LoginRegister

ആകാശം അതിരാക്കുന്നവര്‍

സഹീറാ തങ്ങള്‍

Feed Back


ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ എനിക്ക് കുറേയേറെ നീണ്ട യാത്രകള്‍ ചെയ്യേണ്ടി വന്നു. മാനസികമായി അല്പം സമ്മര്‍ദം കൂടി അതുണ്ടാക്കി. ദീര്‍ഘദൂര യാത്രകളില്‍ മിക്കപ്പോഴും ഡ്രൈവറെ കൂടെ കൂട്ടുകയാണ് പതിവ്. അതിനു പല കാരണങ്ങള്‍ ഉണ്ട്. എനിക്ക് സമാധനമായി കാറില്‍ കണ്ണടച്ച് കിടക്കാം, ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കാം, ഫോണില്‍ അല്പം ദീര്‍ഘമായി സംസാരിക്കാനുള്ളവരുമായി മിണ്ടാം. ക്ലിനിക്കില്‍ സെഷന്‍സിന്റെ ഇടയ്ക്ക് ആവുമ്പോള്‍ ഫോണ്‍ എടുക്കാന്‍ ആവില്ല. നേരത്തെയുള്ള മിസ്ഡ് കാള്‍ ലിസ്റ്റ് നോക്കി ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് നോക്കാം. പാതി എഴുതി നിര്‍ത്തിയ ലേഖനങ്ങള്‍ പൂര്‍ത്തിയാക്കാം. അതിലെല്ലാമുപരിയായി പകല്‍ സമയമാണേല്‍ മരങ്ങളെയും മണ്ണിനെയും വിണ്ണിനെയും കണ്‍നിറയെ കാണാം. രാത്രികളില്‍, നക്ഷത്രങ്ങളോടും നിലാചന്ദ്രനോടും കുശലം പറയാം. അങ്ങനെയങ്ങനെ ലക്ഷ്യ സ്ഥാനത്തെത്താം.
‘കാള്‍ എ ഡ്രൈവര്‍’, കൊച്ചിയില്‍ ധാരാളം ഉണ്ട്. അതാത് ദിവസത്തേക്ക് വരുന്നവര്‍, അന്നന്നത്തെ കൂലി വാങ്ങി, നമ്മെ സൂക്ഷ്മതയോടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നവര്‍. അത്തരം മൂന്നു പേരെക്കുറിച്ച് ചിലത് പറയണമെന്ന് തോന്നി.
റാഷിദ്, യൂബര്‍ ഓടിക്കുകയാണ്. കണ്ടാല്‍ ഒരു കൊച്ചുപയ്യന്‍. നാട് വളാഞ്ചേരി. കുറച്ചു നാളായി കൊച്ചിയില്‍ എത്തിയിട്ട്. ഏതു വരെ പഠിച്ചു എന്ന എന്റെ ചോദ്യത്തിന്, ഇവിടെ വന്നത് പഠിക്കാനാണെന്നും ഒഴിവു സമയങ്ങളില്‍ ടാക്‌സി ഓടിക്കുന്നുവെന്നും പറഞ്ഞു. കൊച്ചിയില്‍ വന്നത് സംഗീതം പഠിക്കാനാണ്. സിത്താര കൃഷ്ണകുമാറിന്റെ ശിഷ്യനാണ് അയാള്‍ എന്നറിഞ്ഞപ്പോള്‍ വല്ലാത്ത അത്ഭുതം തോന്നി.
പോകുന്ന വഴിയില്‍ ഒരു ഇടത്താവളമായി പീച്ചിയിലുള്ള ഉമ്മയുടെയും ഉപ്പയുടെയും അടുത്ത് ഇറങ്ങിയപ്പോള്‍, അവിടെ ഉണ്ടായിരുന്ന ഒരു കൊച്ചു ചിത്രക്കുട്ടിയായ ലല്ലുകുഞ്ഞമ്മ (എന്റെ സഹോദരന്‍ സിറാജിന്റെ മകള്‍ ലിയാന്‍, വളരെ മനോഹരമായി പാടുന്നവള്‍) പാട്ട് പാടിയപ്പോള്‍ അവളോടൊപ്പം പാടുകയും അവള്‍ക്കു പാട്ടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു റാഷിദ് എന്ന മിടുക്കന്‍!
തന്റെ ചെലവിനുള്ളത് കഴിയുന്നതും ഞാന്‍ തന്നെ ഉണ്ടാക്കും എന്ന ആ 23കാരന്റെ ദൃഢമായ വാക്കുകള്‍ എന്നില്‍ അതിയായ ആഹ്ലാദം ഉണ്ടാക്കി.
മറ്റൊരു ദിവസം വന്നത് റോഷന്‍ ആണ്. ആള് ഇവിടെ കോളജില്‍ ബി ബി എക്ക് പഠിക്കുന്നു. ഇടയ്ക്കു ഇതുപോലെ ഡ്രൈവര്‍ ആയി ആരേലും വിളിച്ചാല്‍ പോകുന്നു. ഞാന്‍ ഒരു സൈക്കോളജിസ്റ്റ് ആണെന്നറിഞ്ഞ് സുഹൃത്തുക്കളുടെ ചില മാനസികപ്രശ്‌നങ്ങളെ കുറിച്ചും അവ എന്തുകൊണ്ടാണെന്നും എന്തെങ്കിലും പരിഹാരമുണ്ടോ എന്നും അവന് ഏതെങ്കിലും തരത്തില്‍ അവരെ സഹായിക്കാനാവുമോ എന്നെല്ലാം ആത്മാര്‍ഥമായി അന്വേഷിച്ചു.
”ക്ലാസ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ജോലിക്കു പോകും. വീട്ടിലുള്ളവരെ മാക്‌സിമം ബുദ്ധിമുട്ടിക്കരുതെന്നു കരുതിയിട്ടാണ്” എന്ന് പറയുന്ന അവന്റെ നിശ്ചയദാര്‍ഢ്യം എന്നെ സന്തോഷിപ്പിച്ചു.
ഷെഫിന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞതിനു ശേഷം കൂടുതല്‍, ജോലി സാധ്യതയുള്ള എന്തെങ്കിലും പഠിക്കാനാണ് കൊച്ചിയിലെത്തിയത്. ഡ്രൈവര്‍ ആയി അവധി ദിവസങ്ങളില്‍ ജോലി നോക്കുന്നത് വീട്ടില്‍ അല്പസ്വല്പം എന്തെങ്കിലും സഹായം ആവാനും തന്റെ പഠന ചെലവുകള്‍ സ്വയം നോക്കാനും ആണത്രേ.
എന്റെ മകള്‍ കെന്‍സ, സൈക്കോളജി ഡിഗ്രിക്ക് ചേര്‍ന്നയിടെ എന്നോട് വന്നു ചോദിച്ചു; പാര്‍ട്ട് ടൈം ആയി ഒരു ജോലി ചെയ്യുന്നതിനെക്കുറിച്ചു മമ്മയുടെ അഭിപ്രായം എന്താണെന്ന്.
ഞാന്‍ മോളോട് രണ്ട് കാര്യങ്ങള്‍ തിരിച്ചു ചോദിച്ചു:
1. എന്തിനാണ് നീ ജോലി വേണമെന്ന് ആഗ്രഹിക്കുന്നത്?
എന്റെ ആവശ്യത്തിനുള്ള പണം കുറച്ചെങ്കിലും എനിക്ക് ഉണ്ടാക്കാം. പിന്നെ ഒരു പുതിയ എക്‌സ്പീരിയന്‍സ്, പുതിയ ആളുകള്‍…
2. ജോലി നിന്റെ പഠനത്തെ ബാധിക്കുമോ?
ഇല്ല, എനിക്ക് രണ്ടും മാനേജ് ചെയ്യാന്‍ സാധിക്കും. പിന്നെ ഈ ജോബ് എനിക്ക് ഫ്രീ ഉള്ളപ്പോള്‍ പോയാല്‍ മതി, സ്റ്റുഡന്റ് മാര്‍കെറ്റീര്‍ ആയിട്ടാണ്, കൂടെയുള്ളതും മറ്റു കോളജില്‍ നിന്നുള്ള സ്റ്റുഡന്റ്‌സ് ആണ്.
വളരെ പ്രൊഫഷണലായി അവള്‍ അത് കൈകാര്യം ചെയ്യുന്നതും അവളുടെ ആത്മ വിശ്വാസം പൂര്‍വാധികം വര്‍ധിക്കുന്നതും ഞാന്‍ കണ്ടു.
പലപ്പോഴും പാശ്ചാത്യ സംസ്‌കാരത്തിന് പിറകെ അനുകരിക്കാനായി പോകുന്ന നമ്മള്‍ അവരിലെ നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നില്ല, എന്ന് തോന്നിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് കുഞ്ഞുനാള്‍ മുതലേ അവര്‍ മക്കളെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സ്‌നേഹത്തോടെ പരിശീലനം നല്‍കുന്നു എന്നത്. വലുതാവുമ്പോള്‍ അവര്‍ തീര്‍ത്തും പരാശ്രയമുക്തരായി ജീവിതത്തെ അനുഭവിക്കുന്നു. പഠനത്തോടൊപ്പം തന്നെ ജോലി ചെയ്യുകയും സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കുകയും തുടര്‍പഠനത്തിന് അവനവന്‍ തന്നെ പണം കണ്ടെത്തുകയും ചെയ്യുന്നു.
എന്നാല്‍ നമ്മളോ? നമ്മുടെ മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നില്ല, എന്ന് മാത്രമല്ല എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു അവസാനം സ്വയം ഒന്നിനും പ്രാപ്തരല്ലാതാക്കി മാറ്റുകയും ചെയ്യുന്നു. അത്തരം ഒരു തലമുറ വലിയ തോതില്‍ നമുക്കിടയില്‍ വര്‍ധിക്കുന്ന സാഹചര്യം ഉണ്ട്. അതിന്റെ എല്ലാ തലവേദനകളും മാതാപിതാക്കള്‍ പില്‍ക്കാലത്തു എടുക്കേണ്ടിയും വരുന്നു.
എന്നാല്‍ സമാന്തരമായി റാഷിദും ഷെഫിനും റോഷനും കെന്‍സയും അവരെപ്പോലെ അഭിമാനബോധവും ആത്മവിശ്വാസവും തങ്ങളുടെ സമയം നല്ല രീതിയില്‍ വിനിയോഗിക്കാനും അതിനായി പരിശ്രമിക്കാനുമുള്ള മാനസ്സുള്ളവര്‍; നമ്മെ ആഹ്ലാദിപ്പിക്കുകയും അഭിമാനത്തിന് വക നല്‍കുന്നവിധം ഞങ്ങളെപ്പോലുള്ള പുത്തന്‍തലമുറയും ഇവിടെ ഉണ്ടെന്നു കാട്ടിത്തരികയും ചെയ്യുന്നു.
ഇവര്‍ എല്ലാം സാമ്പത്തികമായി കുഴപ്പമില്ലാത്ത കുടുംബത്തില്‍ നിന്ന് വരികയും മാതാപിതാക്കള്‍ പൂര്‍ണ സഹകരണം നല്‍കുകയും ചെയ്യുന്ന മക്കള്‍ തന്നെയാണ് എന്നതാണ് ഇതിലെ എടുത്തുപറയേണ്ട സവിശേഷത. പൈതൃക സ്വത്തുണ്ടെങ്കില്‍ പിന്നെ ഭേഷായി ഉണ്ട്, ഉറങ്ങി ശിഷ്ടകാലം ജീവിക്കാം എന്ന് അഹങ്കരിക്കുന്ന കുഴിമടിയന്മാര്‍ ഇവരെ കണ്ടു പഠിക്കട്ടെ.
ജന്മം നല്‍കി എന്ന കാരണത്താല്‍ കാലാകാലം മക്കളുടെ ഉത്തരവാദിത്തം മാതാപിതാക്കളുടേത് അല്ല. പക്ഷിക്കുഞ്ഞുങ്ങള്‍ പറക്കമുറ്റുമ്പോള്‍ പുതിയ ആകാശത്തേക്ക് പറന്നുയരുക തന്നെ വേണം

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top