ഒരു രാജാവിന്റെയും മന്ത്രിയുടെയും കഥയാണ്. ഇരുവരും നല്ല ദൈവഭക്തിയുള്ളവരായിരുന്നു. നല്ലതും ചീത്തയുമെല്ലാം ദൈവത്തില്‍നിന്നാണ് എന്ന് അവര്‍ വിശ്വസിച്ചു. എന്ത് സംഭവിച്ചാലും എല്ലാം നല്ലതിനാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. നാളുകള്‍ കടന്നുപോയപ്പോള്‍ രാജാവ് മരിച്ചു. പകരം രാജകുമാരന്‍ രാജാവായി. എന്നാല്‍ പുതിയ രാജാവിന് ദൈവത്തില്‍ വലിയ വിശ്വാസമുണ്ടായിരുന്നില്ല.
ഒരിക്കല്‍ പുതിയ രാജാവും മന്ത്രിയും കൂടി കാട്ടില്‍ നായാട്ടിന് പോയി. നായാട്ടിനിടെ രാജാവിന്റെ കൈയില്‍ ചെറിയ മുറിവ് പറ്റി. വേദനയോടെ രാജാവ് മുറിവ് മന്ത്രിയെ കാണിച്ചു.
”എല്ലാം നല്ലതിന്.”
മുറിവ് കണ്ട മന്ത്രി പറഞ്ഞു.
ഇതുകേട്ട് രാജാവ് കോപാകുലനായി. രാജാവിന് വേദനിക്കുമ്പോള്‍ നല്ലതിനാണെന്ന് പറയുന്ന മന്ത്രിയോ! ഉടനെ മന്ത്രിയെ തുറുങ്കിലടക്കാന്‍ രാജാവ് ഉത്തരവിട്ടു.
ദിവസങ്ങള്‍ക്ക് ശേഷം മന്ത്രിയില്ലാതെ രാജാവ് നായാട്ടിന് പോയി. അപ്പോള്‍ കുറെ കാട്ടുജാതിക്കാര്‍ വന്ന് രാജാവിനെ പിടികൂടി. കാളീപൂജക്ക് ബലികൊടുക്കാന്‍ ലക്ഷണമൊത്ത ഒരു പുരുഷനെ തേടി നടക്കുകയായിരുന്നു അവര്‍. രാജാവിനെ പിടികൂടി അവര്‍ പൂജാരിക്ക് മുന്നിലെത്തിച്ചു. പൂജാരി രാജാവിന്റെ ശരീരം അടിമുടി പരിശോധിച്ചു. അപ്പോഴാണ് കൈയില്‍ മുറിവുള്ളത് കണ്ടത്. ഈ ദേഹം ബലിക്ക് പറ്റില്ലെന്ന് പൂജാരി വിധിച്ചു. അങ്ങനെ ആ മുറിവ് കൊണ്ട് രാജാവ് രക്ഷപ്പെട്ടു.
കൈ മുറിഞ്ഞത് നല്ലതിനാണെന്ന് മന്ത്രി പറഞ്ഞതിന്റെ രഹസ്യം അപ്പോള്‍ മാത്രമാണ് രാജാവിന് മനസ്സിലായത്. രാജാവ് കൊട്ടാരത്തില്‍ തിരിച്ചെത്തി മന്ത്രിയെ മോചിപ്പിച്ചു. രാജസദസ്സിലേക്ക് വിളിച്ചുവരുത്തി പരസ്യമായി ക്ഷമ ചോദിച്ചു.
അപ്പോള്‍ രാജാവിനൊരു സംശയം. ”അല്ലയോ മന്ത്രീ. എനിക്ക് മുറിവ് പറ്റിയത് നല്ലതിനാണെന്ന് താങ്കള്‍ പറഞ്ഞത് സമ്മതിച്ചു. ഒരാഴ്ച നിങ്ങള്‍ ജയിലില്‍ കിടന്നതും നല്ലതിനായിരുന്നോ?”
മന്ത്രി പുഞ്ചിരിച്ചു കൊണ്ട് മറുപടി നല്‍കി. ”അതെ, മഹാരാജന്‍. അങ്ങ് എന്നെ ജയിലില്‍ അടച്ചില്ലെങ്കില്‍ ഇത്തവണ നായാട്ടിന് നമ്മള്‍ രണ്ടു പേരും പോകുമായിരുന്നു. നമ്മളെ രണ്ടാളെയും കാട്ടാളന്മാര്‍ പിടികൂടും. മുറിവ് പറ്റിയ അങ്ങയെ അവര്‍ വെറുതെ വിടും. പിന്നെ ബലികൊടുക്കുന്നത് എന്നെയായിരിക്കും. ഇപ്പോള്‍ രക്ഷപ്പെട്ടത് രണ്ട് ജീവനുകളാണ്. എല്ലാം നല്ലതിന് തന്നെ.”
ആ ഉത്തരം രാജാവിനെ സന്തോഷിപ്പിച്ചു. ധാരാളം സമ്മാനങ്ങള്‍ നല്‍കി രാജാവ് മന്ത്രിയെയും സന്തോഷിപ്പിച്ചു.
ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളെയും വേദനകളെയും അതേപടി സ്വീകരിക്കുക എന്നതാണ് ഈ കഥയിലെ ഗുണപാഠം. വലിയ വിഷമം വന്നാലും അത് നല്ലതിനാണെന്ന് കരുതുക. ദൈവം അതിലെന്തോ കണ്ടിരിക്കുന്നു എന്ന് വിചാരിക്കുക. അതോടെ വിഷമം പറഞ്ഞുള്ള കരച്ചില്‍ നാം അവസാനിപ്പിക്കും. വേദനയും ആനന്ദമായി അനുഭവപ്പെടും.
മനുഷ്യജീവിതം സുഖങ്ങള്‍ മാത്രം പ്രതീക്ഷിക്കാവുന്ന ഒന്നല്ല. സുഖങ്ങള്‍ തേടിയുള്ള യാത്രക്കിടെ ധാരാളം പ്രയാസങ്ങളും അവനെ തേടിയെത്തും. ഓരോ ഞെരുക്കത്തിന് ശേഷവും ഒരു എളുപ്പമുണ്ടാകും. ദൈവചിന്തയുള്ളവര്‍ക്ക് സുഖവും ദുഃഖവും എല്ലാം ഒരുപോലെ അനുഭവപ്പെടുന്നു. ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്ന ഒരാളുടെ നിര്‍ബന്ധിത വിശ്വാസങ്ങളിലൊന്നാണ് ഖദര്‍. അല്ലാഹുവിന്റെ വിധിയെയും അറ്റമില്ലാത്ത കഴിവുകളെയും അംഗീകരിക്കുന്നതിനെയാണ് ഖദറിലുള്ള വിശ്വാസം എന്നു പറയുന്നത്. ഏതെങ്കിലും ഒരു വ്യവസ്ഥപ്രകാരമല്ലാതെ അല്ലാഹു ഒന്നിനെയും സൃഷ്ടിച്ചിട്ടില്ല എന്നും അല്ലാഹുവിന്റെ തീരുമാനം ഖണ്ഡിതമായ വിധിയാണെന്നും വിശ്വസിക്കുക. ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഖദറിന്റെ രാത്രിയെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ അറിയിക്കുന്നുണ്ട്. സ്വന്തം ബുദ്ധിയുടെ പരിമിതിയെ അംഗീകരിക്കുകയും ദൈവത്തിന്റെ അളവറ്റ കഴിവുകളെ ആദരിക്കുകയും ചെയ്യുന്നവനാണ് വിശ്വാസി.
ആബിദ പര്‍വീണ്‍ അനശ്വരമാക്കിയ ഗസലുകളിലൊന്നാണ് ‘സൗദാ ഹോ തോ ഐസാ ഹോ.’
‘ദില്‍ ഇഷ്ഖ് മേ ബീ പായനില്‍’ തുടങ്ങി ഉയര്‍ന്ന് പറക്കുന്ന ആ ഗസല്‍ സംഗീത പ്രേമികള്‍ക്കെല്ലാം ഇഷ്ടപ്പെട്ട ഒന്നാണ്.
ഈ ഗസലിന്റെ സാരാംശമിതാണ്.
”ഹൃദയം സ്‌നേഹത്താല്‍ നിറഞ്ഞു കവിയുമ്പോള്‍,
പിന്നെ സര്‍വവും അവയുടെ സഹജതയില്‍ സ്വീകരിക്കപ്പെടുന്നു.
സമുദ്രം സമുദ്രമായും മരുഭൂമി മരുഭൂമിയായും.
ഈ വേദനയില്‍ ഇതെന്തൊക്കെയാണ്?!
ദു:ഖവും ആനന്ദവും.
അകത്തൊരു മുള്ളിരുന്നാല്‍ അതങ്ങനെയാണ്.
അതുണ്ടാക്കുന്ന നോവ്!
അതു നല്‍കുന്ന നിര്‍വൃതി…!”
ഗസല്‍ അങ്ങനെയങ്ങനെ ദൈവപ്രേമത്താല്‍ കവിഞ്ഞൊഴുകുന്നു.
അകത്തൊരു മുള്ളുണ്ടെങ്കില്‍ പിന്നെ എത്ര മുള്ളുകളില്‍ ചവിട്ടിയാലും പിടയില്ല. അനുഭവങ്ങളെ അതേപടി സ്വീകരിക്കാനുള്ള ആര്‍ജവമാണ് ആ മുള്ള്. അവബോധം എന്നാണ് ജ്ഞാനികള്‍ ആ മുള്ളിനെ വിശേഷിപ്പിച്ചത്. ആനന്ദത്തിന്റെ മുള്ളാണത്. ജീവിതത്തില്‍ എന്തെല്ലാം പ്രയാസമുണ്ടെങ്കിലും ആ മുള്ള് ഹൃദയത്തിലുണ്ടെങ്കില്‍ ആനന്ദം അനുഭവപ്പെടുന്നു. പ്രയാസങ്ങളെ സ്വീകരിക്കാനുള്ള മനസ്സുണ്ടാകുന്നു. ദൈവമേ, ദൈവമേ എന്ന് നിലവിളിക്കുന്നു. സുഖത്തിന്റെ സമയത്ത് കണ്ടതിനേക്കാള്‍ അടുത്തിരുന്ന് ദൈവത്തെ കാണുന്നു.
വേദന, ദൈവത്തെ അടുത്തു കാണാനുള്ള അവസരമാകുന്നു.
ദൈവത്തെ അടുത്ത് കാണുക എന്നത് ആനന്ദമായവന് എല്ലാ വേദനയും ആനന്ദമാകുന്നു.