LoginRegister

അവധിക്കാല യാത്ര കുട്ടികളുടെ മനസ്സറിഞ്ഞ്‌

നൂര്‍ജഹാന്‍ കെ

Feed Back


എന്റെ ചെറുപ്പകാലത്ത്, അവധിക്കാലങ്ങളില്‍ പരപ്പനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കുടുംബസഞ്ചാരം എനിക്കോര്‍മയുണ്ട്. പരപ്പനങ്ങാടി റെയിവേ സ്റ്റേഷനില്‍ എത്തുമ്പോഴെല്ലാം ആ പഴയ ചിത്രങ്ങള്‍ എനിക്കോര്‍മ വരും. കാക്കി നിറത്തിലുള്ള തടിച്ച കാര്‍ഡ് പോലെയുള്ള റെയില്‍വേ ടിക്കറ്റും ട്രെയിനില്‍ കമ്പിയില്‍ പിടിക്കാതെയും വീണുപോവാതെ നില്‍ക്കാമെന്ന അത്ഭുതവും ഈ അത്ഭുതങ്ങള്‍ പങ്കിടുന്ന എന്റെ കുഞ്ഞനിയത്തിയുടെയും അനിയന്റെയും കണ്ണിലെ ആനന്ദവും പിന്നെ കടലും മിഠായി തെരുവും പാര്‍ക്കുമടക്കമുള്ള കോഴിക്കോടെന്ന ലോകവും ഞങ്ങളുടെ പെര്‍ഫെക്റ്റ് വിനോദ സഞ്ചാരമായിരുന്നു. ഈ സഞ്ചാരങ്ങളില്‍ ഓരോന്നിലും ഉപ്പയും ഉമ്മയും ഞങ്ങള്‍ക്ക് ചില വാസ്തവങ്ങള്‍ പറഞ്ഞുതരുമായിരുന്നു. തീവണ്ടിയെ കുറിച്ചുള്ളത്, കടലിനെ കുറിച്ചുള്ളത്… അങ്ങനെയങ്ങനെ കിസ്സ നിറഞ്ഞ സഞ്ചാരങ്ങള്‍. ഓരോ കിസ്സയും ഞങ്ങളില്‍ ഉണര്‍ത്തുന്ന ആകാംക്ഷയും അത്ഭുതവും ആനന്ദവും കണ്ട് ഉമ്മയും ഉപ്പയും സംതൃപ്തിയടഞ്ഞിരിക്കണം.
വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അതേ അനുഭൂതി തന്നെയാണല്ലോ എന്റെ മകളെയും മകനെയും കൂട്ടിയുള്ള വിനോദ സഞ്ചാരങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നത്. കുഞ്ഞു കുഞ്ഞു അത്ഭുതങ്ങള്‍, കിസ്സകള്‍… അവരുടെ കണ്ണുകളില്‍ തെളിയിക്കുന്ന അത്ഭുതവും ആനന്ദവുമെല്ലാം കാണാന്‍ തന്നെയാണല്ലോ ഞാനും ഈ സഞ്ചാരങ്ങളൊക്കെയും കുട്ടികളെയും കൂട്ടി നടത്തുന്നത്.
സഞ്ചാരങ്ങള്‍ കുട്ടികളുടെ കാഴ്ചകളെയും വീക്ഷണങ്ങളെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ്. കടലിനെക്കുറിച്ചു എത്ര വായിച്ചാലും കേട്ടാലും കടല് കാണുന്ന അത്ര തന്നെ ആ വായനകളൊന്നും വരില്ല. കുട്ടികളുടെ ചിന്തകളുടെയും ആശയങ്ങളുടെയും രൂപീകരണത്തില്‍ യാത്രകള്‍ക്ക് കൃത്യമായി സ്വാധീനിക്കാനാവും. മാത്രവുമല്ല, വ്യത്യസ്ത ആളുകളും സ്ഥലങ്ങളുമായും ഇടപെടാനും പൊരുത്തപ്പെടാനുമുള്ള വഴക്കം യാത്രകളിലൂടെ കുട്ടികള്‍ നേടിയെടുക്കും. വ്യത്യസ്ത ഭക്ഷണങ്ങളോടും കാലാവസ്ഥയോടുമെല്ലാം ഇടപഴകുന്ന കുട്ടികള്‍ക്ക് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള താല്പര്യവും കൂടുതലായിരിക്കും. ഈ കാര്യങ്ങള്‍ കൊണ്ടൊക്കെ തന്നെ കുട്ടികളുടെ ജീവിതത്തില്‍ യാത്രകള്‍ ഉള്‍ക്കൊള്ളിക്കുക എന്നത് അവരുടെ ക്രിയാത്മകമായ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് മനസ്സിലാക്കാം. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ കുട്ടികളെയും കൊണ്ടുള്ള യാത്രകളെ അത്ര അനുകൂലമായല്ല സമീപിച്ചിരുന്നത്. കുട്ടികളുണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ട് യാത്രകള്‍ ചെയ്യാത്ത/ ചെയ്യാന്‍ അനുവദിക്കപ്പെടാത്ത സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. കുട്ടികളുടെ പരിപാലനം സ്ത്രീകളുടെ മാത്രം ജോലിയാണെന്ന് വിശ്വസിച്ചു പോരുന്ന സമൂഹത്തില്‍ കുട്ടികളുണ്ട് എന്ന കാരണം കൊണ്ട് പുരുഷാന്മാര്‍ക്ക് അത്ര തന്നെ യാത്രകള്‍ വേണ്ടെന്നു വെക്കേണ്ടി വരാറുമില്ല. എന്നാല്‍ സ്ത്രീകളുടെ യാത്ര ജീവിതത്തില്‍ കുട്ടികളുടെ വരവ് പല അര്‍ഥത്തില്‍ നിയന്ത്രണ വിധേയമാക്കാറുമുണ്ട്. എന്നാല്‍ കുട്ടികളുണ്ട് എന്ന കാരണം കൊണ്ട് യാത്രകള്‍ മാറ്റി വെക്കുന്നതിനു പകരം കുട്ടികളെയും കൂട്ടിയുള്ള യാത്രകള്‍ എങ്ങനെ ആസൂത്രണം ചെയ്യാമെന്ന ആലോചന പാരന്റിംഗിന്റെ തന്നെ ഭാഗമായി മാറേണ്ടതുണ്ട്.
ഇന്ന് വിനോദ സഞ്ചാരങ്ങള്‍ അവധിക്കാലങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ടുണ്ട്. കൊറോണക്ക് ശേഷം കുടുംബവുമായുള്ള വിനോദ സഞ്ചാരങ്ങള്‍ മിക്ക കുടുംബങ്ങളും വളരെ താല്പര്യത്തോടെ തന്നെ നടപ്പിലാക്കാറുമുണ്ട്. എന്നാല്‍ കുട്ടികളെയും കൊണ്ടുള്ള യാത്ര എങ്ങനെയാണ് ആസൂത്രണം ചെയ്യാറുള്ളത്? യാത്രകളുടെ സ്ഥലം നിശ്ചയിക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ കുട്ടികളുണ്ട് എന്ന കാര്യത്തെ എത്രത്തോളം പരിഗണിക്കാറുണ്ട്? കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുന്ന മാതാപിതാക്കളുടെ പ്രത്യേകിച്ചും മാതാക്കളുടെ സൗകര്യവും സുഖവും എത്രത്തോളം പരിഗണിക്കാറുണ്ട്? യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അഭിപ്രായങ്ങള്‍ എത്രമാത്രം മുഖവിലക്കെടുക്കാറുണ്ട്?
കുട്ടികളുമായുള്ള യാത്രകള്‍ തന്നെ പല വിധത്തിലുണ്ട്. കുട്ടികളെ ജീവിതത്തിന്റെ ഒട്ടു മിക്ക യാത്രകളുടെയും ഭാഗമാക്കി ശീലിപ്പിച്ചെടുത്ത മാതാപിതാക്കളുണ്ടാവാം. ഇത്തരം മാതാപിതാക്കള്‍ക്കും അങ്ങനെ ശീലിച്ച കുട്ടികള്‍ക്കും ഒരു യാത്രക്ക് വേണ്ടി ഒരുങ്ങുക എന്നതും യാത്ര ചെയ്യുക എന്നതും താരതമ്യേന എളുപ്പമായിരിക്കും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളെയും കൊണ്ട് യാത്ര ചെയ്തു ശീലമില്ലാത്തവര്‍ യാത്രക്കൊരുങ്ങുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്ര കുറച്ചു കൂടെ ആസ്വാദ്യകരമാക്കാനാവും. അത്തരം യാത്രകള്‍ എങ്ങനെ ക്രിയാത്മകമായി ആസൂത്രണം ചെയ്യാനാവും?
പ്രായം പരിഗണിക്കുക
യാത്ര ചെയ്യുന്ന കുട്ടികളുടെ പ്രായം പരിഗണിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ പരിഗണന, സ്ഥലങ്ങള്‍ നിശ്ചയിക്കുന്നത് മുതല്‍ താമസം വരെയുള്ള കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ സഹായിച്ചേക്കും. സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍ തീരുമാനിക്കുമ്പോള്‍ കൈകുഞ്ഞുങ്ങളുമായുള്ള മാതാപിതാക്കളുടെ സൗകര്യവും കുട്ടികളുടെ താല്‍പര്യവും ഒരുപോലെ പരിഗണിക്കേണ്ടത് വളരെ അത്യാവശ്യവുമാണ്. അല്ലാതെ വരുമ്പോള്‍ കുട്ടികള്‍ക്ക് യാത്ര അലോസരവും മാതാപിതാക്കള്‍ക്ക് യാത്ര കഠിനവും ശ്രമകരവുമാവാം. ഉദാഹരണത്തിന് കുട്ടികളെയും കൊണ്ട് പോകുമ്പോള്‍ മലകയറ്റവും സമാനമായ പ്രവര്‍ത്തനങ്ങളും സാധ്യമാവില്ല. അത്തരം സ്ഥലങ്ങളെ ഒഴിവാക്കി ആസൂത്രണം ചെയ്യാന്‍ ശ്രമിക്കാം.

. കൈക്കുഞ്ഞല്ലാതെ കുട്ടികളാണെങ്കില്‍ അവര്‍ക്ക് കൂടെ ആസ്വദിക്കാവുന്ന സ്ഥലങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
. യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. യാത്രാ ടിക്കറ്റ്, താമസം എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുക.
. സുരക്ഷിതമായ താമസ സ്ഥലം തിരഞ്ഞെടുക്കുക.
ആസ്വാദ്യകരമാക്കാം
ധാരാളം സന്ദര്‍ശന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റും തിരക്കുകൂട്ടിയുള്ള യാത്ര ആക്കാതിരിക്കുക. സമയമെടുത്തും വിശ്രമിച്ചും സന്ദര്‍ശിക്കാവുന്ന തരത്തില്‍ യാത്രകളെ ആസൂത്രണം ചെയ്യുക. അങ്ങനെ വരുമ്പോള്‍ ഒന്നോ രണ്ടോ സ്ഥലങ്ങളേ ഏകദിന യാത്രകളില്‍ സന്ദര്‍ശിക്കാനാവൂ. എങ്കിലും സ്ഥലങ്ങള്‍ ആയാസത്തോടെയും ആശ്വാസത്തോടെയും സന്ദര്‍ശിക്കാന്‍ സാധിക്കും. കൂടാതെ യാത്രയും ആസ്വാദ്യകരമാക്കാം.
ദീര്‍ഘ ദൂര ഏക ദിന യാത്രകളേക്കാള്‍ കുറഞ്ഞ അകലത്തിലുള്ള ഏക ദിന യാത്രകള്‍ ആസൂത്രണം ചെയ്യുക. അതല്ലെങ്കില്‍ ഏകദിന യാത്ര എന്നതിന് പകരം താമസം കൂടെ ഉള്‍പ്പെടുത്തി ദ്വിദിന യാത്രയാക്കി മാറ്റുക. കാരണം കുട്ടികളുമായുള്ള യാത്രകളില്‍ നല്ല വിശ്രമം ലഭിച്ചില്ലെങ്കില്‍ ആരോഗ്യം മോശമാവുകയും അത് യാത്രയെ തന്നെ ബാധിക്കുകയും ചെയ്യും.
മുന്‍കരുതല്‍ വേണം
കാലാവസ്ഥ മാറുന്നത് കൊണ്ടോ യാത്ര ചെയ്യുന്നത് കൊണ്ടോ അസുഖം വരുന്ന കുട്ടികളുണ്ടെങ്കില്‍ പ്രതിവിധികള്‍ ആദ്യമേ ചെയ്യുക. അത്യാവശ്യം വേണ്ട മരുന്നുകള്‍ കരുതുക.
കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ ബേബി കാരിയര്‍ ഉപയോഗിക്കുക. ദീര്‍ഘ നേരം കുട്ടികളെ എടുത്തു നടക്കുമ്പോള്‍ ഉണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കും. മാതാവും പിതാവും അതുപയോഗിച്ചു ശീലിക്കുന്നത് ഉപകാരപ്പെടും.
കൈകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ കരുതുക. റാഗി, പൊടിയരിക്കഞ്ഞി, ഭക്ഷണം പാകം ചെയ്യാന്‍ തക്ക തരത്തിലുള്ള സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവ എടുക്കുക.
മുല കുടിക്കുന്ന കുട്ടികളുടെ ഉമ്മമാര്‍ എവിടെവെച്ചും മുലകൊടുക്കാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കുകയും അതിനു തക്ക തരത്തിലുള്ള വസ്ത്രവും കരുതുക.

സാധനങ്ങള്‍ കുറക്കുക
ട്രെയിനിലോ മറ്റോ യാത്ര ചെയ്യുന്നവര്‍, യാത്രാ സാധനങ്ങള്‍ കുറക്കുക. എന്നാല്‍ യാത്രാനുയോജ്യമായതും പോകുന്ന സ്ഥലത്തെ കാലാവസ്ഥയെ കണക്കിലെടുത്തുകൊണ്ടുമുള്ള വസ്ത്രം കരുതുക.
. സ്വര്‍ണാഭരണങ്ങള്‍ യാത്രകളില്‍ കുട്ടികള്‍ പോലും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.
. ഗുണമേന്മയുള്ള ഭക്ഷണവും വെള്ളവും കഴിക്കുക. കഴിവതും, തെരുവ് ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക. ഉപ്പിലിട്ടത് പോലെയുള്ള ഭക്ഷണം പാടെ ഒഴിവാക്കുക.
കുട്ടികളെ പരിഗണിക്കുക
. സന്ദര്‍ശിക്കുന്ന സ്ഥലത്തെ ഭക്ഷണം കുട്ടികളെ രുചിക്കാന്‍ പ്രേരിപ്പിക്കുക. അതു യാത്രയുടെ ഒരു ലക്ഷ്യമാണെന്നു അവരെ ബോധ്യപ്പെടുത്തുക.
. സന്ദര്‍ശിക്കാന്‍ പോവുന്ന സ്ഥലത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ കുട്ടികളോട് പറയുക. അതുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ കഥയായി പറയാന്‍ ശ്രമിക്കുക.
. കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുക. ആകാംക്ഷകകള്‍ പ്രകടിപ്പിക്കാനും സംശയങ്ങള്‍ ചോദിക്കാനും പ്രേരിപ്പിക്കുക.
. യാത്രയുടെ വിശദാംശങ്ങള്‍ കുട്ടികളുമായി പങ്കുവെക്കുക.
. അവരുടെ യാത്രാ ഒരുക്കങ്ങള്‍ സ്വയം ചെയ്യാന്‍ ശീലിപ്പിക്കുക. ഉദാഹരണത്തിനു അവരുടെ ബാഗ് ഒരുക്കല്‍ തുടങ്ങിയവ അവര്‍ തന്നെ ചെയ്യട്ടെ. ആവശ്യമെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കാം.
. വിനോദ സഞ്ചാര ഇടങ്ങള്‍ക്ക് പുറമെ യാത്ര കൂടി ആസ്വദിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.
. കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെ സഹയാത്രികര്‍ അനുകൂല മനോഭാവം സൂക്ഷിക്കുക വളരെ പ്രധാനമാണ്. അതല്ലെങ്കില്‍ യാത്രയുടെ താളത്തെ അത് ബാധിക്കും.
. എത്രയൊക്കെ ആസൂത്രണം ചെയ്താലും പ്രവചനാതീതമായ കാര്യങ്ങള്‍ യാത്രയുടെ ഭാഗമാണ്. അത് മനസിലാക്കുക. യാത്രയുടെ ഈ സ്വഭാവത്തെ അംഗീകരിക്കാന്‍ കുട്ടികളെയും ഒരുക്കുക. സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച സ്ഥലങ്ങള്‍ എന്തെങ്കിലും കാരണത്താല്‍ കാണാന്‍ കഴിയാതെ പോയേക്കാം.
കുട്ടികളുണ്ട് എന്ന കാരണത്താല്‍ യാത്ര മാറ്റി വെക്കുന്നതിനു പകരം കുട്ടികളെയും കൂട്ടി യാത്ര ചെയ്തുശീലിക്കാം. കുട്ടികള്‍ക്ക് അസുഖം വരുമെന്ന ഭയമൊഴിവാക്കി, അസുഖം വന്നാല്‍ നേരിടാമെന്ന മനോഭാവം ഉണ്ടാക്കിയെടുക്കാം. യാത്രകള്‍ ആസ്വദിക്കുന്ന കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധ്യമാവും. യാത്രകള്‍ കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചക്ക് ഗുണകരമാണെന്നും അനിവാര്യമാണെന്നും തിരിച്ചറിയുക. യാത്രകള്‍ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനുള്ള ഉപാധിയായി കണ്ട് രക്ഷിതാക്കള്‍ അവസരം ഉപയോഗപ്പെടുത്തുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top