LoginRegister

ആകാശം കീഴടക്കി ആയിഷ അൽ ഹറം

ബഷീർ കൊടിയത്തൂർ

Feed Back


“അവസരങ്ങള്‍ സംഭവിക്കുന്നതല്ല, നാം നിര്‍മിക്കുന്നതാണ്.”
ലോക പ്രശസ്ത ബഹിരാകാശ ഗവേഷകയും മോട്ടിവേറ്ററുമായ ആയിഷ അല്‍ ഹറമിന്റെ വാക്കുകളാണിത്. ഒരു മേഖല തിരഞ്ഞെടുക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്താൽ വിജയം സുനിശ്ചിതമെന്ന് പുതുതലമുറയ്‌ക്ക് വഴികാട്ടുന്നു ഇവര്‍. മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ല എന്നതും ആയിഷയുടെ ഉറപ്പാണ്.
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആയിഷ അല്‍ ഹറം. യങ് സ്‌പേസ് ലീഡര്‍ അവാര്‍ഡ് നേടിയ ആദ്യ അറബ് വനിത എന്ന ഖ്യാതി സ്വന്തമാക്കിയാണ് ഈ ബഹ്‌റൈനി സ്‌പേസ് എൻജിനീയര്‍ ലോകത്തിനു മുന്നില്‍ അഭിമാനമായത്. മുസ്‌ലിം സ്ത്രീകള്‍ പിന്നാമ്പുറത്ത് ഒതുങ്ങിക്കൂടുന്നവരാണ് എന്ന പാശ്ചാത്യ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് അറബ് രാജ്യത്തു നിന്നുതന്നെയുള്ള ആയിഷ എന്ന ബഹിരാകാശ ഗവേഷക. ബഹിരാകാശ കാര്യങ്ങളിൽ കൗതുകമുള്ള ആള്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ കുറിച്ച് ആയിഷ കുറിച്ചിട്ടിരിക്കുന്നത്.
ബഹ്‌റൈനിലെ ആദ്യ വനിതാ സ്‌പേസ് എൻജിനീയറാണ് ആയിഷ. രാജ്യത്തിന്റെ ആദ്യ ദേശീയ ബഹിരാകാശ പദ്ധതിക്ക് നേതൃത്വം നല്‍കിയതും ഇവരാണ്. ബഹ്‌റൈനിലെ ഔദ്യോഗിക ബഹിരാകാശ ദൗത്യ ഏജന്‍സിയായ നാഷണല്‍ സ്‌പേസ് സയന്‍സ് ഏജന്‍സി (എന്‍എസ്എസ്എ)യുടെ മേധാവിയാണ് ഇപ്പോള്‍ ആയിഷ അല്‍ ഹറം.
2018ല്‍ ഒമ്പതംഗ ബഹ്‌റൈൻ ബഹിരാകാശ ദൗത്യസംഘത്തില്‍ അംഗമായാണ് ആയിഷ ചരിത്രപരമായ യാത്രക്ക് തുടക്കമിട്ടത്. 4000 അപേക്ഷകരില്‍ നിന്നാണ് ആയിഷ തിരഞ്ഞെടുക്കപ്പെട്ടത് എന്നതുതന്നെ ആ പ്രതിഭയുടെ മികവിനെയാണ് കാണിക്കുന്നത്. ബഹ്‌റൈനിന്റെ പ്രധാന ബഹിരാകാശ ദൗത്യമായ അമാന്‍ വിക്ഷേപണത്തിന് ആവശ്യമായ വാഹനം ഡിസൈന്‍ ചെയ്യുകയും അതിന്റെ പ്രൊജക്ട് മാനേജറായി പ്രവര്‍ത്തിച്ചതും ആയിഷയാണ്. സൈബര്‍ സുരക്ഷക്ക് ആവശ്യമായ വിവരങ്ങള്‍ ഉപഗ്രഹം വഴി പ്രയോജനപ്പെടുത്തുന്ന ദൗത്യമാണ് അമാന്‍. ഈ വിക്ഷേപണ വാഹന ഡിസൈനിങിന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ 2022ലെ അവാര്‍ഡ് ലഭിച്ചിരുന്നു.
ആയിഷ വ്യക്തിപരമായ ഇടപെടലിലൂടെ വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹവും ബഹ്‌റൈൻ വിക്ഷേപിച്ചിട്ടുണ്ട്. അല്‍മുന്‍തിര്‍ എന്ന ഈ ഉപഗ്രഹം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ആദ്യ ബഹ്‌റൈനി ഉപഗ്രഹമാണ്. മിഡില്‍ ഈസ്റ്റ് മേഖലയിലെ ആദ്യ സംരംഭമായ ഈ ഉപഗ്രഹം ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധ നേടിയ കണ്ടുപിടിത്തമാണ്.

അമാന്‍ ഉപഗ്രഹ വിക്ഷേപണത്തിനു പുറമെ നിരവധി ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര നേതൃത്വം നല്‍കുന്നതും ആയിഷയാണ്. ലൈറ്റ് വണ്‍ സാറ്റലൈറ്റ് എന്ന 3യു ക്യൂബ്‌സാറ്റ് ഡിസൈന്‍ ചെയ്തതാണ് അതില്‍ മുഖ്യമായത്. ഭൂമിയിലെ ഗാമാ രശ്മികളെ തിരിച്ചറിയാനുള്ള സാറ്റലൈറ്റാണിത്. ബഹ്‌റൈൻ സ്‌പേസ് ഏജന്‍സിക്കു വേണ്ടി ചെയ്ത ധബിസാറ്റ് മറ്റൊരു ഗവേഷണമാണ്. ബഹിരാകാശ അവസ്ഥകളും സാഹചര്യങ്ങളും തിരിച്ചറിയാനുള്ള ആദ്യ സോഫ്റ്റ് വെയറാണ് ധബിസാറ്റ്.
ഇലക്ട്രിക്കലിലും കമ്പ്യൂട്ടര്‍ എൻജിനീയറിങിലും രണ്ടു ബിരുദാനന്തര ബിരുദം നേടിയ ആയിഷ ബഹിരാകാശ ഗവേഷണരംഗത്ത് കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 35 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രമുഖ സമ്മേളനങ്ങളിലെല്ലാം ആയിഷ പ്രഭാഷകയായി എത്താറുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, സൈബര്‍ സുരക്ഷ, ഡാറ്റാ അനാലിസിസ്, ബഹിരാകാശ പദ്ധതികളുടെ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലാണ് ആയിഷയുടെ സംഭാവനകള്‍ ഏറെയും.
വെസ്റ്റ് റെഫ സ്‌കൂളിലെ പഠനത്തിനു ശേഷം പ്രിയ വിഷയമായ കമ്പ്യൂട്ടര്‍ എൻജിനീയറിങില്‍ ബിരുദത്തിനു ചേര്‍ന്നത് ബഹ്‌റൈൻ സര്‍വകലാശാലയിലാണ്. ശേഷം പ്രശസ്തമായ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവുമെടുത്തു. കുറച്ചു കാലം അധ്യാപികയായും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ടെക്‌നീഷ്യനായും ജോലി ചെയ്തു. ബഹ്‌റൈൻ വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സിസ്റ്റം ഡെവലപ്പറായി. പിന്നീടാണ് ഖലീഫ സര്‍വകലാശാലയില്‍ ഗവേഷണത്തിന് ചേര്‍ന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനങ്ങളും പദ്ധതികളും ഡിസൈന്‍ ചെയ്യുന്നതിലായിരുന്നു ശ്രദ്ധ. ഈ സമയത്ത് റോബോധം എന്ന യന്ത്രമനുഷ്യനെ സൃഷ്ടിച്ച് ശ്രദ്ധ നേടി. സ്‌ഫോടക വാതകങ്ങളെ കണ്ടെത്താന്‍ കഴിയുന്ന ഈ റോബോട്ടിന് മികച്ച പ്രൊജക്‌ടിനുള്ള അവാര്‍ഡും ലഭിച്ചു.
യുവതലമുറക്ക് മാര്‍ഗദര്‍ശനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ് ആയിഷ. ലോകത്ത് അറിയപ്പെടുന്ന പ്രഭാഷകയാണ് ഇവര്‍. സ്വന്തം നിലക്ക് ഇതുവരെ 61 ശില്‍പശാലകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുകയും ശാസ്ത്ര കുതുകികള്‍ക്ക് വഴി കാട്ടുകയും ചെയ്യുന്നുണ്ട്. മറ്റൊരു ശ്രദ്ധേയ ചുവടുവെപ്പ് അംഗപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ക്ലാസുകളാണ്. മികവ് പ്രകടിപ്പിക്കുന്ന ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവരെ ബഹിരാകാശ പദ്ധതികളിലും ഗവേഷണങ്ങളിലും ഭാഗഭാക്കാക്കുകയും ചെയ്യുന്ന പദ്ധതിയും ഇതിലുണ്ട്. സ്‌പേസ് ഫോര്‍ വുമണ്‍, ഐഎസി 2022 തുടങ്ങിയ മുന്‍നിര പഠന ഗവേഷണ സംഘങ്ങളുടെ മെന്ററും ടീം ലീഡറുമാണ് ആയിഷ ഇപ്പോള്‍.
ഒക്‌േടാബറില്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന 75ാമത് അന്താരാഷ്ട്ര ആസ്‌ട്രോണമിക്കല്‍ കോണ്‍ഗ്രസില്‍ ബഹിരാകാശ ദൗത്യങ്ങളുടെ യുവനേതാവിനുള്ള യങ് സ്‌പേസ് ലീഡര്‍ അവാര്‍ഡ് ആയിഷ ഏറ്റുവാങ്ങുമ്പോള്‍ അത് ബഹ്‌റൈനിനു മാത്രമല്ല അറബ് ലോകത്തിനും മുസ് ലിം ലോകത്തിനും അഭിമാന നിമിഷമാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top