LoginRegister

അസ്മാഅ് ബിന്‍ത് അബീബക്കര്‍

എ ജമീല ടീച്ചര്‍

Feed Back


പിതാവും അനുജത്തിയും ഭര്‍ത്താവും മകനും സ്വഹാബികള്‍, അതാണ് അസ്മ ബിന്‍ത് അബീബക്കര്‍. നബി തിരുമേനിയുടെ ഉത്തമ സുഹൃത്തും വലംകയ്യുമായ അബൂബക്കര്‍ സിദ്ദീഖ്(റ)വാണ് പിതാവ്. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ പിതാവ് വകയില്‍ സഹോദരി, തിരുമേനിയുടെ ഉത്തമ ശിഷ്യയായ സുബൈറുബ്നുല്‍ അവ്വാം ഭര്‍ത്താവ്. അബ്ദുല്ലാഹിബ്നു സുബൈര്‍ മകനും.
ഇസ്ലാമിന് ആണും പെണ്ണുമായി ആകെ പതിനേഴ് അനുയായികള്‍ മാത്രമുള്ളപ്പോള്‍ സത്യവിശ്വാസിയായി തീര്‍ന്ന അസ്മാഅ്(റ) ഇരട്ട അരപ്പട്ടക്കാരി (ദാത്തുന്നീതാഖൈര്‍) എന്ന കീര്‍ത്തിനാമത്തില്‍ അറിയപ്പെട്ടു. ഇതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. പ്രവാചകനും സിദ്ദീഖും വളരെ രഹസ്യമായാണ് മദീനയിലേക്ക് പലായനം ചെയ്യാന്‍ ആസൂത്രണം ചെയ്തത്. അലിയ്യുബ്നു അബീത്വാലിബും അസ്മാഉം അല്ലാതെ മുസ്ലിംകള്‍ പോലും ആ വിവരം അറിഞ്ഞിരുന്നില്ല. യാത്രാമധ്യേ സൗറ് ഗുഹയില്‍ ഒളിച്ചുകഴിയുന്ന തിരുമേനിക്കും സിദ്ദീഖിനും ഭക്ഷണസാധനങ്ങളുണ്ടാക്കി എത്തിച്ചിരുന്നത് അസ്മാഅ് ആയിരുന്നു. അങ്ങനെ ഇസ്ലാമിന്റെ നല്ല പുലരിയിലേക്കുള്ള ആ പ്രയാണത്തില്‍ പങ്കുവഹിക്കാന്‍ ആ മഹതിക്ക് സാധിച്ചു. ഒരിക്കല്‍ ഭക്ഷണപ്പൊതിയും വെള്ളപ്പാത്രവും കെട്ടാനുള്ള കയറു കിട്ടിയില്ല. ഉടനെ അസ്മാഅ് അരയില്‍ പട്ടയായി കെട്ടിയ മുണ്ട് അഴിച്ചെടുത്ത് രണ്ടായി കീറി. ഒന്നുകൊണ്ട് ഭക്ഷണപ്പൊതിയും മറ്റേതുകൊണ്ട് വെള്ളപ്പാത്രവും കെട്ടി. ഇതു മനസ്സിലാക്കിയ തിരുമേനി(സ) സ്വര്‍ഗത്തില്‍ അവര്‍ക്ക് രണ്ട് അരപ്പട്ട നല്‍കേണമേ എന്ന് പ്രാര്‍ഥിച്ചു. അന്നു മുതല്‍ക്കാണ് ഈ ബഹുമതിപ്പേര് അവര്‍ക്ക് ലഭിച്ചത്.
ഒരു ദിവസം അവര്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അബൂജഹലും ചില കൂട്ടുകാരും അങ്ങോട്ടു ചെന്നു. അബൂബക്കറിനെ കണ്ടെത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അസ്മാഅ് ഒരിക്കലും രഹസ്യം വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. ആഗതര്‍ ഭയപ്പെടുത്തി നോക്കി. ഫലം കാണാതിരുന്നപ്പോള്‍ അബൂജഹല്‍ കൈ ഉയര്‍ത്തി രോഷാകുലനായി അവരെ അടിച്ചു. അന്ന് അസ്മാഅ് എന്ന ആ മഹതി ഗര്‍ഭിണിയായിരുന്നു.
പ്രശ്നങ്ങളെ ബുദ്ധിപൂര്‍വം നേരിടാനുള്ള കഴിവ് അസ്മാഇന്റെ ഒരു പ്രത്യേകതയായിരുന്നു. കയ്യിലുള്ള 600 ദിര്‍ഹം മുഴുവന്‍ എടുത്തുകൊണ്ടായിരുന്നു അബൂബക്കര്‍(റ) നാടുവിട്ടത്. ഇതു മണത്തറിഞ്ഞ അബൂബക്കര്‍(റ)ന്റെ പിതാവ് മുശ്രിക്കായിരുന്ന അബുഖഹാഖ അസ്മാഅ്(റ)യുടെ വീട്ടില്‍ ചെന്നു. ബുദ്ധിമതിയായ അസ്മാഅ്(റ) കല്ലുകള്‍ കിഴിയില്‍ കെട്ടി കുലുക്കി കാണിച്ചുകൊടുത്ത് ഇതുമുഴുവന്‍ പിതാവ് തങ്ങള്‍ക്കുവേണ്ടി ബാക്കിവെച്ച പണമാണെന്ന് പറഞ്ഞ് അബൂബക്കര്‍(റ)വിന്റെ അഭിമാനം കാത്തു. പിതാമഹനെ സമാധാനിപ്പിക്കുക എന്നതിലുപരി ബഹുദൈവ വിശ്വാസിയായ അദ്ദേഹത്തെ ആശ്രയിക്കാതിരിക്കുക എന്നതു കൂടിയായിരുന്നു അസ്മാഅ്(റ) യുടെ ഉദ്ദേശ്യം.
അമര്‍ ഗ്രോത്രക്കാരിയും ബഹുദൈവ വിശ്വാസിനിയുമായിരുന്ന മാതാവ് പാരിതോഷികങ്ങളുമായി വീട്ടില്‍ വന്നപ്പോഴും ഇതേ നിലപാടു തന്നെയാണ് അസ്മ(റ) സ്വീകരിച്ചിരുന്നത്. അവസാനം ബഹുദൈവ വിശ്വാസിനിയായ മാതാവിനോട് ബന്ധം പുലര്‍ത്തണമോ എന്ന് ആയിശ(റ) മുഖേന അവര്‍ തിരുമേനി(സ)യോട് സംശയം ചോദിച്ചറിഞ്ഞു. മാതാവെന്ന നിലക്ക് അവരോട് ബന്ധം പുലര്‍ത്തുവാനും അതേസമയം ശിര്‍ക്കിന്റെ വിഷയത്തില്‍ അവരെ അനുസരിക്കാതിരിക്കാനും തിരുമേനി(സ) മറുപടി കൊടുത്തു. കുടുംബബന്ധത്തിന്റെ കാര്യത്തില്‍ വിശാല വീക്ഷണമുള്ള ഇസ്ലാമിന്റെ നയമായിരുന്നു അത്.
പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് അസ്മ മദീനയിലേക്ക് ഹിജ്റ പോയത്. യാത്രാക്ലേശം അവരെ വല്ലാതെ അലട്ടിയിരുന്നു. എന്നിട്ടും അവര്‍ പന്മാറിയില്ല. ഖുബായില്‍ എത്തിയപ്പോള്‍ അസ്മാഅ്(റ) ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടിയാണ് അബ്ദുല്ലാഹിബ്നു സുബൈര്‍. കുട്ടിയെ തിരുമേനി(സ) മടിയില്‍ വെച്ച് ആശീര്‍വദിക്കുകയുണ്ടായി.
മാതൃകാ കുടുംബിനിയായിരുന്നു അസ്മാഅ്. പട്ടിണിയിലും പ്രാരാബ്ധങ്ങളിലും ഞെരിഞ്ഞമര്‍ന്ന കുടുംബം. സുബൈറിന് ആകെയുള്ള സ്വത്ത് ഒരു കുതിരയാണ്. കുടുംബത്തോടൊപ്പം അതിനെയും അസ്മാഅ്(റ) തന്നെ ശുശ്രൂഷിക്കേണ്ടി വന്നു. ഭര്‍ത്താവിനെ അനുസരിച്ചും പ്രയാസത്തില്‍ സഹകരിച്ചും അദ്ദേഹത്തിന്റെ അഭിരുചികളെ മാനിച്ചും അവര്‍ ജീവിച്ചു. ഇല്ലായ്മയില്‍ ആവലാതിപ്പെടുകയോ വിധിയെ പഴിക്കുകയോ ചെയ്തില്ല.
പതിവുപോലെ ഒരു ദിവസം അസ്മാഅ് ഈത്തപ്പഴക്കുരു തലയില്‍ ചുമന്നു നടന്നുവരികയായിരുന്നു. ഒട്ടകപ്പുറത്തുണ്ടായിരുന്ന തിരുമേനി(സ) അതു കണ്ടു. ഉടനെ ഒട്ടകത്തെ മുട്ടുകുത്തിച്ച് അസ്മാഇനോട് അതില്‍ കയറാന്‍ പറഞ്ഞു. പക്ഷേ ഭര്‍ത്താവ് സുബൈര്‍(റ)ന്റെ ആത്മരോഷം ഭയന്ന് അസ്മാഅ് ഒട്ടകപ്പുറത്ത് കയറാന്‍ കൂട്ടാക്കിയില്ല. സുബൈര്‍(റ) ഇതറിഞ്ഞപ്പോള്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: ”നീ ചാക്കു തലയില്‍ വെച്ച് നടന്നു വരുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ ഒട്ടകപ്പുറത്ത് കയറി വരുന്നതായിരുന്നല്ലോ.” പിന്നീട് കുതിരയെ നോക്കാന്‍ ഒരു വേലക്കാരനെ അബൂബക്കര്‍(റ) മകള്‍ക്കായി നല്‍കി. അപ്പോള്‍ ഒരു സാമ്രാജ്യം മുഴുവന്‍ സ്വന്തമാക്കിയ സന്തോഷമാണ് അവര്‍ക്കുണ്ടായത്.
ഇതിനിടക്ക് അബ്ദുല്ലാഹിബ്നു സുബൈര്‍ വളര്‍ന്നു വലുതായി. യസീദ്ബ്നു മുആവിയയുടെ മരണ ശേഷം അബ്ദുല്ലാഹിബ്നു സുബൈര്‍(റ)വിനെ ജനങ്ങള്‍ പിന്തുണ നല്‍കി അധികാരത്തിലേറ്റി. ഹിജാസും ഈജിപ്തും ഇറാഖും ഖുറാസാനുസീമിയയുടെ മിക്ക ഭാഗങ്ങളും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. അധികം കഴിഞ്ഞില്ല അബ്ദുല്ലാഹിബ്നു സുബൈറിനെ ഭരണത്തില്‍ നിന്നു താഴെയിറക്കാന്‍ ഹജ്ജാജുബ്നു യൂസുഫ് ഒരു വലിയ സൈന്യത്തെയും കൊണ്ട് മുന്നോട്ടുവന്നു. ഇരുപക്ഷവും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടന്നു. ഒരു ധീരസേനാനിക്ക് യോജിച്ച പ്രകാരം ഇബ്നു സുബൈര്‍ പോരാടി. തന്റെ കൂടെയുണ്ടായിരുന്ന അനുകൂലികള്‍ കുറഞ്ഞു പോയപ്പോള്‍ പരിശുദ്ധ കഅ്ബയുടെ സുരക്ഷിതത്വത്തില്‍ അദ്ദേഹത്തിന് അഭയം പ്രാപിക്കേണ്ടി വന്നു. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും ചുട്ടുചാമ്പലാക്കിയും ഹജ്ജാജിന്റെ സൈന്യം മക്ക വരെ വന്നു. ഇബ്നു സുബൈറിനോട് കീഴടങ്ങാനും നാടുവിടാനുമായിരുന്നു ഹജ്ജാജിന്റെ കല്‍പന. പക്ഷെ ഭീരുവായി ജീവിക്കുന്നതിനേക്കാള്‍ പിതാവിനെപ്പോലെ ധൈര്യവാനായി മരണം വരിക്കലാണ് നല്ലതെന്ന് ഇബ്നു സുബൈര്‍ തീരുമാനിച്ചു.
ഭീകരത തളംകെട്ടിനിന്ന ഈ അന്തരീക്ഷത്തില്‍ വയോവൃദ്ധയായ മാതാവ് അസ്മാഇനെ കാണാന്‍ അദ്ദേഹം എത്തി. ഉമ്മയുടെ അഭിപ്രായം തേടലായിരുന്നു ലക്ഷ്യം. ”ഉമ്മാ, ജനങ്ങള്‍ എന്നെ കൈവെടിഞ്ഞു. ഹജ്ജാജിന്റെ ആനുകൂല്യങ്ങളോര്‍ത്ത് അവരെല്ലാം കൂറുമാറി. ഇനി മണിക്കൂറുകള്‍ മാത്രമേ പിടിച്ചു നില്‍ക്കാനാവൂ. ഈ സമയത്ത് ഉമ്മയുടെ മോന്‍ എന്ത് ചെയ്യണം. ആയുധം വെച്ച് കീഴടങ്ങണമോ? അതോ യുദ്ധം ചെയ്തു വീരമൃത്യുവരിക്കണമോ?”
അസ്മാഅ് വികാരാധീനയാകാതെ ഉറച്ച സ്വരത്തില്‍ മറുപടി പറഞ്ഞു: ”ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നീ തന്നെയാണ്. നീ സത്യത്തിന് വേണ്ടിയാണ് ഇതുവരെ പോരാടിയിരുന്നതെങ്കില്‍ ആ സത്യത്തിന് വേണ്ടി ഇനിയും പോരാടുക. അഥവാ ഭൗതിക താല്‍പര്യമാണ് നിനക്കുള്ളതെങ്കില്‍ നിന്നെക്കാള്‍ ചീത്തയായ മനുഷ്യനില്ല.”
”പക്ഷെ ഞാന്‍ ഇന്ന് വധിക്കപ്പെടും, തീര്‍ച്ച.”
”ഹജ്ജാജിന് സ്വമനസ്സാല്‍ കീഴടങ്ങുന്നതിനേക്കാള്‍ അതാണ് നിനക്ക് നല്ലത്.”
ഇതു കേട്ടപ്പോള്‍ ഇബ്നു സുബൈറിന്റെ മുഖത്ത് സംതൃപ്തി പരന്നു. ”നിങ്ങള്‍ അനുഗൃഹീതയായ ഒരു മാതാവ് തന്നെ.” മാതാവിനെ അഭിനന്ദിച്ച് അദ്ദേഹം ഇങ്ങനെ തുടര്‍ന്നു. ”ഇതു കേള്‍ക്കാന്‍ തന്നെയാണ് ഞാനിവിടെ വന്നത്. ഞാന്‍ ഭീരുവോ ദുര്‍ബലനോ ആയിട്ടില്ലെന്ന് അല്ലാഹുവിനറിയാം. അല്ലാഹുവിന്റെ വിധിവിലക്കുകളെ പിച്ചിച്ചീന്തുന്നതിലുള്ള ധാര്‍മിക രോഷം കൊണ്ട് മാത്രമാണ് ഞാനിതിനിറങ്ങിയത്. ഞാന്‍ പുറപ്പെടുന്നു. എന്നെയോര്‍ത്ത് ഉമ്മ ദു:ഖിക്കരുത്.”
ഇബ്നു സുബൈര്‍ മാതാവിന്റെ കൈകാലുകളില്‍ വീണ് തുരുതുരാ ചുംബിച്ചു. പടയങ്കി മാറ്റി നീണ്ട കാലുറ ധരിക്കാന്‍ മാതാവ് മകനെ ഉപദേശിച്ചു. പ്രഞ്ജയറ്റ് നിലത്തു വീഴുമ്പോള്‍ ഗുഹ്യഭാഗങ്ങള്‍ പുറത്തു കാണാതിരിക്കേണ്ടതിന് വേണ്ടിയായിരുന്നു അത്. ”എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഉമ്മ മറക്കരുത്.” പോകുമ്പോള്‍ മകന്‍ അഭ്യര്‍ഥിച്ചു. ആ യാത്ര അവസാനത്തേതായിരിന്നു. അന്ന് സൂര്യന്‍ അസ്തമിക്കും മുമ്പ് അബ്ദുല്ലാഹിബ്നു സുബൈര്‍ കൊല്ലപ്പെട്ടു. കഷ്ടിച്ചു രണ്ടാഴ്ച തികയുന്നതിന് മുമ്പായി ഈ വീരമാതാവും മകനെ അനുഗമിച്ചു. 50ല്‍ പരം ഹദീസുകള്‍ അസ്മാഅ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top