LoginRegister

അസത്യത്തിന്റെ അതിര്‌

Feed Back


പ്രിയപ്പെട്ടവരോടുള്ള നമ്മുടെ സംസാരങ്ങള്‍ എത്രമേല്‍ സത്യസന്ധമാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? താല്‍ക്കാലിക ആശ്വാസത്തിന് എന്ന പേരില്‍ നാം എത്രയെത്ര അസത്യങ്ങളാണ് മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ടാവുക!
എവിടെയെത്തി, എപ്പോള്‍ പുറപ്പെട്ടു, എന്തു ചെയ്യുന്നു, ഓര്‍മയുണ്ടോ തുടങ്ങിയ നാം സാധാരണ നേരിടുന്ന ചോദ്യങ്ങള്‍ക്ക് തീര്‍ത്തും സത്യമായ ഉത്തരം കൈമാറിയ അവസരങ്ങള്‍ വളരെ അപൂര്‍വമാവും.
മറ്റൊരാളെ പിണക്കേണ്ടെന്നോ അവര്‍ക്ക് പ്രതീക്ഷ നല്‍കണമെന്നോ കരുതി നാം നല്‍കുന്ന അസത്യം ഉള്‍ക്കൊള്ളുന്ന മറുപടി യഥാര്‍ഥത്തില്‍ അവര്‍ക്ക് നമ്മിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതിന് അടിസ്ഥാനമായേക്കാനുള്ള സാധ്യത ഏറെയാണ്.
മനുഷ്യന്‍ സത്യസന്ധനാവുക എന്നത് എല്ലാവരും കൊതിക്കുന്ന ഒന്നാണ്. എന്നാല്‍ പൂര്‍ണമായും സത്യത്തില്‍ ജീവിക്കുക എന്നത് അത്ര എളുപ്പമല്ല താനും. ആ ആയാസം നിലനില്‍ക്കുന്നതു കൊണ്ടുതന്നെയാണ് സത്യസന്ധന്‍ എന്ന വിശേഷണം നമുക്ക് ബഹുമതിയായി അനുഭവപ്പെടുന്നത്.
ഒരിക്കല്‍ ഒരു നാട്ടില്‍ മതപ്രഭാഷണത്തിനായി ഒരു പ്രസംഗകന്‍ എത്തി. സത്യവും ധര്‍മവും മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു അദ്ദേഹം ഊന്നിപ്പറഞ്ഞത്. കഥകളും സംഭവങ്ങളുമെല്ലാം പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് പറഞ്ഞ ഒരു സംഭവത്തില്‍ അദ്ദേഹം ചില പൊടിപ്പും തൊങ്ങലും തന്റേതായി കൂട്ടി. യഥാര്‍ഥത്തിലുള്ള സംഭവം എന്താണെന്ന് അറിയുന്ന ആളുകള്‍ കേള്‍വിക്കാരില്‍ ഉണ്ടായിരുന്നു. ഈ സംഭവത്തിന്റെ പ്രസംഗകന്റെ വിവരണം കേട്ടതോടെ ‘നുണ പറഞ്ഞാണോ അവന്‍ സത്യം പറയാന്‍ പ്രേരിപ്പിക്കുന്നത്’ എന്ന ചോദ്യമാണ് അവരില്‍ നിന്ന് ഉണ്ടായത്.
സത്യത്തിന്റെ അതിര് വളരെ നേരിയതാണ്. അത് കൃത്യവുമാണ്. വിശദാംശങ്ങളില്‍ പോലും വന്നുചേരുന്ന ചെറിയ തൊങ്ങലുകള്‍ പോലും അതിനെ സത്യമല്ലാതാക്കി മാറ്റും. എന്നാല്‍ നുണയോ? അതിന്റെ അതിര് വിശാലമാണ്. സത്യമല്ലാത്തതെല്ലാം അവിടെയാണ് എത്തിച്ചേരുക. ഒന്നു തെറ്റിയാല്‍ ഇല്ലാതായിപ്പോകുന്ന സത്യത്തില്‍ സഞ്ചരിക്കാനാണ് പ്രയാസം. അതിന് സാധിക്കുമോ എന്നതുതന്നെയാണ് പ്രധാന ചോദ്യം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top