങ്കില്‍ ഇഞ്ചി ചായ കുടിക്കുന്നത് വേദനകളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കും.
. ആര്‍ത്തവസമയത്തെ സ്ത്രീകളുടെ മാനസികാവസ്ഥ സുഖകരമാക്കുന്നതിന് പൊട്ടാസ്യത്തിന്റെയും വൈറ്റമിന്‍ ആ6ന്റെയും ഉറവിടമായ വാഴപ്പഴം കഴിക്കുക.
. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണമുള്ള പെരുംജീരകം പേശികളെ ശമിപ്പിക്കുന്നതിനും വേദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
. എണ്ണക്കടികള്‍
. ഫാസ്റ്റ് ഫുഡുകള്‍
. കോഫി, എരിവുള്ള ഭക്ഷണങ്ങള്‍, റെഡ് മീറ്റ്.
. ബേക്കറി, പ്രൊസസ്സ് ഫുഡ്
. ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കുക. ഇത് നീര്‍ക്കെട്ടിനു കാരണമാകുന്നു.
പൊണ്ണത്തടി ഒഴിവാക്കുക
പ്രഭാത സമയങ്ങളില്‍ ഉള്ള വ്യായാമം പതിവാക്കുക. ഉറക്കം ക്രമീകരിക്കുക. ദിവസവും ഏഴുമണിക്കൂര്‍ ഉറങ്ങണം. എണ്ണക്കടികളും ബേക്കറി സാധനങ്ങളും കുറയ്ക്കുക. ഇത് അമിതവണ്ണം തടയും. അതുവഴി ആര്‍ത്തവകാലത്ത് ഉണ്ടാകുന്ന കുറെയേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
വ്യക്തി ശുചിത്വം
നാലു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ സാനിറ്ററി പാഡുകള്‍ മാറ്റണം. പാടുകള്‍ മാറ്റുന്നതിന് മുമ്പും പിമ്പും കൈ കഴുകണം. ചൊറിച്ചിലോ മണമോ മറ്റോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. ഇടയ്ക്കിടെ യോനീഭാഗം വൃത്തിയാക്കണം. അടിവസ്ത്രം ദിവസവും രണ്ടോ മൂന്നോ തവണ മാറ്റണം. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ 10-12 മണിക്കൂര്‍ കഴിഞ്ഞാല്‍ അത് പുറത്തെടുത്ത് കഴുകി വീണ്ടും ഉപയോഗിക്കാം. കൂടുതല്‍ ബ്ലീഡിങ് ഉള്ളവര്‍ക്ക് നാലഞ്ചു മണിക്കൂര്‍ കൂടുമ്പോള്‍ ഇത് മാറ്റേണ്ടി വന്നേക്കാം.
സുഖകരമായ വസ്ത്രങ്ങള്‍
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഈ സമയത്ത് നല്ലത്. ആര്‍ത്തവ സമയത്ത് കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് പോസിറ്റീവ് ഫീലിംഗ് ഉണ്ടാക്കും.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തി വേദന നിറഞ്ഞ ആര്‍ത്തവ ദിനങ്ങളെ നമുക്ക് ആഹ്ലാദകരമാക്കാം.
എന്തൊക്കെയോ ദുരൂഹത നിറച്ച് മറച്ചുപിടിച്ച് മാത്രം മിണ്ടേണ്ട വിഷയം എന്നതില്‍ നിന്ന് തികച്ചും സ്വാഭാവികമായി നടക്കുന്ന ഒരു ജൈവപ്രക്രിയയായി ആര്‍ത്തവത്തെ കാണാന്‍ കഴിഞ്ഞ മാറ്റത്തെ നമുക്ക് സ്വാഗതം ചെയ്യാം. .
(പാണ്ടിക്കാട് ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റലിലെ ഡോക്ടറാണ് ലേഖിക.)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top