LoginRegister

അല്‍ഖുദ്‌റയിലെ പ്രണയതടാകം

ഹാറൂന്‍ കക്കാട്‌

Feed Back


മരുഭൂമിയിലേക്കുള്ള ഓരോ യാത്രകളും രസകരമാണ്. പുതിയ കാലത്തിലേക്കുള്ള ദുബായിയുടെ പരിസ്ഥിതി സൗഹൃദ ദര്‍ശനത്തിന്റെ സാക്ഷ്യമായ ലവ് ലെയ്ക്ക് എന്ന സ്‌നേഹ തടാകത്തിലേക്കുള്ള യാത്രക്ക് അവിചാരിതമായാണ് ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. ദുബായിലെ അല്‍ ഖുദ്‌റ എന്ന പേരിലുള്ള വിശാലമായ മരുഭൂമിയില്‍ ഹൃദയത്തിന്റെ രൂപത്തില്‍ നിര്‍മിച്ച മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണിത്. ഈ പ്രണയ തടാകം സന്ദര്‍ശിക്കാമെന്ന് നിര്‍ദേശിച്ചത് ഷാര്‍ജയിലെ ദീര്‍ഘകാല പ്രവാസിയായ പ്രിയ സുഹൃത്ത് അബ്ദുല്‍സലാം തറയിലാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയും ദുബായ് എക്‌സ്‌പോയും സന്ദര്‍ശിച്ച് ഞങ്ങള്‍ യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിന്റെ അവസാന ദിനങ്ങളിലൊന്നിലായിരുന്നു അദ്ദേഹത്തിന്റെ ഈ ക്ഷണം. പല തവണ അല്‍ഖുദ്‌റ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം മരുഭൂമിയിലെ ഈ പ്രകൃതി സൗഹൃദകേന്ദ്രത്തിലെ മനോഹര കാഴ്ചകളെ കുറിച്ച് ഡ്രൈവിംഗിനിടെ തുരുതുരാ സംസാരിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ഡോ. സി എ ഫുക്കാര്‍ അലി, വി പി മുജീബ്‌റഹ്മാന്‍ നെല്ലിപ്പള്ളി എന്നിവര്‍ യാത്രയ്ക്ക് ഹൃദ്യത പകര്‍ന്നു.
കേരളത്തിന്റെ നയനാനന്ദകരമായ പച്ചപ്പില്‍നിന്ന് ദുബായില്‍ എത്തുന്നവര്‍ക്ക് നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യങ്ങള്‍ കൗതുക കാഴ്ചയാണ്. മണല്‍ക്കാറ്റിന്റെ തീവ്രത മുഷിപ്പിക്കുമെങ്കിലും മരുഭൂമിയിലേക്കുള്ള യാത്രകള്‍ രസകരമാണ്. ഈ മണല്‍ക്കാടുകള്‍ക്കു നടുവിലാണ് അല്‍ ഖുദ്‌റ തടാകം. ഉരഗങ്ങളും സസ്തനികളും നിറഞ്ഞ ഈ മരുഭൂമിയില്‍ നിരവധി സസ്യജാലങ്ങള്‍ നട്ടുപിടിപ്പിച്ച് ദുബായ് ഭരണകര്‍ത്താക്കള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
മരുഭൂപാതകളുടെ ഇരുവശങ്ങളെയും പൂര്‍ണമായും പൊതിഞ്ഞ മണല്‍തരികളില്‍നിന്ന് ഉയരുന്ന പൊടിപടലങ്ങള്‍ കീറിമുറിച്ച് ഞങ്ങളുടെ വാഹനം യാത്ര തുടര്‍ന്നു. സൗന്ദര്യം തുളുമ്പുന്ന മരുഭൂമിയിലെ വിശാലമായ അല്‍ഖുദ്‌റ തടാകത്തിലാണ് ഞങ്ങള്‍ ആദ്യമെത്തിയത്. അടുത്തടുത്തായി വിവിധ വലുപ്പത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങള്‍ക്കരികിലൂടെ എത്രനേരം നടന്നാലും മതിവരില്ല.
ആശ്ചര്യം തോന്നുംവിധം നീണ്ടും വളഞ്ഞുപുളഞ്ഞും കിടക്കുന്ന തടാകത്തിന് ചുറ്റും നിരവധി മരങ്ങള്‍ തണലേകുന്നു. ഇവിടുത്തെ തടാകത്തിനടുത്തുനിന്ന് ഏതാനും മിനിറ്റ് യാത്ര ചെയ്താല്‍ 5,50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പ്രണയ തടാകത്തിനരികില്‍ എത്തിച്ചേരാം. മരുപ്പച്ചകള്‍ അതിരിടുന്ന വഴികളിലൂടെയാണ് തടാകത്തിലേക്കുള്ള യാത്ര. ഇടയ്ക്ക് ചില ചെറിയ പച്ചത്തുരുത്തുകളുമുണ്ട്.
പ്രണയ ചിഹ്നങ്ങളുടെ മാതൃകയിലുള്ള രണ്ട് തടാകങ്ങള്‍ ഒന്നായി കവിത എഴുതുന്ന കാഴ്ചയാണ് ലവ് ലെയ്ക്കിലേത്. പേരുപോലെ തന്നെയുള്ള ഒരു പ്രണയ തീരമാണിത്. തടാകത്തിലേക്ക് നടന്നടുക്കുന്ന വഴി ഒരു പാര്‍ക്കുപോലെ സജ്ജീകരിച്ചിരിക്കുന്നു.
ആകാശക്കാഴ്ചയില്‍ രണ്ട് ഹൃദയചിഹ്നങ്ങള്‍ ഒരുമിച്ചുചേര്‍ത്ത മാതൃകയിലാണ് ലവ് ലെയ്ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ലവ് ലെയ്ക്ക് എന്ന പേരുപോലും മധുരാര്‍ദ്രമായ ഓര്‍മകളിലേക്ക് കുളിരു കോരിയിടും. നേരിട്ടു കാണാത്തവര്‍ക്കുപോലും ഈ കേന്ദ്രം ഏറെ പ്രിയങ്കരമാണ്. പറഞ്ഞാലും കണ്ടാലും മതിവരാത്ത ദൃശ്യചാതുര്യം. വൈകുന്നേരമാണ് ഇവിടേക്ക് വരാന്‍ ഏറ്റവും ഉചിതമായ സമയം. സൂര്യാസ്തമയം ആസ്വദിക്കാന്‍ നിരവധി പേരാണ് സായാഹ്നവേളകളില്‍ ഇവിടെയെത്താറുള്ളത്. കഴിഞ്ഞ നവംബറിലെ ഒരു ഉച്ചനേരത്തായിരുന്നു ഞങ്ങള്‍ തടാകത്തിലെത്തിയത്. എങ്കിലും കാര്യമായ ചൂട് അന്തരീക്ഷത്തെ ബാധിച്ചിരുന്നില്ല. തടാകങ്ങളുടെ ആര്‍ദ്രമായ ശാന്തതയില്‍ ലയിച്ച് ഞങ്ങള്‍ കുറെ സമയം അവിടെ ചെലവഴിച്ചു. എല്ലാംകൊണ്ടും ആസ്വാദ്യകരമായ ഒരു മധ്യാഹ്നം.
ആകാരഭംഗി, നിര്‍മാണശൈലി, ശില്പചാരുത തുടങ്ങിയവ കൊണ്ടു സഞ്ചാരികളെ അതിശയിപ്പിക്കുന്ന മഹാനഗരമായ ദുബായ്, ഇതുപോലെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യങ്ങളിലും വിവിധ ദൃശ്യവിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്. അല്‍ഖുദ്‌റയിലെ ലവ് ലെയ്ക്ക് നിരവധി സന്ദര്‍ശകരില്‍ ഉന്മാദം കോരിയിടുന്ന ജലാശയമാണ്. മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് തടാകത്തിന്റെ ദൃശ്യഭംഗി ഉയര്‍ത്തുന്നു. ലവ് ലെയ്ക്ക് – പ്രണയ തടാകം എന്ന പേര് അന്വര്‍ത്ഥമാക്കും വിധമാണ് ഇതിന്റെ നിര്‍മിതി. 16,000 ഒലീവ് മരങ്ങളാണ് ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മരുഭൂമിയിലെ സ്ഥിരസാന്നിധ്യമായ ഗാഫ് മരമുള്‍പ്പെടെ വിവിധ ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കുന്നുണ്ട്. ആകാശക്കാഴ്ചയില്‍ ഇംഗ്ലീഷില്‍ ‘ലവ്’ എന്നെഴുതിയത് പോലെയാണ് ഈ മരക്കൂട്ടം ദൃശ്യമാവുക.
രണ്ട് ഇന്റര്‍ലോക്കിംഗ് ഹൃദയങ്ങള്‍ പോലെയാണ് ഈ തടാകങ്ങള്‍ എങ്കിലും ഒറ്റനോട്ടത്തില്‍ അത് മനസ്സിലാക്കാന്‍ കഴിയില്ല. തടാകവും കരയിലെ പുല്‍മേടുകളും അതിനപ്പുറത്തെ കുഞ്ഞു കാടുകളും കൗതുകകരമായ അനുഭവങ്ങള്‍ സമ്മാനിക്കും.
കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെ ശാസ്ത്രീയമായി സജ്ജീകരിച്ചിട്ടുണ്ട്. അദ്ഭുത നിര്‍മിതിയായ ഈ തടാകം സന്ദര്‍ശകരെ എല്ലാ അര്‍ത്ഥത്തിലും സന്തുഷ്ടരാക്കും.
രണ്ട് മരക്കൊമ്പുകള്‍ക്കു നടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡ് സന്ദര്‍ശകരെ സ്വാഗതം ചെയ്യും. ഇത് കാണുമ്പോള്‍ തന്നെ സന്ദര്‍ശകര്‍ തടാകത്തിന്റെ മനോഹാരിത ആസ്വദിച്ചു തുടങ്ങും.
പ്രവേശന കവാടത്തിലെ വലിയ മരത്തിന്മേലുള്ള കൊത്തുപണികള്‍ എത്ര നേരം നോക്കിയാലും മതിവരില്ല. പൂക്കളുടെയും ചെടികളുടെയും ആകര്‍ഷകമായ കൂട്ടങ്ങള്‍ പ്രണയപൂര്‍വ്വം മന്ദഹസിക്കുന്നതായി നമുക്കനുഭവപ്പെടും.
ദേശാടനപക്ഷികള്‍ കൂടുതലായി വിരുന്നെത്തുന്ന സ്ഥലമാണിത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പക്ഷികളെയും ഇവിടെ കാണാം. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും താറാവുകളും അരയന്നങ്ങളും ഉള്‍പ്പടെ 150 ലേറെ പക്ഷി വര്‍ഗങ്ങള്‍ ഇവിടെയുണ്ട്.
നിരവധി ഫ്‌ലെമിംഗോസിനെയും കാണാം. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറിയ വെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച മിക്ക സമയത്തും ആസ്വദിക്കാം. ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളും ഉള്‍പ്പടെ പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്.
മരുഭൂമിയില്‍ കൃത്രിമമായി വളര്‍ത്തിയെടുത്ത പച്ചപ്പിന് നടുക്ക് കണ്ണാടി പോലെ തെളിഞ്ഞുകാണുന്ന തടാകം! വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന പച്ചമേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍. പശ്ചാത്തലത്തില്‍ കാണുന്ന ആകാശക്കാഴ്ചകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. ഇടയ്ക്ക് അതിഥിയായി എത്തുന്ന കാറ്റ് മരങ്ങളെ തഴുകി ചൂളം മീട്ടുന്നു. കാതുകളില്‍ കുളിര്‍മഴ പെയ്യുന്നത് പോലെയുള്ള സ്വരം സന്ദര്‍ശകര്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല.
നാല് വ്യത്യസ്ത ഇടങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയിട്ടുണ്ട്. ഇരുപതോളം പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങളും ഉണ്ട്. ബാര്‍ബെക്യൂ ചെയ്യാനായി അടുപ്പുകളോടു കൂടിയ പ്രത്യേക ഇടവും ഇവിടെയുണ്ട്. ഇതിനടുത്തായി സൂര്യകാന്തിപ്പൂക്കളും ഒലിവ് മരങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന നടവഴികളിമുണ്ട്. ഏഴ് കിലോമീറ്ററില്‍ മൂന്നു നിരയിലായി റബ്ബര്‍ പതിച്ച ട്രാക്കും ഒരുക്കിയിട്ടുണ്ട്. ഓടാനും നടക്കാനും സൈക്കിള്‍ സവാരിക്കുമായുള്ളതാണ് ഈ ഭാഗം.
2018 ലാണ് ലവ് ലെയ്ക്ക് സഞ്ചാരികള്‍ക്കായി തുറന്നത്. തുടക്കത്തില്‍ അധികമാരും ഈ തടാകം കാണാനെത്തിയിരുന്നില്ല. ദുബായ് ക്രൗണ്‍ പ്രിന്‍സ് ശൈഖ് ഹംദാന്‍ ബ്ന്‍ മുഹമ്മദ് ആല്‍ മക്തൂം ഇന്‍സ്റ്റാഗ്രാം പേജില്‍ തടാകത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായി ഇതു മാറിയത്.
ലവ് ലേക്കിന്റെ ഓരോ ഇഞ്ചും പരിസ്ഥിതി സൗഹൃദമാണ്. പാര്‍ക്ക് ബെഞ്ചുകള്‍ മുതല്‍ ടിഷ്യു ബോക്‌സുകള്‍ വരെ ജൈവ പ്രകൃതി നിലനില്ക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിച്ചത്. മുളയും മരവും കൊണ്ട് നിര്‍മിച്ച ഇരിപ്പിടങ്ങള്‍, ദൂരം സൂചിപ്പിക്കുന്ന ശിലാഫലകങ്ങള്‍, കുടുംബങ്ങള്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി ചെടികളാല്‍ മറതീര്‍ത്ത പ്രത്യേക ക്യാബിനുകള്‍, ചിലയിടങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ക്ക് സമാനമായ സസ്യജാലങ്ങളുടെ കൂട്ടങ്ങള്‍ തുടങ്ങിയവ മനോഹരമായി പണിതീര്‍ത്തിരിക്കുന്നു.
യു എ ഇയും ചൈനയും തമ്മിലുള്ള സാംസ്‌കാരിക വിനോദ സഞ്ചാരമേഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2019ല്‍ ഒമ്പത് ചൈനീസ് ദമ്പതികളുടെ വിവാഹം ലവ് ലെയ്ക്കില്‍ സംഘടിപ്പിച്ചിരുന്നു. ചൈനയില്‍നിന്ന് ദമ്പതികളും കുടുംബാംഗങ്ങളും ഇതിനായി ദുബായിലെത്തി. ഈ വിവാഹവേദിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബ്ന്‍ റാഷിദ് ആല്‍ മക്തൂം അപ്രതീക്ഷിതമായി എത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഒരു അംഗരക്ഷകന്റെ സാന്നിധ്യം പോലുമില്ലാതെ അദ്ദേഹം ചൈനീസ് വിവാഹചടങ്ങുകള്‍ വീക്ഷിച്ചു. അതിഥിയെ കണ്ട ദമ്പതികളും കുടുംബാംഗങ്ങളും മറ്റു ക്ഷണിതാക്കളും ഈ അപ്രതീക്ഷിത സാന്നിധ്യത്തില്‍ വിസ്മയം പൂണ്ട് വലിയ ആഹ്ലാദത്തിന്റെ ചിറകിലേറി. ചൈനീസ് വധൂവരന്മാര്‍ക്ക് രാജ്യത്തിന്റെ ഹൃദ്യമായ ആശംസകള്‍ കൈമാറിയ ശേഷമാണ് ഭരണാധികാരി മടങ്ങിയത്.
അല്‍ഖുദ്‌റ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള ഒരു പുതിയ തടാകം കൂടി കണ്ടെത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അല്‍ തമിമി എന്ന യുവതിയാണ് മനോഹരമായ ഈ തടാകം ക്യാമറയില്‍ പകര്‍ത്തിയത്. വന്യമായ മരുഭൂമിയും കൗതുകങ്ങള്‍ സജ്ജീകരിച്ച മരുഭൂമിയും സൗന്ദര്യത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ യാത്രികനും സമ്മാനിച്ചുകൊണ്ടേയിരിക്കുന്നത്. വാരാന്ത്യങ്ങളില്‍ നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഇവിടേക്ക് ഇപ്പോള്‍ പ്രവേശനം സൗജന്യമാണ്.
സായാഹ്നം ഇരുളുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. സാധാരണ ഒരു മനുഷ്യന്‍ ഓടുന്ന വേഗതയിലാണ് ഞങ്ങളുടെ യാത്രാസംഘം ലീഡറായ അബ്ദുല്‍സലാം തറയില്‍ നടക്കാറുള്ളത്. അദ്ദേഹത്തിന് ഒപ്പമെത്താന്‍ ഞങ്ങള്‍ മൂന്ന് പേരും നടത്തത്തിന് നല്ലതുപോലെ വേഗത കൂട്ടേണ്ടിവന്നു. കണ്ണിലും മനസിലും നിറഞ്ഞ കാഴ്ചകള്‍ക്ക് വല്ലാത്ത ശോഭയായിരുന്നു. വാക്കുകളില്‍ ഒതുങ്ങാത്ത അനുഭൂതി പകര്‍ന്ന സന്ദര്‍ശനത്തിന് വിരാമമിട്ട് ഞങ്ങളുടെ വാഹനം ഇരുട്ട് പരക്കുംമുമ്പേ ദുബായിലെ തിരക്കുപിടിച്ച നഗരവീഥികളിലേക്ക് അതിവേഗം കുതിച്ചു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top