എന്താണ് ‘മുറാഖബ ‘(അല്ലാഹു നിരീക്ഷിക്കുന്നു എന്ന അവബോധം)?
എല്ലാ സാഹചര്യങ്ങളിലും അല്ലാഹു അവനെ കാണുകയും അവന്റെ എല്ലാ കഴിവുകളോടും കൂടി നല്ലതോ ചീത്തയോ ചെയ്യുന്ന പ്രവൃത്തികള്‍ എന്താണെന്ന് അറിയുകയും ചെയ്യുന്നുവെന്ന് ഒരു മുസ്‌ലിം മനസ്സില്‍ സൂക്ഷിക്കുകയും ഉറപ്പോടെ വിശ്വസിക്കുകയും ചെയ്യുന്നതിനെയാണ് ‘മുറാഖബ’ (അല്ലാഹു നിരീക്ഷിക്കുന്നു എന്ന അവബോധം) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. നമ്മുടെ ചിന്തകളിലും ഹൃദയത്തിലും മറഞ്ഞിരിക്കുന്ന കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്.
ഇബ്നുല്‍ ഖയ്യിം (റ) പറഞ്ഞു: ”മുറാഖബ എന്നാല്‍ അല്ലാഹു ഓരോരുത്തരുടെയും കര്‍മങ്ങളില്‍ ദൃശ്യമായതും മറഞ്ഞിരിക്കുന്നതും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എപ്പോഴും ബോധവാന്മാരായിരിക്കുകയും ഉറപ്പിക്കുകയും ചെയ്യുക എന്നാണ് അര്‍ഥമാക്കുന്നത്. മുറാഖബ എന്നാല്‍ അല്ലാഹു അവനെ നിരീക്ഷിക്കുന്നു, അവനെ നോക്കുന്നു, അവന്‍ പറയുന്നത് ശ്രദ്ധിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഉറച്ച വിശ്വാസവും ബോധ്യവും ഉണ്ടാവുക എന്നതാണ്.” (മദാരിജുസ്സാലിക്കീന്‍ 2/1489)
വിശ്വാസത്തിന്റെ കേന്ദ്ര തത്വങ്ങളിലൊന്നാണിത്. ഈ ആശയത്തെക്കുറിച്ച് പറയുന്ന നിരവധി മതഗ്രന്ഥങ്ങളുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ ഉള്ളിലുള്ളത് എന്താണെന്ന് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്ന് അറിയുക” (അല്‍ ബഖറ: 235).
”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും ഇരുവരില്‍ നിന്നും ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. നിങ്ങള്‍ അന്യോന്യം ചോദിക്കുന്ന അല്ലാഹുവിനെയും കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ മേല്‍ ഒരു നിരീക്ഷകനാണ്” (നിസാഅ് 4:1).
അബുഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് പ്രകാരം ജിബ് രീല്‍(അ) നബി(സ)യോട് ഇഹ്‌സാനിനെക്കുറിച്ച് ചോദിച്ചു. നബി പറഞ്ഞു: ”അല്ലാഹുവിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതുപോലെ ആരാധിക്കുക എന്നതാണ്, കാരണം നിങ്ങള്‍ക്ക് അവനെ കാണാന്‍ കഴിയില്ലെങ്കിലും അവന് നിങ്ങളെ കാണാന്‍ കഴിയും” (ബുഖാരി, മുസ്‌ലിം). അല്‍ അലീം (എല്ലാം അറിയുന്നവന്‍), അസ്‌സമീഅ്’ (എല്ലാം കേള്‍ക്കുന്നവന്‍), അല്‍ ബസീര്‍ (എല്ലാം കാണുന്നവന്‍) എന്നിങ്ങനെയുള്ള അല്ലാഹുവിന്റെ മനോഹരമായ നാമങ്ങളിലുള്ള വിശ്വാസത്തിന്റെ ഫലങ്ങളിലൊന്നാണ് ‘മുറാഖബ’.
ഈ മുറാഖബ ഓരോ മുസ്‌ലിമിനും അത്യന്താപേക്ഷിതമാണ്, കാരണം അതിലൂടെ അവന്‍ തന്റെ ആരാധനാ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത കൈവരിക്കുകയും അവ ശരിയായി ചെയ്യുകയും ഹറാമായത് ഒഴിവാക്കുകയും ചെയ്യും.