തിരുനബി മദീനയില്‍ എത്തിയതിന്റെ രണ്ടാം വര്‍ഷത്തിലെ ശഅ്ബാന്‍ ചന്ദ്രക്കല പിറന്നു. ഒരു മാസത്തെ വ്രതം മതനിയമമായി പ്രഖ്യാപിച്ചുള്ള വിശുദ്ധ വചനം അവതീര്‍ണമായത് ഈ മാസത്തിലാണ്. തൊട്ടടുത്ത റമദാന്‍ മാസമാണ് അതിനായി തിരഞ്ഞെടുത്തത്. 14 വര്‍ഷം മുമ്പ് ഒരു റമദാനിലായിരുന്നല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. മദീനയിലെ മുസ്‌ലിം സമൂഹം ദൈവകല്‍പന ഹൃദയം കൊണ്ട് സ്വീകരിച്ചു. പുലര്‍ച്ചെ മുതല്‍ അസ്തമയം വരെ നബിയോടൊപ്പം അവര്‍ നോമ്പെടുത്തു. അത് അവര്‍ക്ക് ഒരു പുതിയ അനുഭവമായി.
ദിവസങ്ങള്‍ പിന്നിട്ടു. വൈകാതെ മറ്റൊരു പ്രഖ്യാപനം കൂടി വന്നു. അത് തിരുനബിയുടേതായിരുന്നു: ”നമ്മുടെ ധനം കൊള്ളയടിച്ച് തടിച്ചുകൊഴുത്ത ഖുറൈശിക്കൂട്ടത്തിന്റെ വന്‍ വ്യാപാരസംഘം കനത്ത ലാഭവുമായി മക്കയിലേക്ക് മടങ്ങുന്നു. ആ ലാഭം അവര്‍ക്ക് വിട്ടുകൊടുത്താല്‍ അത് ഉപയോഗിച്ച് അവര്‍ നമ്മെ അപകടത്തിലാക്കും. അതിനാല്‍ അവരെ തടയണം. കഴിയുന്നവര്‍ പുറപ്പെടുക.”
പ്രിയ നബിയോടൊപ്പം അവര്‍ പുറപ്പെട്ടു, നോമ്പുകാരായിക്കൊണ്ടുതന്നെ.
തയ്യാറെടുപ്പുകളില്ലാതെ പുറപ്പെട്ട മുസ്‌ലിം സംഘം എത്തിപ്പെട്ടത് ചരിത്രം അവര്‍ക്കായി കരുതിവെച്ച മറ്റൊരിടത്താണ്, ബദ്‌ർ താഴ്‌വാരത്തില്‍. കിട്ടിയത് കച്ചവടസംഘത്തെയായിരുന്നില്ല, സര്‍വായുധസജ്ജരായ അവരുടെ സൈന്യത്തെയായിരുന്നു. ഒഴിഞ്ഞ വയറും വിശ്വാസധന്യമായ മനസ്സുമായി അവരെ മുസ്‌ലിംകള്‍ നേരിട്ടു. ദൈവിക സഹായം മാലാഖമാരിലൂടെ മുസ്‌ലിം സേനയ്ക്ക് ലഭിച്ചു. തങ്ങളെക്കാള്‍ മൂന്നിരട്ടി അധികം വരുന്ന നിഷേധിപ്പടയ്ക്ക് കനത്ത പ്രഹരമേല്‍പിച്ച് ചരിത്രത്തിന് പുളകം സമ്മാനിച്ചാണ് തിരുനബിയോടൊപ്പം അവര്‍ മടങ്ങിയത്. ദൈവത്തിന്റെ മഹത്വം വിളംബരം ചെയ്തുകൊണ്ട് തിരിച്ചെത്തിയ ബദ്‌രീങ്ങളെ മദീനക്കാര്‍ ആഹ്ലാദത്തോടെ വരവേറ്റു.
പത്ത് റമദാന്‍ ദിനങ്ങള്‍ കൂടി പിന്നിട്ടു.
ഉപവാസവും ഉപാസനയുമായി കഴിയുന്ന വിശ്വാസികള്‍ക്കുള്ള സമ്മാനവുമായാണ് അടുത്ത ദൈവിക വചനം ഇറങ്ങിയത്. ഈദുല്‍ ഫിത്‌ർ. ആമോദത്തിന്റെയും ആഘോഷത്തിന്റെയും സുദിനം. നബിയുടെ വിളംബരം മദീനയുടെ മനസ്സകം നിറച്ചു.
കഅ്ബയിലേക്കുള്ള ഖിബ്‌ല മാറ്റവും റമദാന്‍ വ്രതവും സകാത്തുല്‍ ഫിത്‌റും സകാത്തും നിയമമാക്കുകയും ബദ്‌റില്‍ വിജയം സമ്മാനിക്കുകയും ചെയ്തതിനു പിന്നാലെയാണ് മദീനയുടെ മാനത്ത് ശവ്വാലിന്റെ അമ്പിളിക്കല ഉദിച്ചത്.
ഉള്‍പ്പുളകത്തോടെ ആ പുലരിയില്‍ അവര്‍ കുളിച്ചൊരുങ്ങി. പുത്തന്‍ ഉടയാടകളുടുത്ത് സുഗന്ധം പുരട്ടി, രണ്ട് ഈത്തപ്പഴവും കഴിച്ച് അവര്‍ കുടുംബത്തെയും കൂട്ടി മദീനയിലെ മൈതാനത്തേക്കൊഴുകി. അവരുടെ ചുണ്ടുകളില്‍ നിന്നുതിര്‍ന്ന തക്ബീറുകള്‍ വഴിയോരങ്ങളെ മന്ത്രമുഖരിതമാക്കി.
തോളുരുമ്മി, കാല്‍പ്പാദങ്ങള്‍ ചേര്‍ത്തുവെച്ചു നിന്ന് അവര്‍ തിരുനബിയുടെ നേതൃത്വത്തില്‍ രണ്ടു റക്അത്ത് നമസ്‌കാരം നിര്‍വഹിച്ചു. ശേഷം മിമ്പറില്‍ കയറിയ തിരുനബി വിശ്വാസിസാഗരത്തിലൂടെ ഒന്ന് കണ്ണോടിച്ചു. ആ കാഴ്ച നബിയുടെ മനസ്സിനെയും മിഴികളെയും പുളകം കൊള്ളിച്ചു. ദൂതര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ദൈവമഹത്വം വാഴ്ത്തി:
”അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്.”
വിശ്വാസിസഞ്ചയം അതേറ്റുചൊല്ലി.
പ്രിയ നബി നന്ദിയോടെ കണ്ണുകളടച്ച് ഹൃദയം കൊണ്ട് മന്ത്രിച്ചു: ”വലില്ലാഹില്‍ ഹംദ്.”
വിശ്വാസികളുടെ ബാധ്യതയും ഐക്യവും ഊന്നിപ്പറഞ്ഞും ദാനധര്‍മങ്ങളുടെ മഹത്വം വ്യക്തമാക്കിയും ഹ്രസ്വമായ ഒരു പ്രഭാഷണം. പിന്നെ പ്രാര്‍ഥന.
ആലിംഗനങ്ങളും ഹസ്തദാനങ്ങളും പ്രാര്‍ഥനകളും വഴി സൗഹൃദം പുതുക്കിയും ക്ഷേമങ്ങള്‍ ആരാഞ്ഞും അവര്‍ പിരിഞ്ഞു. മറ്റു വഴികളിലൂടെ വീടുകളിലേക്ക് മടങ്ങി, പെരുന്നാള്‍ ഭക്ഷണമുണ്ടു. വൈകുന്നേരത്ത് ചില കളികളിലും വിനോദങ്ങളിലും പങ്കുകൊണ്ടു.
അനുവാദവും പ്രോല്‍സാഹനവുമായി തിരുനബിയും ഉണ്ടായിരുന്നു അവര്‍ക്കിടയില്‍. ഈദിന്റെ ആഘോഷപ്പകല്‍ രാവോടടുത്തതോടെ മുസ്‌ലിം സമൂഹത്തിന്റെ ആദ്യ ഫിത്‌ർ പെരുന്നാള്‍ നിറവും സുഗന്ധവുമുള്ള ഒരോര്‍മയായി മാറി. പിന്നെയും അവര്‍ ദൂതരോടൊപ്പം കുറേ പെരുന്നാളുകള്‍ കൊണ്ടാടി.
ദൈവിക സമ്മാനം
അതിരുവിട്ട ആസ്വാദനങ്ങളോ ആരവങ്ങളോ ഇല്ലാതെ ആത്മനിയന്ത്രണത്തിന്റെ വഴിയില്‍ വിശുദ്ധ മാസം പിന്നിട്ട വിശ്വാസിസമൂഹം ആത്മഹര്‍ഷത്തിന്റെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.
വലുപ്പച്ചെറുപ്പമില്ലാതെ, ആണ്‍-പെണ്‍ ഭേദമെന്യേ നോമ്പെടുത്തവരുടെയും പല കാരണങ്ങളാല്‍ നോമ്പെടുക്കാന്‍ കഴിയാത്തവരുടെയും ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ നറുനിലാവ് പെയ്യുന്ന വേളയാണ് ഫിത്‌ർ പെരുന്നാള്‍.
ഇടമുറിയാത്ത ആരാധനാനുഷ്ഠാനങ്ങളാല്‍ വ്രതമാസ രാപകലുകളിലലിഞ്ഞ വിശ്വാസികളുടെ മനസ്സിനും ശരീരത്തിനും കുളിരും കുളിര്‍മയും പകരാന്‍ അല്ലാഹു നിശ്ചയിച്ച ആഘോഷ സുദിനം. ജീവിതപാതയില്‍ വെളിച്ചമേകുന്ന വിശുദ്ധ വേദപുസ്തകം അവതരിച്ചതിന് നന്ദിയര്‍പ്പിച്ച തന്റെ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സമ്മാനം. അതാണ് ഈദുല്‍ ഫിത്‌ർ.
ശവ്വാലമ്പിളി ചക്രവാളത്തില്‍ തെളിയുമ്പോള്‍ ശരീരം കുളിരണിയണമെങ്കില്‍, മനം അനുഭൂതിദായകമാകണമെങ്കില്‍, ദൈവിക മഹത്വം വാഴ്ത്താന്‍ നാവുയരണമെങ്കില്‍ വ്രതചൈതന്യം നമ്മില്‍ ആത്മീയോര്‍ജമായി കുടികൊണ്ടിരിക്കണം. ആലസ്യത്തിലും ആഘോഷത്തിലും അലിഞ്ഞ് വ്രതപുണ്യം നേടാനാവാതെ റമദാനിനെ കളഞ്ഞുകുളിച്ച് ശവ്വാല്‍ ഒന്നിന് പുതുവസ്ത്രം അണിയുന്നവര്‍ക്കുള്ളതല്ല ഫിത്‌ർ പെരുന്നാള്‍. ഒരിക്കല്‍ മിമ്പറില്‍ കയറാനൊരുങ്ങവെ ജിബ്‌രീല്‍ മാലാഖയുടെ പ്രാര്‍ഥനയ്ക്ക് തിരുനബി ആമീന്‍ പറഞ്ഞു. പ്രാര്‍ഥന ഇതായിരുന്നു:
”ഒരു റമദാന്‍ കഴിഞ്ഞുപോയിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാതെ പോയവന്‍ നരകാവകാശിയാകട്ടെ.” മാലാഖയുടെ പ്രാര്‍ഥനയും പ്രിയ ദൂതന്റെ തേട്ടവും അല്ലാഹു തിരസ്‌കരിക്കില്ലെന്ന് തീര്‍ച്ചയാണല്ലോ. ഇത്തരം ദൗര്‍ഭാഗ്യവാന്‍മാര്‍ക്ക് എങ്ങനെ ഈദ് ആഘോഷിക്കാനാവും?
ഈദ് ദിനത്തില്‍ ഉദയംകൊള്ളുന്ന സൂര്യന് പ്രത്യേകതകളൊന്നുമില്ല. എന്നിട്ടും ആ പ്രഭാതം നമുക്ക് എന്തെന്നില്ലാത്ത ആനന്ദവും ഉന്മേഷവും പകരുന്നു.
പള്ളികളില്‍ നിന്ന് സ്ഥിരമായി മുഴങ്ങാറുള്ള ‘അല്ലാഹു അക്ബര്‍’ കേള്‍ക്കുമ്പോഴുള്ള വികാരവായ്പല്ല അതേ മിനാരങ്ങളില്‍ നിന്ന് ഈദ് നാളില്‍ കേള്‍ക്കുന്ന തക്ബീറിലെ ‘അല്ലാഹു അക്ബര്‍’ നമ്മില്‍ ഉണര്‍ത്തുന്നത്.
പതിനൊന്ന് മാസവും രുചിവൈവിധ്യങ്ങളോടെ പ്രഭാതഭക്ഷണം കഴിച്ചവരാണ് നാം. എന്നാല്‍ ഈദ് പുലര്‍വേളയിലെ ആ ലഘുഭക്ഷണം പറഞ്ഞറിയിക്കാനാവാത്തൊരു സംതൃപ്തി നമുക്ക് നല്‍കുന്നുണ്ട്.
പള്ളിയിലേക്ക് നാം ദിനേന എത്രയോ പ്രാവശ്യം പോകുന്നുണ്ട്. എന്നിട്ടും ഈദ് നമസ്‌കാരത്തിനായി അതേ പള്ളിയിലേക്ക് പോകുമ്പോള്‍ അകതാരില്‍ ഉണരുന്ന ആമോദം വാക്കുകള്‍ക്കപ്പുറമാണ്.
എന്താണ് കാരണം? ഒരു മാസക്കാലത്തെ നോമ്പ് നമ്മില്‍ ഉണ്ടാക്കുന്ന ആത്മീയമായ മാറ്റമാണത്. നോമ്പ് പൂര്‍ത്തിയാക്കി ഫിത്‌ർ പെരുന്നാളിനെ സ്വീകരിക്കുമ്പോഴുണ്ടാവുന്ന സന്തോഷം അനിര്‍വചനീയമാണ്. നോമ്പിലൂടെ വിശുദ്ധമാകുന്ന മനസ്സും ശരീരവുമായാണ് ഈദ് നാളിലേക്ക് നാം കാലെടുത്തുവെക്കുന്നത്. നോമ്പ് പൂര്‍ത്തിയാക്കിയ ശേഷം ആഘോഷിക്കേണ്ടതാണ് ഫിത്‌ർ പെരുന്നാള്‍. പെരുന്നാള്‍ കൂടി ആഘോഷിക്കുമ്പോഴാണ് വ്രതം പൂര്‍ണമാവുന്നത്.
നോമ്പ് നിര്‍ബന്ധമാക്കിയുള്ള വിശുദ്ധ ഖുര്‍ആന്‍ വചനം അവസാനിക്കുന്നത് ഈ സൂചനകളുമായാണ്:
”നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് അവന്റെ മഹത്വം വാഴ്ത്താനും നിങ്ങള്‍ നന്ദിയുള്ളവരാകാനും വേണ്ടിയാണത്” (അല്‍ബഖറ 185).
പെരുന്നാള്‍ ദിനത്തില്‍ തക്ബീര്‍ മുഴക്കി ഈദ്ഗാഹുകളില്‍ ആബാലവൃദ്ധം പങ്കെടുക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. ഋതുമതികള്‍ പോലും ഈദ്ഗാഹില്‍ എത്തണമെന്നും തിരുനബി പറഞ്ഞിട്ടുണ്ട്. ദൈവിക സമ്മാനം സ്വീകരിച്ച് ആഹ്ലാദപ്പെരുന്നാള്‍ കൊണ്ടാടാന്‍ നോമ്പെടുത്തവരെല്ലാം വേണമല്ലോ.
ഒരുമയുടെ പെരുന്നാള്‍
ഇസ്‌ലാമിലെ ആരാധനകള്‍ മുഴുവന്‍ പലതരത്തില്‍ വിശ്വാസികളില്‍ ഐക്യബോധം ഉണര്‍ത്തുന്നവയാണ്. പെരുന്നാളാഘോഷം ഈ ഐക്യബോധം അരക്കിട്ടുറപ്പിക്കുന്നതാണ്. പള്ളികള്‍, വീടുകള്‍, ഊടുവഴികള്‍, അങ്ങാടികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഉയരുന്ന തക്ബീറുകള്‍ക്ക് ഒരേ ഈണവും താളവുമാണ്. സകാത്തുല്‍ ഫിത്‌ർ വഴി, പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്ന ഒരൊറ്റ സഹോദരന്‍ പോലും നാട്ടില്‍ ഉണ്ടാവില്ലെന്ന് നാം ഉറപ്പുവരുത്തുന്നു. തനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന അതേ വികാരവുമായി തന്റെ സഹോദരന്മാര്‍ക്കു വേണ്ടിയും നാം പ്രാര്‍ഥിക്കുന്നു. നെഞ്ച് നെഞ്ചോട് ചേര്‍ത്തുവെച്ച് ആലിംഗനങ്ങളിലമരുന്നു.
വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൈയിലുള്ളതില്‍ നിന്ന് ഒരോഹരി നിറഞ്ഞ മനസ്സോടെ ദാനം ചെയ്താണ് വിശ്വാസി ഈദ്ഗാഹില്‍ നിന്ന് ഇറങ്ങുന്നത്. രോഗിയായ സഹോദരന്റെ വീട്ടിലെത്തി അവന്റെ കരങ്ങള്‍ കവര്‍ന്ന് പ്രാര്‍ഥനാനിരതനാവുന്നു. ഈ ഐക്യബോധമാണ് പെരുന്നാളിനെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കുന്നത്.
ഐക്യദാര്‍ഢ്യ പെരുന്നാള്‍
മുസ്‌ലിം ലോകത്തിന്റെ ഹൃദയത്തില്‍ എന്നും വേദനയായി നീറുന്ന ഫലസ്തീന്‍ ഈ പെരുന്നാളിനും നമ്മില്‍ നോവായി നിറയുന്നുണ്ട്. പിറന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശപ്പോരാട്ടത്തില്‍ മരിച്ചുവീഴുന്നവരും ജീവച്ഛവങ്ങളായി മാറുന്നവരും ജീവിതത്തിലൊരിക്കല്‍ പോലും പെരുന്നാള്‍ സന്തോഷം അനുഭവിച്ചിട്ടുണ്ടാവില്ല. ഇലകള്‍ വേവിച്ച് തനിക്കും മക്കള്‍ക്കും നോമ്പുതുറ വിഭവമൊരുക്കി വിതുമ്പുന്ന ഫലസ്തീനി ഉമ്മയുടെ ചിത്രം മനഃസാക്ഷിയുള്ളവര്‍ക്ക് മറക്കാനാവുമോ? ശൈശവത്തില്‍ തന്നെ ചിരി മായാത്ത മുഖങ്ങളുമായി രക്തസാക്ഷിത്വം വരിക്കുന്ന റാമി ഹംദാനെ പോലെയുള്ള പൈതങ്ങളും അവരെ മാറോട് ചേര്‍ത്തു വിതുമ്പുന്ന ഉമ്മമാരും, നിറകണ്ണുകളോടെ സ്വന്തം ഹൃദയത്തെ ഖബ്‌റിലേക്കു വെക്കുന്ന ഉപ്പമാരും ഈദ് പ്രാര്‍ഥനാവേളയില്‍ നമ്മുടെ മനസ്സില്‍ തെളിയണം. രക്തനക്ഷത്രങ്ങളെ സൃഷ്ടിച്ച് ഗസ്സയെ തുറന്ന ഖബറിടങ്ങളാക്കി ഫലസ്തീനികളുടെ ഈദ് സുദിനങ്ങളെ വേദനയില്‍ മുക്കുന്ന ഇസ്രായേലീ ക്രൂരത പെരുന്നാള്‍ സന്തോഷങ്ങളിലും നാം മറന്നുപോകരുത്.
അത്താഴപ്പട്ടിണിയുമായി നോമ്പ് തുടങ്ങുകയും നോമ്പ് തുറക്കാതെ തന്നെ അടുത്ത നോമ്പിലേക്ക് കടക്കുകയും ചെയ്യുന്ന സഹോദരങ്ങളും ലോകത്തിന്റെ ചില മൂലകളിലുണ്ട്. അവര്‍ക്കും നമ്മുടെ തേട്ടങ്ങളില്‍ ഇടം നല്‍കണം.
ജനിച്ചുവീണിടത്തും വിധി എത്തിച്ചിടത്തും ജീവിക്കാനുള്ള അവകാശം തടയുന്ന നിര്‍ദയ നിയമങ്ങള്‍ നമ്മുടെ തലയ്ക്കു മുകളിലും മൂളിപ്പറക്കുന്നുണ്ട്. അതും ഓര്‍മയിലുണ്ടാവണം. നമ്മോടൊപ്പം ഈദ് നമസ്‌കാരത്തിലെ അണിയിലുണ്ടാവേണ്ടിയിരുന്ന പലരെയും ഒരുപക്ഷേ നാം കാണില്ല. മാറാരോഗങ്ങളും തീരാവേദനകളുമായി അവര്‍ രോഗക്കിടക്കകളിലാവാം. അല്ലെങ്കില്‍ ദൈവവിളിക്ക് ഉത്തരം നല്‍കിയിട്ടുണ്ടാവാം. പ്രാര്‍ഥിക്കണേ എന്ന അവരുടെ വസിയ്യത്തും നാം മറക്കരുത്.
റമദാന്‍ വ്രതത്തിലൂടെ നേടിയെടുത്ത ഹൃദയവിശുദ്ധി വരുംജീവിതത്തില്‍ നിലനിര്‍ത്താൻ നമുക്ക് കഴിയട്ടെ…
വലില്ലാഹില്‍ ഹംദ്.