”സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസമുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളിലായിരിക്കും അവര്‍. എന്നാല്‍ അല്ലാഹുവിന്റെ പ്രീതിയാണ് ഏറ്റവും വലുത്; അതാണ് മഹത്തായ വിജയം” (ഖുര്‍ആന്‍ 9:72).
സത്യവിശ്വാസികള്‍ക്കും സത്കര്‍മനിരതരായവര്‍ക്കും സ്രഷ്ടാവ്, ഒരിക്കലും നഷ്ടപ്പെട്ടുപോകാത്ത സ്വര്‍ഗത്തോപ്പുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അവിടെയുള്ള താമസസ്ഥലവും സൗകര്യങ്ങളും മനുഷ്യഭാവനയ്ക്കു പോലും അപ്പുറത്തുള്ളതുമാണ്.
എന്നാല്‍ ഇതിനേക്കാള്‍ മഹത്തരമായ കാര്യമായി അല്ലാഹു ഓര്‍മിപ്പിക്കുന്നത്, അല്ലാഹുവിന്റെ തൃപ്തി നമുക്ക് ലഭിക്കുന്നതിനെയാണ്. അതി മഹത്തായ വിജയം കൈവരിക്കുന്നവര്‍ അല്ലാഹുവിന്റെ ഇഷ്ടം നേടാന്‍ കഴിഞ്ഞവരാണെന്നും അവന്‍ ഓര്‍മിപ്പിക്കുന്നു. സൃഷ്ടികളില്‍ ഉത്തമരായ ആളുകള്‍ എന്ന് ഖുര്‍ആന്‍ സൂറഃ അല്‍ബയ്യിന 7, 8 എന്നീ വചനങ്ങളില്‍ പരിചയപ്പെടുത്തുന്നത് ‘അല്ലാഹു അവരെയും അവര്‍ അല്ലാഹുവിനെയും തൃപ്തിപ്പെട്ടവര്‍’ എന്നാണ്. അല്ലാഹു തൃപ്തിപ്പെട്ടവര്‍ക്ക് മാത്രമാണ് പരലോകത്ത് പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ശുപാര്‍ശ ലഭിക്കുക എന്നും സൂറഃ അന്‍ബിയാഅ് 28ല്‍ പറയുന്നു.
അബൂസഈദില്‍ ഖുദ്രി(റ) നിവേദനം ചെയ്യുന്നു: ”നബി(സ) പറഞ്ഞു: അല്ലാഹു നാളെ വിശ്വാസികളോട് ചോദിക്കും: നിങ്ങള്‍ തൃപ്തരായോ? അവര്‍ പറയും: ഞങ്ങള്‍ എന്തിന് തൃപ്തരാകാതിരിക്കണം? നിന്റെ സൃഷ്ടികളില്‍ ഒരാള്‍ക്കും നല്‍കാത്തത് ഞങ്ങള്‍ക്ക് നീ നല്‍കിയിട്ടുണ്ടല്ലോ? അപ്പോള്‍ അവന്‍ പറയും: അതിനേക്കാള്‍ ശ്രേഷ്ഠമായത് നിങ്ങള്‍ക്ക് ഞാന്‍ നല്‍കും. അവര്‍ ചോദിക്കും: എന്താണത്? അവന്‍ പറയും: എന്റെ തൃപ്തി ഞാന്‍ നിങ്ങളില്‍ ചൊരിയും. ഒരിക്കലും നിങ്ങളോട് ഞാന്‍ കോപിക്കില്ല” (ബുഖാരി).
മഹത്തായ വിജയവും അല്ലാഹുവിന്റെ ഇഷ്ടവും സമ്പാദിക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. അതിനുള്ള പ്രധാന മാര്‍ഗങ്ങള്‍ ഇവയാണ്:
1. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് മാത്രം കര്‍മങ്ങള്‍ ചെയ്യുക (അല്‍ബഖറ 265, അന്നിസാഅ് 114).
2. അല്ലാഹുവിന്റെ പ്രീതിക്കായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക (അഹ്ഖാഫ് 15).
3. നന്മകളില്‍ അതീവ താല്‍പര്യവും ധൃതിയും കാണിക്കുക (ആലുഇംറാന്‍ 133, ത്വാഹ 83, 84).
4. മാതാപിതാക്കളെ സംരക്ഷിക്കുക. നബി(സ) പറഞ്ഞു: ”അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലൂടെയാണ്” (തിര്‍മിദി).
5. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുക. നബി(സ) പറഞ്ഞു: ”ഭക്ഷണപാനീയങ്ങള്‍ കഴിച്ച് അല്ലാഹുവിനെ സ്തുതിക്കുന്നവനെ അല്ലാഹു തൃപ്തിപ്പെടുക തന്നെ ചെയ്യും” (മുസ്ലിം).
6. പരീക്ഷണങ്ങളില്‍ ക്ഷമ കാണിക്കുന്നതായാല്‍ അല്ലാഹുവിന്റെ തൃപ്തി നേടാമെന്നും നബി(സ) പറയുന്നുണ്ട് (തിര്‍മിദി).
ആത്മാര്‍ഥമായ സത്കര്‍മങ്ങളിലൂടെ അല്ലാഹുവിന്റെ ഇഷ്ടം നേടാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടം.