LoginRegister

അവസാനത്തെ ഇല

ഷെരീഫ് സാഗര്‍

Feed Back


ന്യൂയോര്‍ക്കിലെ ഗ്രീന്‍വിച്ച്. കലാകാരന്മാരുടെ ഗ്രാമം. ഡച്ച് രീതിയിലുള്ള അവിടത്തെ കെട്ടിടങ്ങളിലെ കുറഞ്ഞ വാടകയില്‍ ആകൃഷ്ടരായി ചിത്രകാരന്മാരും ചിത്രകാരികളും എത്തുന്നു. അക്കൂട്ടത്തിലെ രണ്ട് ആര്‍ട്ടിസ്റ്റുകളായിരുന്നു സ്യൂ, ജോണ്‍സി എന്നീ പെണ്‍കുട്ടികള്‍. ഇഷ്ടിക കൊണ്ടുണ്ടാക്കിയ മൂന്ന് നില കെട്ടിടത്തിന്റെ മുകളിലായിരുന്നു അവരുടെ മുറി. അവിടെ വെച്ച് അവര്‍ ജീവിതത്തിന് നിറം നല്‍കി വരികയായിരുന്നു. അങ്ങനെയിരിക്കെ ശൈത്യകാലം വന്നു. ജോണ്‍സിക്ക് ന്യൂമോണിയ ബാധിച്ചു. ഡോക്ടര്‍മാര്‍ അവളെ കൈവിട്ടു. ശാസ്ത്രത്തിന് ഇനിയൊന്നും ചെയ്യാനില്ലെന്നും ജീവിതത്തോട് ആശയുണ്ടായാല്‍ അവളെ രക്ഷിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.
കാറ്റ് വീശുന്നുണ്ടായിരുന്നു. ജാലകത്തിനു പുറത്തെ മുന്തിരിവള്ളിയിലെ ഇലകള്‍ കാറ്റത്ത് നൃത്തം ചെയ്യുന്നു. അവ ഓരോന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു. ആ ഇലകള്‍ തന്റെ അവസ്ഥയിലാണെന്ന് ജോണ്‍സി സ്യൂവിനോട് പറഞ്ഞു. ആ മുന്തിരിവള്ളികളില്‍ നിന്ന് അവസാനത്തെ ഇലയും പൊഴിയുമ്പോള്‍ താന്‍ മരിച്ചുപോകുമെന്നും അവള്‍ പറഞ്ഞു.
എട്ട്, ഏഴ്, ആറ്… ഇലകള്‍ ഓരോന്നായി വീണുകൊണ്ടിരുന്നു. അങ്ങനെ വീണുപോകാന്‍ നീ വെറുമൊരു ഇലയല്ലെന്ന് സ്യൂ അവളോട് പറഞ്ഞു. പുറത്ത് കാറ്റ് ശക്തമായി. ഇലകളോരോന്ന് പൊഴിയുന്തോറും ജോണ്‍സി മരണത്തെ കാത്തു. സ്യൂ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബെഹര്‍മാന്‍ എന്ന വയോധികനായ വിഖ്യാത കലാകാരനാണ് താഴത്തെ നിലയില്‍ താമസിക്കുന്നത്. കുറേ കാലമായി അയാള്‍ ഒന്നും വരച്ചിരുന്നില്ല. ഒരു മാസ്റ്റര്‍പീസിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അവസാനത്തെ ഇലയെക്കുറിച്ച് സ്യൂ അയാളോട് പറഞ്ഞു.
അവസാനത്തെ ഇല പൊഴിയുന്ന രാത്രിയില്‍ കനത്ത കാറ്റും മഴയുമുണ്ടായി. ആ രാത്രിയില്‍ അവസാന ഇലയും പൊഴിഞ്ഞിട്ടുണ്ടാകുമെന്ന് ജോണ്‍സി ഉറപ്പിച്ചു. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ജാലകത്തിന്റെ കര്‍ട്ടന്‍ നീക്കാന്‍ ജോണ്‍സി സ്യൂവിനോട് ആവശ്യപ്പെട്ടു. പേടിച്ച് പേടിച്ചാണ് അവളത് ചെയ്തത്. കര്‍ട്ടന്‍ നീക്കിയതും സ്യൂ അമ്പരന്നു. എല്ലാ ഇലകളും പൊഴിഞ്ഞ വള്ളിയില്‍ അവസാനത്തെ ഇല മാത്രം പൊഴിയാതെ നില്‍ക്കുന്നു. കൊടുങ്കാറ്റിലും പേമാരിയിലും വീണുപോകാത്ത ഇല.
സത്യത്തില്‍ അവസാനത്തെ ഇലയും പൊഴിഞ്ഞിരുന്നു. എന്നാല്‍ ജോണ്‍സിയുടെ ജീവന്‍ നിലനിര്‍ത്താനായി ബെഹര്‍മാന്‍ വരച്ചുവെച്ച ആത്മവിശ്വാസത്തിന്റെ ഇലയായിരുന്നു അത്. അതു കണ്ടതും ജോണ്‍സി ചാടിയെണീറ്റു. അവളുടെ അസുഖമൊക്കെ പമ്പകടന്നു. ശരീരത്തിന് ആരോഗ്യവും ഉന്മേഷവും ലഭിച്ചതായി അവള്‍ക്ക് തോന്നി. വൈകാതെ അസുഖം മാറുമെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞു. അതു കേട്ട് ജോണ്‍സി വളരെ സന്തോഷിച്ചു. മരണക്കിടക്കയില്‍ നിന്ന് അവള്‍ ജീവിതത്തിലേക്ക് മടങ്ങി. എന്നാല്‍, അവളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച ബെഹര്‍മാന്‍ തന്റെ മാസ്റ്റര്‍പീസ് വരച്ചതിനു ശേഷം ന്യൂമോണിയ ബാധിച്ച് മരിച്ചു.
അസുഖമൊക്കെ മാറിയ ജോണ്‍സിയോട് സ്യൂ പറഞ്ഞു: ”എന്റെ വെള്ളെലിക്കുഞ്ഞേ, നിന്നോടൊരു കാര്യം പറയാനുണ്ട്. നിന്റെ ജീവന്‍ നിലനിര്‍ത്തിയ ബെഹര്‍മാന്‍ ന്യൂമോണിയ പിടിച്ച് ഇന്ന് ആശുപത്രിയില്‍ വെച്ചു മരിച്ചു. രണ്ടു ദിവസം മാത്രമേ അയാള്‍ സുഖമില്ലാതെ കിടന്നുള്ളൂ. ആദ്യ ദിവസം രാവിലെ അയാള്‍ വേദന കൊണ്ടു പുളയുന്നത് വാച്ച്മാന്‍ കണ്ടിരുന്നു. അയാളുടെ വസ്ത്രവും ഷൂസുമെല്ലാം നനഞ്ഞു കുതിര്‍ന്നിരുന്നു. കാറ്റും മഴയും നിറഞ്ഞ രാത്രിയില്‍ അയാള്‍ എവിടെപ്പോയിരുന്നു എന്ന് അവര്‍ അദ്ഭുതപ്പെട്ടു. അപ്പോഴും അണഞ്ഞിട്ടില്ലാത്ത ഒരു വിളക്കും അവര്‍ അവിടെ കണ്ടു. നീളമുള്ള ഏണി വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നു. ബ്രഷുകള്‍ ചിതറിക്കിടന്നിരുന്നു. വിവിധ നിറങ്ങള്‍ ചാലിച്ച ഒരു ചായപ്പലകയും അടുത്തുതന്നെയുണ്ടായിരുന്നു. അവിടെ അവശേഷിച്ച ആ ഇലയെ നീയൊന്നു സൂക്ഷിച്ചുനോക്ക്. കാറ്റു വീശിയപ്പോള്‍ ഒരു തവണ പോലും അത് ഒന്നിളകുകപോലും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് നീ അദ്ഭുതപ്പെട്ടോ? അവസാനത്തെ ഇല കൊഴിഞ്ഞുവീണ ആ രാത്രിയില്‍ കാറ്റും മഴയും അവഗണിച്ച് അയാള്‍ ആ ഭിത്തിയില്‍ പെയിന്റു ചെയ്തു ചേര്‍ത്തതാണ് ആ ഇല.”
ഒ ഹെന്‍ട്രി എഴുതിയ കഥയാണിത്. ജീവിതം തന്നെ അറ്റുപോകുമെന്ന് കരുതി, നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകുന്നവര്‍ക്ക് ആത്മവിശ്വാസത്തിന്റെ ചെറിയൊരു സ്പര്‍ശമെങ്കിലും നല്‍കാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. പ്രകൃതിയുടെ പെരുമാറ്റങ്ങളാണ് ചിലര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. മനുഷ്യരുടെ ഒരു നോട്ടമോ സ്പര്‍ശമോ ചിലരെ വലിയ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നു. അസുഖം ബാധിച്ചവരോടുള്ള നമ്മുടെ പെരുമാറ്റം എങ്ങനെയായിരിക്കണം? അവരെ സന്ദര്‍ശിക്കുക, ആശ്വാസം പകരുക, അതിനപ്പുറം പ്രതീക്ഷ നല്‍കുക.
മനസ്സിന്റെ കരുത്തു കൊണ്ട് നിരവധി പേര്‍ അസുഖങ്ങളെ അതിജീവിക്കാറുണ്ട്. മാരകമായ രോഗങ്ങളെ പോലും ഇച്ഛാശക്തിയിലൂടെ ചെറുത്തു തോല്‍പിച്ചവരുണ്ട്. അവര്‍ക്ക് ആ കരുത്ത് കിട്ടുന്നത് ചുറ്റുപാടുകളുടെ സ്വാധീനം കൊണ്ടാണ്. ചുറ്റുമുള്ളവര്‍ നല്‍കുന്ന ധൈര്യമാണ് ജീവിതത്തെ സംബന്ധിച്ച് അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നത്. കോവിഡ് കാലത്ത് സംഭവിച്ച മരണങ്ങളില്‍ പലതും ഹൃദയാഘാതം കൊണ്ടായിരുന്നു. ഭയവും ഒറ്റപ്പെടലുമാണ് അവരെ മരണത്തിലേക്ക് നയിച്ചത്. ചിലര്‍ രോഗികളെ കാണാന്‍ ചെല്ലുമ്പോള്‍ തന്നെ ‘ഇതേ രോഗം ബാധിച്ചാണ് തന്റെ കുടുംബത്തിലൊരാള്‍ മരിച്ചതെ’ന്ന് പറഞ്ഞ് പേടിപ്പിക്കും. അതല്ലെങ്കില്‍ രോഗത്തെ സംബന്ധിച്ച് നിരാശയും ഭീകരതയും മാത്രം പറഞ്ഞുകൊണ്ടിരിക്കും. അത്തരം സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക എന്നത് രോഗിയോട് ചെയ്യേണ്ട നീതിയാണ്. രോഗിയെ സന്തോഷിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന സംസാരവും പെരുമാറ്റവുമാണ് വേണ്ടത്.
വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി വേണ്ട സമയത്ത് വേണ്ടത് ചെയ്യുക എന്നതാണ് മനുഷ്യ ധര്‍മം. എ അയ്യപ്പന്റെ ‘കടലാസുപക്ഷി’ എന്നൊരു കവിതയുണ്ട്. തണുപ്പുകാലത്ത് മുത്തശ്ശിക്ക് പുതപ്പ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത നൊമ്പരത്തെ അക്ഷരം പുതപ്പിച്ച കവിത.
”തണുപ്പുകാലത്ത്
എന്റെ മുത്തശ്ശിയോട്
വാക്കു പറഞ്ഞിരുന്ന
പുതപ്പു സമ്മാനിക്കാന്‍
എനിക്കു കഴിഞ്ഞില്ല.
ആ മനസ്സില്‍
എന്നെച്ചൊല്ലിയെരിയുന്ന
തീയുണ്ടെന്നെനിക്കറിയാം.
വേനലവധിക്ക്
അമ്മാവന്റെ വരവും
ചായപ്പെന്‍സിലുകളും
കിട്ടാതെപോയ കുട്ടികളുടെ
പ്രതീക്ഷകളുമെനിക്കറിയാം.”
നമുക്ക് വേണ്ടപ്പെട്ടവരെല്ലാം പ്രതീക്ഷിക്കുന്നത് നമ്മുടെ സാമീപ്യവും സ്‌നേഹവുമാണ്. പിന്നെ കൊച്ചുകൊച്ചു ആവശ്യങ്ങളും. യാതൊരു ആവശ്യങ്ങളുമില്ലാതെ നമ്മെ സ്‌നേഹിക്കുന്നവരുമുണ്ട്. അവരെയെല്ലാം അറിയുക, അവര്‍ക്ക് വേണ്ട സമയത്ത് അവരോടൊപ്പം നില്‍ക്കുക, അവരുടെ ചിരിയുടെ മനോഹാരിത ഹൃദയത്തില്‍ സ്വീകരിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top