പൊട്ടാറായ വള്ളിച്ചെരിപ്പിന്റെ
വാറു ശരിയായോന്ന് നോക്കുമ്പോഴാണ്
തേയ്മാനം തീര്‍ത്ത
ഒറ്റനാണയവട്ടത്തിലൂടെ
കുഞ്ഞായി മാഷിന്റെ വട്ടമുഖം
കുഞ്ഞീതു കാണുന്നത്!
കുഞ്ഞുറുമ്പിന്‍ വരികണക്കെ,
വിദ്യാലയമുറ്റത്ത്
നിരനിരയായി നില്‍ക്കുന്ന
കുഞ്ഞുമണികളെയും
അവര്‍ക്ക് തണല്‍ വിരിച്ചുനില്‍ക്കുന്ന
കൊന്നമരത്തെയും കടന്ന്
കുഞ്ഞായി മാഷ് വന്നുനിന്നത്
കുഞ്ഞീതുവിന്റെയും കൂട്ടുകാരുടെയും
ഇടയിലേക്കാണ്
കുറച്ചുമുന്നേ
കുഞ്ഞീതുവും കൂട്ടുകാരും
കച്ചറകളിക്കാന്‍ തുടങ്ങിയതില്‍
പിന്നെയാണ്
ഒരു ക്ലബ്ബിന്റെ അനിവാര്യത
അറിയുന്നതും
പരിസ്ഥിതി ക്ലബ്ബില്‍
ഊട്ടുപുരയിലേക്കാവശ്യമായ
പച്ചക്കറികള്‍ വിളയുന്നതും
കൃഷിയിലും
നൂറുമേനി കൈവരിച്ച
കുഞ്ഞായിമാഷേം കുട്ട്യേളേം തേടി
കര്‍ഷകശ്രീ എത്തിയതും
അങ്ങനെയാണ്
ഇപ്പോള്‍ നില്‍ക്കുന്നത്
അനുമോദന വേദിയിലാണ്
തലേന്ന്
ഉമ്മ പറഞ്ഞകാര്യം കുഞ്ഞീതു
മറക്കുന്നതെങ്ങനെ?
”ഒരാക്ക് നൂറുര്‍പ്യണ്ടെങ്കി; ഇന്ന്യേന്നെ ഇയ്യൊരു ചെരുപ്പ് വാങ്ങിക്കാള…”
അതോര്‍ത്തുകൊണ്ടുതന്നെ അവന്‍ ചെരിപ്പണിഞ്ഞു
നെഞ്ചുംവിരിച്ചു നിന്നു
അനുമോദനം കെങ്കേമമായി
പുരസ്‌കാരത്തിന്റെ നിറവില്‍…
ഒടുവിലാണ്
പുരസ്‌കാരത്തുകയാല്‍
എവര്‍ക്കുമുപകാരപ്പെടും വിധം
സ്‌കൂളിനായി നല്ലൊരു കൈക്കോട്ടു
വാങ്ങാന്‍ തീരുമാനമായതും
എങ്ങും ഹര്‍ഷാരവങ്ങളുയര്‍ന്നതും…!
പൊട്ടിച്ചിരികള്‍ക്കിടയിലും
കുഞ്ഞുകവിളിണയില്‍
കണ്ണീര്‍മുത്തുകള്‍ ചിതറിത്തെറിച്ചത്
എന്തിനായിരുന്നു?